You are Here : Home / വെളളിത്തിര

സുകുമാരന്‍ ഓര്‍മയായിട്ട് ഇന്നേക്ക് 21 വര്‍ഷം

Text Size  

Story Dated: Sunday, June 17, 2018 02:22 hrs UTC

മലയാള സിനിമയില്‍ നായകനായും പ്രതിനായകനായും തിളങ്ങിയ സുകുമാരന്‍ ഓര്‍മയായിട്ട് ഇന്നേക്ക് 21 വര്‍ഷം. അച്ഛന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിച്ചിരിക്കുകയാണ് മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും. ഇരുവരും അച്ഛന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തു.
 
കോളജ് അധ്യാപകനായി ജോലി ചെയ്തുവരുന്ന കാലത്താണ് 25ാം വയസ്സില്‍ സുകുമാരന്‍ സിനിമയില്‍ എത്തുന്നത്. ദേശീയ പുരസ്‌കാരമുള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയ നിര്‍മാല്യത്തിലൂടെയായിരുന്നു സിനിമാപ്രവേശം. പി ജെ ആന്റണി അവതരിപ്പിച്ച വെളിച്ചപ്പാടിന്റെ മകനായ അപ്പു എന്ന യുവാവായാണ് സുകുമാരന്‍ നിര്‍മാല്യത്തില്‍ വേഷമിട്ടത്. അന്ധവിശ്വാസങ്ങളെ വെല്ലുവിളിക്കുന്ന ക്ഷുഭിതനായ യുവാവായിരുന്നു അപ്പു. തുടര്‍ന്ന് സുകുമാരന് ലഭിച്ച വേഷങ്ങളെല്ലാം പ്രതികരണശേഷി പ്രകടിപ്പിക്കുന്ന ചെറുപ്പക്കാരന്റേതായിരുന്നു. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും തന്റേടിയായിരുന്നു സുകുമാരന്‍. മുഖം നോക്കാതെ കാര്യങ്ങള്‍ തുറന്ന് പറയുന്ന പ്രകൃതം. പിന്നീട് നിഷേധിയും തന്റേടിയുമായ നായകനായി സുകുമാരന്‍ സിനിമയില്‍ നിറഞ്ഞാടി.
 
 
നായകന്‍, വില്ലന്‍, ഹാസ്യതാരം, സ്വഭാവനടന്‍… നിരവധി വേഷങ്ങളിലൂടെ മലയാള സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത നടനായി അദ്ദേഹം മാറി. സുകുമാരനെന്ന നടന്റെ കഴിവിനെ പരമാവധി ചൂഷണം ചെയ്യുന്ന വേഷങ്ങളായിരുന്നു അവയെല്ലാം. ബന്ധനത്തിലെ അഭിനയത്തിന് സുകുമാരന്‍ 1978ല്‍ സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. എണ്‍പതുകളിലെ പുതിയ നായകനിരയുടെ വരവ് സുകുമാരനെ മുന്‍നിരയില്‍ നിന്ന് പിന്തള്ളി. ഇരുന്നൂറ്റമ്ബതോളം വേഷങ്ങളെ അനശ്വരമാക്കി സുകുമാരന്‍ വിട വാങ്ങുമ്ബോള്‍ 49 വയസ്സു മാത്രമായിരുന്നു പ്രായം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.