You are Here : Home / എന്റെ പക്ഷം

സ്മാര്‍ട്ട് ആന്‍ഡ് എനര്‍ജെറ്റിക് വാണി

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Tuesday, November 12, 2013 01:30 hrs UTC

സിനിമയുടെ തിരക്കുകള്‍ക്കപ്പുറം ഇന്ന് തികച്ചും ഒരു വീട്ടമ്മയാണ് വാണി വിശ്വനാഥ്. വിവാഹം കഴിഞ്ഞ മറ്റു നടിമാരെപോലെ വണ്ണമൊക്കെവച്ച് വീട്ടില്‍ ഒതുങ്ങിക്കൂടുന്ന ഒരു കുടുംബനാഥയല്ലെന്നു മാത്രം. അല്പം സമയം കിട്ടിയാല്‍ പോലും ഒരിടത്ത് അടങ്ങിയിരിക്കാന്‍ ഇഷ്ടപ്പെടാത്തൊരു വീട്ടമ്മ. വാണിയുടെ കഥാപാത്രങ്ങളുടെ വൈവിധ്യംപോലെതന്നെ ജീവിതത്തിലും ഈ ആക്ക്ഷന്‍ റാണി ഏറെ വ്യത്യസ്തയാണ്. വീടു പെയിന്റു ചെയ്യുന്നതു മുതല്‍ കാറ് കഴുകുന്നതുവരെ എല്ലാ ജോലികളും ഒറ്റയ്ക്കു ചെയ്യാന്‍ ഇഷ്ടപ്പെടുന്ന എപ്പോഴും ആക്ടീവായിരിക്കാന്‍ ആഗ്രഹിക്കുന്ന വീട്ടമ്മ. വാണി അശ്വമേധവുമായി തന്റെ ആരോഗ്യ രഹസ്യങ്ങള്‍ പങ്കുവച്ചു.

 

ഈ ഫിറ്റ്നസിനു പിന്നില്‍....

അതിന്റെ മുഴുവന്‍ ക്രെഡിറ്റും വാണി ഭര്‍ത്താവ് ബാബുരാജിനാണ് നല്‍കുന്നത്. ''നന്നായി മെലിഞ്ഞിരുന്ന നടിമാരെപോലും വിവാഹത്തിനുശേഷം സ്ക്രീനില്‍ കാണുമ്പോള്‍ അതിശയം തോന്നാറുണ്ട്. അയ്യോ എന്തൊരു തടിയാ വച്ചിരിക്കുന്നത്. ഞാന്‍ ഇങ്ങനെ പറയുമ്പോള്‍ ബാബുവേട്ടന്‍ പറയും നിന്നെക്കുറിച്ചും ആളുകള്‍ ഇങ്ങനെയല്ലേ പറയുന്നത്. അതുകൊണ്ട് വണ്ണം കുറയ്ക്കണമെന്ന്. മറ്റുള്ളവര്‍ എന്നെക്കുറിച്ച് വണ്ണം കൂടിയെന്നു പറയുന്നതു കേള്‍ക്കാന്‍ എനിക്കും താല്‍പര്യമില്ല

'' വണ്ണം കുറഞ്ഞ് സുന്ദരിയായല്ലോ.....

അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് എനിക്ക് 72 കിലോ ഭാരമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് പ്രസവവും കഴിഞ്ഞതോടെ പിന്നെയും കൂടി. പ്രസവം കഴിഞ്ഞപ്പോള്‍ അത് 92 കിലോയായി. അതിനു കാരണവുമുണ്ട്. മോനെ ഗര്‍ഭം ധരിച്ചപ്പോള്‍ മുതല്‍ ഡോക്ടര്‍ വിശ്രമം പറഞ്ഞിരുന്നു. കൂടാതെ നല്ല വിശപ്പും. എന്തു കിട്ടിയാലും കഴിക്കും. വെറുതെ ഇരിപ്പും ഭക്ഷണനിയന്ത്രണവും ഇല്ലാതായതോടെ വണ്ണം പെട്ടെന്നു കൂടി. ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്നു എനിക്കും തോന്നി തുടങ്ങി. ഇപ്പോള്‍ ശരീരഭാരം എന്റെ നിയന്ത്രണത്തിലാണ്. നടത്തം മുടക്കാറില്ല. രാവിലെയാണ് നടക്കുന്നത്. എന്തെങ്കിലും കാരണവശാല്‍ രാവിലെ നടക്കാന്‍ കഴിയാതെ വന്നാല്‍ വൈകിട്ടാവും നടത്തം. ഭക്ഷണനിയന്ത്രണവും. വെറുതെയിരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കും. വീട്ടു പണിയ്ക്ക് ആളുണ്ടെങ്കിലും പരമാവധി എല്ലാ പണികളും ഞാന്‍ തന്നെ ചെയ്യും. അതും ശരീരത്തിന് നല്ലൊരു വ്യായാമമാണല്ലോ. വീടിന്റെ അകത്തുള്ള പണികള്‍ മാത്രമല്ല പുറത്തുള്ള പണികളും. മുറ്റത്തെ പുല്ലു പറിക്കുക, കാര്‍ കഴുകുക, തോട്ടം വൃത്തിയാക്കുക അങ്ങനെ എന്തു ജോലി ചെയ്യാനും മടിയില്ല.

 

 

ജീവിതത്തിലെ ചിട്ടകള്‍....

 

വാണി ലെയിറ്റായിട്ടാണ് എത്തിയതെന്ന് ആരെക്കൊണ്ടും ഞാന്‍ പറയിക്കാറില്ല. ഷൂട്ടിങ് സെറ്റിലായാലും പൊതു പരിപാടികളായാലും പങ്ച്വാലിറ്റിയുടെ കാര്യത്തില്‍ ഞാന്‍ സ്ട്രിക്കറ്റാണ്. ഒരു നിസാര കാര്യമാണെങ്കില്‍പോലും. കൃത്യ സമയത്ത് എത്തിയിരിക്കും. ചിലപ്പോള്‍ പറഞ്ഞ സമയത്തിനും മുമ്പ് അവിടെ എത്തും. എന്നിട്ടുപുറത്ത് കാറിലിരിക്കും. കൃത്യ സമയത്ത് ഫംങ്ഷന്‍ നടക്കുന്നിടത്തേക്ക് കയറിചെല്ലും. ഒരു കാര്യത്തെക്കുറിച്ചോര്‍ത്തും ടെന്‍ഷന്‍ അടിക്കാറില്ല. നടക്കാത്ത കാര്യത്തെക്കുറിച്ച് വെറുതെ ചിന്തിച്ച് ടെന്‍ഷനടിച്ചതുകൊണ്ട് കാര്യമില്ലല്ലോ.

ഭക്ഷണ നിയന്ത്രണം...

