You are Here : Home / വെളളിത്തിര

എത്ര വയസായാലും പേടി മാറില്ല

Text Size  

Story Dated: Saturday, March 29, 2014 11:16 hrs UTC

ഒരു നടിക്ക് എത്രകാലം മാധ്യമങ്ങളെ ഭയന്ന് കഴിയാന്‍ പറ്റും? എന്തിനാണവര്‍ പേടിക്കുന്നത്? എന്തുകൊണ്ടവര്‍ ഒളിവില്‍ കഴിയുന്നു? പറഞ്ഞുവരുന്നത് മലയാളത്തിലെ പ്രശസ്തയായ ഒരു നടിയുടെ തിരിച്ചുവരവിനെക്കുറിച്ചാണ്. അമിതാഭ് ബച്ചനൊപ്പം പരസ്യചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് തിരിച്ചെത്തിയ നടിക്ക് ആ സമയത്ത് ഓഫറുകളുടെ പെരുമഴയായിരുന്നു.


എല്ലാം മലയാളത്തിലെ പ്രശസ്തരായ സംവിധായകര്‍. ഭര്‍ത്താവായ ജനപ്രിയ നടന്‍ വരെ മിണ്ടാതിരുന്നിട്ടും അന്ന് ഒപ്പം നിന്നത് മാധ്യമങ്ങളായിരുന്നു. നടി അഭിനയരംഗത്തെ മഹാപ്രസ്ഥാനമെന്നു വരെ അവര്‍ വിലയിരുത്തി. പക്ഷെ അധികം കഴിയുന്നതിനു മുമ്പ് ഓരോ സിനിമകളില്‍ നിന്നും നടി ഔട്ടാവാന്‍ തുടങ്ങി. അവശേഷിച്ചത് 'ഹൗ ഓള്‍ഡ് ആര്‍ യൂ' എന്ന സിനിമ മാത്രം. കൊച്ചിയില്‍ മാരത്തോണ്‍ ഓട്ടമത്സരത്തിനിടയ്ക്ക് നടിയെയും ഓടിച്ചുകൊണ്ടായിരുന്നു ചിത്രീകരണത്തിന്റെ തുടക്കം.
അന്ന് പത്രമാധ്യമങ്ങള്‍ ചുറ്റും കൂടിയെങ്കിലും നടി ഒരൊറ്റയക്ഷരം പറഞ്ഞില്ല. അഭിനയിക്കാന്‍ വന്നതിനുശേഷം നടി ഒരു മാധ്യമത്തിനും അഭിമുഖം കൊടുത്തിട്ടില്ല. പത്രക്കാരെയും ഭര്‍ത്താവിനെയും പേടിച്ച് ആദ്യം തൃശൂരില്‍ നിന്ന് എറണാകുളത്തെ ഫ്‌ളാറ്റിലേക്ക് താമസം മാറ്റിയെങ്കിലും പിന്നീട് ബോംബെയിലേക്ക് പറന്നു. അവിടെ നിന്നാണ് പുതിയ സിനിമയുടെ ഷൂട്ടിംഗിനു വേണ്ടി കഴിഞ്ഞയാഴ്ച കൊച്ചിയിലെത്തിയത്.


ഒരു സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ മാധ്യമങ്ങള്‍ ചുറ്റും കൂടുന്നത് സ്വഭാവികം. ഇതു മുന്‍കൂട്ടി കണ്ട നടി സംവിധായകനു മുമ്പില്‍ നടിയാണത്രേ ആദ്യനിര്‍ദ്ദേശം വച്ചത്-പത്രക്കാരെ ഒഴിവാക്കിത്തരണം. പി.ആര്‍.ഒമാരാണ് പത്രക്കാരെ സാധാരണ സെറ്റിലേക്ക് കൊണ്ടുവരുന്നത്. പി.ആര്‍.ഒമാരെ വേണ്ടെന്നുവച്ചാലേ പ്രശ്‌നം തീരുകയുള്ളൂ.


അതോടെ അവരും ഔട്ടായി. എന്നാല്‍, മാധ്യമങ്ങളുടെ പിന്തുണയില്‍ വളര്‍ന്ന നിര്‍മ്മാതാവിന് ഈ നിര്‍ദ്ദേശം അംഗീകരിക്കാനായില്ല. ഒരു സിനിമയുടെ വിജയത്തിന് ആദ്യം വേണ്ടത് പബ്ലിസിറ്റിയാണ്. അതില്ലെങ്കില്‍ സിനിമയെക്കുറിച്ച് ജനം എങ്ങനെ അറിയും? പണം മുടക്കുന്നവന്റെ ടെന്‍ഷന്‍ മറ്റുള്ളവര്‍ക്ക് അറിയേണ്ടതില്ലല്ലോ. എന്നാല്‍ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെ നടിയും സംവിധായകനും തങ്ങളുടെ തീരുമാനം നടപ്പാക്കി. ഫലത്തില്‍ പബ്ലിസിറ്റിയേ ഇല്ലാതായി.


കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ചിത്രീകരണത്തിന് യൂണിറ്റംഗങ്ങളെയല്ലാതെ ആരെയും കടത്തിവിടുന്നില്ല. അത്രയ്ക്ക് രഹസ്യമായാണ് ഷൂട്ടിംഗ് നടക്കുന്നത്. ആളുകളെ നിയന്ത്രിക്കാനായി പ്രത്യേക ടീമിനെത്തന്നെ വച്ചിട്ടുണ്ടത്രേ.

പറഞ്ഞുവച്ച സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കിയതിനു പിന്നില്‍ ഭര്‍ത്താവായ നടന്റെ സ്വാധീനമുണ്ടെന്നാണ് നടി കരുതുന്നത്. ഇപ്പോള്‍ ചിത്രീകരിക്കുന്ന സിനിമയുടെ കാര്യത്തില്‍ വരെ നടന്‍ ഇടപെട്ടിരുന്നുവത്രേ. ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചുപോയതിനാല്‍ ഇനിയൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് സംവിധായകന്‍ കട്ടായം പറഞ്ഞതോടെ, നടന്‍ ഡിസ്ട്രിബ്യൂഷനിലും സാറ്റലൈറ്റിലും ഇടപെട്ടു. അതില്‍ നിന്നും ഒരുവിധം കരകയറി വന്നപ്പോഴാണ് നടിയുടെ വക നിയന്ത്രണം വന്നത്. ടെന്‍ഷനടിച്ചുകൊണ്ടാണിപ്പോള്‍ സംവിധായകന്‍ ഓരോ സീനും ചിത്രീകരിക്കുന്നത്. ഇനി എന്തൊക്കെ പാരകള്‍ കാത്തിരിക്കുന്നുണ്ടെന്ന് ആര്‍ക്കറിയാം?

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.