You are Here : Home / Readers Choice

സ്‌റ്റോറുകള്‍ അടച്ചുപൂട്ടുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് എന്തു സംഭവിക്കുന്നു

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Tuesday, November 21, 2017 12:47 hrs UTC

അമേരിക്കയില്‍ വര്‍ഷങ്ങളോളം ഉന്നതനിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്റ്റോറുകളുടെ ശൃംഖലകള്‍ അടച്ചു പൂട്ടുന്നത് നിത്യസംഭവമാണ്. ഈ വര്‍ഷം 9,500 സ്റ്റോറുകള്‍ അടച്ചു പൂട്ടുമെന്ന് ഫംഗ് ഗ്ലോബല്‍ റീട്ടെയില്‍ ആന്റ് ടെക്‌നോളജി എന്ന വ്യവസായ വിവരവിദഗ്ദ്ധ സ്ഥാപനം പറയുന്നു, ഈബ്രിക്ക് ആന്റ് മോര്‍ട്ടര്‍ സ്‌റ്റോറുകളില്‍ വൈദ്യുത, എല്‍ഇഡി, നിയോണ്‍ ദീപങ്ങള്‍ അണഞ്ഞു കഴിഞ്ഞ് അതു വഴി കടന്നു പോകുന്നവര്‍ മുന്‍പ് ഫാഷന്റെ അവസാന വാക്കുകളാല്‍ അലങ്കരിച്ചിരുന്ന പ്രതിമകളുടെ സ്ഥാനത്ത് ശൂന്യതയാണ് കാണുക. സ്റ്റോറുകളിലെ ദീപങ്ങള്‍ അണഞ്ഞു കഴിഞ്ഞാലും ഇവ കിണഞ്ഞു പരിശ്രമിച്ച് ഉപഭോക്താക്കളെക്കൊണ്ട് നിര്‍ബന്ധമായി(പലപ്പോഴും വാങ്ങുന്ന വസ്തുക്കളുടെ വിലയില്‍ 10% കിഴിവ് നല്‍കി) വാങ്ങിപ്പിച്ച ക്രെഡിറ്റ് കാര്‍ഡുകള്‍ നിര്‍ജ്ജീവമാകുന്നില്ല. സാഹചര്യവും ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂവറിനെയും അനുസരിച്ച് കാര്‍ഡിന്റെ ഭാവി വ്യത്യസ്തമായിരിക്കുമെന്ന് ടിഡി ബാങ്കിന്റെ തലവന്‍ ഡേവിഡ് ബൂണ്‍ പറയുന്നു.

ക്രെഡിറ്റ് കാര്‍ഡുകള്‍(സ്റ്റോറുകള്‍ നല്‍കുന്നവ) രണ്ടു തരമുണ്ട്. പ്രൈവറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ അതത് സ്റ്റോറുകളില്‍ മാത്രമേ ഉപയോഗിക്കാനാവൂ. കോബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ മറ്റ് സ്ഥലങ്ങളിലും ഉപയോഗിക്കാം. ഇവയില്‍ വിസയുടെയോ മാസ്റ്റര്‍ കാര്‍ഡിന്റെയോ ലോഗോ ഉണ്ടാവും. വാള്‍മാര്‍ട്ട് ഈയിടെ പ്രൈവറ്റ് കാര്‍ഡില്‍ നിന്ന് കോബ്രാന്‍ഡഡിലേക്ക് മാറിയിരുന്നു. ഒരു സ്‌റ്റോര്‍ അടച്ചുപൂട്ടുമ്പോള്‍ അത് നല്‍കിയ ക്രെഡിറ്റ് കാര്‍ഡിന് സംഭവിക്കാവുന്നത് ഇവയൊക്കെയാണ്. സ്‌റ്റോര്‍ ഓണ്‍ലൈന്‍ ബിസിനസിലേയ്ക്ക് മാറിയാല്‍(ഇപ്പോള്‍ ധാരാളം സ്‌റ്റോറുകള്‍ ഈ പരിവര്‍ത്തനത്തിലാണ്) നിങ്ങള്‍ക്ക് കമ്പനിയുടെ വെബ്‌സൈറ്റില്‍ പോയി ഷോപ്പിംഗ് നടത്തുകയും കമ്പനി നല്‍കിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുകയും ചെയ്യാം. പലപ്പോഴും ഷിപ്പിംഗ്(ചിലപ്പോള്‍ ഹാന്‍ഡലിംഗും) ചാര്‍ജ് നല്‍കേണ്ടി വരും. കോബ്രാന്‍ഡഡ് കാര്‍ഡാണെങ്കില്‍ അത് തുടര്‍ന്നും അതു സ്വീകരിച്ചിരുന്ന സ്ഥാപനങ്ങളില്‍ ഉപയോഗിക്കാനാവും. ചിലപ്പോള്‍ കാര്‍ഡ് ഇഷ്യുയര്‍ പുതിയ കാര്‍ഡ് നല്‍കിയെന്ന് വരാം. ഒരു റീട്ടെയിലര്‍ ബിസിനസ് നിര്‍ത്തുമ്പോള്‍ അതുവരെ തുടര്‍ന്നിരുന്ന റിവാര്‍ഡ് പ്രോഗ്രാമും അവസാനിക്കുന്നു.

