You are Here : Home / വെളളിത്തിര

മറക്കാന്‍ കഴിയില്ല, ജോണ്‍സണെ

Text Size  

Story Dated: Thursday, August 20, 2015 08:17 hrs UTC

സംഗീത സംവിധായകന്‍ ജോണ്‍സണ്‍മാഷിന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുകയാണ് സംവിധായകന്‍ ജയരാജ്


വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു സായാഹ്്‌നം. സംവിധായകന്‍ ഭരതേട്ടന്റെ മദ്രാസിലെ വീട്ടിലേക്കെത്തിയതായിരുന്നു ഞാന്‍. കോലായയില്‍ ഭരതേട്ടനും സംഗീതസംവിധായകന്‍ ഔസേപ്പച്ചനും സംസാരിച്ചിരിക്കുകയാണ്. കൂടെ ചെറുപ്പക്കാരനായ മറ്റൊരാളും. അവര്‍ക്കിടയിലേക്കു ഞാനും ചേര്‍ന്നു.  
''ഇത് ജോണ്‍സണ്‍. സംഗീതസംവിധായകനാണ്''
ഭരതേട്ടന്‍ പരിചയപ്പെടുത്തി. ഞാനും ജോണ്‍സണും ഒരു ചെറുചിരിയില്‍ സൗഹൃദം പങ്കിട്ടു. മുന്‍ പരിചയമുള്ളതുപോലെ ജോണ്‍സണ്‍ എന്നെത്തന്നെ നോക്കി.
''ഇത് ജയരാജ്, എന്റെ അസിസ്റ്റന്റാണ്''
ഭരതേട്ടന്‍ എന്നെ പരിചയപ്പെടുത്തി. ജോണ്‍സണെക്കുറിച്ച് അതിനു മുമ്പെ തന്നെ കേട്ടിരുന്നു. പക്ഷേ കാണുന്നത് ആദ്യമായിട്ടായിരുന്നു. അവരുടെ ചര്‍ച്ചയില്‍ ഞാനും ചേര്‍ന്നു. ഒരു നല്ല സൗഹൃദം മുളപൊട്ടുന്നത് അവിടെ നിന്നായിരുന്നു. എന്നെങ്കിലും ജോണ്‍സണൊപ്പം സിനിമ ചെയ്യണമെന്ന് അന്നേ മനസിലുറപ്പിച്ചതായിരുന്നു.
എന്റെ രണ്ടാമത്തെ സിനിമയായ 'ആകാശക്കോട്ടയിലെ സുല്‍ത്താന്‍' പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ ഒരു കാര്യം ഞാന്‍ ഉറച്ചു. പശ്ചാത്തലസംഗീതം ജോണ്‍സണ്‍ തന്നെ വേണം. സിനിമയ്ക്ക് പശ്ചാത്തലസംഗീതം ചെയ്യുകയെന്നത് ചില്ലറപ്പെട്ട പണിയല്ല. കഥയറിഞ്ഞ്, കഥാപാത്രങ്ങളെയറിഞ്ഞ്, സന്ദര്‍ഭമനുസരിച്ചു വേണം അതുചെയ്യാന്‍. ഒന്നു പാളിയാല്‍ മതി. എല്ലാം തെറ്റും. അതു കൃത്യമായി ചെയ്യാന്‍ ജോണ്‍സണു കഴിയും. അങ്ങിനെയാണ് ഞാനും ജോണ്‍സണും ആദ്യമായി ഒന്നിച്ചത്.
നല്ല കഥയുണ്ടെങ്കിലേ ജോണ്‍സണെ വിളിക്കാവൂ എന്നൊരു നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. നല്ല കഥകളിലാണ് നല്ല പാട്ടുകളുണ്ടാവുക. ഏറെക്കാലം കഴിഞ്ഞതിനു ശേഷമാണ് 'കുടുംബസമേത'മെന്ന സിനിമ പിറക്കുന്നത്. അതിന്റെ കഥ കേട്ടപ്പോള്‍ത്തന്നെ മനസിലേക്കു വന്നത് ജോണ്‍സണായിരുന്നു. ജോണ്‍സണെ വിളിച്ചു. സന്തോഷം. എപ്പോള്‍ വേണമെങ്കിലും എത്താമെന്നായി. ഞങ്ങള്‍-ഞാനും ജോണ്‍സണും നിര്‍മാതാവ് സിംപിള്‍ ബഷീറും ഒരു ദിവസം മദ്രാസിലെ ഹോട്ടല്‍ പാന്‍ഗ്രേവില്‍ മുറിയെടുത്തു.
