You are Here : Home / Readers Choice

ഈ കേരള പോലീസ് എന്തേ ഇങ്ങനെ?

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Saturday, February 15, 2014 02:14 hrs UTC

 
 
ഈ ചോദ്യം മനസ്സിലോടിയെത്തിയത് ഇന്നത്തെ ഒരു ചാനല്‍ ദൃശ്യമാണ്. വടകരയില്‍ ബുധനാഴ്ച ദേശീയപാത സ്ഥലമെടുക്കലിനെതിരെ പ്രതിഷേധിച്ച കര്‍മസമിതി പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം തകര്‍ക്കുന്ന ദൃശ്യം ഇന്ത്യാവിഷനിലൂടെ കണ്ടപ്പോള്‍ മലയാളിയുടെ മനഃസാക്ഷിക്കുനേരെ നിയമപാലകര്‍ കൊഞ്ഞനം കുത്തുകയാണോ എന്നു തോന്നിപ്പോയി. അറുപതുവയസ്സു കഴിഞ്ഞ ഒരു വിമുക്തഭടനെ വടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ സി സുഭാഷ്ബാബുവിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം പൊലീസുകാര്‍ വളഞ്ഞിട്ടു പിടിച്ച് അദ്ദേഹത്തിന്റെ ജനനേന്ദ്രിയം പിടിച്ചുടയ്ക്കുന്ന നിഷ്ഠൂര കൃത്യം മനുഷ്യ മനഃസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. സ്ത്രീകളും കുട്ടികളുമടങ്ങിയ സമരക്കാരെ തല്ലിയോടിച്ചശേഷമാണ് പോലീസിന്റെ ഈ ക്രൂരവിനോദം. ജനനേന്ദ്രിയം തകര്‍ന്ന് നിലത്തുവീണ വിമുക്തഭടനെ വലിച്ചിഴച്ച് വാനില്‍ കയറ്റുന്നതും മര്‍ദ്ദിക്കുന്നതും ചാനല്‍ ദൃശ്യങ്ങളില്‍ കാണാം.  ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മൂന്നാംമുറ പ്രയോഗിച്ചുകൊണ്ട് അധികാരം നിലനിര്‍ത്താന്‍ കാണിക്കുന്ന അഭ്യാസങ്ങളാണോ കേരളത്തെ സംഘര്‍ഷഭരിതമാക്കുന്നതെന്നു തോന്നിപ്പോയി.  
 
വടകരയിലെ സിഐ കെ.സി. സുരേഷ് ബാബു ലാത്തി ഉപേക്ഷിച്ച് സ്വന്തം കൈകൊണ്ടുതന്നെയാണ് നാരായണന്‍നായരുടെ ജനനേന്ദ്രിയം പിടിച്ചുടയ്ക്കുന്നത്. തിരുവഞ്ചൂരിന്റെ പൊലീസ് വിളയാട്ടങ്ങള്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. തിരുവഞ്ചൂര്‍ പോയി രമേഷ് ചെന്നിത്തല ആഭ്യന്തരവകുപ്പ് ഏറ്റെടുത്തപ്പോള്‍ നേരിയ വ്യത്യാസമെങ്കിലും പ്രതീക്ഷിച്ചിരുന്ന ശുദ്ധാത്മാക്കള്‍ ഇപ്പോള്‍ പരിതപിക്കുന്നുണ്ടാവാം. "ഏതു വിരുന്നുകാരന്‍ വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല" എന്നു പറഞ്ഞതുപോലെ, ഏതു മന്ത്രി വന്നാലും സാധാരണക്കാരെ കിടത്തിപ്പൊറുപ്പിക്കില്ല നമ്മുടെ കേരളാ പോലീസ്. സി.ഐ. സുരേഷ് ബാബു 'കൈകാര്യം' ചെയ്ത നാരായണന്‍ നായര്‍ ഒരു ക്രിമിനലോ കൊലയാളിയോ അല്ല. അദ്ദേഹം ഒരു എക്സ് മിലിട്ടറിയാണ്. അതായത് രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ യൗവനം ഹോമിച്ച് തിരിച്ചെത്തി സ്വസ്ഥജീവിതം നയിക്കുന്ന ഒരു ഉത്തമ പൗരന്‍ ! അദ്ദേഹത്തിന്റെ നേര്‍ക്കാണ് വടകര പൊലീസിന്റെ ഈ നരനായാട്ട്. ടി.പി. ചന്ദ്രശേഖരന്‍ കേസ് അന്വേഷണത്തിന്റെ വൈരാഗ്യം വിട്ടുമാറാത്ത പൊലീസുകാരായിരിക്കാം ഇവര്‍. 
 
