You are Here : Home / നിര്യാതരായി

ഫിലിപ്പ് കാലായില്‍ ഷിക്കാഗോയില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, March 18, 2017 11:26 hrs UTC

ഷിക്കാഗോ: അമേരിക്കന്‍ കുടിയേറ്റ ചരിത്രത്തിലെ ആദ്യകാല മലയാളിയും സാമൂഹ്യ പരിഷ്കര്‍ത്താവുമായ ഫിലിപ്പ് കാലായില്‍ (86) മാര്‍ച്ച് 13-നു ചിക്കാഗോയില്‍ നിര്യാതനായി. ഉപരിപഠനാര്‍ത്ഥം വടക്കേ അമേരിക്കയിലേക്ക് 1956 -ല്‍ കേരളത്തില്‍ നിന്നും കുടിയേറ്റം നടത്തിയ അദ്ദേഹം ഷിക്കാഗോയിലെ ലയോള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉപരിപഠനം പൂര്‍ത്തിയാക്കി. വിദ്യാഭ്യാസ കാലഘട്ടത്തിലും തുടര്‍ന്നും ന്യൂനപക്ഷ വിഭാഗങ്ങളും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ഏഷ്യന്‍ വംശജര്‍ നേരിടുന്ന തിക്താനുഭവങ്ങള്‍ മനസ്സിലാക്കുകയും അനുഭവിക്കുകയും ചെയ്ത അദ്ദേഹം ഈ വിവേചനത്തിനെതിരേ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുമായി ചേര്‍ന്ന് തന്റെ സാമൂഹിക പ്രവര്‍ത്തനം ആരംഭിക്കുകയുണ്ടായി.

 

 

 

വിദ്യാഭ്യാസ-ഭവന-ജോലി മേഖലകളില്‍ ഏഷ്യന്‍ വംശജര്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയ അദ്ദേഹം ഷിക്കാഗോയിലെ വിവിധ സാമൂഹിക സന്നദ്ധ സംഘടനകളുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുകയുണ്ടായി. ഇന്‍ഡോ- അമേരിക്കന്‍ വംശജരുടെ ഉന്നമനത്തിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം 1960-ല്‍ ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക എന്ന സംഘടന രൂപീകരിച്ചു. 1970-ല്‍ സ്ഥാപിതമായ ഏഷ്യന്‍ ഫോറം, Asian American Coalition of America (ICAA) എന്നിവയുടെ സ്ഥാപക നേതാവായിരുന്നു ഫിലിപ്പ് കാലായില്‍. ഏഷ്യന്‍ അമേരിക്കന്‍ വംശജരുടെ പ്രമുഖ സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ (ഐ.എ.ഡി.ഒ) 1980-ല്‍ തുടക്കം കുറിക്കാന്‍ സാധിച്ചത് ഫിലിപ്പ് കാലായിലിന്റെ നേതൃപാടവത്തിന്റെ ഉദാഹണമാണ്. ഏഷ്യന്‍ കമ്യൂണിറ്റിക്ക് നല്‍കിയ നിസ്തുലമായ സേവനങ്ങള്‍ പരിഗണിച്ച് അസോസിയേഷന്‍ ഓഫ് ഏഷ്യന്‍ അമേരിക്കന്‍ സ്റ്റഡീസ് ഓര്‍ഗനൈസേഷന്‍ 2008-ല്‍ "ദി ഹാര്‍ട്ട് ഓഫ് ഏഷ്യന്‍ അമേരിക്കന്‍ കമ്യൂണിറ്റി അവാര്‍ഡ്' നല്‍കി ആദരിക്കുകയുണ്ടായി. ഫിലിപ്പ് കാലായിലിന്റെ ദീര്‍ഘവീക്ഷണവും സാമൂഹ്യപരിഷ്കരണ പ്രവര്‍ത്തനങ്ങളും പിന്‍കാലങ്ങളില്‍ അമേരിക്കയിലേക്ക് കുടിയേറിയ നിരവധി ഏഷ്യന്‍ വംശജര്‍ക്ക് ജീവിതത്തിന്റെ വിവിധ മേഖലകളിലേക്ക് ഉയരുവാനുള്ള കൈത്താങ്ങായി മാറുകയുണ്ടായി. സോഷ്യോളജിയിലും ഇന്‍ഡസ്ട്രിയല്‍ റിലേഷനിലും മാസ്റ്റേഴ്‌സ് ഡിഗ്രി കരസ്ഥമാക്കിയ ഇദ്ദേഹം ഷിക്കാഗോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാത്തലിക് ചാരിറ്റീസ് ഓര്‍ഗനൈസേഷനില്‍ സോഷ്യല്‍ വര്‍ക്കറായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുകയും, തുടര്‍ന്ന് ഇല്ലിനോയി സ്റ്റേറ്റിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹ്യൂമന്‍ സര്‍വീസില്‍ (ഡി.എച്ച്.എസ്) ജോലി തുടരുകയും, ഇതിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരിക്കെ റിട്ടയര്‍ ചെയ്യുകയുമുണ്ടായി.

 

 

1930 ഒക്‌ടോബര്‍ രണ്ടിന് കോട്ടയത്ത് കീഴൂരില്‍ ജനിച്ച അദ്ദേഹം 1949-ല്‍ അന്നമ്മ കട്ടപ്പുറത്തെ വിവാഹം കഴിച്ചു. മക്കള്‍: ടോം & ആന്‍സി (കൂവക്കാട്ടില്‍), സാലു & നാനി സോണി, പരേതയായ ലിസ & റ്റോമി പുല്ലുകാട്ട്, ഡോ. ആന്‍ ലത കലായില്‍ എന്നിവര്‍ മക്കളാണ്. ഫില്‍ & ജയിസി (ചാഴിക്കാട്ട്), മനോജ് & മെര്‍ലിന്‍, അലക്‌സ് & ഷാരി (കൊടുവന്തറ), ആശ & വിജു (പൊക്കന്താനം), സോണിയ & റ്റി.ജെ ഇല്ലംപള്ളി, വിനോദ് & ആന്‍, സുനില്‍ & ആല്‍വീന (പുത്തന്‍പുരയില്‍), അജിറ്റ് & ജെ.ഡി എന്നിവര്‍ കൊച്ചുമക്കളുമാണ്. പൊതുദര്‍ശനം മാര്‍ച്ച് 17-ന് വെള്ളിയാഴ്ച വൈകിട്ട് 4 മുതല്‍ 9 വരെ കുംബര്‍ലാന്റ് ചാപ്പലില്‍ (8300 W. Lawerence, Norridge, IL 60706) വച്ചും സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 10 മണിക്ക് ക്യൂന്‍ ഓഫ് ഓള്‍ സെയിന്റ്‌സ് ബസലിക്കകയില്‍ (6380 N. Sauganash Ave, Chicago, IL 60646) വച്ചും തുടര്‍ന്ന് സംസ്കാരം നൈല്‍സിലുള്ള മേരി ഹില്‍ സെമിത്തേരിയിലും (8600 N. Milwaukee Ave, Niiles, IL 60714) വച്ചു നടത്തപ്പെടുന്നു.

 

സൈമണ്‍ ഏബ്രഹാം മുട്ടത്തില്‍ അറിയിച്ചതാണിത്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.