You are Here : Home / Readers Choice

ഇടുക്കിയില്‍ വീണ്ടും

Text Size  

Story Dated: Wednesday, February 05, 2014 01:37 hrs UTC

  
 

കഴിഞ്ഞയാഴ്ച ഇടുക്കിയില്‍ പോയിരുന്നു. നാലുപതിറ്റാണ്ടോളം കഴിഞ്ഞിരിക്കുന്നു ആദ്യത്തെ ഇടുക്കി കലക്ടര്‍ സ്ഥലംമാറിപ്പോയിട്ട്. അന്ന് ഒപ്പം പ്രവര്‍ത്തിച്ചവരില്‍ ആരും രംഗത്തില്ല. മിക്കവരും കാലയവനിക താണ്ടി. ഇപ്പുറത്തുള്ളവരും സജീവരംഗത്ത് ഇല്ല. ഉള്ളത് അവരുടെയൊക്കെ മക്കളും പേരക്കുട്ടികളും ആണ്. അവരായിരുന്നു ഓര്‍മകളില്‍ പരതി ആ പഴയ കലക്ടറെ ക്ഷണിച്ചുകൊണ്ടുപോയത്. ആ കലക്ടര്‍ ഞാന്‍ ആയിരുന്നു.
ഒരു സര്‍ക്കാറുദ്യോഗസ്ഥന് ഇതിലേറെ എന്തുണ്ട് ചാരിതാര്‍ഥ്യം നല്‍കാന്‍.

‘ഇടുക്കിഫെസ്റ്റ്’ എന്ന ഉത്സവം നടക്കുകയാണ്. അതിനിടെ എനിക്കൊരു പൊന്നാട. നിയമസഭയില്‍ നിന്ന് അവധിയെടുത്ത് റോഷ്നി എന്ന പ്രസരിപ്പാര്‍ന്ന എമ്മെല്ളെ അതണിയിച്ചപ്പോള്‍ ജില്ലാകേന്ദ്രത്തിലെ പൊതുപ്രവര്‍ത്തകരും സാമാന്യജനങ്ങളും സാക്ഷിയായി. ജില്ലാ തലസ്ഥാനത്ത് ഇതാദ്യമാണെങ്കിലും തൊടുപുഴ, അടിമാലി, കട്ടപ്പന, ഉടുമ്പഞ്ചോല എന്നിവിടങ്ങളിലൊക്കെ ഇത്തരം പരിപാടികള്‍ ഉണ്ടായിട്ടുണ്ട്. പശു ചത്താല്‍ മോരിലെ പുളിപോകേണ്ടതാണ്. അതാണല്ളോ നാട്ടുനടപ്പ്. 1976ല്‍ മലയാളത്തിലെ ആദ്യത്തെ സര്‍വീസ് സ്റ്റോറി ആയ ‘ഗിരിപര്‍വം’ എന്ന കൃതിയില്‍ ഞാന്‍ ഇങ്ങനെ എഴുതി. ‘... അത് ഇടുക്കി ജില്ലയാണ്.

ഞാന്‍ വളര്‍ത്തിയെടുത്ത ജില്ല. എന്നെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാര്‍ അധിവസിക്കുന്ന ജില്ല. ഞാന്‍ അവരെ സ്നേഹിച്ചതിനേക്കാള്‍ കൂടുതലായി അവര്‍ എന്നെ സ്നേഹിച്ചു. എന്‍െറ കുറ്റങ്ങളും കുറവുകളും പൊറുത്ത് സ്നേഹബഹുമാനങ്ങള്‍കൊണ്ട് എന്നെ വീര്‍പ്പുമുട്ടിച്ച ആ അധ്വാനശീലരോടൊത്ത് കഴിച്ചുകൂട്ടിയ നാളുകള്‍ ഒറ്റക്കിരുന്ന് ഓമനിക്കാനുള്ള എത്രെയോ ഓര്‍മകള്‍ എനിക്ക് നല്‍കി... മരിച്ചാലും മറക്കാത്ത ഓര്‍മകള്‍, ഒരിക്കലും മായാത്ത ചിത്രങ്ങള്‍’.
പില്‍ക്കാലത്ത് ‘കഥ ഇതുവരെ’ എന്ന കൃതിയില്‍ ഇടുക്കിയിലെ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞത് ഉപസംഹരിച്ചത് ഇങ്ങനെ:

