You are Here : Home / Readers Choice

അഗ്നിക്കിരയായ മുസ്ലിം പള്ളി പുനര്‍നിര്‍മ്മിക്കാന്‍ 800,000 ഡോളര്‍ സംഭാവന ലഭിച്ചു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, January 31, 2017 11:57 hrs UTC

; ക്രിസ്ത്യന്‍ ജൂത ആരാധനാലയങ്ങള്‍ മുസ്ലിംകള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ തുറന്നുകൊടുത്തു

 

ഹ്യൂസ്റ്റണ്‍: ടെക്‌സസിലെ വിക്ടോറിയയില്‍ തീപിടിത്തത്തില്‍ നശിച്ച മുസ്‌ലീം പള്ളി പുനര്‍നിര്‍മിക്കാന്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഏകദേശം 800,000 ഡോളര്‍ സംഭാവനയായി ലഭിച്ചത് മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃകയായി. രണ്ടു ദിവസം കൊണ്ട് ഇത്രയും തുക ധനസഹായമായി ലഭിച്ചതില്‍ ടെക്സസിലെ മുസ്ലീം സമൂഹം കൃതാര്‍ത്ഥരുമായി. ശനിയാഴ്ച പുലര്‍ച്ചെയാണ് ടെക്സസിലെ വിക്ടോറിയയിലുള്ള 'ഇസ്ലാമിക് സെന്റര്‍ ഓഫ് വിക്ടോറിയ' അഗ്നിക്കിരയായത്. സെന്റര്‍ മുഴുവനും അഗ്നിക്കിരയായതോടെ വിക്ടോറിയയിലുള്ള ക്രിസ്ത്യന്‍ ജൂത ആരാധനാലയങ്ങളില്‍ മുസ്ലിംകള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ സൗകര്യം ഒരുക്കിയത് വാര്‍ത്തയായിരുന്നു. ട്രം‌പിന്റെ വിവാദമായ മുസ്ലിം വിരുദ്ധ ഉത്തരവ് വന്നതിനു തൊട്ടുപിന്നാലെയാണ് പള്ളിക്ക് തീ പിടിച്ചതെന്നതും നിര്‍ഭാഗ്യകരമായി. എന്നാല്‍, ക്രൈസ്തവരുടേയും ജൂത വംശജരുടേയും അകമഴിഞ്ഞ സഹകരണം മതസൗഹാര്‍ദ്ദത്തിന്റെ വേറിട്ട മുഖമാണ് പ്രകടമാകുന്നതെന്ന് ഇസ്ലാമിക് സെന്റര്‍ അധികൃതര്‍ പ്രതികരിച്ചു.

 

 

ഹ്യൂസ്റ്റണ്‍, സാന്‍‌ആന്റോണിയോ, കോര്‍പസ് ക്രിസ്റ്റി, ഫോര്‍ട്ട്‌വര്‍ത്ത് എന്നീ സ്ഥലങ്ങളില്‍ നിന്ന് ജാതിമതഭേദമന്യേ ജനങ്ങള്‍ വിക്ടോറിയയിലേക്ക് ഡ്രൈവ് ചെയ്തു വന്ന് ഞങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തത് അമേരിക്കന്‍ ജനതയുടെ മതസൗഹാര്‍ദത്തിന്റെ ഉദാത്ത മാതൃകയാണെന്നും, മതസൗഹാര്‍ദ്ദം സുദൃഢമാണെന്നുമുള്ള സന്ദേശമാണ് നല്‍കുന്നതെന്നും ഇസ്ലാമിക് സെന്റര്‍ അധികൃതര്‍ പ്രതികരിച്ചു. ടെക്‌സസില്‍ നിന്നടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ വഴിയായി ലഭിച്ച സഹായം ഞായറാഴ്ച 800,000 ഡോളര്‍ കവിഞ്ഞിരുന്നു. തിങ്കളാഴ്ചയോടെ അത് 850,000 ഡോളറാകുമെന്ന് ഇസ്ലാമിക് സെന്റര്‍ അധികൃതര്‍ പറഞ്ഞു. സെന്റര്‍ അഗ്നിക്കിരയായ ഉടനെ ഫണ്ട് ശേഖരണത്തിനായി gofundme.com ല്‍ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. തീ പിടിത്തത്തിന്റെ കാരണം ഇപ്പോഴും ലഭിച്ചിട്ടില്ല. എങ്കിലും അന്വേഷണം പുരോഗമിക്കുകയാണ്. വിക്ടോറിയ മാര്‍ഷല്‍ ഓഫീസും, ടെക്സസിലെ അഗ്നിശമന സേനാ വിഭാഗവും, ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ടുബാക്കോ, ഫയര്‍ ആംസ് ആന്റ് എക്സ്പ്ലോസിവ്സും അന്വേഷണം ത്വരിതപ്പെടുത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.