You are Here : Home / വെളളിത്തിര

അലന്സിയറുടെ തരികിടയും പൊക്കി ?

Text Size  

Story Dated: Monday, October 15, 2018 01:21 hrs UTC

വീണ്ടും മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച്‌ നടന്‍ അലന്‍സിയറിനെതിരെ മീടൂ വെളിപ്പെടുത്തല്‍. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങള്‍ തുറന്നുപറയുന്ന മീ ടൂ ക്യാംപെയിന്‍ നടന്‍ മുകേഷിനെ പ്രതിക്കൂട്ടിലാക്കിയതിനു പിന്നാലെ നടന്‍ അലന്‍സിയര്‍ ലേ ലോപസിനേയും കുരുക്കുന്നു. തന്റെ കരിയറിലെ നാലാം ചിത്രത്തില്‍ അലന്‍സിയറിന്റെ കൂടെ അഭിനയിച്ച സമയത്തെ മോശം അനുഭവങ്ങളാണ് യുവനടി പങ്കുവെച്ചിരിക്കുന്നത്.

അലന്‍സിയറിന്റെ കൂടെ ആദ്യമായിട്ടായിരുന്നു താന്‍ അഭിനയിച്ചതെന്നും അയാള്‍ സെക്ഷ്വലി ഫ്രസ്റ്റേഡ് ആയ മനുഷ്യനെ പോലെയാണ് ആ ഷൂട്ടിങ് ദിനങ്ങളിലത്രയും തന്നോടും മറ്റ് പല സ്ത്രീകളോടും പെരുമാറിയതെന്നും ഇന്ത്യ പ്രൊട്ടസ്റ്റ് പോസ്റ്റ് ചെയ്ത നടിയുടെ കുറിപ്പില്‍ പറയുന്നു. രണ്ട് തവണ മുറിയിലേക്ക് അതിക്രമിച്ച്‌ കടക്കാന്‍ ശ്രമിച്ചെന്നും ഒരു തവണ തന്റെ കിടക്കയിലേക്ക് കയറിവന്ന് ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും യുവതിയുടെ കുറിപ്പില്‍ പറയുന്നു. മാറിടങ്ങളിലേക്ക് തുറിച്ച്‌ നോക്കി ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നത് അലന്‍സിയറിന്റെ പതിവായിരുന്നെന്നും നടി വിശദീകരിക്കുന്നു.

യുവതിയുടെ കുറിപ്പ് ഇങ്ങനെ:

ഞാനൊരു അഭിനേത്രിയാണ് സ്വന്തം വ്യക്തിത്വം പോലും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മുന്നില്‍ തെളിയിക്കാന്‍ പാടുപെടുന്ന ഒരു നടിയായതു കൊണ്ട് തന്നെ ഞാന്‍ പേരുപറയാന്‍ ആഗ്രഹിക്കുന്നില്ല. അലന്‍സിയറിന്റെ കൂടെയുള്ള ആദ്യത്തെ ചിത്രം ചെയ്തു കഴിഞ്ഞ ഉടനെ ഞാന്‍ തീരുമാനിച്ചു ഇത് ഞങ്ങളുടെ ഒരുമിച്ചുള്ള അവസാനത്തെ ചിത്രമായിരിക്കുമെന്ന്.

അദ്ദേഹത്തിനെ നേരിട്ടു കാണുന്നതിനും പരിചയപ്പെടുന്നതിനും മുന്‍പെ എനിക്ക് ഒരുപാട് ബഹുമാനം തോന്നിയ വ്യക്തിയായിരുന്നു അലന്‍സിയര്‍. ചുറ്റുനടക്കുന്ന കാര്യങ്ങളില്‍ പുരോഗമനവും ലിബറലുമായ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഒരു മുഖം മൂടിയാണ്. അദ്ദേഹത്തിന്റെ മോശം വശം മറയ്ക്കാനുള്ള ഒരു മാര്‍ഗ്ഗം മാത്രം.

