You are Here : Home / News Plus

സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടം 2015 മാര്‍ച്ചില്‍

Text Size  

Story Dated: Friday, January 03, 2014 07:28 hrs UTC

 

 

പതിമൂന്നാം കേരളാ നിയമസഭയുടെ പത്താം സമ്മേളനത്തിന് ഗവര്‍ണര്‍ നിഖില്‍ കുമാറിന്‍െറ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. അടിസ്ഥാന വികസനത്തിനും ഭരണ നവീകരണത്തിനും സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും മുന്‍തൂക്കം നല്‍കുന്നതും കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കുന്നതുമായ നയപരിപാടികളും പദ്ധതികളുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് നയപ്രഖ്യാപന പ്രസംഗം. സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടം 2015 മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

സ്മാര്‍ട്ട്സിറ്റിയില്‍ 12,000 പേര്‍ക്ക് തൊഴില്‍ നല്‍കും. 300 കിലോമീറ്റര്‍ തീരദേശപാത വികസിപ്പിക്കും. കരമന-കളയിക്കാവിള പാതാ വികസനം ഈ വര്‍ഷം പൂര്‍ത്തിയാക്കും. ഭൂമിയുടെ റീസര്‍വെ ഈ വര്‍ഷം പുനരാരംഭിക്കും. കൊച്ചിയില്‍ അന്താരാഷ്ട്ര ബിസിനസ് മീറ്റ് സംഘടിപ്പിക്കും. കാര്‍ഷികമേഖലക്കായി നെതര്‍ലാന്‍ഡ് സഹായത്തോടെ സാങ്കേതിക കേന്ദ്രം. കൊച്ചിയില്‍ രണ്ട് ഇലക്ട്രൊ മാനുഫാക്ചറിങ് ക്ളസ്റ്ററുകള്‍ സ്ഥാപിക്കും. വിമാനത്താവളങ്ങളില്ലാത്ത പത്ത് ജില്ലകളില്‍ ഹെലിപാഡുകള്‍ നിര്‍മിക്കും.

കൊച്ചി തേവരയില്‍ പുതിയ ബസ് സ്റ്റേഷന്‍ നിര്‍മിക്കും. താലൂക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം നടപ്പാക്കും. 60,000 വീടുകള്‍ കൂടി ഇന്ദിരാ ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെകുറിച്ച് ഈ വര്‍ഷം അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കും. പോളി ഹൗസ് ഫാമിങ്ങിന് ധനസഹായം നല്‍കും.

എല്ലാ മെഡിക്കല്‍ കോളെജ് ആശുപത്രികളില്‍ വന്ധ്യതാ ചികിത്സക്കായി പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിക്കും. എല്ലാ താലൂക്ക് ആശുപത്രികളിലും 10 കിടക്കകളുള്ള ഡയാലിസിസ് യൂനിറ്റുകള്‍ സ്ഥാപിക്കും. മെഡിക്കല്‍ കോളെജിലെ ക്യാന്‍സര്‍ ചികിത്സാ ആര്‍.സി.സി നിലവാരത്തിലേക്ക് ഉയര്‍ത്തും.

എല്ലാ ചെക്ക് പോസ്റ്റിലും പാലിന്‍െറ ഗുണനിലവാരം പരിശോധിക്കാന്‍ ലാബ് സംവിധാനം. ആദിവാസി കോളനികളിലേക്ക് റോഡ് സൗകര്യത്തിന് 100 കോടി രൂപ ധനസഹായം നല്‍കും. ഇ-ഗവേണന്‍സില്‍ 500 സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തും. ഏഴ് ബസ് സ്റ്റേഷനുകളില്‍ ഷോപ്പിങ് കോംപ്ളക്സുകള്‍. ബയോഗ്യാസ് പ്ളാന്‍റ് സ്ഥാപിക്കാന്‍ പലിശ രഹിത വായ്പ.

പിന്നാക്കമേഖലയിലെ പ്രശ്നങ്ങള്‍ കണ്ടെ ത്താന്‍ ഹൈ പവര്‍ കമ്മിറ്റി രൂപീകരിക്കും. അട്ടപ്പാടിയുടെ വികസനത്തിനായി പ്രത്യേക പാക്കെജ്. കൂടാതെ അട്ടപ്പാടി മേഖലയിലെ പോഷകാഹാര കുറവ് പരിഹരിക്കന്‍ പ്രത്യേക പദ്ധതി രൂപീകരിക്കും. ഭൂമിയില്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന നിര്‍മാണ പദ്ധതി. യുവാക്കളുടെ പുതുസംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കും.

ക്ഷീരമേഖലയിലെ മികച്ച സഹകരണസംഘത്തിന് വര്‍ഗീസ് കുര്യന്‍ സ്മാരക പുരസ്കാരം നല്‍കും. അന്യ സംസ്ഥാന തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ പുതിയ നിയമം കൊണ്ടുവരും. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് യു.ഐ.ഡി നമ്പര്‍ നല്‍കും. പഞ്ചായത്തുകള്‍ വഴി സ്വയംസഹായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ 2 ലക്ഷം രൂപയുടെ ധനസഹായം. ദരിദ്രര്‍ക്ക് ഭവനനിര്‍മ്മാണത്തിനായി സ്റ്റേറ്റ് റിസ്ക് ഫണ്ട് നടപ്പാക്കും.

പാഠ്യപദ്ധതിയില്‍ അടുത്ത വര്‍ഷം സമഗ്രപരിഷ്കരണം. കോളെജുകള്‍ ഇല്ലാത്ത എല്ലാ നിയോജകമണ്ഡലങ്ങളിലും പുതിയ കോളെജുകള്‍ സ്ഥാപിക്കും. മികച്ച വിദ്യാര്‍ഥികളുടെ പരിശീലനത്തിന് പ്രൈമറി തലത്തില്‍ ടാലന്‍റ് ഫണ്ട്. പാരമ്പര്യ ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വിപണനം ചെയ്യും. വയനാട്, ഇടുക്കി, കാസര്‍കോട് ജില്ലകള്‍ക്കായി പ്രത്യേക പാക്കെജ്. കാസര്‍കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ ജൈവ കൃഷി പ്രോത്സാഹിപ്പിക്കും.

ജനമൈത്രി സംവിധാനം 50 പൊലീസ് സ്റ്റേഷനില്‍ കൂടി വ്യാപിപ്പിക്കും. അഗ്നിശമനസേനാ വിഭാഗത്തിന് പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷ. എല്ലാ പൊലീസ് സ്റ്റേഷനുകളിലും വനിതാ കോണ്‍സ്റ്റബിള്‍മാരെ നിയമിക്കും. ഗുരുവായൂര്‍ ക്ഷേത്ര വികസനത്തിന് മാസ്റ്റര്‍ പ്ളാന്‍.

10 ലക്ഷത്തിലധികം വിറ്റുവരവുള്ള മാവേലി സ്റ്റോറുകളെ സൂപ്പര്‍ മാര്‍ക്കറ്റുകളാക്കും. കെ.എസ്.ഇ.ബി ഓഫീസുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും. സംസ്ഥാനത്ത് സോളാര്‍ വിളക്കുകള്‍ വ്യാപകമാക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പ്രഖ്യാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.