‘യാദൃച്ഛികമായി ചെന്നുപെട്ടതാണ് ഇടുക്കിയില്‍. അവിടത്തെ എന്‍ജിനീയര്‍മാരും തൊഴിലാളികളും സ്നേഹപൂര്‍വം അവരിലൊരാളാക്കി. പിന്നെ ജില്ല വന്നു. കോട്ടയം, ഇടുക്കി ജില്ലകളിലെ പൊതുപ്രവര്‍ത്തകരും ജനങ്ങളും എനിക്ക് സ്നേഹം തന്നു. അര്‍ഹിച്ചതിലെത്രയോ കൂടുതലായിരുന്നുഅത്. കോട്ടയത്തെ മാധ്യമപ്രവര്‍ത്തകര്‍ അവരുടെ സ്വന്തമായി എന്നെ കരുതി. കെ.എം. ചെറിയാന്‍ മകന്‍ ബാപ്പുവിനൊപ്പവും കെ.എം. മാത്യു മകന്‍ രാജനൊപ്പവും എന്നെ ചേര്‍ത്തുനിര്‍ത്തി. ഈ സ്നേഹവാത്സല്യങ്ങളാണ് എന്‍െറ മനസ്സിനെ ഐ.എ.എസ് ഉദ്യോഗത്തിന്‍െറ റോമന്‍ യൂനിഫോമില്‍ നിന്ന് മുക്തനാക്കിയത്.

ഇടുക്കിയിലെ നാല് സംവത്സരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ വടക്കന്‍ തിരുവിതാംകൂറിലെ കുന്നത്തുനാട് മണ്ഡപത്തുംവാതില്‍ താലൂക്ക് രായമംഗലം പകുതിയില്‍ (വില്ളേജ്) പുല്‍ത്തൈലത്തിന്‍െറ സുഗന്ധം വലിച്ചെടുത്തും മഹാകവി ശങ്കരക്കുറുപ്പ് പൂവിറുത്തുനടന്ന പുലിമലയുടെ പടിഞ്ഞാറേ ചരിവിലെ പാറയില്‍ ചാരിനിന്ന് സന്ധ്യകളില്‍ മറയുന്ന പകലിനെയും മലേക്കുരിശുമലയുടെ കിഴക്കേ ചരിവിലെ വീട്ടുമുറ്റത്ത് നിന്നുകൊണ്ട് രാത്രിയെ നിരായുധീകരിക്കുന്ന സൂര്യകിരണങ്ങളെയും കണ്ട് രാത്രിക്കൊരു പകലുണ്ടെന്ന് ശുഭാപ്തിവിശ്വാസം വളത്തിയെടുത്തും പള്ളിപ്പറമ്പിലെ അപ്പൂപ്പനാല്‍മരത്തിന്‍െറ ചില്ലകളില്‍ കണ്ണുചിമ്മിയിരുന്ന മിന്നാമിനുങ്ങുകളെയും പകല്‍ പറന്നുനടന്ന അപ്പൂപ്പന്‍താടികളെയും ചില്ലുകുപ്പികളിലാക്കി കളിച്ചും വളര്‍ന്ന എന്നില്‍ ഞാനറിയാതെ വളര്‍ന്നുവന്ന് കുടിപാര്‍ത്തിരുന്ന ഗ്രാമീണചാരുത തീരദേശ നാഗരികതയില്‍ വിലയിച്ച് നശിച്ചുപോകുമായിരുന്നു എന്ന് തോന്നുന്നു ഇപ്പോള്‍.

‘താലീപീലിപ്പെണ്ണുണ്ടേ താമരച്ചോലയില്‍ പെണ്ണുണ്ടോ..... ശേഷം വരികള്‍ മറന്നു. എങ്കിലും ആ ഓര്‍മകള്‍ പുനര്‍ജനിക്കാന്‍ ഇടുക്കിയിലെ നാളുകള്‍ സഹായിച്ചു.
ഇടുക്കി ഒരുപാട് മാറിയിരിക്കുന്നു. ഇത്തവണ ഇടുക്കി പ്രദേശത്തെ പ്ളസ് ടു വിദ്യാര്‍ഥികളുമായി ഒരു സംവാദം പരിപാടിയില്‍ ഉണ്ടായിരുന്നു. പത്തുനൂറ് പിള്ളേര്‍. ഉശിരന്‍ ചോദ്യങ്ങള്‍. കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ തുടങ്ങി പിള്ളവായില്‍ കൊള്ളാത്ത വലിയ വലിയ സംഗതികള്‍ മുതല്‍ ഇടുക്കിയില്‍ ഒരു സിവില്‍ സര്‍വീസ് അക്കാദമി തുടങ്ങാനാവുമോ എന്നതുള്‍പ്പെടെ വൈവിധ്യമാര്‍ന്നവ. അപ്പോള്‍ എനിക്ക് ഓര്‍മ വന്നത് എഴുപതുകളുടെ അദ്യപാതിയില്‍ ഉണ്ടായ ഒരനുഭവമാണ്. അന്ന് കലക്ടര്‍മാരുടെ വണ്ടിയില്‍ ബോര്‍ഡും ലൈറ്റും ഒന്നും ഇല്ല. വണ്ടി തന്നെ ഓരോരോ ജില്ലകളിലായി വിതരണം ചെയ്തുവരുന്നതേയുള്ളൂ.

