You are Here : Home / വെളളിത്തിര

ന്യൂജനറേഷന്‍കാര്‍ക്ക് 'നിര്‍മ്മാണപ്പനി'

Text Size  

Story Dated: Saturday, July 04, 2015 04:58 hrs UTC

പണ്ടൊക്കെ ഒരു സിനിമ നിര്‍മ്മിക്കണമെങ്കില്‍ നാലഞ്ചുതവണയെങ്കിലും ആലോചിക്കും. ന്യൂജനറേഷന്‍ കാലത്ത് അതൊക്കെ മാറി. കുറച്ചു കാശ് കൈയില്‍ വന്നു കഴിഞ്ഞാല്‍ അപ്പോള്‍ തുടങ്ങും പ്രാഡക്ഷന്‍ ഹൗസ്. ഇരുപത്തിയാറു വര്‍ഷമായി സിനിമയിലുള്ള സംവിധായകന്‍ ലാല്‍ജോസ് പോലും നിര്‍മ്മാണകമ്പനി തുടങ്ങിയത് മൂന്നുവര്‍ഷം മുമ്പാണ്. ഏറെക്കാലത്തെ അനുഭവത്തിന്റെ ബലത്തിലാണ് മോഹന്‍ലാലും മുകേഷും ശ്രീനിവാസനുമൊക്കെ സിനിമ നിര്‍മ്മിച്ചത് . അതിന്റെ തുടര്‍ച്ചയെന്നോണം പൃഥ്വീരാജും ജയസൂര്യയും സിനിമ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ അത്രയ്‌ക്കൊന്നും കാത്തിരിക്കാന്‍ ന്യൂജനറേഷന്‍കാര്‍ക്ക് കഴിയില്ല.
ന്യൂജനറേഷന്‍ സിനിമാനിര്‍മ്മാണത്തിന് തുടക്കമിട്ടത് സംവിധായകന്‍ അന്‍വര്‍ റഷീദാണെന്ന് പറയാം. കഴിഞ്ഞവര്‍ഷം മേയിലാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത 'ബാംൂര്‍ ഡേയ്‌സ്' എന്ന സിനിമ അന്‍വര്‍ നിര്‍മ്മിച്ചത്. അത് വന്‍ ഹിറ്റായി. മൂന്നുവര്‍ഷം മുമ്പ് അന്‍വര്‍ സംവിധാനം ചെയ്ത 'ഉസ്താദ് ഹോട്ടലി'ന്റെ സ്‌ക്രിപ്റ്റ് അഞ്ജലിയുടേതായിരുന്നു. ഈ ബന്ധമാണ് അന്‍വറിനെ 'ബാംൂര്‍ ഡേയ്‌സി'ന്റെ നിര്‍മ്മാണത്തിലെത്തിച്ചത്.
'ഇയ്യോബിന്റെ പുസ്തകം' എന്ന സിനിമയുടെ കഥ കേട്ടപ്പോഴാണ് സംവിധായകന്‍ അമല്‍നീരദിന് ആ സിനിമ നിര്‍മ്മിക്കണമെന്ന മോഹമുണ്ടായത്. ഫഹദ്ഫാസിലിനോട് കഥ പറഞ്ഞപ്പോള്‍ ഫഹദും പറഞ്ഞു-ഈ സിനിമ ഞാന്‍ നിര്‍മ്മിച്ചോളാം. അങ്ങനെയാണ് രണ്ടുപേരും ചേര്‍ന്ന് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. സിനിമ സാങ്കേതികമായി ഏറെ ചര്‍ച്ച ചെയ്‌തെങ്കിലും മുടക്കിയ പണം തിരിച്ചുകിട്ടിയില്ല.
'നേരം' കണ്ട ത്രില്ലിലാണ് അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത സിനിമ നിര്‍മ്മിക്കാമെന്ന് അന്‍വര്‍ റഷീദ് വാക്കുകൊടുത്തത്. അങ്ങനെ 'പ്രേമം' എന്ന ഹിറ്റ് സിനിമയും അന്‍വറിന്റെ ക്രെഡിറ്റിലായി. ന്യൂജനറേഷന്‍ സൂപ്പര്‍താരം നിവിന്‍പോളിയും സംവിധായകന്‍ എബ്രിഡ് ഷൈനും ചേര്‍ന്നാണ് നിവിന്‍ നായകനായ പുതിയ സിനിമ നിര്‍മ്മിക്കുന്നത്. 'ആക്ഷന്‍ ഹീറോ ബിജു' എന്നു പേരിട്ട സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. എ.ബി.സി.ഡിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ ചിത്രം-ചാര്‍ലി നിര്‍മ്മിക്കുന്നത് മൂന്നുപേരാണ്. നടന്‍ ജോജുവും സംവിധായന്‍ മാര്‍ട്ടിനും മറ്റൊരു സുഹൃത്തായ ഷെബിന്‍ ബക്കറും.
'കിളി പോയ്' എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് സംവിധായകന്‍ വിനയ് ഗോവിന്ദുമായി നടന്‍ ആസിഫ് അലി സൗഹൃദത്തിലാവുന്നത്. വിനയ് അടുത്തതായി ചെയ്യാന്‍ പോകുന്ന സിനിമയായ 'കോഹിനൂറി'ന്റെ കഥ കേട്ടപ്പോള്‍ നിര്‍മ്മിക്കാമെന്നായി ആസിഫ്. അതിനുവേണ്ടി മകന്റെ പേരില്‍ ഒരു നിര്‍മ്മാണക്കമ്പനിയുമുണ്ടാക്കി. ആദംസ് വേള്‍ഡ് ഓഫ് എന്റര്‍ടെയിന്‍മെന്റ്. പുതുതലമുറയിലെ ഒരുപാടുപേര്‍ നിര്‍മ്മാണരംഗത്തേക്ക് ഇനിയും വരുന്നുണ്ടെന്നാണ് കേട്ടറിവ്. വരട്ടെ. അങ്ങനെയെങ്കിലും നല്ല സിനിമകളുണ്ടാവട്ടെ.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.