You are Here : Home / Readers Choice

ന്യൂയോര്‍ക്കില്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ ഇന്ത്യയുടെ മകള്‍ പ്രദര്‍ശിപ്പിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, March 11, 2015 03:41 hrs UTC

ന്യൂയോര്‍ക്ക് : തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ ഓടി കൊണ്ടിരുന്ന ബസ്സില്‍ വെച്ചു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവം ചിത്രീകരിക്കുന്ന ഇന്ത്യയുടെ മകള്‍(INDIA'S DAUGHTER) എന്ന ഡോക്യുമെന്ററി ന്യൂയോര്‍ക്ക് ബറൂച്ച്(BARUCH) കോളേജില്‍ മാര്‍ച്ച് 9ന് സിനിമാ താരങ്ങളുടേയും, തിങ്ങിനിറഞ്ഞ സദസ്സിന്റേയും സാനിധ്യത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. അക്കാദമി അവാര്‍ഡ് ജേതാവും, അമേരിക്കന്‍ നടിയും, നിര്‍മ്മാതാവുമായ മെറില്‍ സ്ട്രീഫ്, ഇന്ത്യന്‍ സുപ്രസിദ്ധ നടി ഫ്രിഡാ പിന്റോ, ഫിലിം ഡയറക്ടര്‍ ലസ്ലി യുഡ് വിന്‍ തുടങ്ങി ഒട്ടേറെ പ്രധാന വ്യക്തികള്‍ പ്രദര്‍ശനം കാണാന്‍ എത്തിചേര്‍ന്നിരുന്നു.

 

കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ജ്യോതിസിംഗിന്റെ സ്മരണയ്ക്കു മുമ്പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചാണ് പ്രദര്‍ശനം ആരംഭിച്ചത്. 'ജ്യോതി ഇന്ത്യയുടെ മകള്‍ മാത്രമല്ല ഞങ്ങളുടേയും മകളാണ്' മെറില്‍ സ്ട്രീഫ് പറഞ്ഞു. ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററിയുടെ നിര്‍മ്മാതാവും, സംവിധായകനുമായ ലെസ്ലി ഇന്ത്യയില്‍ പ്രദര്‍ശനാനുമതി വേണമെന്ന ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യാഗവണ്‍മെന്റ് അനുമതി നിഷേധിച്ചു. ഈ കേസ്സില്‍ ഉള്‍പ്പെട്ട ആറു പ്രതികളില്‍ നാലുപേര്‍ക്ക് വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട മറ്റൊരു പ്രതി മുകേഷ് സിംഗുമായി ജയിലില്‍ വെച്ചു നടത്തിയ ഇന്റര്‍വ്യൂ വലിയ വിവാദത്തിനിടയാക്കിയിരുന്നു. ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയരുതെന്ന് ജ്യോതിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും അതും നിരാകരിക്കപ്പെട്ടു. ഡോക്യുമെന്ററിയെകുറിച്ചുള്ള വിവാദം ചൂടുപിടിച്ചതോടെ നിര്‍മ്മാതാവ് ലസ്ലി ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് രക്ഷപ്പെടുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.