ഇടുക്കിയില്‍ നിന്ന് കട്ടപ്പനയിലേക്കുള്ള പാത. അഞ്ചെട്ട് പെണ്‍പിള്ളേര്‍ വണ്ടിക്ക് കൈകാട്ടി. അവര്‍ക്ക് കയറണം. പൊലീസുകാരനും ഡഫേദാര്‍ തിരുമേനിക്കും (നീലകണ്ഠന്‍ നമ്പൂതിരി) ഒപ്പം ഞാന്‍ മുന്‍സീറ്റില്‍ ഞെരുങ്ങിക്കൂടി. പിന്നില്‍ ഈ പെണ്‍പടയുടെ കലപില. റോഡിനപ്പുറത്തും ഇപ്പുറത്തും ഒക്കെ ഉള്ള കുടിയിടങ്ങളില്‍ നിന്ന് ഓരോകുപ്പി പശുവിന്‍പാലുമായി പള്ളിക്കൂടത്തില്‍ പോവുകയാണ്. കട്ടപ്പനയിലെ ചായപ്പീടികകളില്‍ ആ പാല്‍ കൊടുത്തിട്ടാണ് പള്ളിക്കൂടത്തില്‍ കയറുക. കടക്കാരന്‍ കുപ്പികഴുകി പാലില്‍ ചേര്‍ത്ത് വെയ്ക്കുമ്പോഴേക്ക് പള്ളിക്കുടം കഴിയും. ഒഴിഞ്ഞ കുപ്പികളുമായി മടക്കയാത്ര. കട്ടപ്പന സ്കൂളില്‍ അന്ന് ഷിഫ്റ്റ് സമ്പ്രദായമാണ്. ഉച്ചകഴിഞ്ഞ് പഠിക്കുന്നവര്‍ വീടത്തെുമ്പോള്‍ സൂര്യന്‍ അസ്തമയത്തോടടുത്തിരിക്കും. അവരുടെയൊക്കെ മക്കളാണ് പോയവാരം ഞാന്‍കണ്ട ഇവര്‍. എനിക്ക് അഭിമാനം തോന്നി.

അതേ, ഇടുക്കി വികസിച്ചിരിക്കുന്നു. റോഡുകള്‍, സ്കൂളുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ കോളജ്. എങ്കിലും തൊടുപുഴയിലെ തടയണ കവിഞ്ഞൊഴുകുന്നത് മാത്രം ആണ് മലമുകളില്‍ എത്തുന്നത്. അതിന് മാറ്റം ഉണ്ടാവണമെങ്കില്‍ തൊടുപുഴയെ ഇടുക്കിയില്‍ നിന്ന് വിടര്‍ത്തണം. മൂവാറ്റുപുഴ ആസ്ഥാനമായി ഒരു പുതിയ ജില്ല നിര്‍ദേശിച്ചപ്പോള്‍ തൊടുപുഴക്കാര്‍ക്കായിരുന്നു വിരോധം. ഇപ്പോള്‍ അത് ഞാന്‍ മാറ്റിപ്പറയാം. പുതിയ ജില്ലയെ തൊടുപുഴ ജില്ല എന്ന് വിളിക്കാം. മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ താലൂക്കുകളും പിന്നെ ഭൂമിശാസ്ത്രപരമായി അനുയോജ്യമായ വല്ല പഞ്ചായത്തുകളും. പി.ജെ. ജോസഫ് പാട്ടുംപാടി സമ്മതിക്കുമല്ളോ തൊടുപുഴ ജില്ലാതലസ്ഥാനമായാല്‍.

ഇപ്പറഞ്ഞതിന്‍െറ യുക്തി ഗ്രഹിക്കണമെങ്കില്‍ പത്തനംതിട്ട ജില്ല ഉണ്ടാകുന്നതിന് മുമ്പ് ആലപ്പുഴയില്‍ പെട്ടുകിടന്നകാലത്ത് തിരുവല്ലാതാലൂക്ക് ഉന്നയിച്ചിരുന്ന അവഗണനയുടെ ആവലാതികള്‍ ഓര്‍മിച്ചെടുത്താല്‍ മതി. മറ്റൊരുദാഹരണം വയനാടാണ്. ഇടുക്കി ഉണ്ടായി എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് വയനാട് ജില്ല ഉണ്ടായത്? എങ്കിലും വയനാടിനുള്ളത് ചുരംവിട്ട് താഴെ പോയില്ല.

