You are Here : Home / Readers Choice

കൊട്ടാരക്കര: ചരിത്രത്തിന്‍റെ പ്രശസ്തിയിലേക്കൊരു തിരനോട്ടം

Text Size  

Story Dated: Thursday, April 24, 2014 02:05 hrs UTC

 ഇളയിടത്തു സ്വരൂപമെന്നും കുന്നിമ്മേല്‍ സ്വരൂപമെന്നും അറിയപ്പെട്ടിരുന്ന കൊട്ടാരക്കര രാജവംശം നാലുപതിറ്റാണ്ടോളം കൊട്ടാരക്കര പ്രദേശം ഭരിച്ചിരുന്നു. പതിനാലാം നൂറ്റാണ്ടിന്‍റെ അവസാനകാലത്ത് വേണാട്ടുരാജവംശത്തിന്‍റെ ഒരു ശാഖ ഇളയടുത്തു സ്വരൂപം എന്ന പേരില്‍ പിരിഞ്ഞ് കിളിമാനൂരിനടുത്തുള്ള കുന്നിമ്മേല്‍ എന്ന സ്ഥലത്തും അവിടെനിന്ന് കൊട്ടാരക്കരയിലും എത്തുകയാണുണ്ടായത്. 1734-ല്‍ വേണാട്ടധിപന്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് കൊട്ടാരക്കര ആക്രമിച്ചു കൈവശപ്പെടുത്തി.അന്നത്തെ രാജാവ് വീര കേരളവര്‍മ്മ തിരുവനന്തപുരത്ത് തടവില്‍ കിടന്നു മരിച്ചു.കൊട്ടാരക്കര രാജവംശത്തില്‍ ശേഷിച്ച ഉമ എന്ന രാജകുമാരി മാര്‍ത്താണ്ഡവര്‍മ്മയില്‍ നിന്ന് രക്ഷപ്പെട്ട് തെക്കുംകൂറില്‍ അഭയം തേടി.ഇളയടുത്തുറാണിയുടെ സൈന്യത്തെ മാര്‍ത്താണ്ഡവര്‍മ്മ നിശേഷം നിലംപരിശാക്കി കൊട്ടാരക്കരയെ എന്നന്നേക്കുമായി വേണാടിനോടുചേര്‍ത്തു.ഭാഗ്യഹീനയായ റാണി കൊച്ചിയില്‍ ഡച്ചുകാരുടെ സംരക്ഷണയിലായി.

 

അവിടെ ആ ജീവിതം പൊലിയുകയും ചെയ്തു. എട്ടുവീട്ടില്‍പിള്ളമാരെ ഭയന്ന് മാര്‍ത്താണ്ഡവര്‍മ്മ ഒളിവില്‍ കഴിയുന്ന കാലത്ത് ഒരു നാള്‍ കിഴക്കേത്തെരുവില്‍ എത്തുകയും അവിടെ ഒരു ക്രിസ്ത്യന്‍ ഭവനത്തില്‍നിന്ന് അഭയവും ആഹാരഭോജ്യങ്ങളും സ്വീകരിക്കുകയുമുണ്ടായി. തിരുവുള്ള പ്രസാദത്തില്‍ പ്രതിഫലമെന്നോണം ആ കുടുംബനായകന് സ്വര്‍ണ്ണത്തളികയില്‍ ഒരു സ്വര്‍ണ്ണമണി സമ്മാനിച്ചു.ആ ഭവനം'മണികെട്ടി'യ വീടെന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. മലങ്കര കത്തോലിക്കാസഭയിലെ ജോഷ്വാ മാള്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത പ്രസ്തുത കുടുംബത്തില്‍നിന്നാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ തീജ്വാലകളായിരുന്ന അനേകം പോരാളികള്‍ക്ക് ഈ വീരഭൂമി ജന്മംകൊടുത്തു.കിഴക്കേത്തെരുവ് പീടികയില്‍ തോമസ്സ്, സി.പി.ഐ നേതാവായിരുന്ന വെളിയം ഭാര്‍ഗവന്‍റെ ഭാര്യാപിതാവ് പപ്പുവക്കീല്‍,കിഴക്കേക്കര പാച്ചുപിള്ള എന്നിവര്‍ അവരില്‍ ചിലര്‍. 1938-ല്‍ തിരുവിതാംകൂറില്‍ ഉത്തരവാദിത്വഭരണ സമരത്തോടനുബന്ധിച്ച്,കൊട്ടാരക്കരയുടെ തെക്കേഅറ്റത്തുള്ള കടയ്ക്കല്‍ പ്രദേശത്ത് കരാറുകാരുടെ അന്യായമായ ചന്തപിരിവില്‍ പ്രതിഷേധിച്ച് ജനങ്ങളോന്നാകെ ഇളകി പ്രക്ഷോഭം ആരംഭിച്ചു.പ്രക്ഷോഭത്തിന്‍റെ ഭാഗമായി പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു കീഴ്പ്പെടുത്തി.

