You are Here : Home / Readers Choice

സ്വപ്ന ഭൂമിയിലേയ്ക്കുള്ള യാത്ര ദൈര്‍ഘ്യം 12,000 മൈല്‍, ചെലവ് 30,000 ഡോളര്‍

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Wednesday, November 14, 2018 11:29 hrs UTC

അനധികൃത കുടിയേറ്റക്കാരോട് യാതൊരു ദാക്ഷിണ്യവും ഉണ്ടാവില്ല, അവര്‍ പൊതു സുരക്ഷയ്ക്കും പൊതു സംവിധാനത്തിനും അപകടകരമായ ഭീഷണിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇടയ്ക്കിടെ പറയാറുണ്ട്. പക്ഷെ മനുഷ്യക്കടത്ത് ചെന്നായ്ക്കള്‍ക്ക് ഇപ്പോഴും ഇറ്റീസ് ബിസിനസ് അസ് യൂഷ്വല്‍- എല്ലാം പതിവ് പോലെ ആണ്. 2018 ല്‍ യുഎന്‍ സഹകരണത്തോടെ നടത്തിയ ഗ്ലോബല്‍ സ്റ്റഡി ഓണ്‍ സ്മഗ്‌ളിംഗ് ഓഫ് മൈഗ്രന്റ്‌സ് കണ്ടെത്തിയത് മെക്‌സിക്കോയില്‍ നിന്നും മധ്യ അമേരിക്കയില്‍ നിന്നും യുഎസിലേയ്ക്ക് മനുഷ്യക്കടത്ത് നടത്തുന്ന വ്യവസായത്തില്‍ പ്രതിവര്‍ഷം ഒഴുകുന്നത് 7.4 ബില്യണ്‍ ഡോളറാണെന്നാണ്. ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ പ്രതിവര്‍ഷ അറ്റാദായം ഏതാണ്ട് ഇത്രയുമാണ് ! യുഎന്‍ കണക്ക് പ്രകാരം വിവിധ രാജ്യക്കാരായ 8 ലക്ഷം കുടിയേറ്റക്കാര്‍ പ്രതിവര്‍ഷം മെക്‌സിക്കന്‍ അതിര്‍ത്തി (കരമാര്‍ഗം) തരണം ചെയ്യുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കുടിയേറ്റം നടത്തുകയോ കുടിയേറ്റത്തിന് ശ്രമിക്കുകയോ ചെയ്യുന്നവര്‍ ഇതില്‍ വളരെ കൂടുതലാണെന്ന് മാധ്യ പ്രവര്‍ത്തകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ദക്ഷിണ ഏഷ്യയില്‍ നിന്ന് ഇക്വഡോറും കൊളംബിയയും കടന്ന് ദിനംപ്രതി ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് പോകുന്നത്.

മെഡലിനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അല്‍ കൊളംബിയാനോ ദിനപ്പത്രം 2017 ല്‍ 4,000 നും 11,000നും ഇടയില്‍ രേഖകള്‍ ഇല്ലാത്ത കുടിയേറ്റക്കാര്‍ കൊളംബിയയുടെ കാപ്പര്‍ഗന പ്രദേശത്ത് കൂടി കടന്ന് പോകുന്നതായി റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ ഏറെയും ഇന്ത്യയില്‍ നിന്നും നേപ്പാളില്‍ നിന്നും എത്തിയവരാണെന്നും പത്രം പറഞ്ഞു. ഈ കണക്കുകളില്‍ ഇന്ത്യയിലെ പഞ്ചാബില്‍ നിന്നെത്തിയവരെ ഉള്‍പ്പെടുത്തിയിരുന്നില്ല എന്ന് കണ്ടെത്തി. കാരണം പഞ്ചാബികള്‍ കാപ്പര്‍ഗനയ്ക്ക് മുകളില്‍ മലകളിലുള്ള ക്യാമ്പുകളിലാണ് തങ്ങുക. ഇവര്‍ പാരാ മിലിട്ടറി സംഘങ്ങളുടെ മേല്‍നോട്ടത്തിലായിരിക്കും. കാപ്പര്‍ഗനയിലൂടെ കടന്നു പോകുന്നവര്‍ ഒരു വര്‍ഷം ഏകദേശം 24,000 ആണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെത്തിക്കുവാന്‍ നേപ്പാളില്‍ നിന്നും ഇന്ത്യയില്‍ നിന്നും താല്പര്യപ്പെടുന്നവര്‍ നല്‍കേണ്ടത് ഏകദേശം 30,000 ഡോളറാണ്. ട്രാവല്‍ ഏജന്റുകളെപോലെ പ്രത്യക്ഷപ്പെടുന്ന മനുഷ്യക്കടത്തുകാര്‍ ഇന്ത്യയിലും നേപ്പാളിലും അറിയപ്പെടുന്നത് ദല്ലാളുമാരായാണ്. എത്തേണ്ട സ്ഥലവും അവിടെ എത്തുവാനുള്ള താല്പര്യവും അനുസരിച്ചാണ് യാത്രയുടെ നിരക്ക് നിശ്ചയിക്കുന്നത്.