രാവിലത്തെ ഭക്ഷണം മിക്കപ്പോഴും രണ്ടു പുഴുങ്ങിയ മുട്ടയുടെ വെള്ളയും ഒരു ഗ്ലാസ് ജൂസും. ഉച്ചയ്ക്ക് ഒരു പിടി ചോറും ധാരാളം പച്ചക്കറികളും കഴിക്കും. ചിലപ്പോള്‍ സാമ്പാറിലെ കഷ്ണങ്ങള്‍ മാത്രമായിരിക്കും ഉച്ച ഭക്ഷണം. വീട്ടിലാണെങ്കില്‍ ചോറിന് ഉണക്ക മീന്‍ നിര്‍ബന്ധം. പരിപ്പ് കറിയും ഉണക്ക മീനുമാണ് കറികളില്‍ ഏറ്റവും ഇഷ്ടം. സത്ക്കാരത്തിനോ വിവാഹത്തിനോ ഒക്കെ പോകുമ്പോള്‍ നിയന്ത്രണങ്ങളൊന്നും പാലിക്കാറില്ല. അവര്‍ നമ്മുക്കു വേണ്ടി എല്ലാം ഒരുക്കിവച്ച് കാത്തിരിക്കുമ്പോള്‍ ഡയറ്റിങ് ആണെന്ന് പറയാന്‍ കഴിയില്ലല്ലോ? വീട്ടില്‍ ഡയറ്റ് നോക്കുകയാണെങ്കില്‍ പുറത്തു പോകുമ്പോള്‍ ഇഷ്ടമുള്ളതൊക്കെ കഴിക്കാം. എല്ലാവരേയുംപോലെ അമ്മ ഉണ്ടാക്കിതന്ന കറികളുടെ രുചിയാണ് ഇപ്പോഴും വായില്‍. നേന്ത്രക്കായും പരിപ്പും ഇട്ട് അവസാനം വെളിച്ചെണ്ണയും ഒഴിച്ച് അമ്മ ഉണ്ടാക്കി തന്നിരുന്ന ഒരു കറിയുണ്ട്. ചെറുപ്പത്തില്‍ കഴിച്ച ആ കറികള്‍ക്കൊക്കെ ഒരു പ്രത്യേക രുചിയായിരുന്നു.

ആക്ഷന്‍ റോളുകള്‍ ചെയ്യുമ്പോള്‍....

മരിച്ചു ജീവിക്കുന്നവരാണ് ഫൈയിറ്റേഴ്സ്. അപകടകരമായ സീനുകളിലൊക്കെ ഡ്യൂപ്പിന്റെ ആവശ്യം വരാറുണ്ട്. ഷൂട്ടിംഗ് സമയത്ത് അറിയാതെപോലും അവരുടെ ശരീരം വേദനിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അത് അവര്‍ പറയുകയും ചെയ്യും. ''ഇത്രയും നടന്‍മാരോടൊപ്പം ഫയിറ്റ് ചെയ്തിട്ടും മാഡത്തിന്റെ കൈയില്‍നിന്നു മാത്രമാണ് ഞങ്ങള്‍ക്ക് ഒരു അടിപോലും കിട്ടാത്തതെന്ന്.

 

 

'' ഭകതി തരുന്ന ശക്തി ഭക്തി

 

എന്റെ ജീവിതവുമായി അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.എന്റെ ശ്വാസത്തിലും കൂടുതല്‍ തവണ ഉച്ഛസിക്കുന്നത് ഗുരുവായൂരപ്പാ എന്നാണ്. എന്റെ എല്ലാ ഉന്മേഷത്തിനും പുറകിലെ ശക്തിയാണത്. ഒരിക്കലും മടിപിടിച്ചിരിക്കരുത്. എപ്പോഴും ആക്ടീവായിരിക്കുക. അതിന് പ്രാര്‍ഥന സഹായിക്കും. ജീവിതത്തില്‍ എന്തു സംഭവിച്ചാലും നമ്മള്‍ അംഗീകരിച്ചേ പറ്റൂ. അതുകൊണ്ട് ഒന്നിനെക്കുറിച്ചോര്‍ത്തും ടെന്‍ഷനടിക്കാതെ കൂളായിരിക്കണം.

യാത്രകള്‍..

ലോകത്തിന്റെ ഏതു ഭാഗത്തു പോയാലും ഓടിയെത്താന്‍ കൊതിക്കുന്നത് ചെന്നെയിലേക്കാണ്. കേരളം ഇഷ്ടല്ലമല്ലെന്നല്ല. ഇരുപത്തഞ്ചു വര്‍ഷമാകുന്നു ചെന്നൈ വാസം തുടങ്ങിയിട്ട്. ആ ഒരു ആത്മബന്ധം. നാട്ടില്‍ പോയിട്ടു വരുമ്പോഴും ഹോ ചെന്നെ എത്തിയല്ലോയെന്നൊരു ആശ്വാസമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From എന്റെ പക്ഷം
More
View More