You are Here : Home / നിര്യാതരായി

പ്രശസ്ത കവിയും പ്രവാസി സാഹിത്യകാരനുമായ അസ്‌മോ പുത്തന്‍‌ചിറ അന്തരിച്ചു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, May 12, 2015 02:58 hrs UTC

 

 
അബൂദബി: പ്രശസ്ത കവിയും പ്രവാസി സാഹിത്യകാരനുമായ അസ്‌മോ പുത്തന്‍‌ചിറ (60) അന്തരിച്ചു. ഇന്ന് (മെയ് 11) തിങ്കളാഴ്ച വൈകുന്നേരം അബൂദബി മുസഫ ശാബിയ 11 -ലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്ന് അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. അബുദാബി ഷെയ്ഖ് ഖലീഫാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.
 
തൃശൂര്‍ ജില്ലയില്‍ പുത്തന്‍ചിറയിലെ പരേതരായ ഉമ്മര്‍-ആയിശ ദമ്പതികളുടെ മകനായ അരീപ്പുറത്ത് സെയ്തുമുഹമ്മദാണ് 'അസ്‌മോ പുത്തന്‍ചിറ' എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്നത്. റസിയയാണ് ഭാര്യ. മക്കളില്ല. അബൂദബിയില്‍ സ്വന്തമായി സ്ഥാപനം നടത്തുകയായിരുന്നു. 
 
പുത്തന്‍ചിറ ഗവ. ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി. വിദ്യാഭ്യാസം കഴിഞ്ഞ് തിരൂര്‍ എസ്.എസ്.എം.എസ് പോളിടെക്നിക്കില്‍നിന്ന് ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ ശേഷം 1974-ലാണ് അബൂദബിയിലെത്തിയത്. അക്കാലത്ത് ബോംബെയില്‍ (മുംബൈ) നിന്ന് കപ്പല്‍ മാര്‍ഗമായിരുന്നു ഗള്‍ഫ് നാടുകളിലേക്ക് പോയിക്കൊണ്ടിരുന്നത്. അന്ന് 'ദുംഗ' എന്ന കപ്പലില്‍ ഗള്‍ഫിലെത്തിയ അസ്‌മോയുടെ പിന്നീടുള്ള 41 വര്‍ഷവും അബൂദബിയിലായിരുന്നു. 
 
പഠന കാലത്ത് ചെറുകഥാ രചനകളിലും കവിതയെഴുത്തിലുമെല്ലാം ആകൃഷ്ടനായിരുന്ന അസ്‌മോ ഇതുവരെയായി ഏകദേശം ഇരുന്നൂറിലധികം കവിതകള്‍ രചിച്ചിട്ടുണ്ട്. കേരളത്തിലേയും ഗള്‍ഫിലേയും ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ അസ്‌മോയുടെ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അബുദാബിയിലെ കോലായ എന്ന സാഹിത്യ കൂട്ടായ്മയുടെ അമരക്കാരന്‍ ആയിരുന്നു അസ്‌മോ. ഷാര്‍ജയിലെ പാം പുസ്തകപ്പുരയുടെ അക്ഷരമുദ്ര പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം യു.എ.ഇ.യിലെ പുത്തന്‍‌ചിറ ഫാമിലി അസ്സോസിയേഷന്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. 
 
70-ലധികം കവിതകള്‍ ഉള്‍ക്കൊള്ളുന്ന പ്രഥമ കവിതാ സമാഹാരം 'ചിരിക്കുരുതി' അടുത്തിടെയാണ് ഡി.സി ബുക്സ് പുറത്തിറക്കിയത്.  രണ്ടാമത്തെ കവിതാ സമാഹാരത്തിന്‍െറ പണിപ്പുരയിലായിരുന്നു. പ്രവാസം ആരംഭിച്ചത് മുതല്‍ സാഹിത്യ രംഗങ്ങളില്‍ സജീവമായിരുന്ന അസ്‌മോ പുത്തന്‍ചിറ ഇംഗ്ളീഷുകാരിയായ ദോറോത്തി ആരംഭിച്ച അബൂദബി ആര്‍ട്ട് ഫൗണ്ടേഷനിലെ പോയറ്റ് കോര്‍ണറിന്‍െറ ക്യാപ്റ്റനായിരുന്നു. 
 
2014 ഒക്ടോബറില്‍ പുത്തന്‍‌ചിറ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ പുത്തന്‍‌ചിറ ഗവ. എല്‍.പി.സ്‌കൂളില്‍ വെച്ച് അസ്‌മോയെ ആദരിക്കുകയും അദ്ദേഹത്തിന്റെ 'ചിരിക്കുരുതി' കാവ്യസമാഹാരത്തെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.