You are Here : Home / വെളളിത്തിര

മോഹൻലാൽ !! പടം പൊട്ടിയോ ?

Text Size  

Story Dated: Tuesday, April 17, 2018 02:22 hrs UTC

'മോഹന്‍ലാല്‍' എന്ന് പേരിട്ട് സൂപ്പര്‍ താരത്തിന്റെ ആരാധകരെ നോട്ടമിട്ടു ചെയ്ത സിനിമക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
 
ഇത്തരമൊരു സിനിമയില്‍ ലാലിനെ 'ഉപയോഗിക്കാന്‍' അനുമതി കൊടുക്കരുതായിരുന്നു എന്നതാണ് ലാല്‍ ആരാധകര്‍ക്കിടയിലെ വിലയിരുത്തല്‍.
 
പ്രതീക്ഷിച്ച നിലവാരമില്ലാത്ത സിനിമ ഇനി പുറത്തിറങ്ങാനിരിക്കുന്ന ലാല്‍ സിനിമകളെ ബാധിക്കുമോ എന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്. മഞ്ജു വാര്യര്‍ ലാല്‍ ആരാധകനായി അഭിനയിക്കുന്ന 'മോഹന്‍ലാല്‍' വിഷു റിലീസായാണ് തിയറ്ററുകളിലെത്തിയത്.
 
'ആമി' സിനിമ ഒരു ദുരന്തമായപ്പോള്‍ മോഹന്‍ലാല്‍ ആരാധകരെ കൂട്ടുപിടിച്ച്‌ രക്ഷപ്പെടാനുള്ള മഞ്ജുവിന്റെ കുബുദ്ധിയാണ് ഈ സിനിമയെന്നാണ് ആരാധകരുടെ ആരോപണം. തങ്ങളുടെ താരദൈവത്തേയും തങ്ങളേയും അപമാനിച്ച സിനിമയെ ബഹിഷ്‌ക്കരിച്ച്‌കൊണ്ട് പ്രതിഷേധിക്കുകയാണ് ഒരുവിഭാഗം ആരാധകര്‍. തങ്ങളുടെ നീരസവും മഞ്ജുവിന്റെ കുബുദ്ധിയും അവര്‍ ലാലേട്ടനേയും ആന്റണി പെരുബാവൂരിനേയും അറിയിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
 
മോഹന്‍ലാല്‍ തന്റെ 40 കൊല്ലത്തെ അഭിനയജീവിതംകൊണ്ട് ഉണ്ടാക്കിയെടുത്ത സല്‍പ്പേര് ഈ സിനിമ തുലച്ചു എന്ന് സിനിമാപ്രേമികളും പറയുന്നു. മോഹന്‍ലാലിന്റെ പേര് ടൈറ്റില്‍ ആയി ഉപയോഗിക്കാന്‍ കൊടുക്കുമ്ബോള്‍ ചിത്രത്തിന്റെ നിലവാരത്തെക്കുറിച്ച്‌ സംവിധായകനും നിര്‍മ്മാതാവും മഞ്ജുവും നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്തതില്‍ ലാലിനും ആന്റണി പെരുബാവൂരിനും കടുത്ത അതൃപ്തിയുണ്ട്.
 
'മോഹന്‍ലാല്‍' സിനിമയില്‍പ്രതിഷേധിച്ച്‌ ഒരു ആരാധകനിട്ട വാട്‌സ് ആപ്പ് പോസ്റ്റ് ചുവടെ:
 
മോഹന്‍ലാല്‍ - ഫാന്‍സിനു പോലും നാണക്കേട്‌.
 
 
"ഏതാ നിങ്ങളുടെ ബ്ലഡ്‌ ഗ്രൂപ്പ്‌..??
"ഞങ്ങള്‍ക്കെല്ലാം ഒറ്റ ഗ്രൂപ്പേയുള്ളൂ ലാലേട്ടന്‍."
 
