You are Here : Home / Readers Choice

ക്ഷേത്രത്തില്‍ മുസ്ലീം കുട്ടികളെ അറബി പഠിപ്പിക്കുന്ന ഹിന്ദു പെണ്‍‌കുട്ടി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, September 07, 2016 10:29 hrs UTC

മതവൈര്യവും അസഹിഷ്ണുതയും വര്‍ഗീയ ലഹളയും ദിനം‌പ്രതി വര്‍ദ്ധിച്ചു വരുന്ന ഇന്ത്യയില്‍, ഭാഷയും അധ്യാപനവും ജാതി-മത ചിന്തകള്‍ക്കതീതമാണെന്ന് കാണിച്ചുകൊടുക്കുകയാണ് പൂജ ഖുശ്‌വാഹ എന്ന പതിനെട്ടുകാരി. ആഗ്രയിലെ സഞ്ജയ് നഗര്‍ കോളനിയിലാണ് ഈ അത്യപൂര്‍‌വ്വ കാഴ്ച. കോളനിയിലെ താമസക്കാരിയായ പ്ലസ് ടൂ വിദ്യാര്‍ത്ഥിനി പൂജ ഖുശ്‌വാഹയാണ് 35 മുസ്ലീം കുട്ടികളുടെ അറബി അദ്ധ്യാപികയായി അവര്‍ക്ക് ഖുര്‍‌ആന്‍ പഠിപ്പിക്കുന്നത്. മറ്റേതു ഭാഷയെക്കാളും പഠിക്കാന്‍ ബുദ്ധിമുട്ടുള്ള അറബി ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ പൂജയ്ക്ക് കഴിയുന്നുവെന്നുള്ളതാണ് ഞങ്ങളുടെ കുട്ടികളെ പൂജയുടെ അടുത്ത് പഠിക്കാന്‍ വിടുന്നതെന്ന് അഞ്ചു വയസ്സുകാരി അലീഷയുടെ മാതാവ് രേഷ്മ ബീഗം പറയുന്നു. ഇത്രയും ചെറുപ്രായത്തില്‍ മറ്റേതു കുട്ടികളും ചെയ്യാത്ത ഈ സല്‍‌പ്രവൃത്തി തീര്‍ച്ചയായും പൂജയെ ഞങ്ങളുടെ കുട്ടികളുടെ അദ്ധ്യാപികയായി കാണാനാണ് ആഗ്രഹിക്കുന്നതെന്ന് മുസ്ലീം മാതാപിതാക്കള്‍ പറയുന്നു. അവളുടെ ജാതിയോ മതമോ ഞങ്ങള്‍ക്കൊരു പ്രശ്നമേ അല്ലെന്നും അവര്‍ പറയുന്നു.

 

 

എങ്ങനെയാണ് പൂജ ഖുര്‍‌ആനും അറബി ഭാഷയും സ്വായത്തമാക്കിയത്? കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രദേശവാസികളില്‍ ഒരു വനിത ഇതുപോലെ അറബി പഠിപ്പിച്ചിരുന്നു എന്ന് പൂജ പറയുന്നു. മുസ്ലീം പിതാവിന് ഹിന്ദു മാതാവില്‍ ജനിച്ച സംഗീത ബീഗം ആയിരുന്നു അവര്‍. എല്ലാ മതങ്ങളിലും വിശ്വസിച്ചിരുന്ന അവര്‍ അക്കാലത്ത് അറബി ക്ലാസ് എടുത്തിരുന്നു. പൂജയുടെ ബാല്യകാലത്ത് സംഗീത ബീഗത്തിന്റെ ക്ലാസുകളില്‍ അറ്റന്റ് ചെയ്തിരുന്നു എന്നും, അങ്ങനെയാണ് അറബി ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞതെന്നും പൂജ പറയുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ചില വ്യക്തിപരമായ കാരണങ്ങളാല്‍ സംഗീത ബീഗത്തിന് പഠിപ്പിക്കാന്‍ കഴിയാതെ വന്നു. അന്ന് പൂജയെയാണ് തന്റെ പിന്തുടര്‍ച്ചാവകാശിയായി സംഗീത ബീഗം ചുമതലയേല്പിച്ചത്. "അറിവ് ലഭിക്കുന്നത് ഒരു കുറ്റമല്ല, ലഭിച്ച അറിവുകള്‍ പകര്‍ന്നു കൊടുക്കുമ്പോഴാണ് നമ്മള്‍ കൂടുതല്‍ അറിവു നേടുന്നത്.

