You are Here : Home / News Plus

ഭാരത് പെട്രോളിയം കൊച്ചി റിഫൈനറിയിലെ തൊഴിലാളികള്‍ ശക്തമായ സമരത്തിനൊരുങ്ങുന്നു

Text Size  

Story Dated: Sunday, October 13, 2019 06:17 hrs UTC

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ കൊച്ചി റിഫൈനറിയിലെ തൊഴിലാളികള്‍ ശക്തമായ സമരത്തിനൊരുങ്ങുന്നു. ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ട്രേഡ് യൂണിയനുകളുടെ തീരുമാനം. ഈ മാസം 15 ന് തൃപ്പൂണിത്തുറയില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. ഭാരത് പെട്രോളിയം കോര്‍പറേഷന്റെ 53.29 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ബി.പി.സി.എലിന്റെ ഭാഗമായ കൊച്ചി റിഫൈനറിയുടെ വികസനത്തെയും അനുബന്ധ പദ്ധതികളെയും ബാധിക്കുമെന്നാണ് തൊഴിലാളികളുടെ ആശങ്ക.

ബി.പി.സി.എലിന്റെ ഭാഗമായ കൊച്ചി റിഫൈനറി സംസ്ഥാനത്തെ ഏറ്റവും വലിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്. കൊച്ചി റിഫൈനറിയുടെ സംസ്കരണശേഷി 9.5 മില്യണ്‍ മെട്രിക് ടണ്ണില്‍നിന്ന്‌ 15.5 മില്യണ്‍ മെട്രിക്‌ ടണ്ണായി വര്‍ധിപ്പിച്ച ഐ.ആര്‍.ഇ.പി പദ്ധതി ഒരു വര്‍ഷംമുമ്ബാണ്‌ പൂര്‍ത്തിയാത്‌. ‌ഈ പദ്ധതിയില്‍ നിന്നുണ്ടാകുന്ന അഞ്ചുലക്ഷം ടണ്‍ പ്രൊപ്പിലിന്‍ ഉപയോഗിച്ച്‌ പെട്രോ കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള രണ്ട് പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രാരംഭഘട്ടത്തിലാണ്‌. ഈ പദ്ധതികള്‍ക്ക്‌ നികുതിയിളവുകളും മറ്റു സൗജന്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പോളിയോള്‍ പദ്ധതിക്കുവേണ്ടി ഫാക്ടിന്റെ 176 ഏക്കര്‍ ഭൂമിയും സൗജന്യനിരക്കില്‍ കൈമാറി. ബി.പി.സി.എല്‍ സ്വകാര്യ വത്കരിക്കപ്പെട്ടാല്‍ കേരളത്തിന് ഏറെ ഗുണം ചെയ്യുന്ന പദ്ധതികള്‍ അട്ടിമറിക്കപെടുമെന്ന് ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു.

അതിശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാനാണ് വിവിധ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 15 ന് തൃപ്പൂണിത്തുറയില്‍ ലായം ഗ്രൌണ്ടില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. 17ആം തിയതി മുതല്‍ അമ്ബലമുകളിലെ ബി.പി.സി.എല്‍ റിഫൈനറിക്ക് മുമ്ബില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.