മോഹന്‍ലാല്‍ ഒരു മലയാളിക്ക്‌ എന്തെല്ലാമാണ്‌? കാലാതിവര്‍ത്തിയായ അഭിനയമുഹൂര്‍ത്തങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളെ കീഴടക്കിയ നടനാണ്‌ മോഹന്‍ലാല്‍. ഒരു നടന്‍ എന്നതിനേക്കാള്‍, അദ്ദേഹത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വലിയൊരു കൂട്ടം ജനങ്ങളുണ്ട്‌. ഇവരുടെ ഈ താരാരാധന ആദ്യദിവസങ്ങളില്‍ തിയെറ്ററിലെത്തുന്ന പ്രേക്ഷകരില്‍ നിന്ന് മനസ്സിലാക്കാം. കൈയ്യടികളും ആര്‍പ്പുവിളികളുമായി ഇഷ്ടനടനെ വരവേല്‍ക്കുകയും സിനിമയുടെ വിജയത്തിനായി പ്രചരണം നടത്തുകയും ചെയ്യുന്ന വലിയൊരുവിഭാഗം ആളുകള്‍. അക്കൂട്ടത്തില്‍ ബാല്യം വിട്ടുമാറാത്തവര്‍ മുതല്‍ വാര്‍ദ്ധ്യക്യത്തിലുള്ളവരുമുണ്ട്‌ എന്നത്‌ മറ്റൊരു സത്യം. കുട്ടിക്കാലം മുതല്‍ തങ്ങളുടെ മനസ്സിനെ ഏറെ സ്വാധീനിച്ച മോഹന്‍ലാലിന്റെ സിനിമകള്‍ ഇന്നും അവരെ താരത്തോടുള്ള ആരാധനയില്‍ ആമഗ്നരായിരിക്കുവാന്‍ പ്രേരിപ്പിക്കുന്നു.
 
ഇക്കാലത്തെ ആരാധകരുടെ കാര്യം നോക്കാം. മോഹന്‍ലാലിന്റെ സിനിമകള്‍ അനൗണ്‍സ്‌ ചെയ്യുമ്ബോള്‍ തന്നെ സോഷ്യല്‍ മീഡിയ വഴി അവ പ്രചരിപ്പിക്കുകയും, സിനിമകളിറങ്ങിക്കഴിയുമ്ബോള്‍ സോഷ്യല്‍ മീഡിയകളില്‍ മതില്‍ക്കെട്ടുകള്‍ സൃഷ്ടിക്കുകയും, തങ്ങളുടെ ആരാധ്യപുരുഷന്റെ സിനിമകള്‍ക്കെതിരായി ആരെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അവര്‍ക്കെതിരെ പലവിധങ്ങളില്‍ ആത്മസംഘര്‍ഷം തീര്‍ക്കുന്നു. ജാതി-മത-പ്രായ-ലിംഗ ഭേദമെന്യെ ഈ വിഭാഗമാളുകള്‍ ഈ കാര്യത്തില്‍ (ഐക്യകണ്ഠേന) കര്‍മ്മനിരതരാകുന്നു. കുറച്ചുനാള്‍ മുന്‍പ്‌ വരെ 'ദൃശ്യം ഡാ' ആയിരുന്നു എതിരാളികളോട്‌ മുട്ടിനില്‍ക്കുവാന്‍ ഇക്കൂട്ടര്‍ ഉപയോഗിച്ചിരുന്ന പ്രധാന ആയുധമെങ്കില്‍, സാമ്ബത്തികലാഭത്തിന്റെ കാര്യത്തില്‍ നേട്ടമുണ്ടാക്കിയ 'പുലിമുരുക'നാണ്‌ ഏറ്റവും പുതിയ ആയുധം. ഇതിനിടയില്‍ വന്നുപോയ ഇഷ്ടതാരത്തിന്റെ വിജയപരാജയങ്ങളൊന്നും ഇവര്‍ ഗൗനിക്കാറില്ല. ഈ ഈവിഭാഗം ആരാധകരിലേയ്ക്കാണ്‌ സുനീഷ് വരനാട് രചിച്ച്‌ സജിദ് യഹിയ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ക്യാമറ തിരിക്കുന്നത്‌.
 