 

." സംഗീത ബീഗത്തിന്റെ ഈ വാക്കുകളാണ് തനിക്ക് പ്രചോദനമായതെന്ന് പൂജ പറയുന്നു. പ്രദേശവാസികളായ 35 കുട്ടികള്‍ക്ക് അറിവ് പകര്‍ന്നുകൊടുക്കുന്നതില്‍ പൂജ വളരെ സന്തോഷവതിയാണ്. പരിമിത സൗകര്യമുള്ള തന്റെ ഭവനത്തില്‍ ഈ കുട്ടികളെ പഠിപ്പിക്കാന്‍ യാതൊരു പ്രതിഫലവും പൂജ കൈപ്പറ്റുന്നില്ല. അത് കണ്ടറിഞ്ഞ പ്രദേശത്തെ മുതിര്‍ന്നവര്‍ ക്ഷേത്രത്തില്‍ സൗകര്യം ചെയ്തു കൊടുത്തു. അവിടെയാണ് പൂജയുടെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ അറബി പഠനം നടത്തുന്നത്. പൂജയുടെ മൂത്ത സഹോദരിയും ഗ്രാജ്വേറ്റുമായ നന്ദിനി ഹിന്ദി പഠിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ക്ക് ഭഗവത്‌ഗീഥയും പഠിപ്പിക്കുന്നു. ദരിദ്ര പശ്ചാത്തലത്തില്‍ നിന്നുള്ള ഈ കുട്ടികളെ പഠിപ്പിക്കാന്‍ യാതൊരു ഫീസും ഇവര്‍ ഈടാക്കുന്നില്ലെന്നു മാത്രമല്ല, ഈ സഹോദരിമാരുടെ നിശ്ചയദാര്‍ഢ്യത്തിലും, മതസൗഹാര്‍ദ്ദത്തിലും ആകൃഷ്ടരായി നിരവധി പേര്‍ രംഗത്തു വന്ന് അവര്‍ക്ക് പ്രോത്സഹനം നല്‍കുന്നു.

 

 

"എന്റെ പെണ്‍‌മക്കള്‍ രണ്ടുപേരും ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതില്‍ ഞാന്‍ അതീവ സന്തുഷ്ടയാണ്" - പൂജയുടേയും നന്ദിനിയുടേയും മാതാവ് റാണി ഖുശ്‌വാഹ പറയുന്നു. പ്രദേശവാസികളായ മുസ്ലീം സമൂഹം ഈ പെണ്‍‌കുട്ടികളുടെ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിക്കുകയാണ്. ഇന്ത്യയിലങ്ങോളമിങ്ങോളം വര്‍ഗീയതയുടെ പേരില്‍ അക്രമങ്ങളും കൊലപാതകങ്ങളും നടക്കുമ്പോള്‍ ഈ പ്രദേശത്ത് ഇങ്ങനെയൊരു അപൂര്‍‌വ്വ സംഭവം നടക്കുന്നത് തങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നു എന്നാണ് പ്രമുഖ മുസ്ലീം പണ്ഡിതനും സാമൂഹ്യപ്രവര്‍ത്തകനുമായ എഴുപതുകാരന്‍ ജമാലുദ്ദീന്‍ ഖുറൈശിയുടെ അഭിപ്രായം. "ഈ മതസൗഹാര്‍ദ്ദമാണ് ഈ പ്രദേശത്തെ ധന്യമാക്കുന്നത്. കുട്ടികളെ അക്ഷരങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ജാതിയോ മതമോ നോക്കേണ്ടതില്ല.

 

 

ജാതിമതങ്ങള്‍ക്ക് അതീതരാണവര്‍. ഇവിടെ ഒരു പൂജ ഖുശ്‌വാഹ എന്ന ഹിന്ദു പെണ്‍‌കുട്ടി മുസ്ലീം കുട്ടികളെ അറബി പഠിപ്പിക്കുന്നു. ആര്‍ക്കു വേണമെങ്കിലും അറബി പഠിക്കാം. ഖുര്‍‌ആനും പഠിക്കാം.... ഇവ രണ്ടും പഠിക്കുന്നതില്‍ നിന്ന് ആരേയും ഇസ്ലാം വിലക്കുന്നില്ല..." ഖുറൈശി പറയുന്നു !

കൊണ്ടുപോകില്ല ചോരന്മാര്‍

കൊടുക്കും തോറുമേറിടും

മേന്മ നല്‍കും മരിച്ചാലും

വിദ്യ തന്നെ മഹാധനം !!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.