 

അതുവരെ ശേഖരിച്ചുകൊണ്ടിരുന്ന റിവാര്‍ഡുകള്‍ നഷ്ടമാകാനാണ് സാധ്യത, പുതിയ ക്രെഡിറ്റ് കാര്‍ഡിന് പുതിയ നിബന്ധനകള്‍ ഉണ്ടാവും. കാര്‍ഡ് നല്‍കിയ കമ്പനി അക്കൗണ്ട് ക്ലോസ് ചെയ്‌തേക്കാം. പ്രൈവറ്റ് കാര്‍ഡുകള്‍ക്കാണ് ഇങ്ങനെ സംഭവിക്കുക. ഇഷ്യൂയര്‍ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് വില്‍ക്കുന്നതും സാധാരണമാണ്. നിങ്ങളുടെയും 'കടം' പുതിയ കമ്പനിക്ക് വില്‍ക്കുന്നു. പുതിയ നിബന്ധനകള്‍ അറിയിക്കുന്ന പുതിയ ഇഷ്യൂയര്‍ ഫെഡറല്‍ നിയമം അനുശാസിക്കുന്നതനുസരിച്ച് നിങ്ങളുടെ അക്കൗണ്ട് തുടരണോവേണ്ടയോ എന്ന് തീരുമാനിക്കുവാന്‍ നിങ്ങള്‍ക്ക് 45 ദിവസം നല്‍കുന്നു. ഈ കാലാവധിക്കുള്ളില്‍ അക്കൗണ്ടിലെ തുക മുഴുവന്‍ അടച്ചു തീര്‍ക്കാനാവില്ല എന്നറിയാവുന്ന ഉപഭോക്താക്കള്‍ പുതിയ നിബന്ധനകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡില്‍ അടയ്‌ക്കേണ്ട തുക തവണ തെറ്റിക്കാതെ അടയ്ക്കണം. ഇല്ലെങ്കില്‍ ക്രെഡിറ്റ് സ്‌കോര്‍ കുറയും. ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടന്റ് നിങ്ങള്‍ ക്ലോസ് ചെയ്താലും ഇഷ്യൂയര്‍ ക്ലോസ് ചെയ്താലും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ദീര്‍ഘനാളായി ഉണ്ടായിരുന്ന അക്കൗണ്ടോ വലിയ തുക ബാക്കിയായി ഉണ്ടായിരുന്ന അക്കൗണ്ടോ ആണെങ്കില്‍ വലിയ തോതില്‍ ക്രെഡിറ്റ് സ്‌ക്കോര്‍ കുറയും, അക്കൗണ്ട് നിങ്ങളോ കമ്പനിയോ ക്ലോസ് ചെയ്താല്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ഉടനെ പരിശോധിക്കുന്നത് നല്ലതാണ്.

 

പുതിയ ക്രെഡിറ്റ് കാര്‍ഡിന് റിവാര്‍ഡ്‌സ് പദ്ധതി ഉണ്ടാവാം. പലിശയില്‍ ഇളവുള്ള ആദ്യകാലം ഉണ്ടാവാം(ചാര്‍ജുകള്‍ സാധാരണ ഒരു വര്‍ഷം കഴിയുമ്പോള്‍ കൂടാനാണ് സാധ്യത). ഒരു പുതിയ ക്രെഡിറ്റ് കാര്‍ഡിനുള്ള അപേക്ഷ ഒരു മണിമുഴക്കമാണ്. നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് നല്‍കേണ്ട സ്ഥാപനം നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ ഒരു 'ഹാര്‍ഡ്പുള്ളാ' ണ് നടത്തുന്നത്. ക്രെഡിറ്റ് സ്‌കോറില്‍ ഇത് വിള്ളല്‍ വീഴ്ത്തുന്നു. ഈ വിള്ളല്‍ ചിലപ്പോള്‍ താല്ക്കാലികമായിരിക്കും. ചിലപ്പോള്‍ നീണ്ടുനില്‍ക്കുന്നതുമാവാം. ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നതിന് മുന്‍പ് സ്വയം ക്രെഡിറ്റ് സ്‌കോര്‍ പരീക്ഷിക്കുന്നത് നല്ലതാണ്. പലര്‍ക്കും ഈ സാവകാശം കിട്ടാറില്ല എന്നതാണ് വാസ്തവം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More
More From Trending
View More