You are Here : Home / News Plus

രാഹുലിനെതിരായ മുഖപ്രസംഗം: നടപടി ഉണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി

Text Size  

Story Dated: Friday, May 23, 2014 08:29 hrs UTC

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള മുഖപ്രസംഗം ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചതിനെതിരെ  മുസ്ലിം ലീഗ് നടപടി എടുക്കും. പാണക്കാട്ട് വിളിച്ചുചേര്‍ത്ത മുസ്ലിംലീഗ് നേതൃയോഗത്തിലാണ് തീരുമാനം.ആര്‍ക്കെതിരെയാകും നടപടിയെന്ന് രണ്ട് ദിവസത്തിനകം അറിയാമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടും തെറ്റ് ആവര്‍ത്തിക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധിക്കെതിരെ ചന്ദ്രികയില്‍ വന്ന മുഖപ്രസംഗം ഇവിടെ വായിക്കാം


കോണ്‍ഗ്രസില്‍ വേണ്ടത് റാഡിക്കലായ മാറ്റം


ന്യൂഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനമായ അശോക ഭവന്‍ അധികാരത്തിന്റെ ആഘോഷങ്ങളിലേക്ക് വഴിമാറുമ്പോള്‍ സര്‍വം നഷ്ടപ്പെട്ടതിന്റെ മ്ലാനതയിലേക്ക് നൂണുപോയിരിക്കുകയാണ് കോണ്‍ഗ്രസ് തന്ത്രങ്ങളുടെ കേന്ദ്രബിന്ദുവായ 24 അക്ബര്‍ റോഡ്. സ്വാതന്ത്ര്യാനന്തരം 18 വര്‍ഷം മാത്രം അധികാരത്തില്‍ നിന്നു മാറ്റിനിര്‍ത്തപ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പരാജയം കോണ്‍ഗ്രസ് വൃത്തങ്ങളില്‍ കനം തൂങ്ങി നില്‍ക്കുകയാണ് ഇപ്പോഴും. ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള തീവ്ര ഹിന്ദുത്വ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയായി. മൂന്ന് പതിറ്റാണ്ടിന് ശേഷം വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഭാരതീയ ജനതാപാര്‍ട്ടി രാജ്യത്തിന്റെ അധികാരം ഏറ്റെടുക്കുന്നത്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തൊങ്ങല്‍ മറയില്ലാതെ എടുത്തണിയുന്ന ബി.ജെ.പിയിലേക്ക് മതേതര രാഷ്ട്രത്തിന്റെ ചെങ്കോല്‍ മാറുന്നത് ഉത്കണ്ഠ നല്‍കുന്നുവെങ്കിലും ജനവിധി അംഗീകരിച്ചേ മതിയാകൂ.

കോണ്‍ഗ്രസിന് സമാനതകളില്ലാത്ത പരാജയമായിരുന്നു 16ാം ലോക്‌സഭയിലേത്. 543 അംഗ പാര്‍ലമെന്റില്‍ വെറും 44 സീറ്റുമാത്രമാണ് ഇന്ത്യയുടെ ഗതിയെ മാറ്റിമറിച്ച പാര്‍ട്ടിക്കു കൈവരിക്കാനായത്. ആറു ദശാബ്ദം പിന്നിട്ട രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തില്‍, 128 വര്‍ഷത്തെ പാരമ്പര്യം കൈമുതലായ രാഷ്ട്രീയപ്പാര്‍ട്ടിയെ ജനം എന്തുകൊണ്ട് പൊരിവെയിലത്തു നിര്‍ത്തി എന്ന് ഗൗരവപൂര്‍വം ആലോചിക്കേണ്ടതുണ്ട്. നേതൃത്വത്തിന്റെ രാജി, ഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനായില്ല തുടങ്ങിയ പതിവു പല്ലവികളും അതിനുള്ള സ്ഥിരം കുറിപ്പടികളും മാത്രം മതിയാകില്ല ഈ മുറിവുകളുണക്കാന്‍. ബി.ജെ.പിയെ പോലും ഞെട്ടിച്ച പതനമായിരുന്നു കോണ്‍ഗ്രസിന്റേത്.

തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ അടിമുടി അഴിച്ചുപണിയെന്ന വാഗ്ദാനം ശുഭസൂചകമാണ്. കുറ്റങ്ങളും കുറവുകളും പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ നിരത്തിയുള്ള ആത്മപരിശോധനയാണ് ഈ വേളയില്‍ ആവശ്യം. ഇഴകീറിയുള്ള പരിശോധനക്കേ കേടുപാടുകളുടെ ആഴം മനസ്സിലാക്കാനാകൂ. മഹാത്മാഗാന്ധിയും നെഹ്‌റുവും ആസാദും മനസ്സുതൊട്ടനുഗ്രഹിച്ച പാര്‍ട്ടി, രാജ്യത്തിന്റെ മതേതര-ജനാധിപത്യ പാരമ്പര്യങ്ങള്‍ക്കായി നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. അത് ക്ഷയിക്കാന്‍ അനുവദിച്ചുകൂടാ. കോണ്‍ഗ്രസിന്റെ ശക്തിക്ഷയങ്ങളുടെ സുഷിരങ്ങളിലേക്ക് നൂണുകയറുന്നത് വലതുപക്ഷ തീവ്രവാദമാണ് എന്ന ആപത്തും കാണാതിരുന്നു കൂടാ.