ആദ്യത്തെ സംഭവം ഉച്ചഭക്ഷണ സമയത്തായിരുന്നു. ഞങ്ങള്‍ മൂന്നുപേരായിരുന്നു ആ സമയത്ത് ടേബിളില്‍ ഉണ്ടായിരുന്നത്. അലന്‍സിയറും സഹപ്രവര്‍ത്തകനും ഞാനും. അലന്‍സിയര്‍ തന്റെ മാറിടത്തിലേക്ക് തുറിച്ചുനോക്കികൊണ്ടാണ് സംസാരിച്ചതത്രയും. അതെന്നെ അസ്വസ്ഥയാക്കി. അതുമനസിലാക്കിയിട്ടാവണം കുറച്ചു കൂടി സോഷ്യലായി ഇടപെടണമെന്നും ഇത്തരം കാര്യങ്ങളൊക്കെ ലളിതമായി കാണണമെന്നും അദ്ദേഹം എന്നെ ഉപദേശിച്ചു. ഞാന്‍ പ്രതികരിച്ചില്ല. പക്ഷെ അയാളുടെ കൂടെ കൂടുതല്‍ സമയം ചെലവഴിക്കുന്നത് സുരക്ഷിതമല്ലെന്ന് എനിക്ക് തോന്നി.

അടുത്ത സംഭവം വലിയൊരു ഷോക്ക് ആയിരുന്നു. അയാളെ ന്റെ റൂമിലേക്ക് ഒരു സഹനടിയുമായി കടന്നു വന്നു. നമ്മുടെ ശരീരത്തെ കുറിച്ച്‌ നമ്മള്‍ക്ക് വ്യക്തമായ അറിവുണ്ടായിരിക്കണമെന്നും ഒരു അഭിനേതാവിന്റെ സ്വാതന്ത്ര്യത്തെ കുറിച്ചും അയാള്‍ പറയാന്‍ തുടങ്ങി. എന്റെ അഭിനയവേദികളിലെ പരിചയക്കുറവിനെ ഒരുപാട് അപമാനിച്ചു. അയാളെ വെളിയിലെറിയാനാണ് എനിക്കപ്പോള്‍ തോന്നിയത്. എന്നാല്‍ ഞാന്‍ കൂടെയുണ്ടായിരുന്ന മുതിര്‍ന്ന സഹപ്രവര്‍ത്തകയുടെ സാന്നിധ്യം കാരണം എല്ലാം സഹിച്ചു നിന്നു.

