You are Here : Home / Readers Choice

നവംബര്‍ 6ന് ശേഷം എന്ത്?: ഏബ്രഹാം തോമസ്

Text Size  

Story Dated: Friday, November 02, 2018 10:24 hrs UTC

വാഷിംഗ്ടണ്‍: സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ഫണ്ടിന്റെ ബാഹുല്യത്തിന് സാക്ഷി പത്രമായി ലാന്‍ഡ് ലൈനിലും മൊബൈല്‍ഫോണിലും നിരന്തരം വിളികളും ധാരാളമായി ജങ്ക്‌മെയിലുകളും ഇമെയിലുകളും ഉണ്ടാകുന്നു. നവംബര്‍ 6 ചൊവ്വാഴ്ച രാത്രിവൈകിയോ (അമേരിക്കന്‍ സമയം) ബുധനാഴ്ച രാവിലെയോ ഒട്ടുമിക്ക ഫലങ്ങളും അറിയാന്‍ കഴിയും. ഇതിന് ശേഷം ഭരണ സിരാകേന്ദ്രം പഴയ വാഷിംഗ്ടണ്‍ ഡി.സി. ആയിരിക്കുകയില്ലെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സില്‍ 25മുതല്‍ 40വരെ അധികം അംഗങ്ങള്‍ ഉണ്ടാവുമെന്ന് ചിലര്‍ പ്രവചിക്കുന്നു. സെനറ്റില്‍ സ്ഥിതി വ്യത്യസ്തമാവാനാണ് സാധ്യത. ഇപ്പോഴുള്ള ഭൂരിപക്ഷം നിനനിര്‍ത്തുകയോ കൂടുതല്‍ സീറ്റുകള്‍ നേടുകയോ ചെയ്യാം. ജനപ്രതിനിധിസഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്ക് ലഭച്ചു കഴിഞ്ഞാല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ പലപരിപാടികള്‍ക്കും പെട്ടെന്ന് ബ്രേക്ക് വീഴും.

യു.എസ് കോണ്‍ഗ്രസ് നിയമ നിര്‍മ്മാണത്തില്‍ മന്ദഗതിയിലാണെന്നും ചിലപ്പെള് സ്തംഭനാവസ്ഥയിലാണെന്നും കാലാകാലങ്ങളില്‍ ആരോപണം ഉയരാറുണ്ട്. ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സില്‍ ഡെമോക്രാറ്റിക്പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണസ്തംഭനം ഒന്നിലധികം തവണ ഉണ്ടാകുവാനും സാധ്യതയുണ്ട്. പ്രസിഡന്റും കോണ്‍ഗ്രസുമായുള്ള ഏറ്റുമുട്ടലുകള്‍ രൂക്ഷമാവും. മറിച്ച് അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് ഇടക്കാല തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെടുന്ന ചരിത്രം ആവര്‍ത്തിച്ചില്ലെങ്കില്‍ ട്രമ്പും റിപ്പബ്ലിക്കന്‍ തങ്ങളുടെ അജന്‍ഡയുമായി പൂര്‍വാധികം വീറോടെ മുന്നോട്ട് പോകും. നികുതി കുറയ്ക്കുവാനും അഫോഡബിള്‍ കെയര്‍ ആക്ടിന്റെ ശേഷിച്ച വകുപ്പുകള്‍ രദ്ദാക്കാനും ശ്രമം തുടരും. രാഷ്ട്രീയമായി പൂര്‍ണ നഷ്ടം ഒഴിവാക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജീവിന്മരണപോരാട്ടം നടത്തുന്നു. സഭയില്‍ നഷ്ടപ്പെടുന്നത് സെനറ്റിലൂടെ നേടാനാണ് ശ്രമം. പ്രചാരണത്തിന്റെ അവസാന ആഴ്ചയില്‍ പ്രസിഡന്റ് തിരക്കിട്ട് പ്രചാരണം സെനറ്റില്‍ ഭൂരിപക്ഷം നിലനിര്‍ത്തുകയോ സ്ഥിതി മെച്ചപ്പെടുത്തുകയോ ചെയ്താല്‍ യു.എസ്. സുപ്രീംകോടതിയില്‍ ഭാവിയില്‍ വരാനിടയുള്ള ഒഴിവുകളിലേയ്ക്ക് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെ നോമിനേറ്റ് ചെയ്യുകയും സ്ഥിരപ്പെടുത്തുകയുമാവാം.