താരാരാധന പ്രമേയമാക്കിയ നിരവധി ചിത്രങ്ങളിറങ്ങിയിട്ടുണ്ട്‌. എന്നാല്‍ ഒരു വലിയനടന്റെ പേര്‍ അതേപടി ഉപയോഗിച്ചുകൊണ്ട്‌ ഒരു ചിത്രനിറങ്ങുന്നു എന്നത്‌ ആരാധകരെ സംബന്ധിച്ചിടത്തോളം ആവേശജനകമാണ്‌. അതുതന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രത്യേകതയും. ആന്റണി പെരുമ്ബാവൂര്‍, ശ്രീകുമാര്‍ മേനോന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, മോഹന്‍ലാല്‍ ഫാന്‍സ്‌, മമ്മൂട്ടി ഫാന്‍സ്‌ മോഹന്‍ലാല്‍ സിനിമകള്‍ സംവിധാനം ചെയ്ത ഒരുപറ്റം സംവിധായകര്‍ തുടങ്ങിയവര്‍ക്ക്‌ നന്ദിയര്‍പ്പിച്ചുകൊണ്ടാണ്‌ ചിത്രം തുടങ്ങിയത്‌. പൃഥ്വിരാജ്‌ ആയിരുന്നു കഥാഖ്യാനം.
 
ആത്മഹത്യ ചെയ്യുവാനായി രവിപുരം റെയില്‍വേ സ്റ്റേഷനിലേക്ക്‌ പോകുന്ന സേതുവില്‍ നിന്നുമാണ്‌ ചിത്രം പറഞ്ഞുതുടങ്ങുന്നത്‌. മോഹന്‍ലാല്‍ ഫാനായ ഓട്ടോ ഡ്രൈവര്‍ പുലിമുരുകന്‍ ഫാന്‍ഷോയ്ക്കുള്ള ടിക്കറ്റ്‌ അറേഞ്ച്‌ ചെയ്യാനുള്ള തിരക്കിലാണ്‌. സേതു ഇപ്പോള്‍ ഈ അവസ്ഥയിലേക്ക്‌ എത്തിച്ചേരുവാനുണ്ടായ കാരണത്തിലേയ്ക്കാണ്‌ ചിത്രം വിരല്‍ ചൂണ്ടുന്നത്‌. ഇന്ദ്രജിത്ത്‌ അവതരിപ്പിക്കുന്ന സേതു എന്ന കഥാപാത്രം നാളിതുവരെ താനനുഭവിച്ച പ്രശ്നങ്ങള്‍ക്കെല്ലാം കാരണം മോഹന്‍ലാലാണെന്ന് തിരിച്ചറിയുന്നു.
 
മോഹന്‍ലാലിന്റെ കാര്യം ആരുപറഞ്ഞാലും വിശ്വസിക്കുന്ന, ആരിലും മോഹന്‍ലാലിന്റെ പ്രതിരൂപം കാണുന്ന, താരാരാധന മൂത്ത്‌ സമനില തെറ്റിയ ആരാധികയായ മീനാക്ഷിയുടെ കഥയാണ്‌ 'മോഹന്‍ലാല്‍.' മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഇറങ്ങിയ ദിവസമാണ്‌ മീനു ജനിച്ചത്‌. അവള്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത്‌ ഒന്ന് മുതല്‍ പൂജ്യം വരെ സിനിമ കാണുവാനിടയാവുകയും അങ്ങനെ മോഹന്‍ലാല്‍ മനസില്‍ കയറിപ്പറ്റുകയും ചെയ്യുന്നു. മോഹന്‍ലാലിനൊപ്പം സിനിമയിലഭിനയിക്കണമെന്നും അവള്‍ ആഗ്രഹിക്കുന്നു. വളര്‍ന്ന് വന്നപ്പോള്‍ ആ ആരാധന Celebrity worship syndrome എന്ന അനാരോഗ്യമായ അവസ്ഥയിലേയ്ക്ക്‌ മീനാക്ഷിയെ എത്തിച്ചു.
 
'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ പുലിമുരുകന്‍ വരെയുള്ള ചിത്രങ്ങള്‍ കഥാപശ്ചാത്തലമാകുന്നുണ്ട്‌. ഈ ചിത്രങ്ങള്‍ തമ്മിലുള്ള 36 വര്‍ഷങ്ങളിലെ മോഹന്‍ലാലിന്റെ സിനിമാ സാന്നിധ്യവും, അദ്ദേഹത്തിനുണ്ടായ ആരാധകബാഹുല്യവും ജനവികാരവുമെല്ലാം പ്രമേയമാകുന്നു.
 