ഞാന്‍ ജോണ്‍സണോടു സന്ദര്‍ഭം പറഞ്ഞുകൊടുത്തു. മനോജ്.കെ.ജയനും മോനിഷയും നിളാതീരത്തു കൂടി പ്രണയാര്‍ദ്രമായി നടക്കുകയാണ്. നിള, നിലാവ്, പ്രകൃതി എന്നിവയെല്ലാം സമ്മേളിക്കുന്ന ട്യൂണായിരിക്കണം. അദ്ഭുതമായിരുന്നു. മിനുട്ടുകള്‍ക്കകമാണ് എന്റെ ഹൃദയം വായിച്ചെടുത്തതുപോലെ ജോണ്‍സണ്‍ ആദ്യട്യൂണിട്ടത്. അതിനനുസരിച്ച് കൈതപ്രം വരികളുമെഴുതി. 'നീലരാവിലിന്നു നിന്റെ താരഹാരമിളകി......'
കൈതപ്രവും ജോണ്‍സണും മനോഹരമാക്കിയ ആ പാട്ടിന്റെ ഭംഗി ഒട്ടും ചോരാതെ വിഷ്വലൊരുക്കേണ്ടതു വെല്ലുവിളിയായിത്തന്നെയെടുത്തു. നിളാതീരത്ത് പ്രണയിനികള്‍ നടന്നു നീങ്ങുമ്പോള്‍ പിന്നണിയില്‍ തിരുവാതിരപ്പാട്ടുകളും വായ്ത്താരിയും വിളക്കുകളുമായി പെണ്‍കുട്ടികള്‍ നടക്കുന്നതുമെല്ലാം ഉള്‍പ്പെടുത്തിയപ്പോള്‍ അതെന്റെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായി. രണ്ടു പാട്ടുകള്‍ക്കു കൂടി ജോണ്‍സണ്‍ ആ സിനിമയില്‍ സംഗീതമിട്ടു. വേര്‍പിരിയലിന്റെ ഗാനം വേണമെന്നു പറഞ്ഞതേയുള്ളൂ. 'ഊഞ്ഞാലുറങ്ങി, ഇന്ദോളരാഗം മയങ്ങി.....' അങ്ങിനെയുണ്ടായതാണ്.  ആ സിനിമയുടെ വിജയത്തിന് പാട്ടുകള്‍ നല്ല പങ്കാണു വഹിച്ചത്. പാട്ടുകള്‍ കേട്ടിട്ടാണ് തിയറ്ററിലേക്ക് ആളുകളെത്തിയത്. ലാളിത്യം ഒട്ടും ചോര്‍ന്നുപോവാതെ കൈകാര്യം ചെയ്തു എന്നതാണ് ആ പാട്ടുകളുടെ ഗുണം.
പിന്നീട് ഞാനും ജോണ്‍സണും രണ്ടു വഴിക്കു സഞ്ചരിച്ചു. ജോണ്‍സണ് സംഗീതം ചെയ്യാന്‍ പറ്റിയ സിനിമകളൊന്നും പിന്നീട് കുറച്ചുകാലത്തേക്ക് ഉണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങളൊന്നിച്ച് രഞ്ജിത്തിനെ നായകനാക്കി ഞാന്‍ ചെയ്ത 'ഗുല്‍മോഹര്‍' എന്ന ചിത്രത്തിലായിരുന്നു. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ ഞങ്ങളിരുന്നു. പാട്ടെഴുതുന്നത് ഒ.എന്‍.വിയാണെന്നറിഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു ആ മുഖത്ത്. 'ഗുല്‍മോഹറി'ന്റെ കഥ പറഞ്ഞുകൊടുത്തു. രണ്ടുപാട്ടുകള്‍ വേണമെന്നു പറഞ്ഞു. ക്ഷീണിതനെങ്കിലും അധികം ട്യൂണുകള്‍ തേടേണ്ടിവന്നില്ല, ജോണ്‍സണ്. മനോഹരമായ രണ്ടു പാട്ടുകള്‍ പിറവികൊണ്ടു. 'ഒരുനാള്‍ ശുഭരാത്രി നേരുന്നു, വെറുതേ ഒരു പൂക്കിനാവായി വന്നു......'
