You are Here : Home / Readers Choice

എഫ്ബിഐ ഡയറക്ടര്‍ നിയമനം ഉടന്‍ ഉണ്ടായേക്കും

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Tuesday, May 16, 2017 11:34 hrs UTC

ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ ജയിംസ് കോമിയുടെ പകരക്കാരനെ ഉടനെ നിയമിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച പ്രസിഡന്റ് തന്റെ ആദ്യ വിദേശ പര്യടനത്തിന് പോവുകയാണ്. സൗദി അറേബ്യ, ഇസ്രയേല്‍, വത്തിക്കാന്‍ എന്നീ രാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്തുക. വെള്ളിയാഴ്ചയ്ക്കു മുന്‍പു നിയമനം നടക്കുമോ എന്ന ചോദ്യത്തിനു നടക്കും എന്നായിരുന്നു ഉത്തരം. എയര്‍ഫോഴ്‌സ് വണ്ണില്‍ ലിഞ്ചുബര്‍ഗ്, വെര്‍ജിനിയയിലെ ലിബര്‍ട്ടി യൂണിവേഴ്‌സിറ്റിയില്‍ കമന്‍സ്‌മെന്റ് (ഗ്രാജ്വേഷന്‍ പരിപാടി) പ്രഭാഷണത്തിന് പുറപ്പെടുമ്പോഴാണ് ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് മനസ്സ് തുറന്നത്. ഒരു ഡസനോളം വ്യക്തികളെയാണ് എഫ്ബിഐ ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്.

 

 

 

ഇവര്‍ വളരെയധികം തീവ്ര പരിശോധനകള്‍ക്ക് വിധേയരായവരാണ്. അങ്ങേയറ്റം ബഹുമാനിക്കപ്പെടുന്ന പ്രതിഭാധനരായ വ്യക്തികളാണിവര്‍. ഇങ്ങനെയുള്ളവരെയാണ് എഫ്ബിഐയിലേയ്ക്ക് നമുക്ക് വേണ്ടത്.– ട്രംപ് തുടര്‍ന്നു പറഞ്ഞു. ട്രംപ് തിരഞ്ഞെടുക്കുന്ന വ്യക്തിയെ സെനറ്റ് സ്ഥിരപ്പെടുത്തണം. നിയമനം പത്ത് വര്‍ഷത്തേയ്ക്കാണ്. എന്നാല്‍ കോമിക്ക് സംഭവിച്ചതുപോലെ പ്രസിഡന്റിന് എപ്പോള്‍ വേണമെങ്കിലും പറഞ്ഞു വിടാന്‍ കഴിയും. ഇതിനകം എട്ടുപേരുടെ ഇന്റര്‍വ്യൂകള്‍ കഴിഞ്ഞു. ടെക്‌സസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കോര്‍നിന്‍, ആക്ടിങ് എഫ്ബിഐ ഡയറക്ടര്‍ ആന്‍ഡ്രൂ മക്കാബേ, ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ക്രിമിനല്‍ ഡിവിഷന്റെ മുന്‍ മേധാവി ആലിസ് ഫിഷര്‍, ന്യൂയോര്‍ക്ക് സ്റ്റേറ്റ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ജഡ്ജി മൈക്കേല്‍ ഗാര്‍സിയ, എഫ്ബിഐ റിച്ച്‌മോണ്ട് സ്‌പെഷ്യല്‍ ഏജന്റ് ഇന്‍ ചാര്‍ജ് ആഡം ലീ, യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് ഹെന്റി ഹഡ്‌സണ്‍ (ഇസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് വെര്‍ജീനിയ) മുന്‍ ബുഷ് ഹോം ലാന്‍ഡ് സെക്യൂരിറ്റി അഡ് വൈസര്‍ ഫ്രാന്‍സസ് ടൗണ്‍സെന്റ്, മുന്‍ ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാന്‍ മൈക്ക് റോജേഴ്‌സ് എന്നിവരാണിവര്‍. വ്യത്യസ്ത വ്യക്തിത്വമുള്ള ഇവര്‍ അമേരിക്കയുടെ വളരെ വിഭിന്നമായ വിവിധ വര്‍ഗക്കാരെയും വലിയ തോതില്‍ പ്രതിനിധാനം ചെയ്യുന്നു.

