You are Here : Home / വെളളിത്തിര

മ്മൂട്ടിയെ പരിഹസിക്കുന്നവർക്ക് മറുപടിയുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍

Text Size  

Story Dated: Thursday, May 03, 2018 02:36 hrs UTC

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മമ്മൂട്ടി ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോയും ചിത്രങ്ങളും പരചിപ്പിച്ച്‌ അദ്ദേഹത്തെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രംഗത്ത്. മനോരമയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഉണ്ണി കെ വാര്യര്‍ ആണ് മമ്മൂട്ടിയെ കളിയാക്കുവര്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.

നൃത്തം അറിയാത്ത വ്യക്തി എന്ന നിലയിലാണു പലരും മമ്മൂട്ടിയെ കളിയാക്കുന്നത്. തീരെ മനസ്സിലാകാത്തൊരു കാര്യം, നടനു നൃത്തം അറിയണമെന്ന് എവിടെയാണു പറയുന്നത്. നൃത്തവും അഭിനയവും രണ്ടു വ്യത്യസ്ത കലകളല്ലേ. മൂന്നരപ്പതിറ്റാണ്ടായി സിനിമയില്‍ നില്‍ക്കുന്ന ഒരാള്‍ ഇപ്പോഴും പൊതു വേദിയില്‍ നൃത്തം ചെയ്യാന്‍ തയാറായി പുതിയ തലമുറയോടൊപ്പം നില്‍ക്കുന്നു എന്നതാണ് അത്ഭുതപ്പെടുത്തുന്നത് അതിനു വേണ്ടി അദ്ദേഹം കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം തന്റെ ലേഖനത്തില്‍ വ്യക്തമാക്കി.

സ്വന്തം വീട്ടിലെ കല്യാണത്തിനു പോലും രണ്ടു ചുവടുവയ്ക്കാന്‍ മടിക്കുന്ന മലയാളിയാണ് ഈ മനുഷ്യനെ കളിയാക്കുന്നത്. മൂന്നോ നാലോ രാവും പകലും നൃത്തം ചെയ്തു തളരുന്ന ഉത്തരേന്ത്യന്‍ കല്യാണങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. നൃത്തത്തിലൂടെ പടരുന്ന സൗഹൃദവും സ്‌നേഹവുമാണ് അമ്ബരപ്പിച്ചിട്ടുള്ളത്. ഇതൊന്നും ചെയ്യാതെ ആര്‍ക്കെങ്കിലും പാടാന്‍ കരാര്‍ കൊടുക്കുന്ന മലയാളിയാണ് 35 വര്‍ഷമായി നമ്മെ ആനന്ദിപ്പിക്കുന്ന ഒരു മനുഷ്യനെ കളിയാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ഉണ്ണി കെ വാര്യരുടെ ലേഖനത്തിന്റെ പൂര്‍ണരൂപം:

വേദനയോടെയാണ് ഇതെഴുതുന്നത്. കുറച്ചു ദിവസമായി മമ്മൂട്ടി ഡാന്‍സ് പഠിക്കുന്നൊരു വിഡിയോ ക്ലിപ്പിങ് സമൂഹ മാധ്യമങ്ങളില്‍ വന്നുകൊണ്ടേയിരിക്കുന്നു. ഓരോന്നിനുമൊപ്പം, കണ്ടാല്‍ അറപ്പു തോന്നുന്ന കമന്റുകളും.

നൃത്തം അറിയാത്ത വ്യക്തി എന്ന നിലയിലാണു പലരും മമ്മൂട്ടിയെ കളിയാക്കുന്നത്. തീരെ മനസ്സിലാകാത്തൊരു കാര്യം, നടനു നൃത്തം അറിയണമെന്ന് എവിടെയാണു പറയുന്നത്. നൃത്തവും അഭിനയവും രണ്ടു വ്യത്യസ്ത കലകളല്ലേ. മൂന്നരപ്പതിറ്റാണ്ടായി സിനിമയില്‍ നില്‍ക്കുന്ന ഒരാള്‍ ഇപ്പോഴും പൊതു വേദിയില്‍ നൃത്തം ചെയ്യാന്‍ തയാറായി പുതിയ തലമുറയോടൊപ്പം നില്‍ക്കുന്നു എന്നതാണ് അത്ഭുതപ്പെടുത്തുന്നത്; അതിനു വേണ്ടി അദ്ദേഹം കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു

സ്വന്തം വീട്ടിലെ കല്യാണത്തിനു പോലും രണ്ടു ചുവടുവയ്ക്കാന്‍ മടിക്കുന്ന മലയാളിയാണ് ഈ മനുഷ്യനെ കളിയാക്കുന്നത്. മൂന്നോ നാലോ രാവും പകലും നൃത്തം ചെയ്തു തളരുന്ന ഉത്തരേന്ത്യന്‍ കല്യാണങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. നൃത്തത്തിലൂടെ പടരുന്ന സൗഹൃദവും സ്‌നേഹവുമാണ് അമ്ബരപ്പിച്ചിട്ടുള്ളത്. ഇതൊന്നും ചെയ്യാതെ ആര്‍ക്കെങ്കിലും പാടാന്‍ കരാര്‍ കൊടുക്കുന്ന മലയാളിയാണ് 35 വര്‍ഷമായി നമ്മെ ആനന്ദിപ്പിക്കുന്ന ഒരു മനുഷ്യനെ കളിയാക്കുന്നത്.

മമ്മൂട്ടിയുടെ ജോലി അഭിനയമാണ്, നൃത്തമല്ല. അതിന്റെ ഭാഗമായി ചിലപ്പോള്‍ നൃത്തം ചെയ്തിട്ടുണ്ടാകാം. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പൊതു സമ്മേളനത്തില്‍ നാടന്‍പാട്ടു പാടിയപ്പോള്‍ പി.കെ. ശ്രീമതി നൃത്തം ചെയ്തു. പിണറായി വിജയന്‍ അടക്കമുള്ളവര്‍ നോക്കി നില്‍ക്കുകയും ചെയ്തു. പിണറായിക്കു നൃത്തമറിയില്ല എന്നു പറഞ്ഞറ ആരും ട്രോളിയതു കണ്ടില്ല. ശ്രീമതിയുടെ നൃത്തം മോശമായിരുന്നു എന്നും പറഞ്ഞു കണ്ടില്ല. കാരണം, സിപിഎം അംഗമാകുന്നതിനുള്ള യോഗ്യത നാടന്‍പാട്ടിനു നൃത്തംവയ്ക്കാനറിയുമോ എന്നതല്ല.

350 ലേറെ സിനിമകളില്‍ എത്രയോ എണ്ണത്തില്‍ ഈ മനുഷ്യന്‍ നമ്മുടെ അഭിമാനമായിരിക്കുന്നു, ഈ നാടിന്റെ യശസ്സ് ഉയര്‍ത്തിയിരിക്കുന്നു. അതിനു നമുക്കുള്ള കടപ്പാടു തീര്‍ത്താല്‍ തീരുന്നതല്ല. ഒരു കലാകാരനെ നാം ബഹുമാനിക്കുന്നതു ജന്മത്തിലൂടെ കിട്ടിയ കഴിവിന്റെ പേരിലാണ്. പത്താംക്‌ളാസില്‍ പഠിക്കുമ്ബോള്‍ നാടകം അഭിനയിച്ച എല്ലാവരും അഭിനേതാക്കളാകില്ലല്ലോ. അതൊരു ജന്മസുകൃതം തന്നെയാണ്. 35 വര്‍ഷം ഒരിഞ്ചും താഴോട്ടുപോകാതെ നില ഉയര്‍ത്തിക്കൊണ്ടേയിരിക്കുന്ന എത്ര നടന്മാര്‍ ഇന്ത്യന്‍ സിനിമയിലുണ്ട്. നടനും സൂപ്പര്‍ സ്റ്റാറുമായിരിക്കുകയെന്ന അപൂര്‍വമായ സമ്മാനമാണ് ഈ മനുഷ്യന്‍ മലയാളിക്കു തന്നത്.