ഒന്നാമതായി, പ്രചാരണഘട്ടത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വണ്‍മാന്‍ ഷോ കോണ്‍ഗ്രസിന് ഗുണം ചെയ്തില്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയുടെ മനസ്സു തൊടാനുള്ള രാഹുലിന്റെ പരിശ്രമങ്ങളെ ശ്ലാഘിക്കുന്ന വേളയില്‍ തന്നെ ഈ ഊരുചുറ്റലുകള്‍ മാത്രം മതിയായിരുന്നില്ല ഇന്ത്യയുടെ ആത്മാവു തൊടാന്‍ എന്നു കൂടി അറിയണമായിരുന്നു. തനിക്കു ചുറ്റുമുള്ള യുവ നേതൃനിരയിലെ ചിലരെ മാത്രമാണ് രാഹുല്‍ പ്രചാരണത്തില്‍ വിശ്വസിച്ചത്.

ഈ തെരഞ്ഞെടുപ്പില്‍, 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ക്ക് വേദിയായിരുന്ന ഗുര്‍ദ്വാര റകബ്ജംഗ് റോഡിലെ യുദ്ധമുറി, തുഗ്ലക് ലൈനിലെ രാഹുല്‍ഗാന്ധിയുടെ വീട്ടിലേക്കു മാറി. അവിടെ, ദശാബ്ദങ്ങളുടെ അനുഭവ സമ്പത്തുള്ള നേതാക്കള്‍ പലപ്പോഴും പടിക്കു പുറത്തുനില്‍ക്കേണ്ടിവന്നു. 2004ലും 2009ലും പ്രചാരണത്തിന്റെ സൂത്രവാക്യങ്ങള്‍ മെനഞ്ഞെടുത്ത ജയറാം രമേശ് പോലും ഒഴിവാക്കപ്പെട്ടു. പല സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ നിന്നും അനുഭവിച്ച തോല്‍വിയില്‍ നിന്നു പോലും രാഹുല്‍ ബ്രിഗേഡ് പാഠം പഠിച്ചില്ല. ഒരു സംസ്ഥാന മന്ത്രിസഭയില്‍ പോലും ഒരു വകുപ്പെങ്കിലും കൈകാര്യം ചെയ്ത് പരിചയമില്ലാത്ത രാഹുലിനെ മുന്നില്‍ നിര്‍ത്തിയത്, മോഡിക്ക് അദ്ദേഹത്തിന്റെ ഹൈടെക് തന്ത്രങ്ങളുടെ പ്രയോഗവത്ക്കരണത്തിന് എളുപ്പം സൃഷ്ടിച്ചു. ആധുനിക സാങ്കേതിക വിദ്യ സമര്‍ഥമായി ഉപയോഗിക്കുന്നതില്‍ മോഡിയേക്കാള്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും ചെയ്തു.

മറ്റൊരു പ്രധാനപ്പെട്ട കാര്യം, പ്രചാരണത്തില്‍ തനിക്കെതിരെ ഉയര്‍ത്തിയ ഗുജറാത്ത് കലാപമടക്കമുള്ള വിഷയങ്ങള്‍ ഹിന്ദു വോട്ട് ഏകീകരിപ്പിക്കാനായി മോഡി ഉപയോഗിച്ചതും അതിനെ ഫലപ്രദമായി തടയിടാന്‍ കോണ്‍ഗ്രസിനായില്ല എന്നതുമാണ്. ഇത്തരം പ്രചാരണങ്ങള്‍ നേരിടാനുള്ള ശേഷി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടുപോകുന്നതാണ് മതേതര വിശ്വാസികളെ ആശങ്കപ്പെടുത്തുന്നത്. രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ ഏറ്റുമുട്ടുന്ന പോരാട്ടം എന്ന നിലയിലേക്ക് തെരഞ്ഞെടുപ്പിനെ മാറ്റുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെടുകയായിരുന്നു.

പ്രചാരണ രംഗത്ത് ഇത്തവണ കോണ്‍ഗ്രസിന് ആകര്‍ഷകമായ ഒരു മുദ്രാവാക്യം പോലുമുണ്ടായതുമില്ല. ഗരീബി ഹഠാഓ (ദാരിദ്ര്യം തൂത്തെറിയൂ), കോണ്‍ഗ്രസ് കാ ഹാത്, ആം ആദ്മി കാ സാത് (സാധാരണക്കാരന്റെ കൂടെ കോണ്‍ഗ്രസിന്റെ കൈ) തുടങ്ങിയ സര്‍ഗാത്മക മുദ്രാവാക്യങ്ങള്‍ പണിത പാര്‍ട്ടിക്കാണ് ഈ ദാരിദ്ര്യമുണ്ടായത്. നയീ സോച്, നയീ ഉമ്മീദ് (പുതുചിന്ത, പുതുപ്രതീക്ഷ), അബ് കി ബാര്‍ മോഡി സര്‍ക്കാര്‍ (ഇത്തവണ മോഡി സര്‍ക്കാര്‍) തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ബി.ജെ.പി മേല്‍ക്കൈ നേടുകയും ചെയ്തു. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ പ്രകടമായ നേതൃദാരിദ്ര്യം, മികച്ച പ്രാദേശിക സഖ്യകക്ഷികളുടെ അഭാവം, തെറ്റായ സാമ്പത്തിക നയങ്ങള്‍, വിലക്കയറ്റം, അഴിമതി തുടങ്ങി നിരവധി വിഷയങ്ങളും ഭരണ പരാജയവും ഈ തോല്‍വിക്കു ആക്കം കൂട്ടി. പാര്‍ട്ടിയെ ശുദ്ധികലശം ചെയ്ത് ജനവിശ്വാസം വീണ്ടെടുക്കാനുള്ള ആദ്യ പടിയാകട്ടെ പാര്‍ട്ടിയെ അഴിച്ചുപണിയാനുള്ള കോണ്‍ഗ്രസ് തീരുമാനം.

 

(കടപ്പാട്: ചന്ദ്രിക ദിനപത്രം)
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.