1976 ല്‍ ‘ഗിരിപര്‍വ’ത്തില്‍ എഴുതിയ ഒരു ഖണ്ഡിക ഉദ്ധരിക്കട്ടെ.
ഹൈറേഞ്ച് ഒട്ടാകെ ഒരു സര്‍വേയും സെറ്റില്‍മെന്‍റും നടത്തേണ്ടതുണ്ട്. ഇപ്പോള്‍ ഹൈറേഞ്ചില്‍ നടക്കുന്ന ഭൂവിതരണം കൈയേറ്റങ്ങള്‍ക്ക് നിയമസാധുത്വം നല്‍കുന്നതുമാത്രമാണ്. അതുതന്നെ പൂര്‍ത്തിയാക്കുക ഇപ്പോഴത്തെ രീതിക്ക് എളുപ്പമല്ല. സര്‍ക്കാര്‍ ഭൂമിയുടെ കൈവശാവകാശം ഹൈറേഞ്ചില്‍ നല്ല കൈമാറ്റവില ഉള്ള ഒന്നാണ്. ഒരാളുടെ കൈവശം മൂന്നേക്കര്‍ ഭൂമിഉണ്ട് എന്നിരിക്കട്ടെ. സ്ഥിരദേഹണ്ഡങ്ങളുമായി കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ ഉള്ളതുകൊണ്ട് കുടിയിറക്കുമെന്ന് ഭയപ്പെടാനില്ല. സ്ഥലം പതിപ്പിച്ചെടുത്താല്‍ ഭൂനികുതികൊടുക്കേണ്ടിവരും എന്നല്ലാതെ കാര്യമായ ഒരു പ്രയോജനവുമില്ല.

അതുകൊണ്ട് കൈവശക്കാരന് ഭൂമി പതിച്ചുകിട്ടുന്നതില്‍ താല്‍പര്യമില്ല. റവന്യൂ സ്റ്റാഫ് പിറകെ നടന്ന് അപേക്ഷ വാങ്ങിക്കണം. അതിന്മേല്‍ നടപടിയെടുത്ത് പട്ടയം തയാറാക്കി വരുമ്പോഴേക്കും കൈവശാവകാശം വിറ്റുപോയിക്കാണും. പഴയ കൈവശക്കാരന്‍െറ പേരില്‍ തുക മുതല്‍ വെച്ചുകാണും. പുതിയ കൈവശക്കാരന് ഫയല്‍ വേറെയാണ്. അങ്ങനെ മുതല്‍വെച്ച തുക കിട്ടാക്കടമായി മാറുന്നു. ഇപ്പോള്‍ പത്ത് ലക്ഷം രൂപയെങ്കിലും കാണും ഈ ഇനത്തില്‍. എന്‍െറ നോട്ടത്തില്‍ ഇതിന് എളുപ്പത്തിലുള്ള പരിഹാരം ഒന്നേയുള്ളൂ. ഭൂതകാലത്തിന് തിരശ്ശീല ഇടുക. ഇപ്പോഴുള്ള കൈവശത്തിന്‍െറ അടിസ്ഥാനത്തില്‍ സര്‍വേയും സെറ്റില്‍മെന്‍റും നടത്തുക.

ഇത് ഇന്ന് അപ്പാടെ പ്രായോഗികമാക്കാവുന്നതല്ല. നാല്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടായ മാറ്റങ്ങള്‍ പരിഗണിക്കുക തന്നെ വേണം. എങ്കിലും പത്തെഴുപത് കൊല്ലമായി ഹൈറേഞ്ചില്‍ താമസിക്കുന്ന മൂന്നാമത്തെയും നാലാമത്തെയും തലമുറയില്‍ പെട്ട മനുഷ്യരെ ഹൈറേഞ്ചിന്‍െറ ആവാസവ്യവസ്ഥയെ തുരങ്കം വെയ്ക്കുന്നവരായിട്ടല്ല.
ആ ആവാസവ്യവസ്ഥയുടെ ഭാഗമായിട്ടാണ് കാണേണ്ടത് എന്ന് പറയാതെ വയ്യ. വികസനപ്രക്രിയയില്‍ രാഷ്ട്രീയം ഏറെ കലരാത്തതാണ് ഇടുക്കിമാതൃക. അതും ശ്രദ്ധേയംതന്നെ എന്ന് എടുത്തെഴുതേണ്ടിയിരിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.