You are Here : Home / Readers Choice

അമേരിക്കയില്‍ തങ്ങാന്‍ വ്യാജ വിവാഹം നടത്തിയതായി ആരോപണം

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Tuesday, July 25, 2017 10:19 hrs UTC

ഡാളസ്: രാംജി ലണ്ടന്‍ വാലേ എന്ന ചിത്രത്തിലെ ആര്‍ മാധവന്റെ കഥാപാത്രത്തിന്റെ അവസ്ഥയിലാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ വംശജയായ ആംന ചീമയുടെ അവസ്ഥ. നോര്‍ത്ത് ടെക്‌സസില്‍ അഭിഭാഷകനായ ബിലാല്‍ അഹമ്മദ് ഖലീഖിന്റെ സ്ഥാപനത്തില്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് ചീമ എന്ന് പറയപ്പെടുന്നു. ഇവര്‍ അമേരിക്കയില്‍ തങ്ങുന്നത് നിയമപരമാക്കുവാന്‍ ഒരു ഇന്ത്യന്‍ വംശജനുമായി വ്യാജ വിവാഹം നടത്തിക്കൊടുത്തു എന്നാണ് ഖലീഖിനെതിരെ ഫെഡറല്‍ അധികാരികള്‍ ആരോപിക്കുന്നത്. മെയ് 2015 ല്‍ ഇതിനുവേണ്ടി 745 ഡോളര്‍ 'വരന്' നല്‍കുകയും ബാക്കി പിന്നീട് നല്‍കാമെന്ന് പറയുകയും ചെയ്തു. വിവാഹം തട്ടിപ്പാണെന്ന് കണ്ടുപിടിക്കുമോ എന്ന് ഇന്ത്യന്‍ വംശജന് സംശയം ഉണ്ടായിരുന്നു. കണ്ടുപിടിക്കുവാന്‍ സാധ്യത ഇല്ലെന്ന് ഖലീഖ് 'ഭാര്യാ ഭര്‍ത്താക്കന്മാരെ' പറഞ്ഞു വിശ്വസിപ്പിച്ചു. ഇരുവരും ഡാളസ് കൗണ്ടിയില്‍ 2015 ജൂണ്‍ 15 ന് വിവാഹിതരായി. ഖലീഖിന്റെ സഹായത്തോടെ ചീമ നിയമപരമായി അമേരിക്കയില്‍ തങ്ങുന്നതിന് പെറ്റീഷന്‍ ഫയല്‍ ചെയ്തു. യു എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വ്വീസിന്റെ ഇന്റര്‍വ്യൂയില്‍ ദമ്പതികളെ പ്രതിനിധീകരിച്ച് ഖലീഖ് ഹാജരായി. രാംജി ലണ്ടന്‍ വാലേയിലെപ്പോലെ ഭര്‍ത്താവ് അധികൃതരുടെ ചോദ്യങ്ങള്‍ക്ക് എങ്ങനെ മറുപടി നല്‍കണമെന്ന് ഖലീഖ് അയാളെ പഠിപ്പിച്ചു. അയാള്‍ ചീമക്കൊപ്പം താമസിക്കുകയാണെന്ന് വിശ്വസിപ്പിക്കുവാന്‍ അയാളുടെ വസ്ത്രങ്ങള്‍ ചീമയുടെ വീട്ടിലും സൂകിഷിച്ചു. ഇരുവരുടേയും പേരില്‍ ജോയിന്റ് ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി, ഇന്‍കം ടാക്‌സ് റിട്ടേണും ഒന്നിച്ച് സമര്‍പ്പിക്കുന്നതായി രേഖ ഉണ്ടാക്കി. ഖലീഖിനും ചീമയ്ക്കും എതിരായാണ് വിവാഹ തട്ടിപ്പ് കുറ്റം യു എസ് അറ്റേണീസ് ഓഫീസ് ചുമത്തിയിരിക്കുന്നത്. ഇന്ത്യന്‍ വംശജന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. കുറ്റം തെളിഞ്ഞാല്‍ ഖലീഖിനും ചീമയ്ക്കും 5 വര്‍ഷം വരെ തടവും 250000 ഡോളര്‍ വരെ പിഴയും ലഭിക്കാം. ഖലീഖിന് 47 വയസ്സും ചീമയ്ക്ക് 37 വയസ്സും പ്രായമുണ്ട്. നിയമനടപടികള്‍ നടക്കുന്നതിനാല്‍ കേസിനെ കുറിച്ച് പ്രതികരിക്കുന്നുല്ല എന്ന് ഖലീഖ് പറഞ്ഞു.'അവര്‍ വിചാരിക്കുന്നത് ഞാന്‍ കുറ്റംകൃത്യം ചെയ്യുവാന്‍ സഹായിച്ചു, ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല' എന്റെ ഓഫീസില്‍ 31 പേര്‍ ജോലി ചെയ്യുന്നു. നോര്‍ത്ത് ടെക്‌സസിലെ പാക്കിസ്ഥാനി, ഇന്ത്യന്‍ സമൂഹങ്ങള്‍ക്ക് നിയമസഹായം ചെയ്യുന്ന വലിയ സ്ഥാപനങ്ങളില്‍ ഒന്നാണ് എന്റേത്. 2006 ലാണ് ഖലീഖ് നിയമ ബിരുദം എടുത്തത്. ടെക്‌സസില്‍ പ്രാക്ടീസ് ചെയ്യുവാന്‍ ലൈസന്‍സില്‍ ലഭിച്ചത് 2014 ഓഗസ്റ്റിലാണ്. ഫാമിലി, ബാങ്ക് റപ്ട്‌സി നിയമങ്ങളിലാണ് പ്രാക്ടീസ് ചെയ്യുന്നത്. 'മാര്യേജ് ബേസ്ഡ് ഇമ്മിഗ്രേഷന്‍' തങ്ങളുടെ സ്‌പെഷ്യാലിറ്റിയായി അവകാശപ്പെടുന്നു. വിവാഹ തട്ടിപ്പ് അത്ര സാധാരണമല്ലെങ്കിലും ചില കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹൂസ്റ്റണിലെ ഒരു ഫെഡറല്‍ ജൂറി ഏപ്രിലില്‍ നാല് നൈജീരിയല്‍ പൗരന്മാരെ കുറ്റക്കാരായി കണ്ടിരുന്നു. മൊത്തം 11 പേരെ കബളിപ്പിക്കല്‍ വിവാഹം നടത്തിയ കുറ്റത്തിന് ഹൂസ്റ്റണില്‍ ശിക്ഷിച്ചിട്ടുണ്ട്. എല്ലാവരും നൈജീരിയല്‍ വംശജരാണ്. ഹൂസ്റ്റണിലെ ഒരു വിവാഹ തട്ടിപ്പ് സംഘം ടൂറിസ്റ്റ് വിസയില്‍ വന്ന നൈജീരിയക്കാരെ നൈറ്റ് ക്ലബ്ബുകളില്‍ നിന്ന് റിക്രൂട്ട് ചെയ്യുന്നതായാണ് പരാതി ഉണ്ടായത്. ദമ്പതിമാരാണെന്ന് അവകാശപ്പെടാന്‍# സ്ത്രീ പുരുഷന്മാര്‍ ഒന്നിച്ച് നിന്ന് ഫോട്ടോകള്‍ എടുത്ത് രേഖകള്‍ ഉണ്ടാക്കിയ തടയും ആരോപണം ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.