You are Here : Home / വെളളിത്തിര

ഭീഷണി കൊണ്ട് തളര്‍ത്താനാവില്ല: വിനയന്‍

Text Size  

Story Dated: Friday, November 29, 2013 04:36 hrs UTC

ഭീഷണിക്കു മുമ്പില്‍ വഴങ്ങുന്നതല്ല വിനയന്റെ ശീലം. ആരൊക്കെ വിലക്കിയാലും സിനിമയില്‍ നിന്ന് തന്നെ ഔട്ടാക്കാനാവില്ലെന്ന് വിനയന്‍ ഒരിക്കല്‍ക്കൂടി തെളിയിക്കാനൊരുങ്ങുകയാണ്. പുതുമുഖങ്ങളെ വച്ചുള്ള ഏറ്റവും പുതിയ സിനിമ-'ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍' ത്രീഡിയുടെ ചിത്രീകരണം ഡിസംബര്‍ ഒന്നിന് ആരംഭിക്കും. സമ്പൂര്‍ണ്ണമായും കുട്ടികള്‍ക്കു വേണ്ടിയുള്ള സിനിമയായിരിക്കും ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍. ഡ്രാക്കുളയുടെ സൂപ്പര്‍വിജയത്തിനുശേഷം ഒരുക്കുന്ന പുതിയ സിനിമയ്ക്കും പ്രശ്നങ്ങളേറെയുണ്ടായിരുന്നുവെന്ന് വിനയന്‍ അശ്വമേധത്തോടു തുറന്നുപറയുന്നു.

'ലിറ്റില്‍ സൂപ്പര്‍സ്റ്റാറി'നെയും തടസ്സപ്പെടുത്താന്‍ ശ്രമമുണ്ടായോ?

എന്നോടുള്ള ഫെഫ്കയുടെ തലപ്പത്തുള്ളവരുടെ പ്രതികാരം തീര്‍ക്കല്‍ ഇപ്പോഴും തുടരുകയാണ്. ഈ സിനിമയുടെ പ്രൊഡക്ഷന്‍ മാനേജരെയും കാമറാമാനെയും ബാലതാരം നയന്‍താരയെയും വരെ ഫെഫ്കയുടെ ആളുകള്‍ ഭീഷണിപ്പെടുത്തി. 'ലിറ്റില്‍ സൂപ്പര്‍ സ്റ്റാറി'ന് സംഗീതം പകരാമെന്ന് എം.ജയചന്ദ്രന്‍ മുമ്പുതന്നെ സമ്മതിച്ചതാണ്. എന്നാല്‍ അയാളെ എല്ലാവരും ഒറ്റക്കെട്ടായി ആക്രമിക്കുകയായിരുന്നു. വളരെ സങ്കടത്തോടെയാണ് ഇക്കാര്യം ജയചന്ദ്രന്‍ എന്നോടു പറഞ്ഞത്. പക്ഷേ ഇതുകൊണ്ടൊന്നും എന്നെ തളര്‍ത്താമെന്ന് കരുതേണ്ട. സിനിമയുടെ പൂജയ്ക്കുണ്ടായ ജനപങ്കാളിത്തം എന്നോടുള്ള ഇഷ്ടത്തിന് തെളിവാണ്. നിര്‍മ്മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളും എന്നോടൊപ്പമുള്ളിടത്തോളം ഒരു ഭയവും എനിക്കില്ല.

എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് 'ഡ്രാക്കുള' വന്‍ ഹിറ്റായല്ലോ?

ആരൊക്കെ അവഗണിച്ചാലും സിനിമയില്‍ നിന്ന് തന്നെ ഔട്ടാക്കാനാവില്ലെന്നാണ് 'ഡ്രാക്കുള'യുടെ വന്‍വിജയം തെളിയിച്ചത്.  വിലക്കുകളെക്കുറിച്ച് ഞാനിപ്പോള്‍ ആലോചിക്കാറേയില്ല. ഡ്രാക്കുള 2012 എന്ന ത്രീഡി ചിത്രം നാലു ഭാഷകളിലാണ് പുറത്തിറക്കിയത്. മലയാളം, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളില്‍. ഫെഫ്കയില്‍ അംഗത്വമില്ലെങ്കിലും സിനിമയെ നിയന്ത്രിക്കുന്ന ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും ഫിലിം ചേംബറിലും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലും അംഗമാണ്. സിനിമ ചെയ്ത് തിയറ്ററിലെത്തിക്കാന്‍ ഇത്രയൊക്കെ മതിയല്ലോ.

വിനയനുള്ള ഫെഫ്ക വിലക്ക് അവസാനിക്കാത്തത് എന്തുകൊണ്ടാണ്?

