You are Here : Home / വെളളിത്തിര

സൊനാലി ബിന്ദ്രെ ഇന്ത്യയിലെത്തി

Text Size  

Story Dated: Monday, December 03, 2018 04:03 hrs UTC

കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് ഏറെ നാളായി ന്യൂയോര്‍ക്കിലായിരുന്ന സൊനാലി ബിന്ദ്രെ ഇന്ന് തിരിച്ച്‌ ഇന്ത്യയിലെത്തി. മുംബൈയിലെത്തിയ സൊനാലിയെ വരവേല്‍ക്കാനായി പ്രിയപ്പെട്ടവരും സുഹൃത്തുക്കളുമൊക്കെ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. സിനിമാ നിര്‍മ്മാതാവായ ഭര്‍ത്താവ് ഗോള്‍ഡി ബെഹ്ലിനൊപ്പം എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ സൊനാലി പ്രസന്നവദനയായാണ് മാധ്യമങ്ങളെ ​ എതിരേറ്റത്.
 
'സര്‍ഫറോസ്', 'ഹം സാത് സാത് ഹെയ്ന്‍', 'ഡ്യൂപ്ലിക്കേറ്റ്', 'മേജര്‍ സാബ്',' ദില്‍ജേല്‍' തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ച സൊനാലി ഏറെ നാളായി കാന്‍സറുമായുള്ള പോരാട്ടത്തിലായിരുന്നു. കടുത്ത വേദന മൂലം തുടര്‍ പരിശോധനകള്‍ക്ക് വിധേയമായപ്പോഴാണ്, ഹൈ ഗ്രേഡ് കാന്‍സര്‍ ലക്ഷണങ്ങള്‍ കണ്ടെത്തുന്നത്. തുടര്‍ പരിശോധനയില്‍ ശരീരത്തിന്റെ വിവിധ അവയവങ്ങളിലേക്ക് വ്യാപിച്ച ഹൈ ഗ്രേഡ് മെറ്റാസ്റ്റാസിസ് കാന്‍സര്‍ (സ്റ്റേജ് 4 കാന്‍സര്‍) ആണെന്ന് നിര്‍ണയിക്കപ്പെട്ടതിനെ തുടര്‍ന്ന് ഉന്നത ചികിത്സയ്ക്കായി സൊനാലി വിദേശത്തേക്ക് പോവുകയായിരുന്നു. ഇപ്പോള്‍, ചികിത്സയ്ക്കിടെ കിട്ടിയ ഇടവേളയില്‍ പ്രിയപ്പെട്ടവരെ കാണാന്‍ ഇന്ത്യയിലെത്തിയതാണ് സൊനാലി.
 
ന്യൂയോര്‍ക്കില്‍ നിന്നും തിരിക്കുന്നതിനു മുന്‍പ്, തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ നാട്ടിലേക്ക് വരുന്ന കാര്യം സൊനാലി ആരാധകരുമായി ഷെയര്‍ ചെയ്തിരുന്നു. കാന്‍സറുമായുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെങ്കിലും ഈ ഇടവേള തന്നെ സന്തോഷിപ്പിക്കുന്നു എന്നാണ് സൊനാലി പറഞ്ഞത്.
 
"എന്റെ ഹൃദയമെവിടെയാണോ അവിടേക്കുള്ള തിരിച്ചുവരവിലാണ് ഞാന്‍. ഇപ്പോഴത്തെ മാനസികാവസ്ഥയെ വാക്കുകളില്‍ വര്‍ണിക്കാന്‍ സാധ്യമല്ല, എങ്കിലും ഞാനതിനായി ശ്രമിക്കുകയാണ്. എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും വീണ്ടും കാണാനാവുന്നു എന്ന സന്തോഷം, എനിക്കിഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാനുള്ള ആവേശം, എല്ലാറ്റിനുമപ്പുറം എന്നെ ഈ നിമിഷം വരെ കൊണ്ടെത്തിച്ച 'യാത്ര'യോടുള്ള നന്ദി. ഈ പോരാട്ടം ഇവിടെ അവസാനിപ്പിക്കാനായിട്ടില്ല, പക്ഷേ ഞാന്‍ സന്തോഷവതിയാണ്. മുന്നിലുള്ള സന്തോഷകരമായ ഇടവേളയെ ഉറ്റുനോക്കുന്നു," എന്നാണ് സൊനാലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
 
 
കുടുംബവും സുഹൃത്തുക്കളും തരുന്ന പിന്തുണയാണ് രോഗവുമായുള്ള തന്റെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതെന്ന് പല തവണ സൊനാലി വ്യക്തമാക്കിയിരുന്നു. അര്‍ബുദവുമായുള്ള പോരാട്ടത്തിലൂടെ കടന്നു പോകുമ്ബോഴും, അതിജീവനത്തെ വളരെ പോസിറ്റീവായി നോക്കി കാണുന്ന സൊനാലി സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. സൊനാലിയുടെ പോസിറ്റീവായ ചിന്തകളും സമീപനങ്ങളും ഏറെപ്പേര്‍ക്ക് പ്രചോദനമാവുന്നു എന്നാണ് താരത്തോട് ആരാധകര്‍ പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.