You are Here : Home / Readers Choice

ടെക്‌സസ്സിലെ ആദ്യ സ്വവര്‍ഗ്ഗ വിവാഹം- ഡാളസ് കൗണ്ടിയില്‍ ആഘോഷമാക്കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, June 27, 2015 10:58 hrs UTC

ഡാളസ്: അമേരിക്കന്‍ സുപ്രീം കോടതി സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കി പ്രഖ്യാപിച്ചതോടെ, സ്വവര്‍ഗ്ഗ വിവാഹത്തെ നിയമം മൂലം നിരോധിച്ചിരുന്ന ടെക്‌സസ്സില്‍ അമ്പതുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് 85ക്കാരനായ ജാക്ക് ഇവാന്‍സും, 82ക്കാരനായി ജോര്‍ജ്ജ് ഹാരിസും വിവാഹിതരായി. വിധി വന്നതിനുശേഷം ടെക്‌സസ്സില്‍ നടന്ന ആദ്യ സ്വവര്‍ഗ്ഗവിവാഹമായിരുന്നു.
സുപ്രീം കോടതി അനുകൂലമായാല്‍ പോലും, നടപ്പാക്കുന്നത് സൂഷ്മ പരിശോധനക്ക് ശേഷമായിരിക്കണം എന്ന അറ്റോര്‍ണി ജനറലിന്റെ നിര്‍ദ്ദേശം അവഗണിച്ചാണ് ഡാളസ് കൗണ്ടി ക്ലാര്‍ക്ക് ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തത്. മാധ്യമപ്രവര്‍ത്തകരും, പ്രമുഖ ദേശീയ ടി.വി. ചാനല്‍ പ്രവര്‍ത്തകരും തിങ്ങി നിറഞ്ഞ സദസ്സില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.
 
ഇതേ സമയം ലൂസിയാന, മിസിസിപ്പി സംസ്ഥാനങ്ങളില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നത് നിര്‍ത്തി വെയ്ക്കാന്‍ അറ്റോര്‍ണി ജനറല്‍ മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ലൂസിയാനാ ഗവര്‍ണ്ണരും ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ ബോബി ജിന്‍ഡാന്‍ സുപ്രീം കോടതി വിധിയ്‌ക്കെതിരെ രംഗത്തെത്തി.
ടെക്‌സസ്സിലെ പ്രധാന പത്തു കൗണ്ടികളില്‍ സ്വവര്‍ഗ്ഗ വിവാഹ ലൈസെന്‍സിനുള്ള അപേക്ഷകരുടെ തിരക്ക് അനുഭവപ്പെട്ടു. മറ്റ് ഇരുനൂറ് കൗണ്ടികളില്‍ വിവാഹലൈസെന്‍സിനുള്ള അപേക്ഷ തല്‍ക്കാലം സ്വീകരിക്കുന്നില്ല എന്ന് അറിയിച്ചിട്ടുണ്ട്.
അര്‍ക്കന്‍സാസിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ സുപ്രീം കോടതി വിധിയ്‌ക്കെതിരെ വിയോജിപ്പു പ്രകടിപ്പിച്ചുവെങ്കിലും സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 
 
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.