You are Here : Home / വെളളിത്തിര

ശരീരം സജ്ജമാക്കാന്‍ സുരേഷ്‌ഗോപി ആയുര്‍വേദ ചികിത്സയ്ക്ക്

Text Size  

Story Dated: Thursday, July 23, 2015 05:29 hrs UTC

സുരേഷ്‌ഗോപി ഇപ്പോള്‍ കര്‍ക്കിടകചികിത്സയിലാണ്. കഴിഞ്ഞ 16ന് തുടങ്ങിയ തിരുമ്മല്‍ചികിത്സ രണ്ടാഴ്ച നീണ്ടുനില്‍ക്കും. തൊടുപുഴയിലെ പി.കെ.രാമകൃഷ്ണന്‍ വൈദ്യരും സഹായിയും തലസ്ഥാനത്ത് താമസിച്ചാണ് സൂപ്പര്‍താരത്തെ ചികിത്സിക്കുന്നത്. രാവിലെയും വൈകുന്നേരവുമാണ് ചികിത്സ. ഇതിനുവേണ്ടി മാസങ്ങള്‍ക്കു മുമ്പുതന്നെ സുരേഷ്‌ഗോപി തയ്യാറെടുത്തിരുന്നു. ഏഷ്യാനെറ്റിലെ ജനപ്രിയ പരിപാടിയായ 'കോടീശ്വരന്‍' കഴിഞ്ഞതിനുശേഷം സുരേഷ്‌ഗോപി ചെയ്യാനിരുന്ന സിനിമയാണ് ഷാജി കൈലാസിന്റെ 'സംസ്ഥാനം' (ദി സ്‌റ്റേറ്റ്). രാജേഷ് ജയരാമന്‍ തിരക്കഥയൊരുക്കുന്ന സിനിമ ജൂലായ് പതിനഞ്ചിന് ഷൂട്ടിംഗ് തുടങ്ങാനായിരുന്നു പ്ലാന്‍. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അല്‍പ്പം നീണ്ടുപോയി. അതോടെയാണ് സുരേഷ്‌ഗോപി കര്‍ക്കിടകമാസത്തിന്റെ തുടക്കത്തില്‍ത്തന്നെ ചികിത്സയ്‌ക്കെത്തിയത്.
തിരുവനന്തപുരത്തുള്ള ഒരു ആയുര്‍വേദ സെന്ററിലാണ് താരത്തിന്റെ ചികിത്സ നടക്കുന്നത്. തൊടുപുഴയില്‍ ആയുര്‍വേദ ചികിത്സാലയം നടത്തുന്ന രാമകൃഷ്ണന്‍ വൈദ്യര്‍ സുരേഷ്‌ഗോപിയെ തിരുമ്മുന്നത് ഇത് നാലാം തവണയാണ്. കഴിഞ്ഞ വര്‍ഷം തിരക്കുകാരണം സുരേഷ്‌ഗോപിക്ക് സുഖചികിത്സയ്ക്ക് സമയം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഷാജി കൈലാസ് സിനിമകളില്‍ അഭിനയിക്കുമ്പോള്‍ പൊതുവെ തന്നെ ശരീരം സജ്ജമാകേണ്ടതുണ്ട്. പൊളിറ്റിക്കല്‍ ത്രില്ലറായ സ്ഥിതിക്ക് ഓട്ടവും ചാട്ടവും ഇടിയും വേണ്ടിവരും. അതുകൂടി സുരേഷ്‌ഗോപി മുന്നില്‍ കണ്ടതുകൊണ്ടാവാം സിനിമയ്ക്കു മുമ്പുതന്നെ ചികിത്സയും തുടങ്ങിയത്. സുരേഷ്‌ഗോപിയും ഷാജി കൈലാസും ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന സിനിമ കൂടിയാണ് 'സംസ്ഥാനം'. ഏറെക്കാലത്തിനുശേഷം ഇവര്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണത്. സോളാര്‍ കേസിലെ പ്രതിയായ സരിതാനായരും ഈ സിനിമയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാത്രമല്ല, സിനിമ നിര്‍മ്മിക്കുന്നതാവട്ടെ നടി മല്ലികയും സംവിധായകന്‍ ജഗദീഷ് ചന്ദ്രനും ചേര്‍ന്നാണ്. 30ന് തീരുന്ന ചികിത്സയ്ക്കുശേഷം സുരേഷ്‌ഗോപി 'സംസ്ഥാന'ത്തില്‍ ജോയിന്‍ ചെയ്യും.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.