You are Here : Home / വെളളിത്തിര

ഞാൻ സുരക്ഷിതയാണ് !!

Text Size  

Story Dated: Tuesday, October 09, 2018 01:30 hrs UTC

അര്‍ബുദവുമായുള്ള പോരാട്ടത്തിലാണ് ബോളിവുഡ് നടി സോനാലി ബിന്ദ്രെ. ചികിത്സയുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കില്‍ കഴിയുന്ന സൊനാലിയുടെ വിശേഷങ്ങളും ചിത്രങ്ങളും എപ്പോഴും കൗതുകത്തോടെയാണ് സമൂഹ മാധ്യമങ്ങള്‍ നോക്കി കാണുന്നത്. അര്‍ബുദം അതിജീവനത്തെ വളരെ പോസിറ്റീവായി നോക്കി കാണുന്ന സൊനാലിയുടെ നിലപാടുകളും ചിന്തകളും ഏറെ പേര്‍ക്ക് പ്രചോദനമാകുന്നുവെന്നാണ് സമൂഹ മാധ്യമങ്ങള്‍ പറയുന്നത്.

കീമോതെറാപ്പിയുടെ ബുദ്ധിമുട്ടുകളിലൂടെയും വേദനകളിലൂടെയും ഇപ്പോള്‍ കടന്നു പോവുന്ന സൊനാലിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

"എനിക്കറിയാം, ഭയങ്ങള്‍ എന്നെ കീഴ്പ്പെടുത്തി തുടങ്ങിയാല്‍ എന്റെ യാത്ര ദുഃഖത്തിലാവും ചെന്നവസാനിക്കുക. ഭയം ഒരു പരിധിവരെ, 'നമ്മള്‍ നമ്മളോട് തന്നെ പറയേണ്ട ഒരു കഥ'യുമായാണ് പിറക്കുന്നത്. അതുകൊണ്ട് ഞാനെന്നോട് പറയാനായി വ്യത്യസ്തമായൊരു കഥ തിരഞ്ഞെടുത്തു. ഞാന്‍ സുരക്ഷിതയാണെന്ന് ഞാനെന്നോട് പറഞ്ഞു, ഞാന്‍ കരുത്തയാണെന്നും ധീരയാണെന്നും ഒന്നിനും എന്നെ തോല്‍പ്പിക്കാനാവില്ലെന്നും.

കഴിഞ്ഞ മാസങ്ങളില്‍ നല്ലതും ചീത്തയുമായ ദിവസങ്ങള്‍ എന്റെ ജീവിതത്തിലുണ്ടായിരുന്നു. ഞാന്‍ പൂര്‍ണമായും അസ്വസ്ഥയായ ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു വിരല്‍ ഉയര്‍ത്തുന്നതുപോലും വേദനാജനകമായ അവസ്ഥകള്‍. വേദന ഒരു ചങ്ങല പോലെയാണെന്ന് തോന്നിയിട്ടുണ്ട്. ശാരീരിക വേദനയില്‍ നിന്നു തുടങ്ങി മാനസികവും വൈകാരികവുമായ വേദനകളില്‍ അവസാനിക്കുന്ന ഒരു ചങ്ങല. നിരവധി പോസ്റ്റ് കീമോ സെക്ഷനുകള്‍, പോസ്റ്റ് സര്‍ജറി സമയങ്ങള്‍. ചിരിക്കുമ്ബോള്‍ പോലും വേദന തോന്നിയ നിമിഷങ്ങള്‍. ഓരോ മിനിറ്റും പോരാട്ടമായ അനുഭവങ്ങള്‍.

ഓരോ വ്യക്തിയും അവരുടെ വികാരങ്ങളെ അംഗീകരിക്കണമെന്നാണ് എനിക്കു തോന്നുന്നത്. ചീത്ത സമയങ്ങളുമുണ്ടെന്ന് നമ്മള്‍ മനസ്സിലാക്കണം. എപ്പോഴും സന്തോഷത്തോടെയും പ്രസരിപ്പോടെയും ഇരിക്കാന്‍ നമ്മള്‍ സ്വയം നിര്‍ബന്ധിക്കുന്നതില്‍ കാര്യമില്ല. ആര്‍ക്കു വേണ്ടിയിട്ടാണ് നമ്മള്‍ ഫേക്കായിരിക്കുന്നത്, അഭിനയിക്കുന്നത്? ഞാന്‍ എന്നെ കരയാന്‍ അനുവദിച്ചു. വേദനകള്‍ അനുഭവിക്കാന്‍ അനുവദിച്ചു. എന്നോട് തന്നെ ദയ കാണിച്ചു. എന്തിലൂടെയാണ് നമ്മള്‍ കടന്നു പോവുന്നത് എന്ന് മനസ്സിലാക്കുന്നതാണ് ആ അവസ്ഥയെ അംഗീകരിക്കാനുള്ള നല്ല വഴി. ഇമോഷന്‍സ് തെറ്റല്ല, നെഗറ്റീവ് വികാരങ്ങളൊന്നും തെറ്റല്ല. പക്ഷേ ഒരു ഘട്ടത്തിലെത്തുമ്ബോള്‍ നമ്മള്‍ അത് നെഗറ്റീവ് ആണെന്ന് മനസ്സിലാക്കണം, തിരിച്ചറിയണം. ജീവിതത്തെ കീഴ്‌പ്പെടുത്താന്‍ ആ വികാരങ്ങളെ അനുവദിക്കരുത്," സൊനാലി കുറിക്കുന്നു.

നമ്മള്‍ നമ്മുടെ കാര്യത്തില്‍ തന്നെ നല്ല ശ്രദ്ധ നല്‍കിയാല്‍ മാത്രമേ ആ അവസ്ഥയില്‍ നിന്നും പുറത്തു കടക്കാന്‍ സാധിക്കൂ എന്നും സൊനാലി പറയുന്നു. "ഉറക്കം, ഇഷ്ടഭക്ഷണം, മകനുമായുള്ള സംസാരം," എന്നിവയൊക്കെ തന്നെ ആ പുറത്തു കടക്കലിനു സഹായിച്ചു എന്നാണ് സൊനാലി പറയുന്നത്. "ചികിത്സ പൂര്‍ത്തിയാക്കി മടങ്ങുമ്ബോള്‍ നല്ല രീതിയില്‍ ഇരിക്കണം എന്നു ഞാനാശിക്കുന്നു. ഇതെന്റെ ജീവിതത്തിലെ മറ്റൊരു പരീക്ഷണം മാത്രമാണ്," സൊനാലി കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.