You are Here : Home / Readers Choice

ഖത്തര്‍ ഉപരോധം അമേരിക്കയുടെ പദ്ധതിയോ?

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, June 07, 2017 11:43 hrs UTC

അതോ മറ്റൊരു ഇറാഖ് സൃഷ്ടിക്കാനുള്ള പടയൊരുക്കമോ?

 

ഖത്തറിനെ അയല്‍രാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തിയ നടപടിയെ പിന്തുണച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവന അമേരിക്കന്‍ സഹായത്തോടെ ഇസ്രയേലിനു വേണ്ടി നടത്തിയ നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഖത്തറിനെതിരായ നീക്കം തീവ്രവാദത്തിന് അന്ത്യം കുറിക്കുന്നതിന്റെ തുടക്കമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നതെങ്കിലും അതില്‍ സത്യവും സത്യവിരുദ്ധവുമുണ്ട്. ഖത്തര്‍ വിഷയത്തില്‍ ട്രംപ് ആദ്യമായാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി പ്രതികരിക്കുന്നത്. തന്റെ സൗദി അറേബ്യന്‍ സന്ദര്‍ശനത്തില്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നതായും അദ്ദേഹം പറയുന്നു. റാഡിക്കല്‍ ചിന്താഗതിയെ പിന്തുണയ്ക്കുന്നതിനായി ഖത്തര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നു ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനത്തില്‍ വിവിധ ലോകനേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായി ട്രംപ് വ്യക്തമാക്കുന്നു.

 

 

 

വിവിധ ലോകനേതാക്കള്‍ എന്ന് അദ്ദേഹം ഉദ്ദേശിച്ചത് സൗദി അറേബ്യയെ മാത്രം ഉദ്ധരിച്ചാണെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. കാരണം, സൗദിയുടെ ശത്രു രാജ്യമാണ് ഇറാന്‍. അമേരിക്കയുടേയും കണ്ണിലെ കരടായി ഇറാന്‍ നിലനില്‍ക്കുന്നു. ഖത്തറാകട്ടേ ഇറാനോട് മൃദുസമീപനവും നയിക്കുന്നു. ഇക്കാരണത്താല്‍ സൗദിയുടെ സമ്മര്‍ദ്ദമായിരിക്കാം ട്രംപിനെക്കൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുപ്പിക്കാന്‍ പ്രേരിപ്പിച്ചത്. തന്നെയുമല്ല, അറബ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങുന്നത് ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം തലവേദന തന്നെയാണ്. അവര്‍ക്കും അറബ് രാജ്യങ്ങള്‍ ഭിന്നിച്ചു നില്‍ക്കുന്നത് കാണാനാണ് ആഗ്രഹവും. അങ്ങനെ വരുമ്പോള്‍ ട്രംപ് അഡ്മിനിസ്‌ട്രേഷനില്‍ ഭൂരിഭാഗവും ജൂത വംശജരും അറബ് രാജ്യങ്ങളോട് പ്രതിപത്തിയില്ലാത്തവരുമായ സ്ഥിതിക്ക് അങ്ങനെയൊരു നീക്കം ട്രംപ് നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഭീകരര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അറബ് രാജ്യങ്ങളോട് താന്‍ ആവശ്യപ്പെട്ടിരുന്നതായി ട്രംപ് വ്യക്തമാക്കുന്നു. അതനുസരിച്ചാണ് ജിസിസി രാജ്യങ്ങള്‍ ഖത്തറിന് മേല്‍ നയതന്ത്ര ഉപരോധം ഏര്‍പ്പെടുത്തിയത്.

