You are Here : Home / വെളളിത്തിര

ധാരാളം കോളുകള്‍ വരും, അതിലൊന്നും പോയിവീഴരുത്.

Text Size  

Story Dated: Saturday, May 26, 2018 02:31 hrs UTC

തന്റെ സിനിമാ ജീവിതത്തേക്കുറിച്ച്‌ മനസുതുറന്ന് നടി പ്രവീണ. ഒരു തമഴ് ചാനലില്‍ അനുവദിച്ച അഭിമുഖത്തിലാണ് അവര്‍ തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കകാലത്തിലേക്ക് തിരികെപ്പോയതും അനുഭവങ്ങള്‍ പങ്കുവച്ചതും. ആദ്യ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് മമ്മൂട്ടി നല്‍കിയ ഉപദേശമാണ് നല്ല ചിത്രങ്ങള്‍ മാത്രം തെരഞ്ഞെടുക്കാന്‍ തന്നെ സഹായിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

"എഴുപുന്ന തരകന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് എറണാകുളത്ത് റൂമില്‍ എത്തിയപ്പോഴേ കോള്‍വന്നു. അച്ഛനാണ് ഫോണെടുത്തത്. പ്രവീണയെ കാണണം, സംസാരിക്കണം, കഥപറയാനുണ്ട് എന്നെല്ലാം വിളിച്ചയാള്‍ പറഞ്ഞു. അപ്പോള്‍ അച്ഛന്‍ പറഞ്ഞു തന്നോട് പറയൂ താന്‍ പ്രവീണയോട് പറഞ്ഞോളാം എന്ന്. എനിക്ക് പതിനെട്ട് വയസുമാത്രമായിരുന്നു പ്രായം. അച്ഛനാണ് കഥയെല്ലാം കേള്‍ക്കാറുണ്ടായിരുന്നത്", പ്രവീണ പറഞ്ഞു. പിന്നീട് ഫോണ്‍ വിളിച്ച വ്യക്തിയോട് കുപിതനായി പ്രവീണയുടെ അച്ഛന്‍ ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു.

പിറ്റേന്ന് ഇക്കാര്യങ്ങള്‍ മമ്മൂട്ടിയുമായി പങ്കുവച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യത്തില്‍ ഇടപെടുന്നത്. അദ്ദേഹം തലേന്ന് തന്നെ വിളിച്ച വ്യക്തിയെ സ്വന്തം ഫോണില്‍ വിളിക്കുകയും അത്തരം കച്ചറപ്പടങ്ങളില്‍ അവര്‍ അഭിനയിക്കില്ല എന്നും അവര്‍ കുടുംബത്തില്‍ പിറന്ന കുട്ടിയാണെന്ന് പറയുകയും ചെയ്തു. മമ്മൂട്ടിയുടെ സംസാരം അടുത്തിരുന്ന് കേട്ട താന്‍ ഞെട്ടിയെന്നും പ്രവീണ പറഞ്ഞു.

എന്തിനാണ് അങ്ങനെ സംസാരിച്ചത് എന്നുചോദിച്ചപ്പോള്‍ മമ്മൂട്ടി പറഞ്ഞത് പ്രവീണ ഇന്നും ഓര്‍മയില്‍ സൂക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നു, "നീ ചെറിയ കുട്ടിയാണ്. പുതുതായി സിനിമയില്‍ വന്നതേയുള്ളൂ. രണ്ടുമൂന്ന് ചിത്രങ്ങളല്ലേ ആയുള്ളൂ. ഇതുപോലെ ധാരാളം കോളുകള്‍ വരും. ഒരുപാട് ആളുകള്‍ വിളിക്കും. അതിലൊന്നും പോയിവീഴരുത്. നല്ലകഥ, നല്ല സംവിധായകര്‍ എന്നിവനോക്കി തെരഞ്ഞെടുത്താല്‍ നല്ല ഭാവിയുണ്ടാകും".

അന്ന് മമ്മൂട്ടി പറഞ്ഞതാണ് പിന്നീട് താന്‍ പിന്തുടര്‍ന്നതെന്നും അതിനാല്‍ പിന്നെ വന്ന ചിത്രങ്ങളെല്ലാം നല്ലതായി മാറിയെന്നും അവര്‍ പറഞ്ഞു. അഭിനയ ജീവിതത്തിലെ ഇരുപതാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് മലയാളത്തിന്റെ ഈ പ്രിയനടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.