You are Here : Home / എന്റെ പക്ഷം

കട്ടന്‍ കാപ്പി ശീലം മാറ്റിയത് മമ്മൂക്ക

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Monday, January 27, 2014 01:26 hrs UTC


താരജാഢകളില്ലാതെ തികച്ചും ഒരു സാധാരണക്കാരന്‍. മനോജ്‌ കെ. ജയനെ കുറിച്ചുള്ള വിശേഷണം ഒറ്റ വാക്കില്‍ ഒതുക്കാം. കുട്ടുതമ്പുരാനായും ദ്വിഗംഭരന്‍നായും അഭിനയത്തിന്റെ അവസ്‌മരണീയ മുഹൂര്‍ത്തങ്ങള്‍ നമ്മുക്ക്‌ നല്‍കിയത്‌ ഈ മനുഷ്യനാണോയെന്ന്‌ തോന്നും നേരില്‍ കാണുമ്പോള്‍. വാക്കുകള്‍ക്ക്‌ അത്രമേല്‍ ലാളിത്യം. കൊച്ചിയിലെ വില്ലയില്‍ ഭാര്യ ആശയ്‌ക്കും മക്കളായ കുഞ്ഞാറ്റയ്‌ക്കും അമൃതിനുമൊപ്പം ഒരു അവിധി ദിവസം ആഘോഷിക്കുന്നതിന്റെ തിരക്കിലായിരുന്നു മനോജ്‌.



ഇപ്പോഴും കുട്ടിത്വം വിട്ടുമാറിയിട്ടില്ലല്ലോ?
എന്റെ ഭാര്യയുടെ അടുത്തും മക്കളുടെ അടുത്തും ഒറ്റ പെരുമാറ്റമേ എനിക്കുള്ളൂ. കുട്ടികളുടെ അടുത്ത്‌ പെരുമാറുന്നതുപോലെയാണ്‌ ഞാന്‍ എല്ലാവരുടെ അടുത്തും പെരുമാറുന്നത്‌. ഞാന്‍ കുഞ്ഞ്‌ കളിക്കുന്ന അത്രയും വീട്ടില്‍ മറ്റാരും കുഞ്ഞ്‌ കളിക്കാറില്ല. അങ്ങനെയൊരു കുട്ടിത്ത്വം മനസില്‍ കൊണ്ടു നടക്കുന്നതു കൊണ്ടാവാം പ്രതിസന്ധികളെ എളുപ്പത്തില്‍ മറികടക്കാന്‍ കഴിഞ്ഞത്‌.

 



കൂടുതല്‍ സന്തോഷവാനായിരിക്കുന്നല്ലോ.?
മനസിന്റെ സന്തോഷംതന്നെ. പണ്ട്‌ അത്രയും സന്തോഷം ഉണ്ടായിരുന്നില്ല അതായിരിക്കാം. മാനസികമായും ശാരീരികമായും നമ്മള്‍ നന്നായിരുന്നാല്‍ മാത്രമേ ശരിയായ സൗന്ദര്യം നിലനിര്‍ത്താന്‍ പറ്റൂ.

വസ്‌ത്രങ്ങള്‍ സ്വന്തമായി ഡിസൈന്‍ ചെയ്യുമെന്ന്‌ പറഞ്ഞുകേട്ടത്‌ ശരിയാണോ?
ഞാന്‍ ധരിക്കുന്ന മിക്ക വസ്‌ത്രങ്ങളും ഞാന്‍തന്നെയാണ്‌ ഡിസൈന്‍ ചെയുന്നത്‌. മിക്കവാറും എല്ലാ ഷോപ്പിലും 15 ഷര്‍ട്ടെങ്കിലും ഒരേ ഡിസൈനില്‍ കാണും. സിനിമയിലുള്ളവര്‍തന്നെ അത്‌ വാങ്ങിക്കാം. ഒരേ സെറ്റ്‌ കൂട്ടിയിടിച്ചാല്‍ അത്‌ മോശമാകുമല്ലോയെന്ന്‌ കരുതിയിട്ട്‌ ഞാന്‍ തന്നെ ഡിസൈന്‍ ചെയ്യും.

 


ഫിറ്റ്‌നസിനുവേണ്ടി എന്തെല്ലാം ശ്രദ്ധിക്കാറുണ്ട്‌?
നടത്തം എന്റെ ജീവിതത്തിന്റെ ഭാഗമാണ്‌. എന്റെ വില്ല മൂന്നേക്കറിലാണിരിക്കുന്നത്‌. അവിടെ നടക്കാന്‍ ഇഷ്‌ടംപോലെ സ്‌ഥലമുണ്ട്‌. നല്ല നടപ്പാതെയുമുണ്ട്‌. ഞാനും ഭാര്യയും കൂടിയാണ്‌ നടക്കുന്നത്‌. കാലത്തും വൈകിട്ടും നടക്കും. കൂടിപ്പോയാല്‍ മൂക്കാല്‍ മണിക്കൂര്‍. ലൊക്കോഷനില്‍ പോയാലും സ്വകാര്യതയുള്ള സ്‌ഥലമാണെങ്കില്‍ നടക്കാന്‍ പോകാറുണ്ട്‌.

