You are Here : Home / Readers Choice

എല്ലാ ജീവനും വിലയുണ്ട്

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Tuesday, July 11, 2017 11:46 hrs UTC

ഒലാത്തേ (കാന്‍സസ്) : സമൂഹത്തിലെ ഒരു വിഭാഗത്തിലെ ആരെങ്കിലും അക്രമിയുടെ വെടിയുണ്ടക്ക് ഇരയാകുമ്പോള്‍ ആ സമൂഹ വിഭാഗം തങ്ങളുടെ ജീവന് വിലയുണ്ട് എന്ന് മുറവിളി കൂട്ടി പ്രക്ഷോഭം നടത്താറുണ്ട്. മറ്റ് വിഭാഗങ്ങളിലെ മനുഷ്യര്‍ വെടിയേറ്റ് വീഴുമ്പോള്‍ നാം അറിയാതെ പറഞ്ഞു പോകും 'എല്ലാ ജീവനും വിലയുണ്ട്'. 32 കാരനായ ശ്രീനിവാസ് കച്ചിബോട്ടല എന്ന ഇന്ത്യന്‍ വംശജന്‍ ഒരു ഘാതകന്റെ വെടിയേറ്റ് കാന്‍സസിലെ ചെറിയ നഗരത്തിലെ ഓസ്റ്റിന്‍സ് ബോര്‍ ആന്റ് ഗ്രില്ലില്‍ മരിച്ചു വീണിട്ട് നാല് മാസം കഴിഞ്ഞു. താന്‍ ശ്രീനു എന്ന് വിളിക്കുന്ന തന്റെ ഭര്‍ത്താവ് ഇനി വരില്ല എന്ന് വിശ്വസിക്കുവാന്‍ സുനയന ധുമാലയ്ക്ക് ഇപ്പോഴും കഴിയുന്നില്ല. അന്ന് രാവിലെ പതിവ് പോലെ തിടുക്കത്തില്‍ സുനയയോട് ബൈ പറഞ്ഞു ശ്രീനു പോയതാണ്. ഗ്രാര്‍മിന്‍ കമ്പനിയുടെ ഹെഡ് ക്വാട്ടേഴ്‌സില്‍ സീനിയര്‍ ഏവിയേഷന്‍ സിസ്റ്റംസ് എഞ്ചിനിയറയാണ് ശ്രീനു ജോലി ചെയ്തിരുന്നത്. വൈകിട്ട് ചിലപ്പോഴൊക്കെ സുഹൃത്ത് മഡസനിയുമൊത്ത് ഓസ്റ്റിന്‍സില്‍ പോയിരുന്നു ബിയര്‍ കഴിക്കുമായിരുന്നു.

 

 

 

അന്നും ശ്രീനുവും സുഹൃത്തും ഒത്തു കൂടി. ഓസ്റ്റിന്‍സിന്റെ പാടിയോയിലിരുന്നു മില്ലര്‍ ലൈറ്റും ആസ്വദിച്ച് ബോളിവുഡ് സിനിമാകളെ കുറിച്ച് ചര്‍ച്ച് ചെയ്ത് ഇരിക്കുകയായിരുന്നു. പെട്ടന്നാണ് വെളുത്ത വര്‍ഗ്ഗക്കാരനായ നേവിയില്‍ നിന്ന് വിരമിച്ച ആരം പുരിന്റണ്‍ കടന്നു വന്നത്. അയാള്‍ക്ക് അറിയേണ്ടിയിരുന്നത് ശ്രീനുവും കൂട്ടുകാരനും ഈ നാട്ടുകാരാണോ എന്നായിരുന്നു. മഡസനി മറുപടി പറയാതെ ബാറിന്റെ മാനേജരെ കൂട്ടിവന്നു. മാനേജരും മറ്റൊരാളും ചേര്‍ന്ന് പുരിന്റ്‌നെ ബാറിന് പുറത്തെത്തിച്ചു. മാനേജരും മറ്റുള്ളവരും ശ്രീനുവിനോടും മഡസനിയോടും മാപ്പ് പറയുകയും അവരുടെ ബില്‍ അടയ്ക്കുകയും ചെയ്തു. സന്ധ്യ മയങ്ങി. ഏഴേകാല്‍ കഴിഞ്ഞപ്പോള്‍ ബാറിലെ തിരക്കൊഴിഞ്ഞു. വലിയ ടെലിവിഷന്‍ സ്‌ക്രീനില്‍ കാന്‍സസും ടെക്‌സസ് ക്രിസ്റ്റിയന്‍ യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള ബാസ്‌കറ്റ് ബാള്‍ മത്സരം ജെയ് ഹ്വാക്ക്‌സ് പ്രേമികള്‍ ആസ്വദിച്ച് ഇരുന്നു. അക്രമി വീണ്ടും കടന്നു വന്നു. അയാളുടെ കയ്യില്‍ ഹാന്‍ഡ് ഗണ്ണുണ്ടായിരുന്നു, എന്റെ രാജ്യത്ത് നിന്ന് പുറത്ത് പോകു എന്ന് അലറികൊണ്ട് തുരുതുരെ വെടിയുതിര്‍ത്തു.

