You are Here : Home / വെളളിത്തിര

നൂറ്റിയാറാം നമ്പര്‍ മുറിയില്‍ സംഭവിക്കുന്നത്.....

Text Size  

Story Dated: Friday, March 14, 2014 01:19 hrs UTCസംവിധായകന്‍ രഞ്ജിത്ത് കോഴിക്കോട്ടുണ്ടെങ്കില്‍ ആഴ്ചയില്‍ ഒരു
തവണയെങ്കിലും മഹാറാണി ഹോട്ടലില്‍ കയറാതെ പോവില്ല. അവിടുത്തെ നൂറ്റിയാറാം
നമ്പര്‍ മുറിയിലാണ് രഞ്ജിത്തിന്റെ സൂപ്പര്‍ഹിറ്റ് തിരക്കഥകള്‍ ആദ്യം
പിറവിയെടുത്തത്. രഞ്ജിത്ത് സിനിമകളുടെ ചര്‍ച്ചകള്‍ ആദ്യം നടക്കുന്നതും ഈ
മുറിയിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയതാണ് ഈ മുറിയും
രഞ്ജിത്തുമായുള്ള ആത്മബന്ധം. ക്യാമറാമാന്‍ വേണു സംവിധാനം ചെയ്യുന്ന
'മുന്നറിയിപ്പ്' എന്ന സിനിമ നിര്‍മ്മിക്കുന്നത് രഞ്ജിത്താണ്. എന്നുവച്ച്
തിരക്കഥ രഞ്ജിത്തിന്റേതല്ല. കഥാകൃത്ത് ഉണ്ണി.ആര്‍ ആണ് തിരക്കഥാകൃത്ത്.
നിര്‍മ്മാതാവായാലും ഈ സിനിമയുടെ ആദ്യത്തെ ചര്‍ച്ച നടന്നത് നൂറ്റിയാറാം
നമ്പര്‍ മുറിയിലാണ്.
അപകടത്തിന്റെ തലേന്ന് നടന്‍ ജഗതി ശ്രീകുമാര്‍ രഞ്ജിത്തിനെ കാണാനെത്തിയതും
ഈ മുറിയിലായിരുന്നു. നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണനായിരുന്നു
ഈ കൂടിക്കാഴ്ചയ്ക്ക് സാക്ഷി. ശങ്കര്‍ രാമകൃഷ്ണന് ആ ദിവസം ഒരിക്കലും
മറക്കാനാവില്ല.
''ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കുന്ന ദിവസമായിരുന്നു ഞങ്ങള്‍ മഹാറാണിയിലെ
നൂറ്റിയാറാം നമ്പര്‍ മുറിയിലെത്തിയത്. രാവിലെത്തന്നെ വിവിധ ചാനലുകളുടെ
ഒ.ബി.വാനുകള്‍ ഹോട്ടലിന് മുമ്പിലെത്തി. പത്തരയ്ക്ക് അവാര്‍ഡ്
പ്രഖ്യാപിച്ചു. രഞ്ജിയേട്ടന്‍ സംവിധാനം ചെയ്ത 'ഇന്ത്യന്‍ റുപ്പി'യെ
ഇന്ത്യയിലെ മികച്ച മലയാളചിത്രമായി തെരഞ്ഞെടുത്തിരിക്കുന്നു.
എല്ലാവര്‍ക്കും ഭയങ്കര സന്തോഷമായി. ടി.വി. ഇന്റര്‍വ്യൂകള്‍,
അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള ഫോണ്‍കോളുകള്‍. തിരക്കോടുതിരക്ക്.
ഇതിനിടയ്ക്കാണ് മുറി തുറന്ന് പ്രതീക്ഷിക്കാത്ത ഒരതിഥിയെത്തിയത്.
സാക്ഷാല്‍ ജഗതി ശ്രീകുമാര്‍. ഞങ്ങളെല്ലാവരും അദ്ഭുതപ്പെട്ടു. പിറകെ
മമ്മുക്കയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ലാലേഷുമുണ്ട്. മമ്മുക്കയുടെ
ആവശ്യപ്രകാരം ലാലേഷിന്റെ നാട്ടില്‍ ഒരു ഉദ്ഘാടനച്ചടങ്ങിനു പോവുകയാണ്.
അതിനിടെ രഞ്ജിയേട്ടനെ അഭിനന്ദിക്കാന്‍ കയറിയതാണ്. അമ്പിളിച്ചേട്ടന്‍
എന്നെ സംബന്ധിച്ചിടത്തോളം ജ്യേഷ്ഠതുല്യനാണ്. അതുവരെ കണ്ട
അമ്പിളിച്ചേട്ടനായിരുന്നില്ല അത്. വല്ലാത്തൊരു സൂര്യതേജസ് ആ
മുഖത്തുള്ളതായി തോന്നി. എനിക്കു മാത്രമല്ല, രഞ്ജിയേട്ടനും. വളരെ
പെട്ടെന്നു തന്നെ അദ്ദേഹം മുറിയില്‍ നിന്നുപോയി. അന്നു വൈകുന്നേരം തന്നെ
ഞങ്ങള്‍ വീണ്ടും എറണാകുളത്തേക്ക്. പിറ്റേ ദിവസം പുലര്‍ച്ചെയാണ് അദ്ദേഹം
അപകടത്തില്‍പ്പെട്ട വാര്‍ത്തയറിഞ്ഞത്.''
ഒരാശയം മനസിലേക്ക് വന്നുവീണാല്‍ രഞ്ജിത്ത് ആദ്യമെത്തുന്നത് ഈ മുറിയിലാണ്.
കുറച്ചുദിവസം താമസിക്കുമ്പോഴേക്കും കഥയുടെ ഗതികള്‍ കണ്ടെത്താന്‍ കഴിയും.
മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ സജീവമായി വരുന്ന കാലത്ത്
മഹാറാണിയിലായിരുന്നു താമസം. മമ്മൂട്ടി വന്നാല്‍ സ്ഥിരമായി താമസിക്കുന്ന
സ്യൂട്ട്‌റൂമുണ്ടായിരുന്നു. മെഗാതാരമായി അദ്ദേഹം വളര്‍ന്നപ്പോള്‍ താമസം
ടാജിലേക്ക് മാറി. മോഹന്‍ലാലാവട്ടെ അടുത്ത കൂട്ടുകാരനായ ബേബി മറൈന്‍സിന്റെ
ബാബുച്ചായന്റെ വീട്ടിലേക്കു പോകും.
കുതിരവട്ടം പപ്പു കോഴിക്കോട്ടുകാരനാണെങ്കിലും ഷൂട്ടിംഗുണ്ടെങ്കില്‍
മഹാറാണിയിലുണ്ടാവും. ഐ.വി.ശശിയും കോഴിക്കോട്ട് ട്രെയിനിറങ്ങിയാല്‍
ആദ്യമെത്തുക മഹാറാണിയിലാണ്. സിനിമാക്കാര്‍ക്ക് വീടു വിട്ടാല്‍ മറ്റൊരു
വീടാണിവിടം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.