മൂന്നാമത്തെ സംഭവം, എന്റെ ആര്‍ത്തവ സമയത്തായിരുന്നു. അന്ന് ഷൂട്ടിങിനിടയ്ക്ക് ക്ഷീണവും തളര്‍ച്ചയും തോന്നിയതു കൊണ്ട് സംവിധായകനോട് അനുവാദം വാങ്ങിച്ച്‌ ഇടവേളയെടുത്ത് വിശ്രമിക്കാന്‍ എന്റെ മുറിയിലേക്ക് പോയി. മുറിയിലിരിക്കെ വാതില്‍ ആരോ മുട്ടുന്നതായി തോന്നി. വാതിലിനിടയിലൂടെ നോക്കിയപ്പോള്‍ അലന്‍സിയര്‍ നില്‍ക്കുന്നതായി കണ്ട് ഞാന്‍ ഭയന്നു. ഉടനെ ഫോണെടുത്ത് സംവിധായകനെ വിളിച്ച്‌ സഹായം ആവശ്യപ്പെട്ടു. ആരെയെങ്കിലും അയക്കാമെന്ന് സംവിധായകന്‍ ഉറപ്പും നല്‍കി. അലന്‍സിയര്‍ അപ്പോഴും വാതിലില്‍ മുട്ടിക്കൊണ്ടിരിക്കുകയായിരുന്നു. വാതിലില്‍ ചവിട്ടിയും വാതില്‍ തുറക്കാന്‍ അയാള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവസാനം സഹികെട്ട് ഞാന്‍ വാതില്‍ തുറക്കാന്‍ തീരുമാനിച്ചു. ചാടി പുറത്തിറങ്ങാനായിരുന്നു തീരുമാനം.
സംവിധായകനെ വിളിച്ച കോള്‍ കട്ട് ചെയ്യാതെ തന്നെ ഞാന്‍ വാതില്‍ തുറന്നു. പക്ഷെ, ഞാന്‍ വാതില്‍ തുറന്നപ്പോള്‍ തന്നെ അദ്ദേഹം തള്ളിക്കയറി റൂമിനകത്തേക്ക് കയറുകയും വാതിലടയ്ക്കുകയും ചെയ്തു. അയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. ഞാന്‍ ഭയന്ന് നിശ്ചലയായി നിന്നു പോയി. അയാള്‍ ബെഡില്‍ കയറിയിരുന്ന് നാടകകലാകാരന്മാ ര്‍ എത്രമാത്രം ശക്തരായിരിക്കണമെന്ന പഴയ തീയറികള്‍ ആവര്‍ത്തിച്ച്‌ പറഞ്ഞുകൊണ്ടിരുന്നു. അയാള്‍ പിന്നീട് നടന്ന് എന്റെ അരികിലേക്ക് വന്നു. ഞാന്‍ ശബ്ദമുയര്‍ത്താന്‍ പോലും കഴിയാതെ നില്‍ക്കുകയായിരുന്നു. പെട്ടെന്നാണ് കോളിങ്‌ബെല്‍ അടിച്ചു.
ഇത്തവണ ഭയന്നത് അലന്‍സിയറായിരുന്നു. ഞാന്‍ ഓടിപ്പോയി വാതില്‍ തുറന്നു, പുറത്ത് നില്‍ക്കുന്നയാളെ കണ്ട് ഏറെ ആശ്വാസം തോന്നി. അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അത്. അടുത്ത ഷോട്ടില്‍ അലന്‍സിയറുണ്ടെന്നും മുഴുവന്‍ അണിയറ പ്രവര്‍ത്തകരും കാത്തിരിക്കുകയാണെന്നും പെട്ടെന്ന് വരണമെന്നും അസി. ഡയറക്ടര്‍ അറിയിച്ചു. നേരത്തെ പറഞ്ഞില്ലല്ലോ എന്ന നിലപാടിലായിരുന്നു അലന്‍സിയറപ്പോള്‍. ഒടുവില്‍ നിര്‍ബന്ധത്തിന് വഴങ്ങി അയാള്‍ക്ക് പോവേണ്ടി വന്നു.

നാലാമത്തെ സംഭവം അടുത്ത ഷെഡ്യൂളിനിടയാണ് സംഭവിച്ചത്. ഒരു സുഹൃത്ത് ക്ഷണിച്ചതനുസരിച്ച്‌ ഉച്ചഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഞാന്‍. ടേബിളില്‍ അലന്‍സിയറുമുണ്ടായിരുന്നു. അയാള്‍ മീന്‍ കറിയാണ് ഓര്‍ഡര്‍ ചെയ്തത്. കറി എത്തിയപ്പോള്‍ മീനിന്റെ ഭാഗങ്ങളും സ്ത്രീ ശരീരങ്ങളും താരതമ്യം ചെയ്യാനയാള്‍ ആരംഭിച്ചു. ഓരോ തവണയും മീനില്‍ തൊട്ടും കഷ്ണങ്ങള്‍ മുറിച്ചെടുത്തും ആസ്വദിക്കുമ്ബോഴും അയാള്‍ സ്ത്രീ ശരീരങ്ങളെ താരതമ്യപ്പെടുത്തല്‍ തുടര്‍ന്നു. ഇതിനിടയ്ക്ക് അയാള്‍ മാറിടത്തിലേക്ക് തുറിച്ചു നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഒടുവില്‍ ഞാനും സുഹൃത്തും എഴുന്നേറ്റ് പോകുകയാണുണ്ടായത്.