ഒരുപക്ഷേ അതായിരിക്കും ജോണ്‍സന്റെ ഏറ്റവുമൊടുവിലത്തെ ചലച്ചിത്രഗാനമെന്നു തോന്നുന്നു. പിന്നീട് ആല്‍ബങ്ങള്‍ ചെയ്തു എന്നാണറിഞ്ഞത്. 'കാനനത്തിലെ ജ്വാല...'എന്ന ഗാനമായിരുന്നു മറ്റൊന്ന്. വേനലിന്റെ അറുതിയില്‍ ചൂടു മുഴുവനും ഏറ്റുവാങ്ങിയ ഗുല്‍മോഹര്‍ മരം പോലെയായിരുന്നു ജോണ്‍സണും. ആരേയും ദ്രോഹിക്കുന്ന ഒരു മനസായിരുന്നില്ല. എല്ലാ ദുഃഖങ്ങളും സ്വയം  ഏറ്റുവാങ്ങിയാണ് ജീവിച്ചതും.
അവസാനകാലത്ത് മനസ് നിറയെ വിഷമം മാത്രമായിരുന്നു. എവിടുന്നൊക്കെയോ അവഗണനകള്‍ നേരിട്ടു. കൂടെയുണ്ടായിരുന്നവര്‍ പോലും ഉപേക്ഷിച്ചപ്പോള്‍ ഒറ്റയ്ക്കായതുപോലെ ഒരു തോന്നലായിരുന്നു ജോണ്‍സണ്. അവരില്‍ പലരും നല്ല സിനിമകള്‍ ചെയ്‌തെങ്കിലും ജോണ്‍സണ്‍ ഒപ്പമില്ലാത്തതിന്റെ കുറവ് അതിനൊക്കെയുമുണ്ടായിരുന്നു. മലയാളസിനിമ എന്നത് ഒരു കാലത്ത് മദ്രാസ് ആയിരുന്നു. അന്ന് ഞങ്ങളൊക്കെയും സിനിമയുടെ ബാലപാഠങ്ങള്‍ പഠിച്ചതും കഷ്ടപ്പെട്ടതുമെല്ലാം അവിടെനിന്നായിരുന്നു. പിന്നീട് ഞങ്ങളില്‍ കൂടുതല്‍പേരും മദ്രാസ് വിട്ടെങ്കിലും ജോണ്‍സണ്‍ അവിടെത്തന്നെ നിന്നു. അവിടെ നിന്നു പോരാന്‍ ഇഷ്ടമായിരുന്നില്ലെന്നു തന്നെ പറയാം. ജോണ്‍സന്റെ മരണത്തോടെ സിനിമാക്കാരുടെ  മദ്രാസ്‌കാലവും അവസാനിച്ചു എന്നു പറയാം.
സംഗീതത്തിന്റെ കാര്യത്തില്‍ മാത്രം കോംപ്രമൈസ് ചെയ്യാന്‍ ജോണ്‍സണ് കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് അവസാനകാലത്ത് അദ്ദേഹത്തിന് സിനിമകള്‍ കുറഞ്ഞതും. യഥാര്‍ഥസംഗീതത്തില്‍ മനസും ശരീരവും അര്‍പിച്ച ഒരാള്‍ സംഗീതത്തിന്റെ കോപ്രായങ്ങള്‍ കാണുമ്പോള്‍ വേദനപ്പെടുന്നതു സ്വാഭാവികമാണ്. ശുദ്ധസംഗീതത്തെ അടുപ്പിക്കാത്തവര്‍ പോലും സിനിമാലോകത്തു വലിയ സംഭവമായി പ്രതിഷ്ഠിക്കപ്പെടുമ്പോള്‍ ആ മനസ് അസ്വസ്ഥമായി. അത് ഈഗോ ആയിരുന്നില്ല. മറിച്ച് സംഗീതം വികലപ്പെടുന്നതിന്റെ ആകുലതകളായിരുന്നു. അത് കിട്ടിയത് ദേവരാജന്‍മാഷുടെ ശിഷ്യത്വത്തിലൂടെയാണ്. ദേവരാജന്‍ മാഷും കോംപ്രമൈസിന് ഒരുക്കമല്ലായിരുന്നു, മരണംവരെ. അതു സൂക്ഷിക്കാന്‍ ജോണ്‍സണും കഴിഞ്ഞിരുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.