 

ഖത്തര്‍, പേര്‍ഷ്യന്‍, ഗള്‍ഫ്, മലേഷ്യ തുങ്ങിയ തൊഴില്‍ വിസ അനായാസം ലഭിക്കുന്ന രാജ്യങ്ങളിലേയ്ക്ക് കൊണ്ടുപോകാന്‍ 1,000, 1,500 ഡോളര്‍ നല്‍കിയാല്‍ മതി. അനധികൃതമായി പോകേണ്ട രാജ്യങ്ങളിലേയ്ക്കുള്ള യാത്രയുടെ ചെലവ് കൂടും. ചിലിയാണ് യുഎസ് കഴിഞ്ഞാല്‍ പലരുടെയും സ്വപ്ന ഭൂമി. ചിലിയിലെത്തിക്കുവാന്‍ 15,000 ഡോളര്‍ വേണം. ഈ തുക ഒരു കാരണവശാലും (യാത്രയില്‍ പിടിക്കപ്പെട്ടാലും) തിരികെ ലഭിക്കുകയില്ല. കാപ്പര്‍ഗനയിലൂടെ പ്രതിവര്‍ഷം കടന്നു പോകുന്ന കുടിയേറ്റക്കാരില്‍ നിന്ന് മനുഷ്യക്കടത്തുകാര്‍ക്ക് ലഭിക്കുന്നത് 720 മില്യന്‍ ഡോളറാണ്. ഇത് നേപ്പാളിലും മറ്റും പണം കടം വാങ്ങുന്നതിന് കുടിയേറ്റക്കാര്‍ നല്‍കുന്ന 30% പലിശ കൂടാതെയാണ്. ദക്ഷിണ ഏഷ്യന്‍ കുടിയേറ്റക്കാര്‍ക്കാണ് മെക്‌സിക്കന്‍ അതിര്‍ത്തി കടക്കുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വരെക്കാള്‍ കൂടുതല്‍ പണം നല്‍കേണ്ടി വരുന്നത്. 7,76,000 മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരും, ഇന്ത്യ, നേപ്പാള്‍ കുടിയേറ്റക്കാരും ഒരോ വര്‍ഷവും ദശബില്യണ്‍ കണക്കിന് ഡോളര്‍ മനുഷ്യക്കടത്തുകാര്‍ക്ക് നല്‍കുന്നു. എങ്ങനെയാണ് താരതമ്യേന ദരിദ്രരായ നേപ്പാളികളും പണം കണ്ടെത്തുന്നത് ? യുഎന്‍ ക്യാപ്പിറ്റല്‍ ഡെവലപ്‌മെന്റ് ഫണ്ടിന്റെ 2014 ലെ റിപ്പോര്‍ട്ട് അനുസരിച്ച് 10 ല്‍ ഒരു നേപ്പാള്‍ കാരന് മാത്രമേ നിയമപരമായി പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ നിന്നും വായ്പ എടുത്തിട്ടുള്ളൂ.

