You are Here : Home / വെളളിത്തിര

സോഡ വേസ്റ്റാക്കിയാല്‍....

Text Size  

Story Dated: Sunday, March 29, 2015 08:46 hrs UTC


മലയാളത്തിന്റെ എക്കാലത്തേയും വലിയ ഹാസ്യസാമ്രാട്ട് അടൂര്‍ഭാസി അന്തരിച്ചിട്ട് മാര്‍ച്ച് 29ന് ഇരുപത്തഞ്ചുവര്‍ഷം തികയുകയാണ്. ഭാസിക്കൊപ്പം പ്രവര്‍ത്തിച്ച പ്രശസ്ത സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫറായ ചിത്രാ കൃഷ്ണന്‍കുട്ടി അദ്ദേഹത്തോടൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു.

 

ചിത്രാ കൃഷ്ണന്‍കുട്ടി



സെഞ്ച്വറി നിര്‍മ്മിച്ച ഒരു സിനിമയുടെ നൂറാം ദിവസം കോഴിക്കോട്ട് ആഘോഷിക്കുകയാണ്. 'ചലച്ചിത്രം' മാസികയ്ക്കുവേണ്ടി ആ ചടങ്ങ് കവര്‍ ചെയ്യാന്‍ എത്തിയതായിരുന്നു ഞാന്‍. ഫോട്ടോയെടുത്ത ശേഷം എനിക്ക് ചിക്മംഗലൂരിലേക്ക് പോകണം. അതിനാല്‍ ചടങ്ങ് അവസാനിക്കുന്നതിനു മുമ്പുതന്നെ ഇറങ്ങി. പോകാന്‍ നേരം സെഞ്ച്വറിയുടെ രാജുച്ചേട്ടനോട് കാര്യം പറഞ്ഞു.
''എറണാകുളം വഴിയാണെങ്കില്‍ കാറില്‍ ഭാസിച്ചേട്ടനെക്കൂടി കയറ്റണം. പക്ഷേ ഒറ്റക്കാര്യം. എന്തു പ്രശ്‌നമുണ്ടായാലും ചേട്ടനെക്കൊണ്ട് മദ്യം തൊടീക്കരുത്. കാരണം അദ്ദേഹം മരുന്നുകഴിക്കുന്നുണ്ട്.''
ആ വലിയ ദൗത്യം ഞാനേറ്റെടുത്തു. സദസില്‍ നിന്നും ഭാസിച്ചേട്ടനെ വിളിച്ചുകൊണ്ടുവന്നു.
''പെട്ടി മഹാറാണി ഹോട്ടലിലെ മുറിയിലാണ്. എനിക്ക് അവിടംവരെയൊന്നു പോകണം.''
ഒപ്പം ഞാനും പോയി. മുറിയില്‍ക്കയറി പെട്ടിയുമെടുത്തിറങ്ങി.
''കുറച്ചുകാലമായി ഞാന്‍ വിചാരിക്കുന്നു, കൃഷ്ണന്‍കുട്ടിക്ക് ഒരു സ്‌മോള്‍ വാങ്ങിച്ചുതരണമെന്ന്.''
എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ഹോട്ടലിനുള്ളിലുള്ള ബാറിലേക്കു കയറി. പോകല്ലേയെന്ന് ഞാന്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും അതൊന്നും കേട്ടില്ല. കൗണ്ടറില്‍ പോയി രണ്ടു ലാര്‍ജും രണ്ടു സോഡയും പറഞ്ഞതിനുശേഷം ടേബിളിനടുത്തേക്കുവന്നു.
''ഒരു ലാര്‍ജ് മതി''
ഞാന്‍ ഉച്ചത്തില്‍ പറഞ്ഞെങ്കിലും ഭാസിച്ചേട്ടന്‍ വിടുന്നമട്ടില്ല.
''കൃഷ്ണന്‍കുട്ടിയെ തനിയെ കഴിക്കാന്‍ അനുവദിക്കുന്നത് മോശമല്ലേ?''
''ഒരു മോശവുമില്ല. ചേട്ടന്‍ മരുന്നു കഴിക്കുന്നതല്ലേ. അതിനാല്‍ മദ്യം പറ്റില്ല.''
ഒരു ലാര്‍ജ് കഴിക്കുന്നതില്‍ കുഴപ്പമില്ലെന്നു പറഞ്ഞ് ഒറ്റവലിക്ക് അദ്ദേഹം അത് അകത്താക്കി. ഞാനും കഴിച്ചുകഴിഞ്ഞപ്പോള്‍ ഒരു സോഡയില്‍ മുക്കാല്‍ഭാഗത്തോളം ബാക്കി. അതെടുത്ത് നോക്കിയശേഷം ഭാസിച്ചേട്ടന്‍ വെയിറ്ററെ വിളിച്ചു.
''ഈ സോഡ വേസ്റ്റാക്കുന്നത് ശരിയല്ല. അതിനാല്‍ ഒരു പെഗ്ഗിനും കൂടി പറയാം.''
ഒരു പെഗ്ഗിനൊപ്പം ഒരു സോഡയ്ക്കും കൂടി പറഞ്ഞു. അതും കഴിച്ചപ്പോള്‍ വീണ്ടും സോഡ ബാക്കി. അങ്ങനെ സോഡ ബാക്കിവച്ച് ബാക്കിവച്ച് നാലു പെഗ് അകത്താക്കി. രാജുച്ചേട്ടന് കൊടുത്ത വാക്ക് പാലിക്കാന്‍ കഴിയാത്തതില്‍ എനിക്കു നിരാശ തോന്നി. ഇക്കാര്യം ഞാന്‍ ഭാസിച്ചേട്ടനോട് പറയുകയും ചെയ്തു.
''നീ മൂഡോഫാകല്ലേ. ഇതൊക്കെയല്ലേ ഒരു രസം കൃഷ്ണന്‍കുട്ടീ...''
എന്റെ കൈയും പിടിച്ച് അദ്ദേഹം കാറിലേക്കു കയറി. ഉച്ചത്തില്‍ പാട്ടുപാടിയും കഥകള്‍ പറഞ്ഞുമുള്ള ആ യാത്രയില്‍ എറണാകുളമെത്തിയതുപോലും അറിഞ്ഞിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.