പൂര്‍ണ്ണമായും ആരാധകതൃപ്തിയായിരുന്നു സംവിധായകന്റെ ഉദ്ദേശ്യം. തുടക്കം മുതല്‍ മോഹന്‍ലാലിന്റെ ഹിറ്റ്‌ ചിത്രങ്ങളുടെ (മാത്രം) വീഡിയോ ക്ലിപ്പിംഗുകള്‍ അങ്ങിങ്ങായി കാണിക്കുന്നുണ്ട്‌. വാനപ്രസ്ഥം, രാജശില്‍പ്പി തുടങ്ങിയ ചിത്രങ്ങള്‍ ഭാഗികമായി പരാമര്‍ശിക്കുകയും, മോഹന്‍ലാലിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ തന്മാത്രയെ കോമാളിത്തരമായി ചിത്രീകരിക്കുകയും ചെയ്തുകൊണ്ട്‌, ആരാധകര്‍ക്ക്‌ തൃപ്തിലഭിക്കുന്ന ചിത്രങ്ങള്‍ക്കായുള്ള ജനങ്ങളുടെ ആവേശത്തിനു തന്നെയാണ്‌ സംവിധായകന്‍ പ്രാമുഖ്യത നല്‍കിയത്‌.
 
സമൂഹത്തിലെ സാധാരണജനവിഭാഗത്തെയാണ്‌ ഇത്തവണയും ഫാന്‍സ്‌ എന്ന പേരില്‍ സംവിധായകന്‍ കോമാളിവേഷം കെട്ടിച്ചിരിക്കുന്നത്‌. ചുമട്ടു തൊഴിലാളികള്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, ഗുണ്ടകള്‍ ഇവരെല്ലാം ഇഷ്ടതാരത്തിനുവേണ്ടി മരിക്കാന്‍ പോലും തയ്യാറാണ്‌. രക്തദാനപരിപാടി, സാമൂഹികസേവനങ്ങള്‍, തട്ടിപ്പ്‌ നടത്തിയവനെ പിടിക്കല്‍ തുടങ്ങിയ ഇതര പ്രവര്‍ത്തനങ്ങളിലും ഈ വിഭാഗമാളുകള്‍ വളരെ ആക്ടീവാണ്‌. ദോഷം പറയരുതല്ലോ, ഇവരൊക്കെ വളരെ നല്ല വ്യക്തിത്വത്തിനുടമകളുമാണ്‌.
 