അന്നേദിവസം തന്നെ, ഷൂട്ടിങിനിടെ അയാള്‍ എന്നെയും സെറ്റിലെ മറ്റ് സ്ത്രീകളെയും തുറിച്ച്‌ നോക്കിക്കൊണ്ടിരുന്നു. എപ്പോഴെങ്കിലും കണ്ണില്‍പ്പെട്ടാല്‍ അയാള്‍ മുഖവും നാവും ചുഴറ്റി അത്രയും ആളുകള്‍ക്കിടയില്‍ വെച്ച്‌ ലൈംഗിക ചേഷ്ടകള്‍ കാണിച്ചുകൊണ്ടേയിരുന്നു.

അന്ന് വൈകുന്നേരം തന്നെ, ഒരു പാര്‍ട്ടിയുണ്ടായിരുന്നു. അയാള്‍ സ്ത്രീകളെ സമീപിക്കുന്നതും അവരോട് സ്ത്രീ ശരീരങ്ങളെ കുറിച്ചും ലൈംഗികതയെ കുറിച്ചും വാതോരാതെ സംസാരിക്കുന്നതും ഞാന്‍ കണ്ടു. എപ്പോഴെങ്കിലും അയാള്‍ എന്റെ അരികിലേക്ക് വന്നാല്‍ കഴിയും വിധം ഞാന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. അയാളുടെ ഇഷ്ടത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കാത്ത സ്ത്രീകളെ അയാള്‍ അപമാനിക്കുന്നതും എനിക്ക് അന്ന് കാണാനും കേള്‍ക്കാനും കഴിഞ്ഞു.

പിന്നീട് മറ്റൊരു ദിവസം, ഞാന്‍ മുറിയില്‍ ഉറങ്ങുകയായിരുന്നു. നൈറ്റ് ഷിഫ്റ്റ് അവസാനിച്ചത് രാവിലെ 6 മണിയോടെയായിരുന്നു. ഞാനും റൂംമേറ്റും അന്ന് മുറിയിലുണ്ടായിരുന്നു. മുറിയുടെ കോളിങ് ബെല്‍ അടിക്കുന്നത് ഞാന്‍ കേട്ടു. എന്റെ റൂം മേറ്റ് എഴുന്നേറ്റ് ആരാണെന്ന് നോ്കകാന്‍ പോയി. അത് അലെന്‍സിറായിരുന്നു.

അവര്‍ കുറച്ചുസമയം സംസാരിച്ചു. അത് കഴിഞ്ഞ് അയാള്‍ തിരിച്ചുപോയി. എന്റെ റൂംമേറ്റ് തിരിച്ചുവന്നിട്ട് പറഞ്ഞു, അവളുടെ ഉറക്കം പോയി ഒന്ന് കുളിച്ചിട്ട് വരാമെന്ന്. പക്ഷെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്ന് വെച്ചാവല്‍ അവള്‍ മുറിയുടെ വാതില്‍ ശരിയായി ലോക്ക് ചെയ്യാതെയായിരുന്നു കുളിക്കാന്‍ പോയത്.
തിരിച്ചുവന്ന അലന്‍സിയര്‍, ഒരു വൃത്തികെട്ടവനായി മാറി. എന്റെ ബെഡ്ഷീറ്റിനടിയിലേക്ക് കയറിക്കിടന്ന് എന്റെ അരികിലേക്ക് വന്നു. പെട്ടെന്ന് എണീറ്റ ഞാന്‍ ഷോക്കായി. അയാള്‍ കിടന്നു കൊണ്ട് ചോദിച്ചു' നീ ഉറങ്ങുകയാണോ?'. ഞാന്‍ ചാടിയെണീറ്റു, പക്ഷെ കൈയ്യില്‍ പിടിച്ചുവലിച്ച്‌ അയാള്‍ കുറച്ചുസമയം കൂടെ കിടക്കാന്‍ പറഞ്ഞു. ഞാന്‍ അയാളോട് അലറി ബഹളം വെച്ചു. ശബ്ദംകേട്ട റൂംമേറ്റ് എന്താണവിടെ എന്ന് വിളിച്ചു ചോദിച്ചു, പെട്ടെന്ന് അയാള്‍ പറഞ്ഞത് ഒരു തമാശ കാണിക്കുകയായിരുന്നു എന്നാണ്. റൂംമേറ്റ് ബാത്‌റൂമില്‍ നിന്നും പുറ്തതിറങ്ങുന്നതിനു മുന്‍പെ അയാള്‍ മുറിവിട്ട് പോയി.