 

 

 

 

അമേരിക്കയുടെ നിര്‍ദ്ദേശ പ്രകാരമാണ് ജിസിസി രാജ്യങ്ങള്‍ പ്രതിരോധം ഏര്‍പ്പെടുത്തിയതെന്ന ട്രംപിന്റെ പ്രതികരണം കേട്ടപ്പോള്‍ ഇറാഖിനു മേല്‍ വ്യാജ ആരോപണമുന്നയിച്ച് ആ രാജ്യത്തെ നാമാവശേഷമാക്കിയ ജോര്‍ജ് ബുഷിനെയാണ് ഓര്‍മ്മ വരുന്നത്. 'വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍' അതായത് കൂട്ട നശീകരണായുധങ്ങളുടെ സംഭരണികള്‍ സദ്ദാം ഹുസൈന്‍ ഇറാഖില്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അവ തേടിയാണ് അമേരിക്കയും നാറ്റോ സഖ്യസേനയും 2003ല്‍ ഇറാഖ് അധിനിവേശം ആരംഭിച്ചത്. അതിന് കാരണമാകട്ടേ ഇറാഖിന്റെ കുവൈത്ത് അധിനിവേശവും. സ്വന്തം സഹോദര രാജ്യങ്ങളെപ്പോലെ കഴിഞ്ഞിരുന്നവര്‍ ഒരു സുപ്രഭാതത്തില്‍ മറ്റൊരു രാജ്യം പിടിച്ചടക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതു തന്നെ തെറ്റാണ്. കുവൈത്തില്‍ സദ്ദാം പടയാളികള്‍ വരുത്തിവെച്ച നാശനഷ്ടങ്ങള്‍ കുറച്ചൊന്നുമല്ല. 'മോങ്ങാന്‍ നില്‍ക്കുന്ന നായയുടെ തലയില്‍ തേങ്ങ വീണു' എന്നു പറഞ്ഞപോലെയായി സദ്ദാമിന്റെ അവസ്ഥ പിന്നീട്. ഏകാധിപതിയായി ഇറാഖില്‍ വാണിരുന്ന സദ്ദാമിന്റെ ദുര്‍ബുദ്ധിയായിരുന്നു കുവൈത്തിനെ ആക്രമിക്കാന്‍ പ്രേരകമായത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് സൗദി അറേബ്യക്ക്, സദ്ദാം ഹുസൈന്‍ തലവേദനയായിരുന്നു. കൂട്ടത്തില്‍ ഇസ്രയേലിനും തലവേദനയായിരുന്നു. എങ്ങനെയെങ്കിലും സദ്ദാമിനെ ഒതുക്കാന്‍ തക്കം പാര്‍ത്തിരുന്ന അമേരിക്കക്ക് കിട്ടിയ പിടിവള്ളിയായിരുന്നു അവ.

 

 

 

 

