You are Here : Home / News Plus

പുതിയ നികുതികള്‍ ഇന്നു നിലവില്‍വരും

Text Size  

Story Dated: Tuesday, April 01, 2014 07:23 hrs UTC

ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ വരുമാന, നികുതി നിര്‍ദ്ദേശങ്ങള്‍ ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും. സ്റ്റാമ്പ് ഡ്യൂട്ടി ആറു ശതമാനമാവും. മദ്യത്തിനും സിഗരറ്റിനും വിലകൂടും. വാഹനനികുതിയും വര്‍ദ്ധിക്കും. തുണിത്തരങ്ങള്‍ക്ക് ഒരു ശതമാനം നികുതി കൂടും. ബഹുരാഷ്ട്ര ബ്രാന്‍ഡ് ഭക്ഷ്യവസ്തുക്കള്‍, കെട്ടിടനിര്‍മാണത്തിനുള്ള എം സാന്‍ഡ്, മെറ്റല്‍ എന്നിവയ്‌ക്കെല്ലാം നികുതി ഉയരും. ക്ഷേമപെന്‍ഷനുകള്‍ 200 രൂപ വരെ കൂടും. അങ്കണവാടി ജീവനക്കാര്‍ക്കുള്ള വേതനം 1600 രൂപയാവും. പഞ്ചായത്ത് പ്രദേശത്ത് അഞ്ചും നഗരസഭയില്‍ ആറും കോര്‍പ്പറേഷനുകളില്‍ ഏഴും ശതമാനമായിരുന്നു സ്റ്റാമ്പ് ഡ്യൂട്ടി. ഇത് കഴിഞ്ഞ ബജറ്റില്‍ എല്ലായിടത്തും ആറു ശതമാനമാക്കി ഏകീകരിച്ചു. ഇതിലൂടെ ഭൂമി രജിസ്‌ട്രേഷനിലൂടെയുള്ള വരുമാനത്തില്‍ വര്‍ദ്ധനയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കെയ്‌സിന് 400 രൂപയില്‍ക്കൂടുതല്‍ നല്‍കി ബിവറേജസ് കോര്‍പ്പറേഷന്‍ വാങ്ങുന്ന വിദേശമദ്യത്തിന്‍റെ  നികുതിനിരക്ക് 10 ശതമാനം ഉയര്‍ത്തിയിട്ടുണ്ട്. ഇതുകാരണം വിദേശമദ്യം കുപ്പിക്ക് 10 രൂപമുതല്‍ 20 രൂപവരെ വിലക്കൂടും. ഇതിലൂടെ 440 കോടിയാണ് അധികം പ്രതീക്ഷിക്കുന്നത്. സിഗരറ്റിന്‍റെ  നികുതി 22 ശതമാനമായി വര്‍ദ്ധിച്ചതോടെ ഇതിനും വില ഉയരും. തുണിത്തരങ്ങള്‍ക്ക് വിറ്റുവരവിന്‍റെ  ഒരു ശതമാനമാണ് നികുതി നല്‍കേണ്ടത്. മംഗല്യനിധി സെസ്സിലും ചെവ്വാഴ്ച മുതല്‍ മാറ്റം വരും. മൂന്നോ അതിലധികമോ നക്ഷത്ര പദവിയുള്ള ഹോട്ടലുകളിലോ നഗരസഭാ പ്രദേശത്തെ എ.സി ഓഡിറ്റോറിയത്തിലോ വിവാഹം നടത്തിയാല്‍ 10,000 രൂപയാണ് സെസ് നല്‍കേണ്ടത്. നഗരസഭാ പ്രദേശത്തെ മറ്റ് ഹാളുകള്‍ക്ക് 5,000 രൂപ. പഞ്ചായത്ത് പ്രദേശത്തെ എ.സി ഹാളിന് 7500 രൂപയും മറ്റ് ഹാളുകള്‍ക്ക് 3,000 രൂപയും ഈടാക്കും. 1500 കോടി രൂപയുടെ പുതിയ വരുമാന നിര്‍ദ്ദേശങ്ങളാണ് ജനവരി 24 ന് അവതരിപ്പിച്ച ബജറ്റില്‍ മന്ത്രി കെ. എം. മാണി പ്രഖ്യാപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.