You are Here : Home / Readers Choice

മറ്റൊരു ബില്യണയറിന്റെ വൈറ്റ് ഹൗസ് സ്വപ്‌നം

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Thursday, October 26, 2017 12:09 hrs UTC

വാഷിംഗ്ടണ്‍: രാഷ്ട്രീയക്കാരനല്ലാത്ത, ധനാഢ്യനായ ആദ്യ പ്രസിഡന്റ് താനായിരിക്കണം എന്ന് വളരെ നാളുകളായി ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് മേവ്‌റിക്ക്‌സ് ടീമിന്റെ ഉടമ മാര്‍ക്ക് ക്യൂബന്‍. ഇടയക്ക് ഡോണാള്‍ഡ് ട്രമ്പ് കടന്നു വന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി. പെട്ടെന്ന് ക്യൂബന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്റെ അനുയായി ആയി. മകന്‍ ജൂനിയര്‍ ക്യൂബനും ട്രമ്പിന്റെ മകന്‍ ട്രമ്പ് ജൂനിയറും ഉറ്റ സുഹൃത്തുക്കളായി ഇപ്പോഴും തുടരുന്നു. ക്യൂബന്റെ ട്രമ്പ് വിരോധം വര്‍ധിച്ചതേയുള്ളൂ. ഇപ്പോള്‍ താന്‍ 2020 ലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ ശ്രമിക്കും എന്ന പ്രഖ്യാപനവുമായി ക്യൂബന്‍ മുമ്പോട്ട് വന്നിരിക്കുകയാണ്. മേവ്‌റിക്ക്‌സിന്റെ ഉടമയും ഷാര്‍ക്ക്ടാങ്കിലെ താരവുമായ ഈ ബില്യണയര്‍ക്ക് ട്രമ്പിനെപോലെ സ്വന്തം കീശയില്‍ നിന്ന് പണം മുടക്കി പ്രചരണം നടത്തുവാനാവും. മൂന്ന് വര്‍ഷത്തിനുള്ളില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ പ്രൈമറികളില്‍ ട്രമ്പിന് വിജയ സാധ്യത ഉണ്ടാവാതിരിക്കണമെങ്കില്‍ പ്രസിഡന്റായി തികഞ്ഞ പരാജയമായിരുന്നു എന്ന് റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ കരുതണം.

 

 

 

 

ട്രമ്പ് വിരോധികള്‍ ഇപ്പോഴേ ഇങ്ങനെ പറയുന്നുണ്ടെങ്കിലും അടുത്ത പ്രൈമറികളില്‍ ട്രമ്പിനെ പരാജയപ്പെടുത്തുവാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്. ഒരു രണ്ടാമൂഴത്തിലേയ്ക്ക് പാര്‍ട്ടി അനുഭാവികള്‍ ട്രമ്പിനെ പരിഗണിക്കില്ല എന്ന് പറയാനാവില്ല. അഥവാ അങ്ങനെ സംഭവിച്ചാലും മറ്റ് പ്രത്യാശികള്‍ ധാരാളമുണ്ട്. ക്യൂബന്‍ പ്രതീക്ഷിക്കുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹിലരിയെ പിന്തുണച്ചതും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രമ്പിനെതിരെ പ്രവര്‍ത്തിച്ചത് വോട്ടറന്മാര്‍ മറന്നിട്ടുണ്ടാവും എന്നാണ്. ക്യൂബന്‍ ഒരു പക്ഷേ ഒരു നവ ഡെമോക്രാറ്റായി അവതരിച്ചാല്‍ കൂറെയെങ്കിലും പിന്തുണ കിട്ടിയേക്കും. ഹിലരിക്ക് പിന്തുണ നല്‍കി എന്ന പരിഗണന ചില ഡെമോക്രാറ്റ് വോട്ടര്‍മാര്‍ നല്‍കി എന്നു വരാം. വ്യവസായ രംഗത്തെ തന്റെ പ്രാവീണ്യം കൂടി പുറത്തെടുക്കുവാന്‍ കഴിഞ്ഞാല്‍ ഒരു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ട്രമ്പിന് ഉയരാന്‍ കഴിഞ്ഞതുപോലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി ഉയരാന്‍ ക്യൂബനും സാധിച്ചേക്കും. പാര്‍ട്ടിക്ക് ഇതുവരെ മുദ്രകുത്തിയിരുന്ന വിശാല മനസ്‌കരെ മാത്രമേ പ്രോത്സാഹിപ്പിക്കൂ എന്ന ആരോപണത്തില്‍ നിന്ന് പുറത്തു കടക്കുവാനും കഴിയും.