എന്നാല്‍ ഏതൊരു നേപ്പാള്‍ കാരനും നൊടിയിടയില്‍ അനധികൃതമായി 20,000 , 30,000 ഡോളര്‍ കടം നേടാന്‍ കഴിയും. ചിലര്‍ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കടം വാങ്ങുന്നു. ഭൂരിപക്ഷവും പണം പലിശയ്ക്ക് നല്‍കുന്ന സ്വകാര്യ വ്യക്തികളില്‍ നിന്നാണ് കടം വാങ്ങുന്നത്. സാധാരണ യാത്ര ഒരുക്കുന്ന ദല്ലാളും പണം കടം നല്‍കുന്ന വ്യക്തിയുമായി ധാരണ ഉണ്ടായിരിക്കും. ജാമ്യമായി കുടുംബത്തിന്റെ ഭൂമി നല്‍കുന്നു. കടം തിരിച്ചടച്ച് ഭൂമി വണ്ടും സ്വന്തമാക്കാനുള്ള തത്രപ്പാട് യാത്രയിലെ ദുരിതങ്ങള്‍ സഹിക്കുവാന്‍ സഹായിക്കുന്നു. നേപ്പാളില്‍ നിന്ന് ചിലിയിലെ സാന്റിയാഗോയിലെത്തിയ ഒരു സംഘം കുടിയേറ്റക്കാര്‍ക്ക് പറയാനുള്ളത് ഒരു കദനകഥയാണ്. സാന്റിയാഗോ എയര്‍പോര്‍ട്ടില്‍ നിന്ന് അവരെ നേരെ ഒരു പഴവര്‍ഗത്തോട്ടത്തിലേയ്ക്ക് കൊണ്ടുപോയി. ഓരോ ദിവസവും 10 മണിക്കൂറില്‍ അധികം പണിയെടുപ്പിച്ചു. ഓരോ മാസവും ലഭിക്കേണ്ടിയിരുന്ന 400 ഡോളര്‍ കടം തിരിച്ചടയ്ക്കുവാന്‍ പിടിച്ചെടുത്തു. മൂന്ന് വര്‍ഷം ഇങ്ങനെ കഴിഞ്ഞു. തുടര്‍ന്നെങ്കിലും തങ്ങളുടെ വേതനം തങ്ങള്‍ക്ക് ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഇവര്‍. യാഥാര്‍ത്ഥ്യം ഇങ്ങനെ ആയിരിക്കെ സുന്ദരസ്വപ്നങ്ങള്‍ വില്ക്കുന്ന തിരക്കിലാണ് ദല്ലാളുമാര്‍. കുടിയേറ്റ മോഹികളായ നേപ്പാളികളോട് അവര്‍ പറയുന്നത് ചിലിയില്‍ പ്രതിമാസം 1,500 മുതല്‍ 2,000 വരെ ഡോളര്‍ ലഭിക്കുമെന്നും 12 മാസം കഴിഞ്ഞാല്‍ യുഎസിന്റെയോ ഓസ്‌ട്രേലിയാ യുടെയോ വിസ ലഭിക്കും എന്നുമാണ്. ലാറ്റിന്‍ അമേരിക്കയിലെ ഒരു സാമൂഹ്യ പ്രവര്‍ത്തക കണ്ടെത്തിയത് ഒരു സംഘം ഘാനക്കാര്‍ക്ക് കോസ്റ്ററിക്കയിലെ ഫുട്ബാള്‍ ടീമിന്റെ കോണ്‍ട്രാക്ട് നേടിക്കൊടുക്കാമെന്നാണ്. വൈകാതെ സ്വപ്നങ്ങള്‍ തകരുന്നത് ഇവരും കണ്ടു. ഇതൊക്കെയാണെങ്കിലും കുടിയേറ്റക്കാരുടെ ഒഴുക്കിന് ഭംഗം വരില്ല. ട്രംപ് ഭരണകൂടം 2019 ല്‍ (ഒക്ടോബറില്‍ ആരംഭിച്ച സാമ്പത്തിക വര്‍ഷത്തില്‍) 30,000 അഭയാര്‍ത്ഥികളെ മാത്രമേ സ്വീകരിക്കൂ എന്ന് അറിയിച്ചു കഴിഞ്ഞു. ഓരോ വളവിലും തിരിവിലും പിടിക്കപ്പെട്ട് തിരിച്ചയ്ക്കപ്പെടുമോ എന്ന ഭയത്തില്‍ മുന്നോട്ട് നീങ്ങുന്ന കുടിയേറ്റ സംഘങ്ങള്‍ക്ക് പ്രഖ്യാപനങ്ങള്‍ കേള്‍ക്കാന്‍ പോലും കഴിയാറില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More
More From Trending
View More