You are Here : Home / News Plus

സിപിഎമ്മിന് വിശ്വാസികളുടെ പിന്തുണയുണ്ടന്നു പിണറായി

Text Size  

Story Dated: Sunday, January 20, 2019 09:21 hrs UTC

ശബരിമല വിഷയത്തില്‍ 91 ലെ ഹൈക്കോടതി വിധി നിയമപരമായിരുന്നില്ലെന്നും ഇതാണ് സുപ്രീംകോടതി തിരുത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

കോടതിയ്‌ക്കെതിരെ നീങ്ങാന്‍ പറ്റാത്തതു കൊണ്ടാണ് പ്രതിഷേധക്കാര്‍ സര്‍ക്കാരിനെതിരെ നീങ്ങുന്നതെന്നും സിപിഎമ്മിന് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും വിശ്വാസികള്‍ക്കെതിരെ സിപിഎം നിലപാട് സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ശബരിമല യുവതി പ്രവേശനത്തിന്റെ പട്ടിക തിരുത്തനാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ശബരിമലയില്‍ 10നും 50നുമിടയില്‍ പ്രായമുള്ള 51 സ്ത്രീകള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ദര്‍ശനം നടത്തിയതായുള്ള പട്ടികയാണ് സര്‍ക്കാര്‍ പുറത്തു വിട്ടത്.

പട്ടിക പുറത്തു വന്നതിന് പിന്നാലെ അതിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച്‌ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ ഇതിലെ പിഴവുകള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ വരുത്തുന്നതാണ്. അത് തിരുത്താന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ സാധിക്കൂവെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു.

കോടതി ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ പട്ടിക ആവശ്യപ്പെട്ടാല്‍ ഇതേ പട്ടികയായിരിക്കും നല്‍കുക. ഓണ്‍ലൈന്‍ വഴി ദര്‍ശനം നടത്തിയ യുവതികളുടെ പട്ടിക മാത്രമേ ആധികാരികമായി സര്‍ക്കാരിന്റെ പക്കലുള്ളൂ. എട്ടു ലക്ഷത്തോളം പേര്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 51 പേര്‍ യുവതികളാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. പട്ടിക തയ്യാറാക്കിയതില്‍ ജീവനക്കാര്‍ക്ക് പിഴവ് വന്നിട്ടുണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും അറിയിച്ചു.

ശബരിമലയില്‍ 51 യുവതികള്‍ എത്തിയ കാര്യം കോടതിയില്‍ പരാമര്‍ശിക്കുക മാത്രമാണ് ചെയ്തത്. പട്ടികയിലെ പേരടക്കമുള്ള മറ്റു കാര്യങ്ങള്‍ക്കൊന്നും മാറ്റമുണ്ടാകില്ല. മാറ്റംവരുത്താനും സാധിക്കില്ല. കോടതിയില്‍ രേഖകള്‍ ഫയല്‍ ചെയ്തിട്ടില്ല. ഇത് മാധ്യമങ്ങള്‍ക്കുമുന്നില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രദര്‍ശിപ്പിച്ചതിലും തെറ്റില്ല. ഇത് രഹസ്യരേഖയല്ല. സര്‍ക്കാര്‍ സൈറ്റില്‍ നിന്ന് പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് പട്ടിക ശേഖരിച്ചത്. മൊബൈല്‍ നമ്ബറടക്കം അപേക്ഷകര്‍ നല്‍കുന്ന വിവരങ്ങളാണ് പട്ടികയിലുള്ളത്. ഇത്തരം കാര്യങ്ങളിലെ കൃത്യത പൊലീസ് പരിശോധിക്കാറില്ല. ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ നല്‍കുന്ന രേഖകളുടെ ഉത്തരവാദിത്വം അപേക്ഷകനാണ്, മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

അതേസമയം പട്ടിക പുറത്തുപോയത് വിവാദമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. യുവതികളുടെ പേരുള്ള പട്ടികയ്‌ക്കൊപ്പം ഫോട്ടോയും കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍, സ്ത്രീകളുടെ ഫോട്ടോകള്‍ പുറത്തുവിടരുതെന്നും അത് അവരുടെ സ്വകാര്യതയെ ബാധിക്കുമെന്നും ആഭ്യന്തരവകുപ്പ് പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

കൂടാതെ, ശബരിമല വിഷയം ശാന്തമായി പരിഹരിക്കാന്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പന്തളം കൊട്ടാരം അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പിടിവാശി ഒഴിവാക്കണമെന്നും അത് ദോഷം ചെയ്യുമെന്നും കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ്മ വ്യക്തമാക്കി. സുപ്രീം കോടതിയില്‍ ദര്‍ശനം നടത്തിയ സ്ത്രീകളുടെ ലിസ്റ്റ് നല്‍കിയ സര്‍ക്കാര്‍ അടി ഇരന്നുവാങ്ങുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ ബിജെപി നടത്തി വന്നിരുന്ന നിരാഹാര സമരവും ഇന്ന് അവസാനിപ്പിക്കും. സമരം തുടങ്ങി നാല്‍പ്പത്തി ഒന്‍പതാം ദിവസമാണ് സമരം അവസാനിപ്പിക്കുന്നത്. തുടര്‍സമര പ്രഖ്യാപനം അടുത്തമാസം ഒന്നാം തീയതി ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള അറിയിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From News Plus
More
View More
More From Featured News
View More
More From Trending
View More