ന്യൂഡല്‍ഹി: വിദ്യാഭ്യാസ യോഗ്യതാ വിവാദത്തില്‍ പുതിയ അവകാശവാദവുമായി ബി.ജെ.പി മഹിളാ നേതാവും കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയുമായ സ്മൃതി ഇറാനി രംഗത്ത്. തനിക്ക് അമേരിക്കയിലെ യേല്‍ യൂനിവേഴ്സിറ്റിയുടെ ബിരുദമുണ്ടെന്നാണ് സ്മൃതിയുടെ പുതിയ വെളിപ്പെടുത്തല്‍. ഇന്ത്യാടുഡെ സംഘടിപ്പിച്ച വുമണ്‍ സമ്മിറ്റ്-2014ല്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം സ്മൃതി വ്യക്തമാക്കിയത്.
"ജനങ്ങള്‍ എന്നെ അക്ഷരാഭ്യാസം ഇല്ലാത്തവളെന്ന് വിളിക്കുന്നുണ്ടെന്നും എന്നാല്‍, തനിക്ക് യേല്‍ യൂനിവേഴ്സിറ്റിയുടെ ബിരുദമുണ്ടെന്നുമാണ്" സ്മൃതി ഇറാനി വ്യക്തമാക്കിയത്. എന്നാല്‍, യേല്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് എന്ത് ബിരുദമാണെന്ന് സ്മൃതി പറഞ്ഞില്ല. രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ സ്മൃതി ഇറാനി അടക്കം ഒരു സംഘം എം.പിമാര്‍ യേല്‍ യൂനിവേഴ്സിറ്റിയിലെ ക്രാഷ് കോഴ്സ് ചെയ്തിരുന്നു.
കണക്ടികട്ടിലെ യേല്‍ യൂനിവേഴ്സിറ്റി ന്യൂ ഹെവന്‍ ക്യാമ്പസില്‍ 2013 ജൂണ്‍ 19നാണ് 11 എം.പിമാര്‍ പോയത്. അവിടെ യൂനിവേഴ്സിറ്റി സംഘടിപ്പിച്ച ആറുദിവസത്തെ നേതൃ പരിശീലന പരിപാടി എം.പിമാര്‍ പൂര്‍ത്തിയാക്കിയിരുന്നു.
Comments