 

 

 

 

 

റോജേഴ്‌സിനെ പിന്തുണച്ച് എഫ്ബിഐ യൂണിയന്‍, എഫ്ബിഐ ഏജന്റ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. റോജേഴ്‌സ് മുന്‍ എഫ്ബിഐ സ്‌പെഷ്യല്‍ ഏജന്റും റിപ്പബ്ലിക്കനുമാണ്. ഫിഷര്‍ക്ക് നിയമനം ലഭിച്ചാല്‍ എഫ്ബിഐയുടെ തലപ്പത്ത് എത്തുന്ന ആദ്യ വനിതയാവും അവര്‍. ആദ്യം ഇന്റര്‍വ്യു നടന്നതും അവരുടേതാണ്. ലീ താല്‍ക്കാലിക ചുമതലയേല്‍ക്കും എന്നു ശ്രുതിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പരിഗണിക്കുന്നത് സ്ഥിരമായി ഒരാളിനെ നിയമിക്കാനാണ് എന്ന് ഒരു ഔദ്യോഗിക വക്താവ് പറഞ്ഞു. ട്രംപ് കോമിയോട് തന്നോട് കൂറുണ്ടോ എന്ന് ചോദിച്ചെന്നും മറുപടി പറയുവാന്‍ കോമി മടിച്ചതാണ് കോമിയുടെ ജോലി പോകാന്‍ കാരണമെന്നും വാര്‍ത്ത ഉണ്ടായിരുന്നു. ഇത് ട്രംപ് വൃത്തങ്ങള്‍ നിഷേധിച്ചിരുന്നു. കൂറ് മക്കാബേയുടെ കാര്യത്തില്‍ വലിയ പ്രശ്‌നമാകാനാണു സാധ്യത.

 

 

 

 

ഇദ്ദേഹത്തിന്റെ കൂറ് ഇപ്പോഴും കോമിക്കൊപ്പമാണെന്ന് പറയപ്പെടുന്നു. എഫ്ബിഐയിലെ മറ്റ് ജീവനക്കാര്‍ക്ക് കോമിയില്‍ വിശ്വാസം നഷ്ടപ്പെട്ടിരുന്നു എന്ന വൈറ്റ്ഹൗസ് അവകാശവാദം സത്യമല്ലെന്നും കോമിക്ക് എഫ്ബിഐ ജീവനക്കാരുടെ മുഴുവന്‍ പിന്തുണ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട് എന്നു മക്കാബേ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഇത് മക്കാബേയെ അനഭിമതനാക്കിയേക്കാം. കോര്‍നിന്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരില്‍ രണ്ടാമാനായാണ് കരുതപ്പെടുന്നത്. ട്രംപിന്റെ വിശ്വസ്തനായ അനുയായി. ട്രംപിന്റെ നയങ്ങളെ ന്യായീകരിക്കുവാന്‍ എപ്പോഴും തയാറാണ്. പ്രസിഡന്റ് തന്നോടുള്ള കൂറുസര്‍വ്വ പ്രധാന യോഗ്യതയാക്കിയാല്‍ കോര്‍നിന് നറുക്ക് വീണേക്കും. കോര്‍നിന് സെനറ്റില്‍ വലിയ എതിര്‍പ്പ് ഉണ്ടാവാന്‍ സാധ്യതയില്ല. ട്രംപ് എഫ്ബിഐയുടെ തലപ്പത്ത് ആരെ പ്രതിഷ്ഠിക്കുവാന്‍ താല്‍പര്യപ്പെടും എന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.