അയാളുടെ സുഹൃത്ത് കൂടിയായ റൂംമേറ്റ് പിന്നീട് ഞാന്‍ പറയുന്നത് കേട്ട് ഞെട്ടി. അയാളെ വിളിച്ചുവരുത്തി സംസാരിക്കാന്‍ തന്നെ അവള്‍ തീരുമാനിച്ചു. പക്ഷെ അയാള്‍ ഒഴിഞ്ഞുമാറി.

ഇക്കാര്യം ഞങ്ങള്‍ സംവിധായകനെ അറിയിച്ചു. ഇക്കാര്യം ചോദ്യം ചെയ്യാന്‍ തന്നെ സംവിധായകനുറച്ചു. പക്ഷെ അലന്‍സിയര്‍ പ്രകോപിതനാവുകയാണ് ചെയ്തത്. അത് ആ സംവിധായകന്റെ ആദ്യ ചിത്രമായിരുന്നു. അതുകൊണ്ട് തന്നെ മുതിര്‍ന്ന നടനായ അലന്‍സിയര്‍ പ്രതികാരം ചെയ്തത് വളരെ മോശമായിട്ടായിരുന്നു. അയാള്‍ ഷൂട്ടിങിനിടെ ഓരോ ഷോട്ടും മോശമാക്കിയും സീനുകളുടെ തുടര്‍ച്ചയെ നശിപ്പിച്ചും, മദ്യപിച്ച്‌ സെറ്റില്‍ അഴഞ്ഞാടിയും സഹതാരങ്ങളെ തെറി വിളിച്ചും ഇനി ചെയ്ത് കൂട്ടാത്തതായി ഒന്നും ബാക്കിയില്ല.

ഞാന്‍ ഇതെഴുതുമ്ബോള്‍ എനിക്കറിയാം, തുറന്നുപറഞ്ഞ എന്നേക്കാള്‍ യഥാര്‍ത്ഥ അലന്‍സിയറില്‍ നിന്നും സമാന അനുഭവം നേരിട്ട ഈ സിനിമയില്‍ പ്രവര്‍ത്തിച്ച ഒത്തിരി സ്ത്രീകള്‍ ഇനിയുമുണ്ടാകുമെന്ന്. ഈ കുറിപ്പ് തയ്യാറാക്കാന്‍ എനിക്ക് ഒരുപാട് സമയവും വേദനയുമെടുത്തു. അതുകൊണ്ട് എനിക്ക് മറ്റുള്ളവരെ മനസിലാക്കാന്‍ സാധിക്കും, എല്ലാം തുറന്ന് പറയാന്‍ ഇതുപോലെയുള്ള അല്ലെങ്കില്‍ ഇതിലേറെ കയ്‌പ്പേറിയ അനുഭവങ്ങളിലൂടെ കടന്ന് പോയവര്‍ക്ക് അവരുടേതായ സമയം എടുക്കേണ്ടി വരുമെന്ന്.
# മീ ടൂ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.