You are Here : Home / വെളളിത്തിര

സൂപ്പർസ്റ്റാറുകൾ നന്ദി ഇല്ലാത്തവർ

Text Size  

Story Dated: Friday, March 30, 2018 01:06 hrs UTC

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമെതിരെ ശബ്ദിച്ചതിന് അവഗണിക്കപ്പെട്ടതായി ശ്രീകുമാരന്‍ തമ്ബി. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയല്‍ പുരസ്‌കാരത്തിന് അര്‍ഹനായ ശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമെതിരെ ശബ്ദമുയര്‍ത്തിയതിനും സത്യം വിളിച്ചുപറഞ്ഞത് കൊണ്ടും സിനിമയിലും സാഹിത്യത്തിലും വര്‍ഷങ്ങളോളം അവഗണന നേരിട്ടതായും അദ്ദേഹം വ്യക്തമാക്കി

ശ്രീകുമാരന്‍ തമ്ബിയുടെ വാക്കുകളിലേയ്ക്ക്-

വൈകിയാണെങ്കിലും നീതി നടപ്പായി എന്ന് വിശ്വസിക്കുന്നു. നിര്‍മ്മാതാവ്, സംവിധായന്‍, തിരക്കഥകൃത്ത് എന്ന നിലയില്‍ ഞാന്‍ ഒരുപാട് സംഭാവനകള്‍ ചെയ്തെങ്കിലും പാട്ടെഴുത്തില്‍ മാത്രം എന്നെ ഒരുക്കി നിര്‍ത്താന്‍ പലരും ശ്രമിച്ചിട്ടുണ്ട്. ഇന്നും ഞാന്‍ സാമ്ബത്തികമായി ബാധ്യതയുള്ള വ്യക്തിയാണ്. 25 സിനിമകള്‍ ഞാന്‍ നിര്‍മിച്ചു. ഒരിക്കലും പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നില്ല. സിനിമയെ സ്നേഹിക്കുന്നതിന് വേണ്ടി മാത്രമാണ്.

ഞാന്‍ നിര്‍മ്മിച്ചതെല്ലാം മികച്ച സിനിമകള്‍ ആണെന്ന അവകാശവാദം ഇല്ല. പക്ഷേ അതില്‍ ഒരുപാട് നല്ല സിനിമകള്‍ ഉണ്ടായിരുന്നു. കച്ചവട സിനിമകളുടെ വക്താവാണ് ഞാന്‍. അതില്‍ അഭിമാനം മാത്രമേയുള്ളൂ. കച്ചവട സിനിമകള്‍ ഇല്ലെങ്കില്‍ കേരളത്തിലെ ഒട്ടുമിക്ക തിയേറ്ററുകളും പൂട്ടേണ്ടിവരും. 30 സിനിമകള്‍ സംവിധാനം ചെയ്തു. 80 സിനിമകള്‍ക്ക് തിരക്കഥ എഴുതി. എന്നിട്ടും ഞാന്‍ പാട്ട് എഴുത്തുകാരന്‍ മാത്രം.

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമെതിരെ ശബ്ദിച്ചു. സത്യം വിളിച്ചുപറഞ്ഞത് കൊണ്ട് സിനിമയിലും സാഹിത്യത്തിലും വര്‍ഷങ്ങളോളം അവഗണന നേരിട്ടു. മുപ്പത് വര്‍ഷം മുന്‍പ് മോഹന്‍ലാലിനെ നായകനാക്കി യുവജനോത്സവം എന്ന സിനിമ എടുത്തു. പിന്നീട് ഞാന്‍ അദ്ദേഹത്തെ വച്ച്‌ സിനിമ എടുത്തിട്ടില്ല. 1985ല്‍ മമ്മൂട്ടിയെ നായകനാക്കി വിളിച്ചൂ വിളികേട്ടു എന്ന ചിത്രമെടുത്തു. പിന്നെ മമ്മൂട്ടിയെ വെച്ച്‌ മറ്റൊരു സിനിമ എടുക്കാന്‍ മുതിര്‍ന്നില്ല. പിന്നീടാണ് രണ്ടുപേരും സൂപ്പര്‍ നായക പദവിയിലേക്ക് പോകുന്നത്. അവര്‍ ഒരിക്കലും എന്നെ സഹായിച്ചിട്ടില്ല. എന്നില്‍ നിന്ന് അകന്നു പോയി കൊണ്ടിരുന്നു. ഇരുവരും നടന്നുപോയ വഴി എന്നില്‍ ആശങ്കയുണ്ടാക്കി.

താരമൂല്യം വളരുകയും സിനിമ തകരുകയും ചെയ്തു. ഞാന്‍ മുപ്പത് കൊല്ലം മുന്‍പ് പറഞ്ഞത് ഇപ്പോള്‍ പലരും ഏറ്റു പറയുന്നുണ്ട്. ഞാന്‍ സത്യം പറഞ്ഞു. സത്യം കേള്‍ക്കാന്‍ ആര്‍ക്കും ഇഷ്ടമല്ല. അത് തന്നെയാണ് എന്നെ പലര്‍ക്കും ഇഷ്ടമല്ലാത്തത്. കേരള സര്‍ക്കാര്‍ എന്നെ അവഗണിച്ചു. 31ാം വയസ്സില്‍ ഞാന്‍ ഒരു പുരസ്‌കാരം നേടി പിന്നീട് 40 വര്‍ഷം കഴിഞ്ഞാണ് മറ്റൊരു പുരസ്‌കാരം ലഭിക്കുന്നത്. ഈ 40 വര്‍ഷങ്ങളുടെ കാലയളവില്‍ ഞാന്‍ ഒരു നല്ല പാട്ടും എഴുതിയിട്ടില്ല എന്നാണോ അവര്‍ ഉദ്ദേശിക്കുന്നത്.

സാഹിത്യരംഗത്തും സിനിമാരംഗത്തും എനിക്ക് ലഭിക്കേണ്ട അംഗീകാരങ്ങള്‍ പലതും ലഭിച്ചിട്ടില്ല. ആരെയും ശത്രുക്കളായി പറയാനില്ല. അസൂയ മാത്രമാണ് എന്റെ ശത്രു. ഞാന്‍ ഒരുപാട് വേട്ടയാടപ്പെട്ടു. മുന്നേ നടന്ന ചില മഹാരഥന്‍മാര്‍ ദ്രോഹിക്കാന്‍ ശ്രമിച്ചിരുന്നു. വൈകിയെത്തിയതാണെങ്കിലും ജെ.സി ഡാനിയല്‍ പുരസ്‌കാരത്തെ നെഞ്ചോട് ചേര്‍ക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.