ഇത്രയേറെ ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കിയ ആരുണ്ട്. എത്രയോ പേരെ വിളിച്ചു കഥ എഴുതാന്‍ ഈ മനുഷ്യന്‍ പറയുന്നതിനു ഞാന്‍ സാക്ഷിയാണ്. അവര്‍ നല്ല കഥ എഴുതാത്തത് അവരുടെ കുഴപ്പം. ഇരുപതു വര്‍ഷത്തിലേറെ നീണ്ട സൗഹൃദം എനിക്കുണ്ട്. ഇന്നേവരെ മകന്‍ ദുല്‍ഖര്‍ സല്‍മാനെപ്പറ്റി ഒരു വരി എഴുതാന്‍ മമ്മൂട്ടി എന്ന അച്ഛന്‍ എന്നോടു പറഞ്ഞിട്ടില്ല. അതിനുള്ള തന്റേടം എത്ര നടന്മാര്‍ക്കുണ്ടാകും. സ്വന്തം മക്കള്‍ക്കുവേണ്ടി വിയര്‍പ്പൊഴുക്കിയ എത്രയോ സിനിമാ പിതാക്കന്മാരെ ഞാന്‍ മുന്നില്‍ കാണുന്നു.

35 വര്‍ഷത്തിനു ശേഷവും, എനിക്കറിയാത്ത പണിയാണിതെന്നു പറഞ്ഞു പോകാതെ 'ഞാന്‍ പഠിക്കും' എന്ന സമര്‍പ്പണത്തോടെ നൃത്തം ചെയ്യുന്ന മമ്മൂട്ടിയെ ഞാന്‍ സ്‌നേഹിക്കുന്നു. അദ്ദേഹം നൃത്തം ചെയ്തില്ലെങ്കിലും ഒരു ചുക്കും സംഭവിക്കില്ല. ഇത്തരമൊരു വിഡിയോ പടരുമ്ബോഴും അതു മക്കളും പേരക്കുട്ടികളും ഭാര്യയും കാണുമെന്നറിഞ്ഞിട്ടുപോലും ഒരു മടിയുമില്ലാതെ സ്വന്തം കലയെ സ്‌നേഹിക്കുന്ന ഈ നടനെ ഞാന്‍ ഇതിനു മുന്‍പു സ്‌നേഹിച്ചതിലും പതിന്മടങ്ങു സ്‌നേഹിക്കുന്നു.

നമ്മുടെയെല്ലാം നേര്‍ക്ക് ആരെങ്കിലുമൊന്നു വിരല്‍ ചൂണ്ടിയാല്‍, സ്വന്തം മക്കള്‍പോലും ഒന്നു കളിയാക്കിയാല്‍ തളര്‍ന്നുപോകുന്ന ബലമേ നമുക്കുള്ളു. ലോകം മുഴുവന്‍ പലതവണ കളിയാക്കിയപ്പോഴും ചിരിച്ചുകൊണ്ടു നമ്മുടെ കൂടെ നടന്ന ഈ മനുഷ്യനോടു നാം ചെയ്തതു പൊറുക്കാനാകാത്തതാണ്. 35 വര്‍ഷം നമ്മുടെ മനസ്സു നിറച്ചതു മറക്കാം, എത്രയോ മണിക്കൂറുകള്‍ നമ്മള്‍ അദ്ദേഹത്തെ അത്ഭുതത്തോടെ കണ്ടിരുന്നതു മറക്കാം. പക്ഷേ, ഈ മനുഷ്യനു ഭാര്യയും കുട്ടികളും പേരക്കുട്ടികളും ഉണ്ടെന്ന പരിഗണനയെങ്കിലും നല്‍കേണ്ടതായിരുന്നു. ഫോര്‍വേഡ് ചെയ്യപ്പെടുന്നതു മലയാളിയുടെ പരമപുച്ഛം നിറഞ്ഞ മനസ്സാണ്, അല്ലാതെ മമ്മൂട്ടിയുടെ ചുവടുകളില്ല

പ്രിയപ്പെട്ട മമ്മൂക്ക, നിങ്ങളെ ഞാന്‍ കൂടുതല്‍ സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നു. അറിയാത്ത ഒരു കാര്യം പഠിച്ചെടുക്കാന്‍ നടത്തുന്ന കറയില്ലാത്ത ശ്രമത്തിനു മുന്നില്‍ നമിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More