You are Here : Home / വെളളിത്തിര

കണ്ടം വഴി മലയാളികൾ ഓടിച്ച പാർവതി എത്തിപ്പെട്ടത് അവാർഡിലേക്ക്

Text Size  

Story Dated: Thursday, March 08, 2018 01:47 hrs UTC

പോയ വര്‍ഷം വെള്ളിത്തിരയില്‍ മാത്രമല്ല, പുറത്തും തിരക്കൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല പാര്‍വതിക്ക്. ടേക്ക് ഓഫില്‍ സഹപ്രവര്‍ത്തകരയ നെഴ്സുമാര്‍ക്കുവേണ്ടി പൊരുതുന്ന സമീറായി തിളങ്ങിയ പാര്‍വതിക്ക് പുറത്ത് സിനിമയിലെ സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ക്കുവേണ്ടിയാണ് പൊരുതേണ്ടിവന്നത്. അതിനുവേണ്ടി നേരിടാത്ത ആക്രമണങ്ങളില്ല, കേള്‍ക്കാത്ത പഴിയും തെറിയുമില്ല. സിനിമയില്‍ ആയുധമേന്തിയ ഭീകരരായിരുന്നു എതിരാളികളെങ്കില്‍ ജീവിതത്തില്‍ ഒരു സൂപ്പര്‍താരത്തിന്റെ ആരാധകരോടായിരുന്നു അങ്കം. പക്ഷേ, ചമയങ്ങളണിഞ്ഞാടിയ സമീറയെന്ന കഥാപാത്രത്തെപ്പോലെ ജീവിതത്തിലും പാര്‍വതി തോറ്റുകൊടുത്തില്ല. തല കുനിച്ചുകൊടുത്തില്ല. ഒടുവില്‍ ഒരുവനിതാ ദിനത്തില്‍ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി സിനിമയിലെ മുഴുവന്‍ സ്ത്രീകളുടെയും വിജയമാഘോഷിച്ച്‌ തലയുയര്‍ത്തി തന്നെ നില്‍ക്കുകയാണ് പാര്‍വതി. അതും തളരാത്ത പോരാട്ടത്തിന്റെ പ്രതീകമായ സമീറയെ അവിസ്മരണീയമാക്കിയതിന്റെ പേരില്‍. വലിയൊരു സന്ദേശം തന്നെയാണ് പാര്‍വതിയുടെ അവാര്‍ഡ് ലബ്ധി മലയാള സിനിമയ്ക്കും സ്ത്രീകള്‍ക്കും നല്‍കുന്നത്.

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തില്‍ മമ്മൂട്ടി ചിത്രമായ കസബയെകുറിച്ച്‌ നടത്തിയ പരാമശമാണ് പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണത്തിന് തുടക്കമിട്ടത്. ആണവ ബോംബിടുമ്ബോള്‍ സംഭവിക്കുന്ന 'ചെയിന്‍ റിയാക്ഷന്‍' പോലെയായിരുന്നു പിന്നീട്. സൂപ്പര്‍താരങ്ങളുടേത് അടക്കമുള്ള സിനിമകളിലെ സ്ത്രീവിരുദ്ധത വന്‍ ചര്‍ച്ചയായി. സൂപ്പര്‍ഹിറ്റുകള്‍ ഓരോന്നും ഫ്രെയിമോട് ഫ്രെയിം ഇഴകീറി പരിശോധിക്കപ്പെട്ടു. വെള്ളിത്തിരയിലെ വിഗ്രഹങ്ങള്‍ ചോദ്യംചെയ്യപ്പെട്ടു. അതുകൊണ്ട് തന്നെ ആരാധര്‍ അടങ്ങിയിരുന്നില്ല. പാര്‍വതിയായിരുന്നു ആക്രമണങ്ങളുടെ പ്രധാന ഇര. അവര്‍ പാര്‍വതിയെ പൊതുശത്രുവായി പ്രഖ്യാപിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ തലങ്ങും വിലങ്ങുമിട്ട് ആക്രമിച്ചു. സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഇത്രയധികം ആക്രമണം നേരിട്ടവര്‍ വേറെയുണ്ടാവില്ല സിനിമാലോകത്ത്. സ്വന്തം പ്രവര്‍ത്തനമേഖലയായ സിനിമാ രംഗത്ത് നിന്ന് പോലും പാര്‍വതിക്ക് നേരെ ആക്രമണം ഉണ്ടായതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം.

സിനിമ സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഒന്നാണെന്നും അതിനാല്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്നും വിശ്വസിക്കുന്നത് കൊണ്ടാണ് സ്ത്രീവിരുദ്ധതയെ ആഘോഷിക്കരുതെന്ന് പാര്‍വതി പറഞ്ഞത്. പാര്‍വതിയെ വിമര്‍ശിക്കാം എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷേ സഭ്യതയുടെ സീമ ലംഘിച്ച്‌ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത ആക്രമണം ഒരു വിഭാഗം അഴിച്ചുവിട്ടു. പാര്‍വതി നായികയായെത്തുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് യൂട്യൂബില്‍ എത്തിയപ്പോള്‍ അതിനെതിരെയും ഡിസ്​ലൈക്ക് കാമ്ബയിന്‍ വഴിയായിരുന്നു ആക്രമണം. ചിത്രത്തിന്റെ റിലീസ് നീളുന്നതിന്റെ ഒരു കാരണവും ഇതാണെന്നാണ് സിനിമാലോകത്തെ സംസാരം.