കേരളത്തില്‍ ജനിച്ച്‌ വളര്‍ന്ന് മുപ്പതുകളില്‍ ജീവിക്കുന്ന മലയാളികള്‍ക്കെല്ലാം മോഹന്‍ലാല്‍ എന്ന നടനുള്ള സ്വാധീനം നന്നായറിയാം. സിനിമയെ ജീവിതത്തിന്റെ ഭാഗമായി കാണാത്തവരും നമുക്കുചുറ്റുമുണ്ട്‌. എന്നാല്‍ തമിഴ്‌നാട്ടിലെ രജനീകാന്തിന്റെ ജനസ്വീകാര്യതയുമായാണ്‌ ഇവിടെ മോഹന്‍ലാല്‍ ഉപമിയ്ക്കപ്പെട്ടിരിക്കുന്നത്‌. പ്രധാന കഥാപാത്രങ്ങള്‍ കണ്ടുമുട്ടുന്ന എല്ലാവരും മോഹന്‍ലാല്‍ ഫാന്‍സ്‌. വഴിപോക്കരും, ബസ്‌ യാത്രക്കാരും, വീട്ടമ്മമാരും, ഡ്രൈവര്‍മാരും, ചന്തയില്‍ കച്ചവടം നടത്തുന്നവരും, ഗ്രാമവാസികളും, നഗരത്തിലെ ഹൗസിംഗ്‌ കോളനിയിലെ ജനങ്ങളും എന്നുവേണ്ട, നാട്‌ മുഴുവന്‍ കടുത്ത താരാരാധകര്‍. ഈ നാട്ടില്‍ ഓട്ടോറിക്ഷ വിളിച്ച്‌ വന്നാല്‍ ഡ്രൈവര്‍ക്ക്‌ പണം കൊടുക്കേണ്ട, പകരം താനൊരു മോഹന്‍ലാല്‍ ഫാന്‍ ആണെന്ന് പറഞ്ഞാല്‍ മതിയാവും. ഒരുപക്ഷേ ഡ്രൈവര്‍ പണം തിരികെ കൊടുത്തേക്കാം. കത്തിയെടുത്ത്‌ കുത്താന്‍ വരുന്ന ഗുണ്ടാ സംഘങ്ങളോട്‌, "തങ്ങള്‍ മോഹന്‍ലാല്‍ ഫാന്‍സ്‌ ആണ്‌" എന്ന് പറഞ്ഞാല്‍ അവര്‍ പിന്‍വാങ്ങും. എന്തിനേറെപ്പറയുന്നു, തന്റെ പ്രശ്നത്തിനു കാരണം ലാലേട്ടനാണെന്ന് പറയുമ്ബോള്‍ അവിടെക്കിടക്കുന്ന പട്ടി പോലും കുരയ്ക്കുന്നു. മൊത്തത്തില്‍ പറഞ്ഞാല്‍ ഈ നാട്ടില്‍ ജീവിക്കണമെങ്കില്‍ മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നേ തീരൂ. ഇത്തരത്തിലൊരു ജനസമൂഹമാണ്‌ താരാരാധന മൂത്ത എഴുത്തുകാരന്റെ ഭാവനയിലുണര്‍ന്നത്‌. തെലുങ്ക്‌ നാട്ടിലോ തമിഴ്‌നാട്ടിലോ പോലുമുണ്ടാകുമോ ഇത്തരത്തിലുള്ള താരാരാധന എന്ന് ചിലപ്പോഴൊക്കെ സംശയം തോന്നാറുണ്ട്‌.
 
ചെറിയവായില്‍ ഘോരവര്‍ത്തമാനങ്ങള്‍ പറയുന്ന കുട്ടികള്‍ ഈ ചിത്രത്തിലേയും ബോറന്‍ കാഴ്ചയായിരുന്നു. കുട്ടികളേക്കൊണ്ട്‌ ക്ലാസ്‌ മുറിയില്‍ ഹീറോയിസം കാണിക്കാനും, താരത്തിന്‌ സ്തുതിപാടുവാന്‍ വേണ്ടി അവരെ വിനിയോഗിക്കുവാനും സംവിധായകന്‍ മറന്നില്ല.
 
നിരവധി ക്ലീഷേകള്‍ ചിത്രത്തിലുണ്ട്‌. വിലകുറഞ്ഞതും നാടകീയത നിറഞ്ഞതുമായ സംഭാഷണ രംഗങ്ങള്‍ പ്രേക്ഷകനെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട്‌. കോമഡിക്ക്‌ വേണ്ടി കൃത്രിമമായി കൂട്ടിച്ചേര്‍ത്ത നിരവധി രംഗങ്ങളുണ്ട്‌. ചീറ്റിപ്പോയ കോമഡികളാണ്‌ ഭൂരിഭാഗവും. എഴുത്തുകാരന്‍ ട്രോള്‍ ഗ്രൂപ്പുകളില്‍ ആക്ടീവാണെന്നതിനു തെളിവായി കുറച്ചുരംഗങ്ങളുണ്ട്‌. കഥാപാത്രങ്ങളുടെ നിറം, ഉയരം എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള ഹാസ്യരംഗങ്ങളും ചിത്രത്തിലുടനീളമുണ്ട്‌. പണം കൈക്കലാക്കിയ വില്ലന്‍ പരമ്ബരാഗതരീതിയില്‍ തോര്‍ത്തുകൊണ്ട്‌ മുഖം മറച്ച്‌ കവര്‍ന്നെടുത്ത അതേ ബാഗുകളുമായി നടന്നുനീങ്ങുന്നതും, ഫാന്‍സിന്റെ സഹായത്തോടെ ഓടിച്ചിട്ട്‌ പിടിക്കുന്നതുമെല്ലാം കാണാത്ത കാഴ്ചകളാണ്‌.! തിരിച്ചടവില്‍ വീഴ്ചകള്‍ വരുത്തി, ഒടുവില്‍ പണവുമായി സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ ചെല്ലുന്ന വ്യക്തിയില്‍ നിന്ന് ആ തുക വാങ്ങുവാന്‍ വിസമ്മതിക്കുന്ന ബാങ്ക്‌ ജീവനക്കാര്‍ കൗതുകമുണര്‍ത്തി.
 