ഇറാഖില്‍ കടന്നുകൂടാന്‍ ഒരു കാരണം തേടി നടന്ന അമേരിക്ക അത് ശരിക്കും മുതലെടുത്തു. ഡിപ്ലോമാറ്റുകളെയും സൈനികരെയും കുടിയിരുത്തി അമേരിക്കന്‍ നയതന്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ നയതന്ത്ര കാര്യാലയം ബഗ്ദാദില്‍ സ്ഥാപിച്ചാണ് അമേരിക്ക അധിനിവേശം പൂര്‍ത്തിയാക്കിയത്. എന്നാല്‍, നശീകരണായുധങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, അങ്ങനെയൊരു റിപ്പോര്‍ട്ട് നല്‍കിയ അന്വേഷണ ഏജന്‍സി വ്യാജ റിപ്പോര്‍ട്ടാണ് നല്‍കിയതെന്നും തെളിഞ്ഞു. ഇറാഖില്‍ അധിനിവേശം നടത്താന്‍ അന്ന് അമേരിക്കയ്ക്ക് കൂട്ടു ചേര്‍ന്നത് സൗദി അറേബ്യയും കുവൈത്തുമാണെന്ന് പില്‍ക്കാലത്ത് ലോകം അറിഞ്ഞു. സമ്പന്നതയിലും സമാധാനത്തിലും കഴിഞ്ഞിരുന്ന ഇറാഖി ജനതയെ മുഴുവന്‍ പട്ടിണിയിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിയിട്ടാണ് യുദ്ധം അവസാനിപ്പിച്ച് സഖ്യസേനയ്‌ക്കൊപ്പം അമേരിക്കന്‍ സേനയും പിന്‍വാങ്ങിയത്. ശേഷം നടന്നതോ? ഭീകരതയുടെ വിത്തുകള്‍ മുളച്ചു പൊങ്ങുന്ന രാജ്യമായി ഇറാഖ് മാറി. മൂന്നു മില്യനിലധികം വിധവകളെ സൃഷ്ടിച്ചു, നാല് മില്യനിലധികം ഇറാഖികള്‍ ഭവന രഹിതരായി, നാലര മില്യനോളം കുട്ടികള്‍ അനാഥരായി, എഴുപതുകളില്‍ കുട്ടികളുടെ സംരക്ഷണത്തിലും പരിപാലനത്തിലും മധ്യപൗരസ്ത്യ ദേശത്തെ മികച്ച രാജ്യങ്ങളിലൊന്നായിരുന്ന ഇറാഖില്‍ 6,000,000ത്തിലധികം കുട്ടികള്‍ തെരുവില്‍ ജീവിക്കേണ്ട അവസ്ഥയിലായി. പോഷകാഹാരക്കുറവു മൂലം ഒന്നര മില്യനോളം കുട്ടികള്‍ രോഗങ്ങള്‍ക്ക് അടിമപ്പെട്ടു ജീവിക്കുന്നു. തൊണ്ണൂറു ശതമാനം ഫലഭൂയിഷ്ഠമായ പ്രദേശങ്ങള്‍ മരുഭൂമിയായി. ഭീകരരുടെ കാടത്ത നിയമങ്ങള്‍ നടപ്പാക്കുന്ന നവപരീക്ഷണങ്ങള്‍ക്കുള്ള വേദിയായി മാറി സമാധാനപ്രിയരുടെ സ്വന്തം രാജ്യം. കുവെത്താകട്ടെ, അധിനിവേശവും യുദ്ധവും അതിജീവിച്ച് വികസനത്തിന്റേയും പുരോഗതിയുടേയും പുതിയ ചരിത്രമെഴുതുന്നു. അമേരിക്ക പറഞ്ഞത് കണ്ണടച്ച് വിശ്വസിച്ച് പടക്കപ്പലുകളും ബോംബറുകളും അയച്ച് ഇറാഖിനെ ആക്രമിച്ച അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍ തനിക്ക് തെറ്റു പറ്റിയെന്ന് സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് നാമെല്ലാം കണ്ടതാണ്.

 

 

 