 

പോലീസുകാര്‍ ഭയന്ന് ജീവനുംകൊണ്ടോടി.കടയ്ക്കല്‍ സ്റ്റാലിനെന്നും പ്രാങ്കോയെന്നും പേരുള്ള രാഘവന്‍പിള്ളയായിരുന്നു പ്രക്ഷോഭങ്ങള്‍ക്ക് അമരത്തുണ്ടായിരുന്നത്. തിരുവനന്തപുരത്തുനിന്ന് കൂടുതല്‍ പോലീസ് വന്നാണ് ഈ സമരത്തെ നേരിട്ടത്.ഈ കടയ്ക്കല്‍ സമരത്തെ സ്വാതന്ത്ര്യസമരമായും കരുതാം. വെളിയം പ്രദേശത്ത് കര്‍ഷകതൊഴിലാളികളുടെയും കുടിയാന്മാരുടെയും നേരെ ജന്മിമാരും മാടമ്പിമാരും അഴിച്ചുവിട്ട ദ്രോഹങ്ങള്‍ക്കും കുടിയിറക്കിനുമെതിരെ പൊട്ടിപുറപ്പെട്ട ഭൂസമരമായിരുന്ന വെളിയം പ്രദേശത്തും ചുറ്റിനും ഉണ്ടായ ജന്മികുടിയാന്‍ പ്രക്ഷോഭം. 'കര്‍ഷകന്‍'മാസിക സ്വന്തമായി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ഒരു നായര്‍ പ്രമാണിയായ വെളിയം കൃഷ്ണപിള്ളയായിരുന്നു,ജന്മികുടിയാന്‍ പ്രക്ഷോഭത്തെ അധികാരികളുടെ മുന്നിലെത്തിച്ചത്."മാക്രിയില്ലാക്കുളം"എന്ന സാമുദായിക ചരിത്രപുസ്തകവും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.പൂയപ്പള്ളിയ്ക്കടുത്തുള്ള മരുതമണ്‍പള്ളിയിലെ ഒരു കുളത്തില്‍ മാക്രിയില്ലത്രേ! കേരള രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികളെ നിയന്ത്രിച്ചുകൊണ്ടിരുന്നതും ഇപ്പോഴും നിയന്ത്രിക്കുന്നതുമായ അനേകം പ്രശസ്തരുടെ ഈറ്റില്ലം കൂടിയാണ് കൊട്ടാരക്കര.

 

ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്ന ഈശ്വരപിള്ള വക്കീല്‍, അദ്ദേഹത്തിന്‍റെ മകന്‍ സൗമ്യശീലനും സുന്ദരനുമായ മുന്‍മന്ത്രിയും,സി.പി.ഐ നേതാവുമായ ഈ ചന്ദ്രശേഖരന്‍ നായര്‍,ഈശ്വരപിള്ളയുടെ മറ്റൊരു മകന്‍ ഇ.രാജേന്ദ്രന്‍ എന്നിവരുടെ സേവനങ്ങള്‍ അഭിമാനകരമാണ്.ഒരു കാലത്ത് കോണ്‍ഗ്രസ്സിന്‍റെ സംസ്ഥാനനേതാവും മുഖ്യമന്ത്രിയും ഈഴവസമുദായ പരിഷ്കര്‍ത്താവുമായ ആര്‍.ശങ്കര്‍,ശ്രീ നാരായണ സ്ഥാപനങ്ങളുടെ സ്ഥാപകനും ആണ്. കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാനനേതാക്കളിലൊരാളും പ്രസംഗകലയുടെ വൈഭവത്തിലൂടെ തന്‍റെ രാഷ്ട്രീയഭാഗധേയം കാത്തുസൂക്ഷിച്ചുകൊണ്ടിരിക്കുന്ന, മിക്കരാഷ്ട്രീയ വിവാദങ്ങളുടെ പ്രഭാവകേന്ദ്രവുമായി കൊട്ടാരക്കരയുടെ രാഷ്ട്രീയ മഹാമേരുവായ ആര്‍.ബാലകൃഷ്ണപിള്ള,മകന്‍ ചലച്ചിത്രനടനും അടുത്തിടെയുണ്ടായ വിവാദങ്ങളുടെ കുത്തൊഴുക്കില്‍ മന്ത്രിസ്ഥാനം നഷ്ട്ടപ്പെട്ട ഗണേഷ്‌കുമാര്‍,മിന്നിപ്പൊലിഞ്ഞുപോയ കോണ്‍ഗ്രസ്സിന്‍റെ മുന്‍ എം.എല്‍.എ. കൊട്ടറ ഗോപാലകൃഷ്ണന്‍,കേരളാ അസംബ്ലി സ്പീക്കര്‍ ഡി.ദാമോദരന്‍പോറ്റി, സി.പി.ഐയുടെ അമരക്കാരനായിരുന്ന വെളിയം ഭാര്‍ഗവന്‍,തുടര്‍ച്ചയായ രണ്ടാം തവണയും കൊട്ടാരക്കരയില്‍ നിന്ന് നിയമസഭയിലെത്തിയ അഡ്വ.ഐഷാപോറ്റി എന്നിവര്‍ കൊട്ടാരക്കരയുടെ അരുമ സന്താനങ്ങളാണ്. ഈ നാടിന്‍റെ ലാന്‍ഡ്‌മാര്‍ക്ക് എന്ന് അടയാളപ്പെടുത്തുന്നത് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രമാണ്.ഇതിന്‍റെ പ്രധാന പ്രതിഷ്ഠ ശിവനാണെങ്കിലും തെക്കോട്ടഭിമുഖമായുള്ള മഹാഗണപതിയ്ക്കുതന്നെയാണ് പ്രശസ്തി.ഗണപതിക്കുള്ള വഴിപാടായ ഉണ്ണിയപ്പപ്രസാദം പുകള്‍പെറ്റതാണ്.ശബരിമല ഉത്സവനാളുകളില്‍ ഇവിടെ അനിയന്ത്രിതമായ വന്‍തിരക്കാണ്.പറയിപെറ്റ പന്തിരുവില്‍ പെരുമയേറിയ പെരുന്തച്ചന്‍ ദേശം ചുറ്റി നടക്കുന്നതിനിടയില്‍ കൊട്ടാരക്കരയിലെത്തി , അപ്പോള്‍ കയ്യില്‍പെട്ട ഒരു പ്ലാവിന്‍ കക്ഷ്ണത്തില്‍നിന്ന് കടഞ്ഞെടിത്ത് പ്രതിഷ്ഠിച്ചതാണത്രെ ഇപ്പോള്‍ ക്ഷേത്രത്തിലെ പ്രധാന ഗണപതി പ്രതിഷ്ഠ എന്നാണ് വിശ്വസിക്കപെടുന്നത് .

 

കഥകളിയുടെ ആധിരൂപമായ രാമനാട്ടം നാട്യകലാപ്രസ്ഥാനത്തിന്‍റെ ഉപജഞാതാവ് കൊട്ടാരക്കര തമ്പുരാനാണ് . രാമായണം കഥയെ ഉപജീവിച്ച് എട്ടു ആട്ടക്കഥകള്‍ രചിച്ചതിനാലാണ് ഈ കലാരൂപത്തിന് രാമനാട്ടം എന്ന പേരു വീണത്‌. ഇന്ന് കഥകളിക്കു ലോകത്തെവിടെയും ആസ്വാദകരുള്ളപ്പോള്‍ അതിന്‍റെ ജന്മ്മസ്ഥാനം നമ്മുടെ പുണ്യഭൂമിയായതിനാല്‍ നമുക്ക് ഏറെ അഭിമാനിക്കാം. കഥകളിയെ കൂടുതല്‍ പ്രശസ്തിയിലെക്കുയര്‍ത്തിയ അടുത്തിടെ ദിവംഗതനായ ഓയൂര്‍ കൊച്ചുഗോവിന്ദപിള്ളയോടും ശ്രീമഹാഗനപതിയുടെ തിരുമുറ്റത്ത്‌ വസിക്കുന്ന കൊട്ടാരക്കര ഗംഗയുടെ ചുവന്ന താടി കഥകളി പ്രേമികളുടെ ആദരവ് പറ്റുന്നുണ്ട്. കൊട്ടാരക്കര തമ്പുരാനോടുള്ള നന്ദിസൂചകമായി സ്ഥാപിച്ച തമ്പുരാന്‍ മ്യൂസിയം ഒരു വഴിവാടുപോലെ ഇവിടെ പ്രവര്‍ത്തിക്കുന്നു കൊട്ടാരക്കരയ്ക്ക് ലഭിച്ച വരദാനമാണ് കൊട്ടാരക്കരയിലെ ഒരു ഉള്‍നാടന്‍ ഗ്രാമമായ കോട്ടവട്ടത്ത്‌ ജനിച്ച ലളിതാംബിക അന്തര്‍ജനം . സാഹിത്യതതറവാട്ടിലെ ഒരു പുണ്ണ്യമതാവായിട്ടാണ് അഗ്നിസാക്ഷി യെന്ന മഹാല്‍കൃതി എഴുതിയ ലളിതാംബിക അന്തര്‍ജനത്തെ സാഹിത്യലോകം കരുതുന്നത് . ഈ പുണ്ണ്യ ആത്മാവ് ഇവിടെ ജനിച്ചതും ആ മാതാവിനോടൊപ്പം നമുക്ക് ജീവിക്കാന്‍ കഴിഞ്ഞതും നമ്മുടെ സുകൃതലബ്ധി .