 

 

ശ്രീനുവും മഡസനിയും വെളുത്ത വര്‍ഗക്കാരനെയും യൂണിവേഴ്‌സിറ്റി ഓഫ് കാന്‍സസ് ആശുപത്രിയില്‍ എത്തിച്ചു. ഇതിനകം മരിച്ചു കഴിഞ്ഞിരുന്ന ശ്രീനുവിനെ മരിച്ചിട്ടാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത് എന്ന് സ്ഥിതീകരിച്ചു. മറ്റ് രണ്ട് പേരും പരിക്കുകളേറ്റ് കുറേ ദിവസം ആശുപത്രിയില്‍ കഴിഞ്ഞു. രക്ഷപ്പെട്ട അക്രമി 80 മൈലകലെയുള്ള ക്ലിന്റണ്‍ നഗരത്തിലെ ഒരു ബാറില്‍ മദ്യപിച്ചുകൊണ്ടിരുന്നപ്പോള്‍ പോലീസിന്റെ പിടിയിലായി. ശ്രീനുവിന്റെ സ്വന്തം പരിശ്രമത്തില്‍ വീടിനുള്ളില്‍ ഒരു ചെറിയ പൂജാമുറി തയ്യാറാക്കിയിരുന്നു. പൂജാമുറിയില്‍ എല്ലാ ദിവസവും ശ്രീനുവും സുനയനയും പ്രണമിച്ച് പ്രാര്‍ത്ഥിച്ചിരുന്നു. ശ്രീനുവിന്റെ മരണത്തിന് ശേഷം ഒന്ന് രണ്ട് ദിവസം പൂജാ മുറിയില്‍ കടക്കുവാന്‍ പോലൂം തനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല എന്ന് സുനയന പറയുന്നു. പിന്നീട് ധൈര്യം സംഭരിച്ച് പ്രാര്‍ത്ഥനകള്‍ നടത്തുന്നു. കൊലപാതകിയെ കുറിച്ച് സുനയന പറയുന്നത് ഇങ്ങനെയാണ്: അയാള്‍ വ്രണിതനായിരുന്നിരിക്കാം. എങ്ങനെ വ്രണിതനായി എന്നെനിക്കറിയില്ല. ഈ ജീവന്‍ എടുക്കുക വഴി അയാള്‍ എന്താണ് ചെയ്തത്? അയാളുടെ ലക്ഷ്യം നിറവേറ്റിയോ? എനിക്കും ഇപ്പോള്‍ ദേഷ്യം ഉണ്ട്. എന്നാല്‍ അത് എനിക്ക് അയാളുടെ ജീവനെടുക്കുവാനുള്ള അവകാശം നല്‍കുന്നില്ല.

 

 

ഒരു ചൊവ്വാഴ്ച ദിവസം ഹൈദ്രാബാദിലെ ഒരു ശ്മശാനത്തില്‍ ശ്രീനുവിന്റെ മൃതദേഹം ദഹിപ്പിച്ചു. അയാളുടെ 33ാം ജന്മദിനത്തിന് 9 ദിവസം മുന്‍പ്. അറസ്റ്റിലായ അക്രമി പറഞ്ഞത് അയാള്‍ കരുതിയത് ശ്രീനുവും സുഹൃത്തും ഇറാനികളാണെന്നാണ്. എന്റെ രാജ്യത്ത് നിന്ന് പുറത്തുപോകൂ എന്നാക്രോശിച്ച് വെടിവച്ചതിന് ഇങ്ങനെയാണ് അയാള്‍ വിശദീകരണം കണ്ടെത്തിയത്. 2001 സെപ്തംബറില്‍ ഡാലസിനടുത്ത് മസ്‌കിറ്റില്‍ ഒരു ഗ്യാസ് സ്‌റ്റേഷന്‍ ഉടമയെ കൊന്ന വെളുത്ത വര്‍ഗക്കാരനും ആ ഗുജറാത്ത് വംശജനെ മുസ്ലീമായി തെറ്റിധരിച്ചാണ് കൊലപ്പെടുത്തിയത് എന്ന് പറഞ്ഞിരുന്നു. കൊലപാതകിയുടെ വിശദീകരണത്തിന് ശേഷം വര്‍ണവിദ്വേഷകുറ്റം കൂടി അയാള്‍ക്കുമേല്‍ ചുമത്തുവാന്‍ അധികൃതര്‍ തയാറായി. മാസങ്ങള്‍ പിന്നിട്ടുവെങ്കിലും പൂജ മുറിയില്‍ ഏകയായി, നിശബ്ദയായി ജനാലകള്‍ക്കപ്പുറത്ത് മിഴിനട്ട് സുനയന കാത്തിരിക്കുന്നു. അവര്‍ക്കറിയാം അവരുടെ നഷ്ടം നികത്താനാവില്ല എന്ന്. എങ്കിലും വിശ്വസിക്കുവാന്‍ തയ്യാറാകാതം ശ്രീനുവിനെ കാത്തിരിക്കുകയാണ് അവര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.