 



എന്താണ്‌ ഭക്ഷണത്തിലെ ഇഷ്‌ടങ്ങള്‍?


അങ്ങനെ പ്രത്യേകിച്ച്‌ ഇഷ്‌ടങ്ങളൊന്നുമില്ല. ഇപ്പോഴും രാത്രിയില്‍ കഞ്ഞിയും പയറും കഴിക്കാന്‍ ഇഷ്‌ടപ്പെടുന്ന ആളാണ്‌ ഞാന്‍. പലരും അന്തിച്ചു പോകാറുണ്ട്‌. കഞ്ഞി കുടിച്ചാല്‍ വയറുചാടുമെന്നൊക്കെ പറഞ്ഞ്‌. ഞാന്‍ ഓര്‍മവച്ച നാള്‍ മുതല്‍ കഴിക്കുന്നതുകൊണ്ട്‌ ഒരു പ്രശ്‌നവുമില്ല.

 



ചെറുപ്പത്തില്‍ അല്‌പം ഉള്‍വലിഞ്ഞ പ്രകൃതക്കാരനായിരുന്നു അല്ലേ?


എനിക്ക്‌ സ്‌കൂളില്‍ ഒക്കെ പഠിക്കുമ്പോള്‍ ഉള്‍വലിഞ്ഞ പ്രകൃതമായിരുന്നു. കൂട്ടുകാര്‍ക്കിടയില്‍ ഹീറോയും പബ്ലിക്കിനിടയില്‍ ഷൈയും. അതൊക്കെ മാറ്റിയെടുത്തത്‌ ഫിലിം ഇന്‍സ്‌റ്റിറ്റിയൂട്ടിലെ പഠനമാണ്‌. ഹോസ്‌റ്റല്‍ ജീവിതവും എന്നെ ഒരുപാട്‌ മാറ്റി.

ദ്വിഗംഭരനെപ്പോലുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ മുന്നൊരുക്കം ഒക്കെ കാണുമല്ലോ?


അനന്തഭഭ്രത്തിലെ ദ്വിഗംഭരന്‍ നമ്മുടെ സമൂഹത്തിലുള്ള ഒരാളേയല്ല. അയാളെക്കുറിച്ച്‌ കൂടുതല്‍ വായിക്കാനോ അറിയാനോ ഉള്ള സാഹചര്യവും ഇല്ലായിരുന്നു. സ്‌ക്രിപ്‌റ്റ്‌ വായനയിലൂടെയാണ്‌ ആ കഥാപാത്രം പരുവപ്പെടുത്തിയെടുത്തത്‌. അഭിനയത്തിലൂടെ മാത്രം ആളുകളെ പിടിച്ചിരുത്തണം. അതുകൊണ്ട്‌ അതൊരു വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു.

 


ഗോസിപ്പുകള്‍ സിനിമയുടെ ഭാഗമാണ്‌. അത്തരം ഗോസിപ്പുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം വരില്ലേ?
നമ്മള്‍ സാധരണ മനുഷ്യരല്ലേ, സങ്കടം തോന്നാറുണ്ട്‌. കഠിനമായ വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോഴേ ഇപ്പോള്‍ ഞാന്‍ ഇംഗ്‌നോര്‍ ചെയ്യാന്‍ ശ്രമിക്കും. പറയുന്നവര്‍ക്ക്‌ അതുകൊണ്ട്‌ എന്തെങ്കിലും നേട്ടമുണ്ടെങ്കില്‍ അവര്‍ക്ക്‌ അതിന്റെ ഗുണം കിട്ടിക്കോട്ടേയെന്ന്‌ വിചാരിക്കും.

 



ഒഴിവാക്കാന്‍ കഴിയാത്ത ശീലങ്ങള്‍ വല്ലതും ഉണ്ടോ?
എനിക്ക്‌ കട്ടന്‍ കാപ്പി ഉപേക്ഷിക്കാന്‍ പറ്റില്ലായിരുന്നു. കൊച്ചിലേ മുതലുള്ള ശീലമായിരുന്നു അത്‌. ആ ശീലം മാറ്റിമറിച്ചത്‌ മമ്മൂക്കയാണ്‌. കട്ടന്‍ കാപ്പി ആരോഗ്യകരമല്ല പകരം കട്ടന്‍ ചായ കുടിക്കാനാണ്‌ അദേഹം പറഞ്ഞത്‌. 10 വര്‍ഷമായി കട്ടന്‍കാപ്പി കുടിച്ചിട്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From എന്റെ പക്ഷം
More
View More