താരാരാധനയുടെ ദോഷഫലങ്ങളേക്കുറിച്ച്‌ ചിത്രം യാതൊന്നും പറയുന്നില്ല. നായികക്ക്‌ പൊതുവായി ഒരു സ്വഭാവവിശേഷതയില്ല. ആരാധനമൂത്ത്‌ ഉറഞ്ഞുതുള്ളുന്ന നായികയ്ക്കൊപ്പം കാഴ്ചക്കാരാവുകയാണ്‌ നാട്ടുകാരും കുടുംബാംഗങ്ങളും എന്തിന്‌ ഭര്‍ത്താവ്‌ പോലും. നായികയുടെ ചെയ്തികള്‍ ഒരുകാരണവശാലും ന്യായീകരണയോഗ്യമാകുന്നില്ല. മോഹന്‍ലാലിന്റെ വിവാഹം കഴിഞ്ഞ വാര്‍ത്ത സിനിമാമാസികയില്‍ നിന്ന് വായിച്ച്‌ തലകറങ്ങി വീഴുന്ന മൂന്നാം ക്ലാസുകാരി..! ഒരാര്‍ത്ഥത്തില്‍ ആരാധന മൂത്ത സംവിധായകന്റെയും എഴുത്തുകാരന്റെയും ജല്‍പ്പനങ്ങളാണ്‌ സിനിമാരൂപത്തില്‍ സ്ക്രീനിലെത്തിയിരിക്കുന്നത്‌.
 
'അന്ധമായ ആരാധനയ്ക്ക്‌ പിന്നില്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങളുണ്ട്‌, അത്രമേല്‍ വ്യക്തവും ശക്തവുമായ കാരണം" എന്ന വാചകത്തോടുകൂടിത്തുടങ്ങിയ ചിത്രം, ഉപസംഹാരം വരേയ്ക്കും അന്ധമായ ആരാധനയ്ക്ക്‌ വ്യക്തമോ സ്പഷ്ടമോ ആയ ന്യായം പ്രേക്ഷകനുനല്‍കിയില്ല.
 
കഥാപാത്രനിര്‍ണ്ണയത്തിന്റെ കാര്യത്തില്‍ തന്റെ മുന്‍ ചിത്രത്തില്‍ സംഭവിച്ചതിനേക്കാള്‍ വലിയ പിഴവാണ്‌ ഇത്തവണ സംഭവിച്ചിരിക്കുന്നത്‌. ഇന്നോളം ഏല്‍പ്പിക്കപ്പെട്ട വേഷങ്ങള്‍ എല്ലാം തന്നെ മികവോടുകൂടി അവതരിപ്പിച്ചിട്ടുള്ള നടനായ ഇന്ദ്രജിത്ത്‌ വ്യക്തിത്വം തീരെയില്ലാത്ത ഒരു കഥാപാത്രത്തെയാണ്‌ അവതരിപ്പിക്കുന്നത്‌. ഇന്ദ്രജിത്തിന്റെ ഭര്‍ത്താവ്‌ വേഷം പലപ്പോഴും പൊട്ടന്‍ കളിക്കുന്നത്‌ പ്രേക്ഷകനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്‌. തന്റെ സഹധര്‍മ്മിണിയുടെ വൈകല്യങ്ങള്‍ ചെറുപ്പം മുതലേ മനസിലാക്കിയിട്ടും വിവാഹം കഴിഞ്ഞും അദ്ദേഹം അമ്ബരക്കുന്നു. നായികയുടെ പെരുമാറ്റ വൈകല്യങ്ങളെ അംഗീകരിച്ചും ഇടയ്ക്ക്‌ ഞെട്ടിയും ഒരു ഭീരുവായി അദ്ദേഹം നിലകൊണ്ടു.
 
