തിരുവനന്തപുരം: ഓണ്‍ലൈനായി മദ്യം വില്‍ക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകഷ്ണന്. ഇത്തരത്തില്‍ ഒരു നിര്‍ദേശം സര്‍ക്കാരിന് ലഭിച്ചിട്ടില്ല. എന്നാല്‍ ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും തുറക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വന്ന ശേഷം മന്ത്രിസഭ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഈ പ്രശ്നങ്ങളില്‍ തീരുമാനമെടുത്തിട്ടില്ല. പ്രധാനമന്ത്രി നാളെ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പ്രഖ്യാപിക്കും. ഇതറിഞ്ഞ ശേഷം സംസ്ഥാന മുഖ്യമന്ത്രി പിന്നീട് സംസ്ഥാനത്തിന്റെ മന്ത്രിസഭാ തീരുമാനം അറിയിക്കും. കോവിഡ് ബാധ സംസ്ഥാനത്തെ ഓരോ ജില്ലയിലും ഓരോ നിലയിലാണ്. ഇത് പരിഗണിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കും.
സംസ്ഥാനത്ത് മദ്യം കിട്ടാതെ ആരും മരിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. വിമുക്തി നേരത്തെ തന്നെ നടപ്പിലാക്കിയതാണ്. മദ്യവര്‍ജ്ജനമാണ് സര്‍ക്കാരിന്റെ നിലപാട്. ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സിക്കാന്‍ 14 ജില്ലകളിലും ഡീ അഡിക്ഷന് സെന്ററുകളുണ്ട്. മൂന്ന് ജില്ലകളില്‍ കൗണ്‍സിലിങ് കേന്ദ്രങ്ങളുണ്ട്. ജനങ്ങളുടെ താത്പര്യം അടിസ്ഥാനപ്പെടുത്തിയുള്ള നിലപാടാണ് സര്‍ക്കാര്‍ എടുത്തത്. കോടതി വിധി വന്നപ്പോള്‍ അത് സര്‍ക്കാര്‍ പാലിച്ചു. ജനകീയ പങ്കാളിത്തത്തോടെ ഒരു സര്‍ക്കാരും ഇതുവരെ സ്വീകരിക്കാത്ത നിലപാടാണ് ഈ സര്‍ക്കാര്‍ ഈ കാര്യത്തില്‍ സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
Comments