You are Here : Home / Readers Choice

വധശിക്ഷ നടപ്പാക്കുന്നതില്‍ ടെക്സാസിനൊപ്പം മിസ്സോറി സംസ്ഥാനവും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, December 11, 2014 12:23 hrs UTC


മിസ്സോറി . അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന സംസ്ഥാനമാണ് ടെക്സാസ്. ടെക്സാസ് റിക്കാര്‍ഡ് മറികടക്കനായില്ലെങ്കിലും ഒപ്പമെത്താന്‍ മിസ്സോറി സംസ്ഥാനത്തിനു കഴിഞ്ഞു.

ഇന്ന് ഡിസംബര്‍ 10 ബുധനാഴ്ച പുലര്‍ച്ച 1.30 ന് മിസ്സോറിയില്‍ 2014 ലെ പത്താമത് വധശിക്ഷ നടപ്പാക്കി. ടെക്സാസിലും ഈ വര്‍ഷം 10 വധശിക്ഷയാണ് നടപ്പിലാക്കിയത്. അമേരിക്കയില്‍ ഈ വര്‍ഷം നടപ്പാക്കിയ 34 വധശിക്ഷകളില്‍ എട്ട് എണ്ണം ഫ്ലോറിഡായിലാണ്. മറ്റ് എല്ലാ സംസ്ഥാനങ്ങളിലും കൂടി ആകെ ആറ് വധശിക്ഷയാണ് നടപ്പാക്കിയത്.

1998 ല്‍ നടത്തിയ കൊലപാതകത്തിലെ പ്രതിയെയാണ് ഇന്ന് രാവിലെ മിസ്സോറിയില്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.

സെന്റ് ലൂയിസ് കൌണ്ടി ബോര്‍ഡിങ് ഹൌസില്‍ തൊട്ടടുത്ത് താമസിച്ചിരുന്നവരാണ് 63 വയസുകാരി ജോണ്‍ ക്രോട്ട്സും 48 കാരനായ പോള്‍ ഗോഡ്വിനും, പലപ്പോഴും ഇവര്‍ തമ്മില്‍ കലഹിച്ചിരുന്നു. ഒരു ദിവസം പോള്‍ ക്രോട്ട്സിനെ ലൈംഗീകമായി പീഡിപ്പിച്ചതിനുശേഷം ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മരിക്കുന്നതിനു മുമ്പ് ക്രോട്ട്സ് പ്രതിയെ കുറിച്ച് വിവരം നല്‍കിയതിനാല്‍ പോള്‍ പിടിയിലായി.  കേസില്‍ വധശിക്ഷ ലഭിക്കുകയും ചെയ്തു.

സാധാരണ ഒരാളില്‍ ഉണ്ടായിരിക്കേണ്ട ഐക്യുവില്‍ താഴെ 73 ആയിരുന്നു പോളിന്‍േറതെന്നും, അതിനാല്‍ ബുദ്ധിമാന്ദ്യമുളളവര്‍ക്ക് ലഭിക്കുന്ന നിയമ സംരക്ഷ പോളിന് ലഭിക്കണമെന്നും വധശിക്ഷ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഗവര്‍ണര്‍ക്കും യുഎസ്  സുപ്രീം കോടതിയിലും സമര്‍പ്പിച്ച അപേക്ഷ നിരസിക്കുന്നതിന് സമയം എടുത്തതിനാല്‍ നിശ്ചയിക്കപ്പെട്ട സമയത്തിനും ഒരു മണിക്കൂര്‍ വൈകിയാണ് വധശിക്ഷ നടപ്പാക്കിയത്.  പ്രതിക്ക് ഇഷ്ടപ്പെട്ട പര്‍പ്പിള്‍ കളര്‍ വസ്ത്രങ്ങള്‍ ധരിച്ചാണ്  കുടുംബാംഗങ്ങള്‍ വധശിക്ഷക്ക് ദൃക് സാക്ഷികളാകാന്‍ എത്തിയിരുന്നത്.

പ്രാചീനവും ക്രൂരവുമായ വിഷം കുത്തിവെച്ചുളള വധശിക്ഷയ്ക്കെതിരെ വ്യാപക പ്രതിഷേധം അലയടിക്കുന്നുണ്ടെങ്കിലും ഇതിനെതിരെ നിയമ നിര്‍മ്മാണം നടത്തുന്നതിന് ഭരണാധികാരികള്‍ ഇതുവരെ തയ്യാറായിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.