തന്റെ രണ്ടാം വരവില്‍ മഞ്ജുവാര്യരെ ഏറ്റവും ചെറുപ്പമായി കാണപ്പെട്ടത്‌ ഈ ചിത്രത്തിലാണ്‌. ആരാധന മൂത്ത്‌ രോഗിയായ കഥാപാത്രത്തെ ഒരുവിധത്തില്‍ അഭിനയിച്ചുപ്രതിഫലിപ്പിച്ചു. മോഹന്‍ലാല്‍ ചെയ്ത ഓരോ കഥാപാത്രങ്ങളും എത്രമാത്രം മലയാളി സ്ത്രീകളുടെ മനസ്സില്‍ സ്വാധീനവും സ്നേഹവും ചെലുത്തിയിട്ടുണ്ട് എന്ന് മഞ്ജുവിന്റെ മീനാക്ഷിയിലൂടെ കാണിച്ചുതരിക എന്നതായിരുന്നു സംവിധായകന്റെ ലക്ഷ്യം. എന്നാല്‍ നായികയുടെ സ്വഭാവവിശേഷത തെളിയിക്കുവാനായുള്ള അദ്ദേഹം വിതച്ച വിത്ത്‌, കോപ്രായമായാണ്‌ മുളച്ചുപൊങ്ങിയത്‌. 'പിരിയിളകിയ മോഹന്‍ലാല്‍ ഫാന്‍' കഥാപാത്രത്തിന്റെ പരിവേഷം എന്ന നിലയില്‍ മഞ്ജു വാര്യര്‍ ആദ്യപകുതിയില്‍ കഥാപാത്രത്തോട്‌ കുറേയൊക്കെ നീതിപുലര്‍ത്തി. എന്നാല്‍ രണ്ടാം പകുതിയിലെ പ്രകടനങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ല. പലതും കഥാപാത്രത്തിന്റെ സ്വഭാവവിശേഷതയാണോ മഞ്ജു വാര്യരുടെ അമിതാഭിനയമാണോ എന്ന് വിവേചിച്ചറിയുവാന്‍ പ്രയാസമാണ്‌.
 
നായികയുടെ സ്വഭാവവിശേഷതയ്ക്ക്‌ ഒടുവില്‍ സിദ്ധിഖിന്റെ കഥാപാത്രത്തിലൂടെ നായകന്‍ നല്‍കിയ ന്യായീകരണങ്ങള്‍ ഒട്ടും ആശ്വാസകരമല്ല. മീനാക്ഷിയുടെ ബാല്യകാലം ബേബി മീനാക്ഷിയും നന്നായി ചെയ്തിട്ടുണ്ട്‌. മാസ്റ്റര്‍ ആദിഷ്‌ പ്രവീണ്‍ തന്റെ പതിവ്‌ ശൈലിയില്‍ അഭിനയിച്ചപ്പോള്‍, മാസ്റ്റര്‍ വിശാല്‍ കൃഷ്ണ മാല്‍ ഗുഡി ഡേയ്സിലും മറ്റും കാഴ്ചവച്ച അസഹ്യമായ പ്രകടനങ്ങളില്‍ നിന്നും പുരോഗമിച്ചിട്ടുണ്ട്‌. സൗബിന്‍ ഷാഹിര്‍ ഇന്നോളം ചെയ്തവയില്‍ വച്ച്‌ ഏറ്റവും ബോറന്‍ കഥാപാത്രമാണ്‌ ഈ ചിത്രത്തിലേത്‌. വ്യത്യസ്തമായ ശബ്ദക്രമീകരണവും, സംസാരരീതിയും മടുപ്പുളവാക്കി. പ്രദീപ്‌ കോട്ടയം, സലിം കുമാര്‍ എന്നിവരുടെ കഥാപാത്രങ്ങള്‍ ചെറുതായി രസം പകരുന്നു. എന്നാല്‍ ഗിരിനഗറിലെ ഗൂര്‍ഖയായി അഭിനയിച്ച നടന്റെ സ്റ്റേജ്‌ പെര്‍ഫോമന്‍സും മറ്റും ചിത്രത്തെ വിലകുറഞ്ഞ കോമഡി സ്കിറ്റ്‌ പോലെ അധഃപതിക്കുവാന്‍ ഇടയാക്കി.
 
