You are Here : Home / Readers Choice

മഴപ്പച്ചകൾ പ്രദർശിപ്പിച്ചു

Text Size  

Story Dated: Thursday, April 12, 2018 05:27 hrs UTC

വാർധക്യത്തിലെ ഒറ്റപ്പെടലിന്റെ വേദനകൾ പകർന്ന സാവന്നയിലെ മഴപ്പച്ചകൾ എന്ന ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദർശനം ദുബായിൽ നടന്നു. ആദ്യമായി ജോർജിയയിൽ ചിത്രീകരിച്ച മലയാള ഹ്രസ്വ ചിത്രമെന്ന പ്രത്യേകതയോടെ പുറത്തിറങ്ങിയ ഇൗ സിനിമ പ്രേക്ഷകകരുടെ മനംകവർന്നു. 
 
ജീവിതത്തില്‍ രണ്ട് വ്യക്തികളെ യാതൊരു കാരണവശാലും മറക്കരുത്–ഒന്ന് മാതാവ്. മറ്റൊന്ന് പിതാവ് എന്ന മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൽ കലാമിന്റെ വാക്കുകളിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ദുബായ് ആർടിഎയിൽ ഉദ്യോഗസ്ഥനായ നൗഷാദാണ്. ദുബായിൽ റേഡിയോ ആർജെയായ അർഫാസ്, നിർമാതാവ് കൂടിയായ വി.ഹർഷവർധൻ, ജയാ മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
വയോധികരായ മാതാപിതാക്കളെ ശ്രദ്ധിക്കാൻ സമയമില്ലാത്ത മകനും മരുമകളും. ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ ലയിച്ചുപോകുന്ന കൊച്ചുമകൻ. അന്ധയായ മാതാവിന്റെയും പിതാവിന്റെയും ഏക ആശ്വാസം സ്കൂൾ ബസ് കാത്തിരിക്കുന്ന അടുത്ത വീട്ടിലെ പെൺകുട്ടിയുടെ കുസൃതിത്തരങ്ങളിലാണ്. ആൾക്കൂട്ടത്തിലും കടുത്ത ഏകാന്തത അനുഭവിക്കുന്നവരുടെ കഥയാണ് 17 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം പറയുന്നതെന്ന് നൗഷാദ് പറഞ്ഞു. പിതാവായി ഹർഷവർധൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്ന അദ്ദേഹത്തിൻ്റെ ഭാവപ്പകർച്ചകൾ വളരെ സ്വാഭാവികമാണെന്ന് ചിത്രം കണ്ടവർ അഭിപ്രായപ്പെട്ടു
 
സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് വ്യവസായിയായ താൻ ഇത്തരമൊരു ചിത്രം നിർമിക്കാൻ കാരണമെന്ന് ഹർഷവർധൻ പറഞ്ഞു.  കലാകാരിയും എഴുത്തുകാരിയുമായ ജയാമേനോനും തൻ്റെ കഥാപാത്രത്തെ ഭംഗിയാക്കി. മകൻ ജോസ് അർഫാസിൻ്റെ കൈയിൽ ഭദ്രമായിരുന്നു. ചലച്ചിത്ര നടൻ കൂടിയായ രാജേഷ് ശർമ, രാജൻ വർക്കല, പ്രദീപ് ജോൺ, ശാന്തിനി, സലീഹ അംബ്രീൻ, വൈഗ നിധീഷ്, പ്രകാശ് വടകര, അലീന, റിയോന, സ്വപ്ന, മഞ്ജു, അർച്ചന, മെറീൻ, സ്യാൻ, സബാ, സെബിൻ, അലക്സ് എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. സംവിധായകൻ്റെ പ്രതിഭ ആവോളം പതിഞ്ഞ ചിത്രമാണ് സാവന്നയിലെ മഴപ്പച്ചകൾ. ലോകത്തിന്റെ ഏത് കോണിലും ഇന്നു നടക്കുന്ന സംഭവമാണെങ്കിലും ജോർജിയ എന്ന മനോഹരമായ ഭൂപ്രകൃതിയുള്ള സ്ഥലത്തിന്റെ ആകർഷണീയത പ്രേക്ഷകർക്ക് നുകരാനാകുമെന്നതിനാലാണ് ചിത്രീകരണം അവിടെയാക്കിയതെന്ന് നൗഷാദ് പറഞ്ഞു.
 
ജോർജിയയിലെ സർക്കാർ വകുപ്പുകൾ ചിത്രീകരണത്തിന് ഏറെ സഹായം നൽകി. നേരത്തെ നൗഷാദ് ദ് അൺ എെഡന്റിഫൈഡ്, ബിബി, ദ് സപ്പർ, ദ് ട്രാപ്, ഏഞ്ചൽ എന്നീ ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇവയിൽ പലതും രാജ്യാന്തര തലത്തിൽ പുരസ്കാരങ്ങൾ നേടുകയും ചെയ്തു. സിനിമാ ഛായാഗ്രാഹകനായ അരുൾ കെ.സോമസുന്ദരമാണ് സാവന്നയിലെ മഴപ്പച്ചകൾക്ക് ക്യാമറ ചലിപ്പിച്ചത്. എഡിറ്റിങ്: രജീഷ് സുഗുണൻ. സംഗീതം: പി.കെ.സുനിൽകുമാർ. ഡിസൈൻ: ദീപുലാൽ രാഘവൻ, പ്രൊഡക് ഷൻ കൺട്രോളർ: ജോൺസൺ മാത്യു. ചിത്രം ഉടൻ യു ട്യൂബിൽ ലഭ്യമാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.