സിനിമാ ജീവിതത്തിലെ സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാമത്തെ പുരസ്കാരം സ്വന്തമാക്കിയപ്പോഴും അഭിനന്ദനങ്ങളേക്കാള്‍ കൂടുതല്‍ അധിക്ഷേപങ്ങള്‍ തന്നെയാണ് പാര്‍വതിയെ വരവേല്‍ക്കുന്നത്. 'അഭിനയിച്ചോളൂ, മേലാല്‍ വായ് തുറക്കരുത് എന്നാണ് പലരുടെയും താക്കീത്. കണ്ടംവഴി ഒാടാന്‍ പറയുന്നവരുമുണ്ട്.'

മലയാളത്തിലെ പ്രശസ്തയായ നടി ആക്രമിക്കപ്പെട്ടതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും മലയാള സിനിമയില്‍ സൃഷ്ടിച്ച കോളിളക്കമാണ് പാര്‍വതിയുടെ അഭിപ്രായപ്രകടനത്തിനും വഴിവച്ചത്. സിനിമയില്‍ ജോലി ചെയ്യുന്ന സത്രീകള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ വീണ്ടും വീണ്ടും ചര്‍ച്ചയ്ക്ക് വിധേയമായതും ഇതിനുശേഷമാണ്. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന പേരില്‍ സിനിമയില്‍ വനിതാ കൂട്ടായ്മ രൂപീകരിക്കപ്പെട്ടു. പാര്‍വതി, റിമ കല്ലിങ്കല്‍, മഞ്ജു വാര്യര്‍, ദീദി ദാമോദരന്‍, സജിത മഠത്തില്‍, സൈനോര, അഞ്ജലി മേനോന്‍ തുടങ്ങിയവര്‍ സംഘടന രൂപവത്കരിക്കാന്‍ മുന്‍ പന്തിയില്‍ ഉണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായതോടെ സിനിമാലോകം ചേരി തിരിഞ്ഞ് പോരടിക്കുന്നതിനും മലയാളം സാക്ഷ്യംവഹിച്ചു. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളെ ഫെമിനിച്ചികള്‍ എന്ന വിളിച്ചായി അധിക്ഷേപം. ഏറ്റവും വലിയ 'ഫെമിനിച്ചി' പട്ടം ചാര്‍ ത്തിക്കിട്ടിയത് പാര്‍വതിക്കായിരുന്നു. സര്‍ക്കസിലെ കുരങ്ങിനോടാണ് ഒരു ജൂഡ് ആന്റണി പാര്‍വതിയെ ഉപമിച്ചത്. പക്ഷേ, പാര്‍വതി വെറുതെ ഇരുന്നില്ല. നല്ല ഒന്നാന്തരം ഒരു ഒ. എം.കെ.വി വഴി ചുട്ട മറുപടി തന്നെ കൊടുത്ത് ശരിയായ നായികയാണെന്ന് തെളിയിച്ചു പാര്‍വതി.

പുരസ്കാരം ലഭിച്ചപ്പോള്‍ പാര്‍വതി പറഞ്ഞതിങ്ങനെയായിരുന്നു. 'പാര്‍വതി എന്ന വ്യക്തിയല്ല പാര്‍വതി എന്ന നടി. അതുരണ്ടും രണ്ടാണ്. ഞാന്‍ പാര്‍വതിയായിട്ടല്ല സിനിമയില്‍ അഭിനയിക്കുന്നത്. കഥാപാത്രമായിട്ടാണ്. സമൂഹത്തില്‍ എന്തു നടക്കുന്നു അത് പ്രതിഫലിപ്പിക്കുന്ന ഒരു ടൂള്‍ മാത്രമാണ് ഞാന്‍. എന്റെ വ്യക്തിത്വം തെളിയിക്കേണ്ട ഇടമല്ല. എന്റെ പൊളിറ്റിക്ക്സും ചിന്തകളുമെല്ലാം വ്യക്തിപരമാണ്. എന്നെ വെറുത്താലും'

അങ്ങനെ എല്ലാ അര്‍ഥത്തിലും വെള്ളിത്തിരയിലും പുറത്തും ഏറ്റവും പവര്‍ഫുള്‍ നായിക തന്നെയായിരുന്നു പാര്‍വതി. വെള്ളിത്തിരയ്ക്ക് തന്റെ അഭിനയ പ്രതിഭ മാത്രമല്ല, സിനിമാലോകത്ത് പെണ്ണിന്റെ കരുത്ത് എന്താണെന്നും ഒറ്റയ്ക്ക് നെഞ്ചുവിരിച്ചുനിന്ന് കാട്ടിക്കൊടുത്ത വര്‍ഷം. ഇതിനുള്ള ബഹുമതി കൂടിയായി വേണം പാര്‍വതിക്ക് ലഭിച്ച പുരസ്കാരത്തെ വായിക്കാന്‍. അതുതന്നെയാണ് ഈ പുരസ്കാരത്തെ മറ്റ് പുരസ്കാരങ്ങളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നതും. അതുതന്നെയാണ് അതിന്റെ രാഷ്ട്രീയവും.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.