 

ജസ്റ്റിസ് ബ്രെറ്റ്കാവനോയുടെ സ്ഥിരപ്പെടുത്തല്‍ പ്രക്രിയയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നിഷിപ്ത താല്പര്യം സംരക്ഷിക്കുവാന്‍ ശ്രമിച്ചു എന്ന പ്രചാരണം ഈ തിരഞ്ഞെടുപ്പില്‍ വ്യാപകമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി നടത്തുന്നു, വാഷിംഗ്ടണില്‍ മാത്രമായിരിക്കുകയില്ല ഒരു പക്ഷേ മാറ്റം ഉണ്ടാവുക. ചില സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവികളും ലെജിസ്ലേറ്റ്ചറുകളും ഡെമോക്രാറ്റുകള്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ട്. 2010ന് ശേഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഉണ്ടായ നേട്ടങ്ങള്‍ ഇല്ലാതായെന്ന വരാം. ഇതിനിടയില്‍ പോളിംഗിനടുത്ത ദിനങ്ങളിലുണ്ടായ സംഭവ വികാസങ്ങളും പ്രാധാന്യം അര്‍ഹിക്കുന്നു. സിനഗോഗില്‍ 11 പേരെ കൊലപ്പെടുത്തിയതും ഒരു കെന്റക്കി ഗ്രോസറി സ്റ്റോറില്‍ രണ്ട് കറുത്ത വര്‍ഗക്കാരെ വധിച്ചതും വര്‍ഗീയ, മതവൈരമാണെന്ന് ആരോപിക്കപ്പെടുന്നു.

 

ഈ കൊലപാതകങ്ങളും ഡെമോക്രാറ്റിക് നേതാക്കള്‍ക്ക് തപാലില്‍ ലഭിച്ച് പൈപ്പ് ബോംബുകളും റിപ്പബ്ലിക്കന്‍ അനുയായികളെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതായി ആരോപണമുണ്ട്. ഈ ആരോപണങ്ങള്‍ ട്രമ്പ് ഊര്‍ജ്ജസ്വലമായി നടത്തി വന്ന രണ്ട് നീക്കങ്ങള്‍ മന്ദഗതിയിലാക്കി, അനധികൃതകുടിയേറ്റക്കാരുടെ കാരവന്‍ അമേരിക്കന്‍ അതിര്‍ത്തിയിലേയ്ക്ക് നീങ്ങുന്നത് തടയാന്‍ ട്രമ്പ് 5,200 സൈനികരെ അതിര്‍ത്തിയിലേയ്ക്ക് അയച്ചു. നിയമ വിരുദ്ധ കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് ജന്മനാപൗരത്വം നല്‍കുന്നത് നിഷേധിക്കുവാന്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറക്കുമെന്ന് ട്രമ്പ് പറഞ്ഞിരുന്നു, ഈ രണ്ട് നീക്കങ്ങളും താല്കാലികമായി മന്ദഗതിയിലായിട്ടുണ്ട്. കഴിഞ്ഞമാസം നടത്തിയ ഊര്‍ജ്ജസ്വലമായ പ്രചാരണങ്ങളിലൂടെ ട്രമ്പിനും അനുയായികള്‍ക്കും നഷ്ടമായിരുന്ന കുറെ ജനപിന്തുണ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വളരെ നീണ്ട ഇടക്കാല തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുമ്പോള്‍ രണ്ട് വര്‍ഷത്തിന് ശേഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സന്നാഹങ്ങള്‍ ആരംഭിക്കുകയായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.