അമ്മയെയും ഫെഫ്കയെയും നേതാക്കളുടെ വ്യക്തിപരമായ കാര്യങ്ങള്‍ക്കും സൂപ്പര്‍താരങ്ങള്‍ക്കു വേണ്ടിയും ഉപയോഗിക്കുന്നതിനെ ചോദ്യംചെയ്തപ്പോഴാണ് ഞാന്‍ ശത്രുവായത്.  എന്റെ മനസാക്ഷിക്കു നേരെന്നു തോന്നുന്നത് ഞാനിനിയും പറഞ്ഞുകൊണ്ടേയിരിക്കും. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എനിക്കുള്ള വിലക്ക് തുടരുകയാണ്. എവിടംവരെ വിലക്കുമെന്ന് ഒന്നു കാണട്ടെ. സംഘടനകളില്‍പെട്ടവര്‍ തന്നെ ഇപ്പോള്‍ എന്റെ സിനിമയുമായി സഹകരിക്കാന്‍ മുന്നോട്ടുവരുന്നുണ്ട്. നടന്‍ കൃഷ്ണയും ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മയും കോസ്റ്റ്യൂസ് ചെയ്യുന്ന സമീറാ സനീഷും കലാസംവിധായകന്‍ സാലു.കെ.ജോര്‍ജും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജന്‍ഫിലിപ്പും 'ഡ്രാക്കുള'യുമായി സഹകരിച്ചിട്ടുണ്ട്. ഗായകന്‍മാരെയും ഗായികമാരെയും കൂടാതെ ഒരുപാടു ചെറുകിട ടെക്നീഷ്യന്‍മാരും ആ സിനിമയുടെ പ്രവര്‍ത്തനത്തിലുണ്ട്. വിലക്കുകളൊക്കെ ഫെഫ്ക ഇനിയെങ്കിലും നിര്‍ത്തണം. തിലകന്റെ മരണത്തോടെയെങ്കിലും അമ്മയ്ക്കും ഫെഫ്കയ്ക്കും ബോധോദയമുണ്ടാവണം. ഇതല്ല യഥാര്‍ത്ഥ സംഘടനാപ്രവര്‍ത്തനം. കുറച്ചുകൂടി തുറന്ന മനസോടെ ചിന്തിക്കണം. എന്നെക്കൊണ്ട് ഇനി സിനിമ ചെയ്യിക്കില്ലെന്ന് ആയിരക്കണക്കിനു സിനിമാപ്രവര്‍ത്തകരെ സാക്ഷിനിര്‍ത്തി സിബി മലയിലും ബി.ഉണ്ണികൃഷ്ണനുമാണു പറഞ്ഞത്. ആ വെല്ലുവിളി ഞാന്‍ ഏറ്റെടുത്തുകൊണ്ട് യക്ഷിയും ഞാനും ചെയ്തപ്പോള്‍ അതു സെന്‍സര്‍ ചെയ്യിക്കില്ലെന്നായി. പിന്നീട് റിലീസിനും തടസം നിന്നു. ഇവയ്ക്കൊക്കെ പുല്ലുവില കല്‍പ്പിച്ച് 'യക്ഷിയും ഞാനും' തിയറ്ററിലെത്തിച്ചു. തുടര്‍ച്ചയായി 'ഡ്രാക്കുള'യും സംവിധാനം ചെയ്തു. വെല്ലുവിളി ഏറ്റെടുക്കുകയെന്നത് ആണുങ്ങള്‍ക്കു ചേര്‍ന്നതാണല്ലോ. അതിലെന്നോടു ദേഷ്യം പൂണ്ടിട്ടു കാര്യമില്ല. വ്യക്തിവൈരാഗ്യം തീര്‍ക്കലല്ല മഹത്തായ സംഘടനാപ്രവര്‍ത്തനം.

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്റെ രണ്ടാംഭാഗം ആലോചനയിലുണ്ടായിരുന്നല്ലോ. പിന്നീടെന്താണു സംഭവിച്ചത്?

ഊമപ്പെണ്ണിന്റെ രണ്ടാംഭാഗത്തെക്കുറിച്ചു ചിന്തിച്ചത് ജയസൂര്യയായിരുന്നു. അതിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നു ജയസൂര്യയോടും 'അമ്മ'യോടും ചോദിക്കണം. ഏതായാലും ആരുടെയും പിറകെ നടന്ന് ഒരു സിനിമ ചെയ്യേണ്ട ഗതികേട് എനിക്കില്ല. തുടക്ക കാലഘട്ടത്തില്‍ പോലും ഞാനങ്ങിനെ ചെയ്തിട്ടില്ല.

സംഘടനാപ്രശ്നങ്ങള്‍ വന്നപ്പോള്‍ വിനയന്‍ എന്ന സംവിധായകന് എത്രമാത്രം നഷ്ടമുണ്ടായിട്ടുണ്ട്?

സംഘടനാ പ്രശ്നങ്ങള്‍ എന്റെ കരിയറിന് ഒരുപാടു നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. അക്കാര്യത്തില്‍ വ്യക്തിപരമായി എനിക്കു ദൂഃഖവുമുണ്ട്. സ്വന്തം അനിയന്‍മാരെപ്പോലെ കൈപിടിച്ചുയര്‍ത്തിയവര്‍ അവരുടെ നിലനില്‍പ്പിനാണെങ്കില്‍ പോലും മുഖം തിരിഞ്ഞുനിന്നതില്‍ വേദന തോന്നിയിട്ടുണ്ട്. എല്ലാവര്‍ക്കും വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ സംഘടനയുടെ തലപ്പത്തിരിക്കുമ്പോള്‍ ശ്രമിച്ചു. ആ എന്നെ തകര്‍ക്കാനാണ് കൂര്‍പ്പിച്ച ആയുധങ്ങളുമായി സുഹൃത്തുക്കള്‍ വട്ടംകൂടി ആക്രമിച്ചത്. അതില്‍ നിന്ന് എനിക്കു കിട്ടിയത് പതിന്മടങ്ങ് ഊര്‍ജമാണ്. നെറികേടുകളെ എതിര്‍ത്തത് ശരിയാണെന്ന് ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നു. അതിന്റെ പേരില്‍ എന്തൊക്കെ പ്രകോപനങ്ങളുണ്ടായാലും പിന്മാറുന്ന പ്രശ്നമില്ല. എനിക്കിഷ്ടപ്പെട്ട സിനിമകള്‍ ഇനിയും ചെയ്തുകൊണ്ടേയിരിക്കും. എതിര്‍ക്കുന്നവര്‍ എതിര്‍ക്കട്ടെ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.