യുദ്ധം അനിവാര്യമാണെന്നും താനതില്‍ അഭിമാനം കൊള്ളുന്നു എന്നും ഗീര്‍വാണം മുഴക്കിയ ടോണി ബ്ലയര്‍, അമേരിക്ക തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും പരസ്യമായി പറഞ്ഞു.. 'ഇറാഖില്‍ കൂട്ട നശീകരണായുധങ്ങളുണ്ടെന്ന് തങ്ങള്‍ക്കു ലഭിച്ച രഹസ്യ വിവരങ്ങള്‍ തെറ്റായിരുന്നു. തന്റെ നയങ്ങള്‍ ഇറാഖില്‍ പ്രാവര്‍ത്തികമായില്ല. ആസൂത്രണത്തില്‍ കാര്യമായ പിഴവു സംഭവിച്ചു. താന്‍ യുദ്ധക്കുറ്റം ചെയ്തിട്ടില്ല. എന്നാല്‍, യുദ്ധക്കുറ്റ വിചാരണ നേരിടാന്‍ തയ്യാറാണ്. ഭരണകൂടത്തെ പുറത്താക്കിയാല്‍ ഇറാഖില്‍ എന്തു സംഭവിക്കുമെന്ന് മുന്‍കൂട്ടി കാണാന്‍ സാധിക്കാത്തതും തെറ്റായി. സദ്ദാം ഭരണകൂടം പുറത്താക്കപ്പെട്ടതാണ് ഐഎസിന്റെ വളര്‍ച്ചയ്ക്കു കാരണമെന്ന ആരോപണങ്ങളില്‍ കഴമ്പുണ്ട്....' ഇതാണ് ടോണി ബ്ലയര്‍ 2015ല്‍ സിഎന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ലിങ്ക് കാണുക https://youtu.be/LtagJGAoxFE അധിനിവേശം നടന്ന് 12 വര്‍ഷത്തിനുശേഷമാണ് ബ്ലെയര്‍ കുറ്റമേല്‍ക്കുന്നത്. അഭിമുഖത്തില്‍ അധിനിവേശത്തെ ന്യായീകരിക്കാനും ബ്ലെയര്‍ ശ്രമിക്കുന്നുണ്ട്. സദ്ദാം ഹുസൈനെ സ്ഥാനഭ്രഷ്ടനാക്കിയതില്‍ ക്ഷമ ചോദിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു പറയുന്ന അദ്ദേഹം അധിനിവേശം നടന്നില്ലായിരുന്നെങ്കില്‍ സിറിയയുടെ ഇന്നത്തെ അവസ്ഥ ഇറാഖിനുണ്ടാവുമായിരുന്നെന്നും അവകാശപ്പെടുന്നു. ഇറാഖ് അധിനിവേശം തുടങ്ങുന്നതിന് ഒരുവര്‍ഷം മുമ്പു തന്നെ ബ്ലെയറും ബുഷും തമ്മിലുണ്ടാക്കിയ കരാര്‍ സംബന്ധിച്ച വൈറ്റ്ഹൗസ് രേഖ ദി ഡെയ്‌ലി മെയില്‍ പുറത്തുവിട്ടിരുന്നു. നയതന്ത്ര പരിഹാരത്തിന്റെ മറവില്‍ അമേരിക്കയുടെ ഇറാഖ് ആക്രമണത്തെ പിന്തുണയ്ക്കാമെന്ന് ബ്ലെയര്‍ സമ്മതിച്ചിരുന്നുവെന്നായിരുന്നു അന്നത്തെ യുഎസ് വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍, പ്രസിഡന്റ് ബുഷിന് കൈമാറിയ രേഖ. ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ അമേരിക്കയിലേക്ക് വരുന്നതില്‍ വിലക്കേര്‍പ്പെടുത്തിയ ട്രംപ് സൗദി അറേബ്യയെ മാത്രം ഉള്‍പ്പെടുത്താതിരുന്നതില്‍ ദുരൂഹതയുണ്ടായിരുന്നു.

 

 

 