ജനനേന്ദ്രിയം തകര്‍ക്കല്‍ പരിപാടി കേരള പോലീസ്  തെരുവുമുറയായി സ്വീകരിച്ചത് സോളാര്‍ അഴിമതിക്കെതിരായ പ്രക്ഷോഭത്തിനുനേരെ തിരുവനന്തപുരത്താണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുനേരെ സമാധാനപരമായി കരിങ്കൊടി കാട്ടിയ ജയപ്രസാദ് എന്ന സിപിഐ എം പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം ലാത്തികൊണ്ട് കുത്തി തകര്‍ക്കുകയായിരുന്നു തുമ്പ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിജയദാസും സംഘവും. 2011-ലെ കേരള പോലീസ് ആക്ട് അനുസരിച്ച് എല്ലാ രീതിയിലുള്ള മൂന്നാം മുറകളും നിരോധിച്ച സംസ്ഥാനമാണ് കേരളം. നിയമം നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട പോലീസ് ഇപ്പോള്‍ നിയമലംഘനം നടത്തുന്നു. ജനനേന്ദ്രിയം തകര്‍ക്കുകയെന്നത് ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്തതാണ്. ലോക്കപ്പ് മുറിയില്‍ ഉരുട്ടല്‍ തുടങ്ങിയ പ്രാകൃത രീതികള്‍ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്ത് അരങ്ങേറിയിരുന്നു. ഇറാക്കില്‍ നിന്നും, അഫ്ഗാനിസ്ഥാനില്‍ നിന്നും കുവൈറ്റില്‍ നിന്നുമൊക്കെ 'ഭീകരരെ' പിടിച്ചുകൊണ്ടുവന്ന് ഗ്വാണ്ടനാമോ ജയിലിലിട്ട് ക്രൂരമായി ഭേദ്യം ചെയ്തിരുന്നു അമേരിക്ക. എത്രയോ നിരപരാധികള്‍ ആ ചുറ്റുമതിലിനുള്ളില്‍ ജീവിതം ഹോമിക്കപ്പെട്ടിരിക്കുമെന്ന് ആര്‍ക്കും അറിയില്ല. പക്ഷെ, നമ്മുടെ സാംസ്ക്കാരിക കേരളത്തില്‍, പട്ടാപ്പകല്‍ തെരുവില്‍ ജനക്കൂട്ടത്തിനിടയില്‍ വെച്ച്, ഒരു നിരായുധനെ പോലീസുകാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്.  ജനക്കൂട്ടം നോക്കിനില്‍ക്കെ പ്രക്ഷാഭകനെ പിടിച്ചുവച്ച് ജനനേന്ദ്രിയം പിടിച്ചുതകര്‍ക്കുക എന്നത് കേരള പൊലീസില്‍നിന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്ന നടപടിയാണോ! 
 
അമൃതാനന്ദമയി മഠത്തില്‍ അസ്വാഭാവികമായി പെരുമാറിയ, മാനസികരോഗിയായ ബീഹാര്‍ സ്വദേശി സത്‌നാം സിംഗ് പോലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതും,   റബ്ബര്‍പ്പുര കത്തി നശിച്ചതിന്റെ പേരില്‍ കസ്റഡിയിലെടുത്ത കൊല്ലം സ്വദേശി അജികുമാറിനെക്കൊണ്ട് കുറ്റസമ്മതം നടത്തിപ്പിക്കാനായി മൂന്നാംമുറ പ്രയോഗിച്ചതിന്റെ പേരില്‍ കസ്റ്റഡിയിലിരിക്കേ മരണപ്പെട്ടതുമൊക്കെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ഏതെങ്കിലും വിധേന തെളിയിച്ചെടുക്കാനായി പോലീസിന് സര്‍ക്കാര്‍ നല്‍കിയ അമിതാധികാരത്തിന്റെ അനന്തരഫലമാണ്. പിടികൂടുന്നവരെ പിടിച്ചയുടന്‍ മര്‍ദിക്കുക, ലോക്കപ്പില്‍ കൊണ്ടുപോയി സങ്കല്‍പ്പകസേരയില്‍ ഇരുത്തുക, തലകീഴായി കെട്ടിത്തൂക്കുക, ചെകിടത്ത് മാറിമാറി അടിച്ച് ശ്രവണപുടം തകര്‍ക്കുക, കൈകാലുകള്‍ ഒടിക്കുക, വിരലുകള്‍ക്കിടയില്‍ ചെറിയ മരക്കഷണമോ, പേനയോ വെച്ച് ഞെരിച്ചമര്‍ത്തുക, മലദ്വാരത്തില്‍ കമ്പി കയറ്റുക, മൂത്രദ്വാരത്തില്‍ മുളക് പുരട്ടി തേക്കുക തുടങ്ങി നിരവധി മര്‍ദ്ദന മുറകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നുണ്ടെന്നതിനുള്ള അനേകം ആക്ഷേപങ്ങള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. ഇങ്ങനെ ക്രൂരമായി പീഢിപ്പിക്കാന്‍ കേരളാ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണോ ? 
 
രമേശ് ചെന്നിത്തലയാണ് അതിന് ഉത്തരം പറയേണ്ടത്. അമേരിക്കയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തകരും, അഭ്യുദയകാംക്ഷികളും, സഹപാഠികളുമൊക്കെയുണ്ട്. ഒരുപക്ഷേ, നിങ്ങള്‍ക്കെങ്കിലും കേരളാ പോലീസിന്റെ ഈ കിരാതഭരണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് ഒരു മാറ്റത്തിനായി ശ്രമിക്കാവുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.