 

പ്രശസ്തമായ വയലാര്‍ അവാര്‍ഡ്‌ അവര്‍ ആദ്യമായി നല്‍കിയത് ഈ അമ്മക്കാണ്.ഈ അമ്മയുടെ ഓരോ കഥയും ലേഖനങ്ങളും അന്ന് നിലവിലുണ്ടായിരുന്ന ആയിത്താചാരങ്ങളോടുള്ള തുറന്ന സമരമായിരുന്നു . അകാലത്തില്‍ പൊലിഞ്ഞുപോയ മകന്‍ എന്‍ മോഹനന്‍ സാഹിത്യത്തില്‍ അമ്മയുടെ മാര്‍ഗ്ഗത്തിലൂടെയായിരുന്നു സഞ്ചരിച്ചിരുന്നത് . പൊതുവേ അന്തര്‍മുഖനായ അദ്ദേഹത്തിന്‍റെ ഇന്നലത്തെ മഴ എന്ന ഒറ്റ നോവലിലൂടെ സാഹിത്യസഭയിലെ ഒരു മിന്നും താരമായി . കൊട്ടാരക്കരയുടെ മണ്ണില്‍ വളക്കൂറിലാണ് ആധുനിക സാഹിത്യത്തിന്‍റെ മുന്‍നിരയിലുണ്ടായിരുന്ന കാക്കനാടന്‍ തന്‍റെ സാഹിത്യ രചന അരംഭിക്കിക്കുന്നത് . മുകുന്ദന്‍ വി കെ എന്‍ , സേതു എന്നീ ആധുനിക എഴുത്തുകാരുടെ ഗുരുവെന്നു വേണമെങ്കില്‍ കാക്കനാടനെ കരുതാം . മൈലത്തുള്ള ഇട്ടിയാപറമ്പ് എന്ന കൊച്ചു ഗ്രാമമാണ്‌ കാക്കനാടന്‍റെ മാസ്റ്റര്‍ പീസായ പറങ്കിമല എന്ന വിഖ്യതനോവലിന്‍റെ പശ്ചാത്തലഭൂമികയാകുന്നത് . പഴയ കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ക്കാണ് ഇട്ടിയാപറമ്പില്‍ കാക്കനാടന്‍റെ ഉപദേശി കൂടിയായിരുന്ന പിതാവ് സ്വന്തം ഭവനത്തില്‍ ഒളിത്താവളം ഒരുക്കിയത് സ്വന്തം പായും തലയണയും എടുത്തു നീട്ടിയത് . ആ പുണ്യവതിയായ അമ്മ അവര്‍ക്കുവേണ്ടി എന്തു മാത്രം വച്ചുവിളമ്പി .

