You are Here : Home / Readers Choice

ഒരുങ്ങിയത് 45,000 അഭയാര്‍ത്ഥികളെ സ്വീകരിക്കുവാന്‍, ഈ വര്‍ഷം എത്തുക 20,000 പേര്‍ മാത്രം

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Friday, February 09, 2018 01:29 hrs UTC

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് അധികാരമേറ്റ ഉടന്‍ ഈ വര്‍ഷം 45,000 അഭയാര്‍ത്ഥികളെ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് പറഞ്ഞു. പ്രസിഡന്റ് ബരാക്ക് ഒബാമ ഭരണത്തിന്റെ അവസാന വര്‍ഷം 1,10,000 അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുമെന്ന് പറഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍ ്അഭയം നല്‍കേണ്ടി വന്നത് 85,000 പേര്‍ക്കായിരുന്നു. യുണൈറ്റഡ് നേഷന്‍സ് വിശേഷിപ്പിച്ചത്. ഇപ്പോള്‍ ലോകം നേരിടുന്ന അഭയാര്‍ത്ഥിപ്രശ്‌നം രണ്ടാം ലോക മഹായുദ്ധത്തിന്‌ശേഷം ഉണ്ടായവയില്‍ ഏറ്റവും രൂക്ഷമായത് എന്നായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ അമേരിക്കയുടെ അഭയാര്‍ത്ഥി നയത്തെ ട്രമ്പ് വിമര്‍ശിച്ചിരുന്നു. അമേരിക്കയിലെത്തുന്ന ഈ മനുഷ്യരുടെ ഹൃദയങ്ങളില്‍ അമേരിക്കയോട് വെറുപ്പാണോ സ്‌നേഹമാണോ ഉള്ളതെന്ന് തനിക്കറിയില്ല എന്നും പറഞ്ഞിരുന്നു. 2017 ജനുവരിയില്‍ അധികാരമേറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ അഭയാര്‍്ത്ഥികളുടെ പുനരധിവാസം ട്രമ്പ് താല്‍ക്കാലികമായി(120 ദിവസത്തേയ്ക്ക്) നിറുത്തി വച്ചു. സിറിയയില്‍ നിന്നെത്തുന്നവരെ വേണ്ട എന്ന നിലപാട് സ്വീകരിച്ചു. ഒബാമ നിശ്ചയിച്ചിരുന്ന 1,10,000 അഭയാര്‍ത്ഥി സംഖ്യ 50,000 ആയി വെട്ടിച്ചുരുക്കി. ഇതിന് പിന്നാലെ നിരവധി പുതുക്കിയ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ പുറപ്പെടുവിച്ചു.

 

പതിനൊന്ന് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍(കൂടുതലും മുസ്ലീം രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍) തീവ്ര പരിശോധന(എക്‌സ്ട്രീം വെറ്റിംഗ്)യ്്ക്ക് വിധേയരാകണം എന്ന് നിര്‍ദേശിച്ചു. 1980 ലെ റെഫ്യൂജി ആക്ടാണ് എത്ര അഭയാര്‍ത്ഥികള്‍ അമേരിക്കയ്ക്ക് ഓരോ വര്‍ഷവും സ്വീകരിക്കാം എന്ന് തീരുമാനിക്കുവാനുള്ള അധികാരം പ്രസിഡന്റിന് നല്‍കിയത്. നിയമം ഉണ്ടായതിന് ശേഷം ഒരു വര്‍ഷം അമേരിക്ക അഭയം നല്‍കാമെന്ന് പ്രഖ്യാപിച്ച ഏറ്റവും കുറഞ്ഞ കണക്കാണ് 2018 ലേയ്ക്ക് ട്രമ്പ് നിര്‍ദേശിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ നാല് മാസങ്ങളില്‍(ഒക്ടോബര്‍ 2017 മുതല്‍ ജനുവരി 2018 വരെ) അമേരിക്കയിലെത്തിയ അഭയാര്‍ത്ഥികള്‍ 6,700 മാത്രമാണ്. ഇത് നല്‍കുന്ന സൂചന സെപ്തംബര്‍ 30ന് അവസാനിക്കുന്ന 2018 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 20,000 അഭയാര്‍ത്ഥികളേ അമേരിക്കയില്‍ എത്തുകയുള്ളൂ എന്നാണ്. കുറവ് അഭയാര്‍ത്ഥികളെ സ്വീകരിക്കുവാനുള്ള നടപടി ഏറെ വിമര്‍ശന വിധേയമായിട്ടുണ്ട്.

'ഇത് പരമാവധി എത്ര അഭയാര്‍ത്ഥികളെ സ്വീകരിക്കാം എന്ന നിര്‍ദേശമാണ്. ഇതൊരു ക്വോട്ട അല്ല', വാഷിംഗ്ടണ്‍ ഡിസിയിലെ സെന്റര്‍ ഫോര്‍ ഇമിഗ്രേഷന്‍ സ്റ്റഡീസ് ഡയറക്ടര്‍ മാര്‍ക്ക് ക്രിക്കോറിയന്‍ നയത്തെ ന്യായീകരീച്ചു. യാത്രനിരോധവും മറ്റ് പ്രശ്‌നങ്ങളും കണക്കിലെടുക്കുമ്പോള്‍ അഭയാര്‍ത്ഥികളുടെ സംഖ്യ കുറഞ്ഞതില്‍ അത്ഭുതമില്ല എന്നും കൂട്ടുച്ചേര്‍ത്തു. അഭയാര്‍ത്ഥികളായി എത്താന്‍ പരിശ്രമിക്കുന്നവരെ വിദേശത്ത് തന്നെ പുനരധിവസിപ്പിക്കുവാന്‍ ധനസഹായം നല്‍കുകയാണ് വേണ്ടത്, അവര്‍ അമേരിക്കയില്‍ വന്നതിന് ശേഷം പുനരധിവസിപ്പിക്കുവാന്‍ ശ്രമിക്കുന്നത് ഒഴിവാക്കണമെന്ന് അഭിപ്രായക്കാരനാണ് ക്രിക്കോറിയന്‍. ട്രമ്പ് ഭരണകൂടത്തില്‍ അഭയാര്‍ത്ഥിപ്രശ്‌നത്തില്‍ തീരുമാനം എടുക്കുവാന്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുവാന്‍ സെന്റര്‍ഫോര്‍ ഇമിഗ്രേഷന്‍ സ്റ്റഡീസിന് കഴിയുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.