You are Here : Home / വെളളിത്തിര

ബിഗ് ബോസ്സിനെകുറിച്ചു അറിയേണ്ടതെല്ലാം

Text Size  

Story Dated: Thursday, June 21, 2018 02:55 hrs UTC

ഇന്ത്യയില്‍ പലതരത്തിലുള്ള റിയാലിറ്റി ഷോ കളും നടക്കാറുണ്ട്. അതില്‍ ഏറ്റവുമധികം റേറ്റിംഗുള്ള പരിപാടി ഏതാണെന്ന് ചോദിച്ചാല്‍ ബിഗ് ബോസ് എ്ന്ന് മാത്രമേ ഉത്തരം ഉണ്ടാവുകയുള്ളു. ഹിന്ദിയില്‍ നിന്നുമായിരുന്നു ബിഗ് ബോസിന്റെ ആരംഭം. പിന്നീട് തെന്നിന്ത്യയില്‍ മലയാളം ഒഴികെ എല്ലാ ഭാഷകളിലേക്കും എത്തിയിരുന്നു.
 
മലയാളികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളത്തിലേക്കും എത്തുകയാണ്. സിനിമകളുടെ തിരക്കുകള്‍ക്കിടിയലും മോഹന്‍ലാല്‍ പരിപാടിയുടെ അവതാരകനായി എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മലയാളത്തിലേക്ക് ആദ്യമായിട്ടാണ് ബിഗ് ബോസ് എത്തുന്നതെങ്കിലും മുന്‍പ് സൂര്യ ടിവിയില്‍ നടത്തിയ മലയാളി ഹൗസ് എന്ന പരിപാടിയുമായി ബിഗ് ബോസിന് ചില സാമ്യതകളുണ്ടായിരുന്നു. ബിഗ് ബോസിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍ കൂടിയുണ്ട്..! എന്താണ് ബിഗ് ബോസ് എന്നും അതിനെ കുറിച്ച് അറിയാനുള്ള കാര്യങ്ങളും കാണാൻ തുടര്‍ന്ന് വായിക്കാം..
 
 
 
ബിഗ് ബോസിന്റെ ഉറവിടം...
റിയാലിറ്റി ഷോ എന്ന് പറയുമ്പോള്‍ അതെല്ലാം തരികിട പരിപാടിയായിരിക്കും എന്ന് പറയുന്നവരോട് ബിഗ് ബോസ് അത്തരമൊരു പരിപാടിയല്ല. ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗുള്ള പ്രോഗ്രാം ആണ്. ബ്രീട്ടിഷ് ഷോ ആയ സെലിബ്രിറ്റി 'ബിഗ് ബ്രെദര്‍' എന്ന പ്രോഗ്രാമിലൂടെയായിരുന്നു ബിഗ് ബോസിന്റെ വരവ്. ഇന്ത്യയില്‍ ആദ്യമായി ഹിന്ദിയിലായിരുന്നു പരിപാടി തുടങ്ങിയത്. ശില്‍പ്പ ഷെട്ടി മുതല്‍ അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത്, ഫറാ ഖാന്‍ എന്നിവരാണ് ഹിന്ദിയില്‍ ബിഗ് ബോസ് അവതാരകരായി എത്തിയിരുന്നത്.
 
 
മറ്റ് ഭാഷകളിലേക്കും..
നിലവില്‍ സല്‍മാന്‍ ഖാനാണ് ഹിന്ദി ബിഗ് ബോസിന്റെ അവതാരകന്‍. ഹിന്ദിയില്‍ പരിപാടി ഹിറ്റായതോടെ തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ബംഗാളി എന്നിങ്ങനെ നിരവധി ഭാഷകളിലേക്കും പരിപാടി എത്തി. തമിഴില്‍ കമല്‍ ഹാസന്‍, കന്നഡയില്‍ കിച്ചാ സുദീപ്, തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആര്‍, മറാത്തിയില്‍ മഹേഷ് മഞ്ചേക്കര്‍, ബംഗാളിയില്‍ മിഥുന്‍ ചക്രവര്‍ത്തി, എന്നിവരാണ് അവതാരകര്‍. ജൂണ്‍ 24 മുതല്‍ മലയാളത്തില്‍ മോഹന്‍ലാല്‍ അവതരാകനായി ബിഗ് ബോസ് എത്തുകയാണ്.
 
 
മലയാളത്തിലേക്ക് എത്തുന്നു..
മലയാളത്തിലേക്ക് പരിപാടി എത്തുന്നതിന് പിന്നിലും ഒരു ചരിത്രമുണ്ട്. ഏഷ്യാനെറ്റ് ചാനലിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഒരു റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. അത് മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് ആണെന്ന് സ്റ്റാര്‍ സൗത്ത് മാനേജിംഗ് ഡയറക്ടര്‍ കെ മാധവന്‍ അറിയിക്കുകയായിരുന്നു. ഇതോടെ ഏറെ നാളുകളായിട്ടുള്ള ബിഗ് ബോസ് ആരാധകരുടെ കാത്തിരിപ്പ് സഫലമായിരിക്കുകയാണ്.
 