ആ ഏഴു രാജ്യങ്ങളുടെ പട്ടികയില്‍ ഇറാഖ് ഉള്‍പ്പെട്ടിരുന്നു. പിന്നീടത് വെട്ടിച്ചുരുക്കി ഇറാഖിനെ ഒഴിവാക്കിയെങ്കിലും സൗദി അറേബ്യയെ മാത്രം ഉള്‍പ്പെടുത്തിയില്ല. ഭീകരാക്രമണം തടയുകയായിരുന്നു ലക്ഷ്യമായിരുന്നെങ്കില്‍ തീര്‍ച്ചയായും സൗദിയേയും ഉള്‍പ്പെടുത്തേണ്ടതായിരുന്നു. കാരണം വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത ഭീകരര്‍ സൗദികളായിരുന്നു എന്നതു തന്നെ. അല്‍ഖ്വയ്ദയുടെ സാമ്പത്തിക സ്രോതസ്സും സൗദിയായിരുന്നു. എന്തുകൊണ്ട് അവരെ മാത്രം ട്രാവല്‍ ഉപരോധത്തില്‍ നിന്ന് ഒഴിവാക്കി എന്ന കാരണം ഇതുവരെ പറഞ്ഞിട്ടില്ല. അല്‍ഖ്വയ്ദയുടെ ഉറവിടം സൗദി അറേബ്യയാണെന്നിരിക്കെ അവര്‍ക്ക് ഖത്തറിനെ വിമര്‍ശിക്കാന്‍ യാതൊരു അവകാശവുമില്ല. മധ്യപൂര്‍വ്വ വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ (മിന) വെച്ച് ഏറ്റവും സമാധാനമുള്ള രാജ്യമെന്ന ബഹുമതി ലഭിച്ചിട്ടുള്ള ഖത്തറിനെ കൂട്ടമായി ആക്രമിക്കാന്‍ പദ്ധതിയൊരുക്കിയത് സൗദി അറേബ്യയാണെന്ന് നിസ്സംശയം പറയാം. 163 രാജ്യങ്ങളുള്‍പ്പെട്ട മിനയില്‍ ഖത്തറിന്റെ സ്ഥാനം മുപ്പതാണ്. കുവൈത്തിന് 58ഉം, യുഎഇയ്ക്ക് 65ഉം സൗദി അറേബ്യക്ക് 133ഉം ആണ്. ഈ രാജ്യങ്ങളാണ് തങ്ങളെക്കാള്‍ ഉന്നതിയില്‍ നില്‍ക്കുന്ന ഖത്തറിനെ ക്രൂശിക്കാന്‍ അമേരിക്കയെ കൂട്ടുപിടിച്ചതും അവര്‍ക്ക് അമേരിക്ക ഒത്താശ ചെയ്തതും. അത്തരമൊരു ഉപരോധമാണെന്ന സൂചന നല്‍കും വിധമാണ് ഇപ്പോള്‍ ട്രംപിന്റെ പ്രതികരണം പുറത്തുവരുന്നത്. അറബ് മേഖലയില്‍ ഖത്തറിന്റെ വളര്‍ച്ച കണ്ട് അസൂയ പൂണ്ടതുകൊണ്ടാകാം അത്തരമൊരു നീക്കം അവര്‍ നടത്തിയത്. അധികാരമേറ്റയുടന്‍ ട്രംപിന്റെ ആദ്യ പറക്കല്‍ സൗദിയിലേക്കായിരുന്നു. ഒബാമയുടെ നയങ്ങള്‍ പൊളിച്ചെഴുതുമെന്നും തെരഞ്ഞെടുപ്പു വേളയില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് തീവ്രവാദത്തിനായി പണമൊഴുകുന്നെന്ന ആരോപണം നേരത്തേയും അമേരിക്ക ഉന്നയിച്ചിട്ടുണ്ട്.

 

 

 

 

 

അത് സൗദി അറേബ്യയാണെന്നും അറിയാം. പിന്നെ എന്തുകൊണ്ട് ട്രംപ് സൗദി അറേബ്യക്ക് തന്നെ പറന്നു? ഖത്തറിനെ ഒറ്റപ്പെടുത്തിയ നടപടി തീവ്രവാദത്തിന്റെ വേരറുക്കാനാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന അപലപനീയം തന്നെയാണ്. 2022ലെ ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ക്കായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഖത്തറിനെ ഒറ്റപ്പെടുത്തുക, പുരോഗമന പാതയില്‍ അവരെ തകര്‍ക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇപ്പോള്‍ ബഹിഷ്‌ക്കരണം ഏര്‍പ്പെടുത്തിയ അഞ്ച് അറബ് രാജ്യങ്ങളുടേതെന്ന് ആര്‍ക്കറിയാം? മില്യണ്‍ കണക്കിന് ഡോളര്‍ ചിലവിട്ടാണ് ലോകകപ്പിനായുള്ള അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. നിര്‍മ്മാണ മേഖലയിലേക്ക് സൗദി അറേബ്യ, യു.എ.ഇ., ബഹ്‌റൈന്‍, യമന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്നാണ് കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍ വാങ്ങുന്നത്. മത്സരങ്ങള്‍ക്കായി എട്ട് സ്റ്റേഡിയങ്ങളാണ് ഖത്തറില്‍ തയ്യാറാകുന്നത്. അതില്‍ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയം മാത്രമാണ് പൂര്‍ത്തിയായത്. ആഴ്ചയില്‍ അമ്പതുകോടി ഡോളറിന്റെ അടിസ്ഥാനസൗകര്യ വികസനപ്രവര്‍ത്തനങ്ങളാണ് ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്കായി ഖത്തര്‍ ചെലവിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മേഖലയിലെ ശക്തരായ സൗദി അറേബ്യ ഇങ്ങനെയൊരു നീക്കം നടത്തുന്നതിലൂടെ 2022ല്‍ നടക്കാനിരിക്കുന്ന ഫിഫ ലോക കപ്പിന് ഖത്തര്‍ വേദിയാകുന്നതിനെ അട്ടിമറിക്കാനാണോ ലക്ഷ്യമിടുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വ്യോമ, കര, നാവിക ഗതാഗതം നിര്‍ത്തലാക്കുന്നതോടെ ഖത്തറില്‍ നടക്കുന്ന അടിസ്ഥാനസൗകര്യ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാകും എന്ന് അവര്‍ കണക്കുകൂട്ടിക്കാണും. പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് വിവിധ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്നത്.