 

 

 

 

പക്ഷെ ക്യൂബന്‍ ഒരു ലിബറല്ല. ഒരു ലിബര്‍ട്ടേറിയന്‍ മേമ്പൊടിയുളള സോഷ്യല്‍ ലിബറലിസത്തിന്റെ വക്താവായി വേണമെങ്കില്‍ അവതരിപ്പിക്കാം. എന്നാല്‍ ഡെമോക്രാറ്റുകള്‍ പിന്തുണയ്ക്കുന്ന ലേറ്റ് ടേം അബോര്‍ഷനും സമ ലൈംഗീക വിവാഹങ്ങളും ക്യൂബന്‍ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. ഇത് പാര്‍ട്ടിക്ക് സ്വീകാര്യമായ നിലപാടല്ല. പ്രസിഡന്റായാല്‍ റിപ്പബ്ലിക്കനോ ഡെമോക്രാറ്റോ സ്വതന്ത്രനോ ആയ കോണ്‍ഗ്രസംഗങ്ങള്‍ ആരെയും കൂട്ടി മുന്നോട്ടു പോകാന്‍ ഞാന്‍ മടിക്കില്ല. അങ്ങനെ എനിക്ക് എന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിയും, എന്നാണ് ക്യൂബന്‍ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ പ്രസിഡന്റാകാനുള്ള ഇപ്പോഴത്തെ മോഹം ആശയപരമല്ല, മരിച്ച് ട്രമ്പ് തനിക്ക് വില കല്‍പിക്കുന്നില്ല എന്ന വികാരത്തില്‍ നിന്ന് ഉടലെടുത്തതാണ്. ട്രമ്പ് ജയിച്ചു എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.

 

 

അത് സഹിക്കുവാനും കഴിയുന്നില്ല. ഇനി അടുത്തപടി ട്രമ്പിന്റെ പ്രസിഡന്‍സിക്ക് അന്ത്യം കുറിക്കുക എന്നതാണെങ്കില്‍ അത്യന്തം തയ്യാറാണ് എന്നാണ് ക്യൂബന്റെ നിലപാട്. ക്യൂബന് ഒരു സ്വതന്ത്രനായി മത്സരിച്ച് ഒന്ന് ശ്രമിച്ച് നോക്കാവുന്നതാണെന്ന് നിരീക്ഷകര്‍ പറയുന്നു. ക്യൂബന്‍ ഒരു മാതൃകാ സ്വതന്ത്രസ്ഥാനാര്‍ത്ഥി ആയിരിക്കും. രണ്ട് പാര്‍ട്ടികളിലും ആരാധകരുണ്ട്. രണ്ട് പാര്‍ട്ടിയോടും ക്യൂബന് കൂറില്ല. ക്യൂബന്റെ പ്രസിദ്ധിയും കുറെയധികം ആളുകള്‍ ഇഷ്ടപ്പെടുന്ന സ്റ്റൈലും സാധാരണ സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ക്ക് നേടാന്‍ കഴിയുന്നതില്‍ കൂടുതല്‍ വോട്ടുകള്‍ നേടിക്കൊടുക്കും. 1992 ല്‍ റോസ് പെറോജൂനിയര്‍ എന്ന ബില്യണയറിന് കഷ്ടിച്ച് 20% വോട്ടുകള്‍ നേടാന്‍ കഴിഞ്ഞു. ഒരു രണ്ടാമൂഴത്തിന് പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ലിയൂ. ബുഷിന്റെ സ്വപ്‌നം ഇങ്ങനെ പൊലിഞ്ഞു. ചരിത്രം ആവര്‍ത്തിച്ചാല്‍ ക്യൂബന്‍ സ്വതന്ത്രനായി മത്സരിച്ചാല്‍ ഒരു ശക്തനായ (ശക്തയായ) ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിക്ക് 40% ല്‍ അധികം വോട്ട് നേടാന്‍ കഴിഞ്ഞാല്‍ ട്രമ്പിന്റെ രണ്ടാമൂഴം സ്വപ്‌നമായി അവശേഷിച്ചു എന്ന് വരാം. ഒരു തീരുമാനം എടുക്കുവാന്‍ ക്യൂബന് ഒരു വര്‍ഷത്തിലധികം സമയമുണ്ട്.

 

 

 

തീരുമാനം എടുത്തു കഴിഞ്ഞാല്‍ പ്രാദേശികതലത്തില്‍ സ്ഥാനാര്‍ത്ഥിത്വത്തിന് അടിത്തറപാകുകയും പിന്നീട് പ്രൈമറികള്‍ക്കുള്ള തയ്യാറെടുപ്പും നടത്തണം. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിന് ശ്രമിക്കുകയാണെങ്കിലും ഇതേ നടപടിക്രമങ്ങള്‍ പാലിക്കണം. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ നിന്ന് ട്രമ്പല്ലാതെ മറ്റൊരു സ്ഥാനാര്‍ത്ഥി കാര്യമായ വെല്ലുവിളി ഉയര്‍ത്തുകയില്ല എന്ന് ക്യൂബനറിയാം. താന്‍ 2020 ല്‍ റിപ്പബ്ലിക്കന്‍ ടിക്കറ്റിന് വേണ്ടി രംഗത്തുണ്ടാവും എന്ന പ്രഖ്യാപനം ട്രമ്പിനെ ഉദ്ദേശിച്ച് മാത്രമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.