You are Here : Home / News Plus

അഡ്വ. കെ ഇ ഗംഗാധരന്‍ അന്തരിച്ചു

Text Size  

Story Dated: Sunday, November 10, 2019 08:31 hrs UTC

മുന്‍ മനുഷ്യാവകാശ കമ്മിഷനംഗവും പ്രമുഖ അഭിഭാഷകനുമായ അഡ്വ. കെ ഇ ഗംഗാധരന്‍ (74) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ധര്‍മടത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് കെഇ ഗംഗാധരന്‍ പൊതുരംഗത്തെത്തിയത്. കോടതിമാര്‍ച്ചുള്‍പ്പെടെ നിരവധി സമരങ്ങള്‍ക്ക് നേതത്വം നല്‍കി. സാമൂഹി സാംസ്‌കാരിക രംഗങ്ങളില്‍ നിരന്തരമായി ഇടപ്പെട്ടിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് മിസ പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.

തലശേരി ജില്ലാ കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. കെ ഇ ഗംഗാധരന്‍ പ്രമാദമായ നിരവധി കേസുകളില്‍ സ്‌പെഷ്യല്‍ പ്രോസിക്യുട്ടറായും പ്രവര്‍ത്തിച്ചു. സിപിഐഎം തലശേരി ടൗണ്‍ ലോക്കല്‍കമ്മിറ്റി അംഗം, ലോയേഴ്‌സ് യൂണിയന്‍ ജില്ലാ ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ച ഇദ്ദേഹം പാവങ്ങളുടെ അഭിഭാഷകന്‍ എന്ന നിലയിലും ഖ്യാതി നേടി.

പരേതരായ അനന്തന്‍മാസ്റ്ററുടെയും മാധവിയുടെയും മകനാണ്. ഭാര്യ: സുധ അഴീക്കോടന്‍ (സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവംഗം, റിട്ട. ലൈബ്രേറിയന്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി). മക്കള്‍: രാഗിത്ത്, നിലോഷ. മരുമകന്‍: വിശ്വജിത്ത്(കുവൈറ്റ്). സഹോദരങ്ങള്‍: മോഹനന്‍, ജനാര്‍ദനന്‍ (പിണറായി വീവേഴ്‌സ് സൊസൈറ്റി, റിട്ട. സെക്രട്ടറി), വിമല (റിട്ട. അധ്യാപിക), പരേതനായ വിജയന്‍. രക്തസാക്ഷി അഴീക്കോടന്‍ രാഘവന്റെയും മീനാക്ഷിടീച്ചറുടെയും മകളുടെ ഭര്‍ത്താവാണ്. സംസ്‌കാരം ഉച്ചക്ക് രണ്ടിന് ശേഷം എരുവട്ടി പന്തക്കപ്പാറയിലെ പിണറായി പഞ്ചായത്ത് ശ്മശാനം. മൃതദേഹം ഒരു മണിവരെ വീട്ടിലും രണ്ട് വരെ തലശേരി പഴയസ്റ്റാന്റിലും പൊതുദര്‍ശനത്തിന് വെക്കും.

മൃതദേഹത്തില്‍ സിപിഐ എം ജില്ലസെക്രട്ടറി എം വി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം എ എന്‍ ഷംസീര്‍ എംഎല്‍എ, ജില്ലകമ്മിറ്റി അംഗം അഡ്വ പി ശശി, ഏരിയസെക്രട്ടറിമാരായ എം സി പവിത്രന്‍, കെ ശശിധരന്‍, നഗരസഭ ചെയര്‍മാന്‍ സി കെ രമേശന്‍, പി എം പ്രഭാകരന്‍ എന്നിവര്‍ ചേര്‍ന്ന് രക്ത പതാക പുതപ്പിച്ചു. കര്‍ഷകതൊളിലാളിയൂനിയന്‍ സംസ്ഥാന സെക്രട്ടറി എന്‍ ആര്‍ ബാലന്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. കെ ഇ ഗംഗാധരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായിവിജയന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.