ടോണി ജോസഫ്‌ ആണ്‌ സംഗീതസംവിധായകന്‍. പ്രാര്‍ത്ഥന ഇന്ദ്രജിത്‌ ആലപിച്ച "ഞാന്‍ ജനിച്ചപ്പോള്‍ കേട്ടൊരു പേര്‌" എന്നാരംഭിക്കുന്ന ഗാനം മാത്രം കേള്‍ക്കാന്‍ ഇമ്ബമുണ്ടായിരുന്നു. മറ്റ്‌ ഗാനങ്ങള്‍ വളരെ മോശമായിരുന്നു. പശ്ചാത്തല സംഗീതം ചിത്രത്തോട്‌ ചേര്‍ന്നുനിന്നു. ഷാജി കുമാറിന്റെ ഛായാഗ്രഹണമികവ്‌ ചില മികച്ച ഫ്രെ യിമുകളാല്‍ ദൃശ്യമാക്കപ്പെട്ടു. ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിംഗ്‌ നിര്‍വ്വഹണത്തില്‍ ചില അപാകതകള്‍ ദൃശ്യമായിരുന്നു. ചിത്രത്തിനൊടുവില്‍ കേട്ട UAE ഫാന്‍സ്‌ പ്രവര്‍ത്തകരുടെ FAN ANTHEM വിലകുറഞ്ഞ കാഴ്ചകളിലൊന്നായിരുന്നു.
 
ഈ ചിത്രം മോഹന്‍ലാല്‍ ഫാന്‍സിനുവേണ്ടി മാത്രമായി തയ്യാറാക്കപ്പെട്ടതാണെങ്കില്‍ക്കൂടി ആര്‍ക്കും തന്നെ തൃപ്തികരമായ ഒരനുഭവം പ്രദാനം ചെയ്യുന്നില്ല. മോഹന്‍ലാലിന്റെ ഇന്നത്തെ താരമൂല്യം ഉപയോഗപ്പെടുത്തി സംവിധായകന്‍ പ്രേക്ഷകരെ (ഫാന്‍സിനെ) ചൂഷണം ചെയ്യുകയാണുണ്ടായത്‌. ഫലത്തില്‍ മോഹന്‍ലാലിനും, ഫാന്‍സിനും വലിയ നാണക്കേട്‌ തന്നെയാണ്‌ ഇത്തരത്തിലൊരു സൃഷ്ടി എന്നതില്‍ സംശയമില്ല.
 
സിനിമ എന്നത്‌ സംവിധായകന്റെ കലയാണ്‌. താരങ്ങള്‍ സംവിധായകന്റെ കരങ്ങളാല്‍ ഒരു ശില്‍പമായി രൂപാന്തരം പ്രാപിക്കേണ്ട കളിമണ്ണുമാണ്‌. താരത്തോടുള്ള ആരാധന സിനിമാ വ്യവസായത്തെ സംവിധായകന്റെ കരങ്ങളില്‍ നിന്നും വേര്‍പെടുത്തുകയും, താരങ്ങള്‍ക്ക്‌ വേണ്ടിയോ ആരാധകതൃപ്തിക്കുവേണ്ടിയോ ഉള്ള ചിത്രങ്ങളെടുക്കുവാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ആ അര്‍ത്ഥത്തില്‍ ഒരു ഇന്‍ഡസ്ട്രിയെ സംബന്ധിച്ചിടത്തോളം സിനിമാവ്യവസായം മോശം ഫലമാണുളവാക്കുന്നത്‌. താരത്തിനുവേണ്ടിയുള്ള ആരാധനാ സംഘടനകള്‍ ഗുണത്തേക്കാളേറെ ദോഷമാണ്‌. അതുകൊണ്ടുതന്നെ നിരുത്സാഹപ്പെടുത്തേണ്ട ഒന്നാണ്‌ താരാരാധന. അല്ലാതെ ഗ്ലോറിഫൈ ചെയ്യപ്പെടേണ്ട ഒന്നല്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.