 
എന്താണ് ബിഗ് ബോസ്?
സിനിമയില്‍ നിന്ന് മാത്രമല്ല വിവിധ മേഖകളില്‍ പ്രശസ്തരായ 16 പേരെ ഒരു വീട്ടില്‍ 100 ദിവസത്തോളം താമസിപ്പിച്ചാണ് പരിപാടി നടത്തുന്നത്. ഈ വീടിനെ ബിഗ് ഹൗസ് എന്നാണ് വിളിക്കുന്നത്. ഈ ദിവസങ്ങളില്‍ മത്സരാര്‍ത്ഥികള്‍ക്ക് പുറം ലോകവുമായിട്ടുള്ള ബന്ധം പൂര്‍ണമായും ഒഴിവാക്കിയിരിക്കും. അതിനാല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, ടെലിവിഷന്‍, പത്രം എന്നിവയൊന്നും ഈ ദിവസങ്ങളില്‍ ഇവരിലേക്ക് എത്തുകയില്ല. അതേ സമയം 100 ദിവസം താമസിക്കുന്നതിന് വേണ്ടി എല്ലാവിധ സൗകര്യങ്ങളും ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിരിക്കുന്നതാണ്. അതിനൊപ്പം പാചകം, തുണി അലക്കല്‍, വീട് വൃത്തിയാക്കാല്‍ എന്നിവയെല്ലാം അവരവര്‍ സ്വയം ചെയ്യണം.
 
 
ബിഗ് ബോസിന്റെ നിര്‍ദ്ദേശം
അവതാരകനായ ബിഗ് ബോസിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് മത്സരാര്‍ത്ഥികള്‍ ഓരോ കാര്യങ്ങളും ചെയ്യേണ്ടത്. അതേ സമയം ബിഗ് ബോസിന്റെ ശബ്ദം മാത്രമേ ഇവരിലേക്ക് എത്തുകയുള്ളു. പ്രോഗ്രാം തുടങ്ങി ഓരോ ആഴ്ച കഴിയുമ്പോഴും ഓരോരുത്തരെ പുറത്താക്കും. ഔട്ട് ആവുന്ന മത്സരാര്‍ത്ഥി ആരാണെന്ന് തീരുമാനിക്കുന്നത് മത്സരാര്‍ത്ഥികളില്‍ നിന്നും തന്നെയുള്ള രഹസ്യ വോട്ടിംഗ് വഴിയാണ്. അങ്ങനെ വരുന്നവരെ പബ്ലിക് വോട്ടിംഗ് വഴി പുറത്താക്കുന്നത് ജനങ്ങളാണ്.
 
 
വിജയ് ആവുന്നതിങ്ങനെ..
പ്രേക്ഷകര്‍ മൊബൈല്‍ സന്ദേശം വഴി വോട്ട് ചെയ്യുകയും വേണം. കൂടുതല്‍ വോട്ട് ലഭിച്ച മത്സരാര്‍ത്ഥിയെ വീട്ടില്‍ (മത്സരത്തില്‍) നിലനിര്‍ത്തുകയും, കുറഞ്ഞ വോട്ട് ലഭിച്ച മത്സരാര്‍ത്ഥിയെ പുറത്താക്കുകയും ചെയ്യുന്നു. ഇങ്ങനെ അവസാനം വരെ പുറത്താവാതെ നില്‍ക്കുന്ന മൂന്ന് പേരില്‍ നിന്നും ഒരു മത്സരാര്‍ത്ഥിയാണ് വിജയിയാവുന്നത്. വിജയിച്ച വ്യക്തിക്ക് വലിയ തുക സമ്മാനമയി നല്‍കുകയും ചെയ്യുന്നു.
 
 
ടാസ്‌കുകള്‍...
പതിനാറ് മത്സരാര്‍ത്ഥികള്‍ തമ്മില്‍ മത്സരിച്ച് പലതരം ടാസ്‌കുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ആഴ്ചതോറും വ്യതസ്തങ്ങളായ നിരവധി ജോലികള്‍ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുകയും ഈ ജോലികള്‍ വൃത്തിയായും, നിശ്ചിത സമയപരിധിക്കുള്ളിലും മത്സരാര്‍ത്ഥികള്‍ ചെയ്ത് തീര്‍ക്കണം. ബിഗ് ബോസിന്റെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള തക്കതായ ശിക്ഷയും കൊടുക്കുന്നതായിരിക്കും.
 
 
നീരിക്ഷണത്തിലായിരിക്കും..
അതേ സമയം പരിപാടിയില്‍ കാണിക്കുന്ന ഓരോ കാര്യങ്ങളും അതുപോലെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നുള്ളതാണ്. ഓടാനും ഒളിക്കാനും കഴിയാതെ.. സ്വാകര്യതയ്ക്ക് ഇടനൽകാതെ... ടോയ്ലെറ്റ് ഒഴികെ ബാക്കി എല്ലായിടത്തുമായി 60 റോബോട്ടിക് ആന്‍ഡ് മാന്‍ഡ് ക്യാമറകളിലൂടെ എല്ലാവരെയും നിരീക്ഷിച്ച് കൊണ്ടിരിക്കും. രാവിലെ ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നത് വരെയുള്ള കാര്യങ്ങളെല്ലാം സംസാരിക്കുന്നതും പ്രവര്‍ത്തികളുമെല്ലാം മത്സരത്തിന്റെ വിജയത്തിന് നിര്‍ണായകമായി മാറുകയും ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.