 

 

 

 

നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെ ഖത്തറിലേക്കുള്ള ഭക്ഷ്യ കയറ്റുമതിയും സൗദിയും യുഎഇയും നിര്‍ത്തി വെച്ചതും ഖത്തറിനെ സംബന്ധിച്ച് പ്രശ്‌നം തന്നെയാണ്. അതേസമയം, ജിസിസിയിലോ റിയാദില്‍ നടന്ന അമേരിക്കന്‍ ഇസ്‌ലാമിക് അറബ് ഉച്ചകോടിയിലോ പറയാത്ത ആരോപണങ്ങളാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി പറയുന്നു. ആരോപണങ്ങള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്നും, ഒരു ജിസിസി രാജ്യത്തെ മറ്റു ജിസിസി രാജ്യങ്ങള്‍ ചേര്‍ന്ന് ഒറ്റപ്പെടുത്തുന്ന നടപടി അത്ഭുതകരമാണെന്നും അദ്ദേഹം പറയുന്നു. ഖത്തറിനെ മറ്റൊരു തീവ്രവാദ രാജ്യമാക്കി മാറ്റാന്‍ നടത്തുന്ന ഗൂഡാലോചന പുറത്തുവന്നതിന്റെ ക്ഷീണം മാറ്റാന്‍ അമേരിക്കയുമായി ചേര്‍ന്ന് ഉപരോധം ഏര്‍പ്പെടുത്തിയതെന്നും, അമേരിക്കയുമായി ചേര്‍ന്ന് ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ജിസിസി അംഗരാജ്യങ്ങള്‍ നടത്തിയതെന്നും ഖത്തര്‍ ആരോപിക്കുന്നു.

 

 

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി അറേബ്യന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് തങ്ങള്‍ക്കെതിരായ ഗൂഢാലോചനയുടെ വിവരങ്ങള്‍ ഖത്തര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതുതന്നെയാണ് സമാധാന രാജ്യമായ ഖത്തറിനെ ഒറ്റപ്പെടുത്താന്‍ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പ്രേരിപ്പിച്ചത്. 'ലോക പോലീസാകാന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ല, മെയ്ക്ക് അമേരിക്ക ഗ്രെയ്റ്റ് എഗെയ്ന്‍' എന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രഖ്യാപിച്ച ട്രംപ് പിന്നെ എന്തുകൊണ്ട് സൗദിയെ കൂട്ടുപിടിച്ച്, അല്ലെങ്കില്‍ സൗദി പറയുന്നത് കണ്ണടച്ച് വിശ്വസിച്ച് ഇങ്ങനെയൊരു നീക്കം നടത്തി എന്നാണ് ഇപ്പോഴത്തെ സംസാര വിഷയം. ഖത്തറിനെ മറ്റൊരു ഇറാഖ് ആക്കുകയാണോ ലക്ഷ്യം? അതല്ല, ഗള്‍ഫ് മേഖലയില്‍ സമാധാനമാണ് ലക്ഷ്യമിടുന്നതെങ്കില്‍ ഈ പ്രശ്‌നം ഉടനടി പരിഹരിക്കപ്പെടേണ്ടതാണ്. അതല്ലാ എങ്കില്‍ അമേരിക്ക വീണ്ടും ലോക പോലീസിന്റെ വേഷം കെട്ടുകയാണെന്നു വേണം കരുതാന്‍.

 

https://www.youtube.com/watch?v=vHFnP1tu0B8&feature=youtu.be

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.