 

ഏഷ്യന്‍ ഗയിംസില്‍ ലോഗ്ജംപില്‍ ഇന്ത്യക്ക് ആദ്യമായി മെഡല്‍ നേടി , നമുക്ക് അഭിമാനമായിത്തീര്‍ന്ന ടി സി യോഹന്നാന്‍ കൊട്ടാരക്കര മറനാട് എന്ന ഉള്‍ഗ്രാമത്തിന്‍റെ പോന്നോമാനയാണ് . ലിംഗപരിവര്‍ത്തനത്തിലൂടെ രാധാകൃഷ്ണനായി മാറിയ കടയ്ക്കല്‍ രാധയും സ്പ്രിന്‍റ് ഇനത്തില്‍ വളരെയേറെ മികവുകാട്ടി പേരെടുത്തിരുന്നു . സ്വന്തം ഭവനത്തില്‍ കമ്മ്യുണിസ്റ്റ് വിപ്ലവം ആരംഭിച്ച്‌ ഒടുവില്‍ പോലീസിന്‍റെ ക്രൂര മര്‍ദ്ദനത്തില്‍ രക്തസാക്ഷിത്വം ഏറ്റുവാങ്ങിയ ആദ്യ കമ്മ്യൂണിസ്റ്റ്‌കാരിലോരാളായ കോട്ടത്തല സുരേന്ദ്രന്‍ കൊട്ടാരക്കരയുടെ വീരപുത്രന്‍ തന്നെ പുര്‍ക്കാട്ടെ കടപ്പുറത്തെ ചെമ്പന്‍കുഞ്ഞിനെ വേലുത്തമ്പിദളവയും ലോക സിനിമാഭുപടത്തില്‍ അടയാളപെടുത്തികഴിഞ്ഞു . ശ്രേഷ്ഠസംഭാവനകളുമായി കൊട്ടാരക്കര ശ്രീധരന്‍നായരുടെ പിന്‍തലമുറക്കാരനായ ശോഭാമോഹനും കൊച്ചുമകന്‍ വിനുമോഹനും നമ്മോടൊപ്പമുണ്ട്. പൗരുഷപ്രതീകമായ ഭരത്മുരളിയുടെ അകാല വിയോകം അടുത്തകാലത്ത് കൊട്ടാരക്കരക്കുണ്ടായ ഏറ്റവും വലിയ ദുഃഖമാണ്. ഭാവിയുടെ വാഗ്ദാനമായിരുന്ന പെട്ടെന്ന് പൊലിഞ്ഞ ബോബി കൊട്ടാരക്കരയും നമ്മുടെ നാടിനെ ദുഖത്തിലാഴ്ത്തി. ആദ്യകാല നിര്‍മ്മാതാവായ കെ പി കൊട്ടാരക്കരയേയുംനമിക്കു ഓര്‍ക്കാം .

 

രാക്ഷ്ട്രീയവും ചലച്ചിത്രവും ഒരുപോലെ കൈകാര്യം ചെയ്യുന്ന കെ ബി ഗണേഷ്കുമാറും സംവിധായകന്‍ ബൈജു കൊട്ടാരക്കരയും സജീവമായി രംഗത്തുണ്ട് . കൊട്ടാരക്കര എന്നും മതമൈത്രിയുടെ നാടാണ് . കൊട്ടാരക്കര ഭരിച്ചുരുന്ന പഴയ രാജാക്കന്മാര്‍ എ മൈത്രിക്ക് അന്നേ വേണ്ടത്ര ഔത്സുക്യം കാണിച്ചിരിന്നുവെന്ന് കാണാന്‍ കഴിയും . പടിഞ്ഞാറുഭാകത്ത്വളരെ പ്രധാനപ്പെട്ട രണ്ടു ഹൈന്ദവ ക്ഷേത്രങ്ങളും തൊട്ട്‌കിഴക്ക് മുസ്ലിം പള്ളിയും അതിനു കിഴക്ക് രാജാവു പണികഴിപ്പിച്ചു നല്‍കി എന്ന് വിശ്വസിക്കപ്പെടുന്നഇന്നത്തെ മാര്‍ത്തോമ്മ പള്ളിയും അന്നത്തെ ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണം തന്നെയായിരിക്കണം. രാജാക്കന്മാരുടെകോട്ടകള്‍ കാണാനില്ലെങ്കിലും കിഴക്ക് കോട്ടപുറവും കോട്ടയ്ക്കകവും വടക്ക് കോട്ടത്തലയും ഉണ്ട്. കിഴക്കേത്തെരുവും മിസ്ലിം തെരിവും ഉണ്ട് ഈ രാജരഥങ്ങളിലൂടെ രാജാക്കന്മാര്‍ നടത്തിയ പടയോട്ടങ്ങളിലെ കുതിരയുടെ കുളമ്പടികളുടെ മാറ്റൊലി ഇന്നും മുഴങ്ങുന്നു.

 

Rajan Y (Kings , Kottarakara)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.