You are Here : Home / Readers Choice

മിഷേല്‍ ഒബാമയുടെ പുസ്തകത്തിന് 30 ലക്ഷം കോപ്പിയുടെ പ്രിന്റ് ഓര്‍ഡര്‍

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Friday, November 23, 2018 01:11 hrs UTC

ഷിക്കാഗോയുടെ യുണൈറ്റഡ് സെന്ററില്‍ തടിച്ചു കൂടിയിരുന്ന 23,000 ആരാധകരുടെ കാതുകളില്‍ പെട്ടെന്ന് ഗര്‍ജ്ജിക്കുന്ന ശബ്ദത്തില്‍ ഹേയ്, ഷിക്കാഗോ അഭിസംബോധന എത്തി. ഒരു നിമിഷം സദസ്യര്‍ അമ്പരപ്പോടെ ഇരുന്നു. സാധാരണ നടക്കുന്നതുപോലെ ഏതെങ്കിലും റോക്ക് സ്റ്റാറിന്റെ ശബ്ദമാണോ എന്നവര്‍ സംശയിച്ചു. പിന്നീട് ഏവരും മനസ്സിലാക്കി മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ സ്റ്റേജിലേയ്ക്ക് കടന്നു വരുന്നതിന് മുന്‍പ് നടത്തിയ അഭിസംബോധന ആയിരുന്നു എന്ന്. എല്ലീ ഗോള്‍ഡിംഗിന്റെയും ജാക്‌സണ്‍ ഫൈവിന്റെയും സൗണ്ട് ട്രാക്കിന്റെ അകമ്പടിയോടെ മിഷേലും അവതാരക ഓപ്പറ വിന്‍ഫ്രീയും സ്റ്റേജിലേയ്‌ക്കെത്തി. ഇരുവരെയും ഒന്നിച്ച് കണ്ടപ്പോള്‍ പല ആരാധകരിലും ഇരുവരും ഒന്നിച്ച് നടത്തിയ 2008 പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സ്മരണകള്‍ ഉണര്‍ന്നു. ഇത്തവണ മിഷേല്‍ ഒരു പുതിയ ഫാഷന്‍ സ്റ്റേറ്റ്‌മെന്റുമായാണ് എത്തിയത്.

സാലി ലാപോയിന്റ് ഡിസൈന്‍ ചെയ്ത ടോപ്പും സ്റ്റുവര്‍ട്ട് വീറ്റ്‌സ്മാന്‍ പിങ്ക് ഹൈ ഹീല്‍സും , ധരിച്ച് മിഷേല്‍ എത്തിയപ്പോള്‍ നാടകീയ ലൈറ്റിംഗും വലിയ സ്‌ക്രീനിലെ പ്രതിഫലനങ്ങളും ആരംഭിച്ചു. സാധാരണ റോക്ക് താരങ്ങളാണ് യുണൈറ്റഡ് സെന്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതാദ്യമായാണ് ഒരു പുസ്തകത്തിന്റെ പ്രകാശനം ഇവിടെ നടക്കുന്നത്. മിഷേല്‍ ഒബാമയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം ബികമിംഗ് 12 നഗരങ്ങളില്‍ കൂറ്റന്‍ വേദികളില്‍ പ്രകാശിപ്പിക്കുകയാണ്. ഷിക്കാഗോയിലാണ് ബുക്ക് ടൂര്‍ ആരംഭിച്ചത്. ടിക്കറ്റ് ചാര്‍ജുകള്‍ 29,50 മുതല്‍ ആയിരക്കണക്കിന് ഡോളര്‍ വരെ ആയിരുന്നു. കൂടുതല്‍ പണം മുടക്കിയവര്‍ക്ക് മുന്‍നിര സീറ്റും ഗ്രന്ഥകര്‍ത്രിക്കൊപ്പം സെല്‍ഫി അവസരവും ലഭിച്ചു. അല്ലെങ്കില്‍ സജീവ തുല്യമായ മിഷേലിന്റെ ചിത്രത്തിന് മുന്നിലുള്ള സെല്‍ഫിയും ലഭ്യമായിരുന്നു. ആദ്യദിനം 7,25,000 കോപ്പികള്‍ വിറ്റഴിഞ്ഞതായി പ്രസാധകര്‍ ക്രൗണ്‍ പബ്ലിഷിംഗ് പറഞ്ഞു. വിപണന മേശകളില്‍ പുസ്തകത്തിന്റെ പ്രതികള്‍ക്കൊപ്പം മിഷേലിന്റെ പ്രസിദ്ധമായ വാചകം വെന്‍ മേ ഗോ ലോ വീ ഗോ ഹൈ ആലേഖനം ചെയ്ത ടീ ഷര്‍ട്ടിന്റെയും വില്പന തകൃതിയായി നടന്നു. ലൈവ് നേഷനാണ് ബുക്ക് ടൂര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ടൂറുകളുടെ ആരംഭം കുടുംബ ഫോട്ടോകളുടെ പ്രദര്‍ശനത്തോടെയാണ്.

 

വാട്ട് ആര്‍ യൂ ബികമിംഗ് എന്ന ചോദ്യം ആവര്‍ത്തിക്കുകയും ഗൈ്വനത്ത് പാല്‍ട്രോ തുടങ്ങിയവര്‍ മറുപടി നല്‍കുകയും ചെയ്യുന്ന ഓഡിയോവും ടൂറിന്റെ ഭാഗമാണ്. ഷിക്കാഗോയില്‍ ഓപ്പറ പുസ്തക പ്രകാശനത്തിന് ആതിഥേയത്വം വഹിച്ചു. ചോദ്യോത്തര വേളയില്‍ വൈറ്റ് ഹൗസിന്റെ ആ ഭാവം തനിക്ക് അനുഭവപ്പെടുന്നില്ല എന്ന് മിഷേല്‍ പ്രതികരിച്ചു. ബുക്ക് ടൂറുകള്‍ ഡിസംബര്‍ 19 വരെ തുടരും. മിഷേലിന്റെ ഉറ്റ സുഹൃത്തുക്കളും പ്രശസ്തരുമായവര്‍ മറ്റ് നഗരങ്ങളിലെ പ്രകാശനങ്ങള്‍ക്ക് വിശിഷ്ട സാന്നിദ്ധ്യം നല്‍കും. ഇവരില്‍ റീസ് വിതര്‍ സ്പൂണ്‍, ട്രേസ് എല്ലിസ് റോസ്, സാറാ ജെസിക്ക പാര്‍ക്കര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. 2 ഡോവ് ക്വീന്‍സിന്റെ ഫോബ് റോബിന്‍സണായിരിക്കും ഫിലാഡല്‍ഫിയ യിലും ഡെട്രോയിറ്റിലും പ്രധാന ആകര്‍ഷണം, പ്രധാന അതിഥിയായിരിക്കണം എന്നറിയിച്ചപ്പോള്‍ താന്‍ ഏറെ സന്തോഷിച്ചു. വലിയ ആദരവായി തോന്നി എന്ന് റോബിന്‍സണ്‍ പറഞ്ഞു. മുന്‍ ഫ്‌ലോറ്റസ് (ഫസ്റ്റ് ലേഡി ഓഫ് ദ യുണൈറ്റഡ് സ്റ്റേറ്റ് സായി മിഷേല്‍ അമേരിക്കന്‍ പൗരന്മാരോട് താദാത്മ്യം പ്രാപിക്കുവാനുള്ള ശ്രമത്തിലാണ്. രാഷ്ട്രീയ മോഹങ്ങള്‍ തള്ളിക്കളയാനാവില്ലെന്ന് നിരീക്ഷകര്‍ പറയുന്നു.

 

2020 ല്‍ ഓപ്രയുടെ രംഗപ്രവേശം ചിലര്‍ പ്രവചിക്കുന്നതിനാല്‍ പിന്നെയും നാല് വര്‍ഷം കഴിഞ്ഞേ ചിത്രം വ്യക്തമാവൂ. ബികമിംഗ് പുസ്തകത്തിന് 426 പേജുണ്ട്. ഹാര്‍ഡ് കോപ്പിയും ഡിജിറ്റല്‍ കോപ്പിയും ലഭ്യമാണ്. ഇവ രണ്ടിനുമായി ഇതിനകം 14 ലക്ഷം കോപ്പികള്‍ വിതരണക്കാര്‍ ആവശ്യപ്പെട്ടു എന്ന് പ്രസാധകര്‍ പറയുന്നു. ആവശ്യം മുന്‍ നിര്‍ത്തി 30 ലക്ഷം കോപ്പികളുടെ പ്രിന്റ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും വെളിപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.