You are Here : Home / എന്റെ പക്ഷം

'ഇതു താണ്ടാ മുഖ്യമന്ത്രി...ഇങ്ങനെ വേണമെടാ മുഖ്യമന്ത്രി..'

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Friday, June 24, 2016 02:00 hrs UTC

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്ക് ഇനി പൈലറ്റും എസ്‌കോര്‍ട്ടും വേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ പ്രശംസിക്കേണ്ടതാണ്. ജനങ്ങളില്‍ ഒരുവനായി അല്ലെങ്കില്‍ ഒരുവളായി ജീവിച്ച്, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട് എം.എല്‍.എ.ആകുകയും പിന്നീട് മന്ത്രിപദത്തിലേക്കെത്തുകയും ചെയ്യുന്ന ഒരു വ്യക്തിക്ക്, എന്തിനാണ് അതേ ജനങ്ങളില്‍ നിന്ന് സം‌രക്ഷണമെന്ന് ഇപ്പോഴെങ്കിലും ആലോചിക്കാനുള്ള സത്ബുദ്ധി തോന്നിയല്ലോ എന്നും ആശ്വസിക്കാം. ജനസേവനമാണ് മന്ത്രിമാരുടെ ലക്ഷ്യമെങ്കില്‍ അവര്‍ക്ക് സം‌രക്ഷണത്തിന്റെ ആവശ്യമേ ഇല്ല. നേരെ മറിച്ച് ജനദ്രോഹപരമായ നടപടികളാണ് അവര്‍ ചെയ്തുകൂട്ടുന്നെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് സം‌രക്ഷണം വേണം, അതുപക്ഷേ സ്വന്തം ചിലവിലാകണമെന്നു മാത്രം. നികുതിദായകരുടെ പണം കൊണ്ടായിരിക്കരുത് അവര്‍ക്ക് സം‌രക്ഷണം നല്‍കേണ്ടത്.

 

 

'അനുഭവം ഗുരു' അതാകാം പിണറായി വിജയന്‍ മാറ്റി ചിന്തിക്കാന്‍ തുടങ്ങിയത്. മുന്‍‌കാലങ്ങളിലെ മന്ത്രിസഭകളിലെ മന്ത്രിമാര്‍ക്കെല്ലാം സം‌രക്ഷണഭിത്തി തീര്‍ത്ത് ചുറ്റും പോലീസ് കാവലായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയായിരുന്നു എന്നു കേള്‍ക്കുമ്പോള്‍ 'ഇതോ ജനനായകന്‍' എന്നു ചിന്തിച്ചുപോകും. സാദാ പോലീസ് കൂടാതെ, കമാന്റോകളും കരിം‌പൂച്ചകളും അകമ്പടി സേവിച്ചിട്ടാണോ ഒരു മന്ത്രി ജനങ്ങളെ സേവിക്കാന്‍ ഇറങ്ങിപ്പുറപ്പെടേണ്ടത്? അല്ലേ അല്ല. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ഒരു മന്ത്രിക്ക് പതിനാറു പോലീസുകാര്‍ വരെ സുരക്ഷയ്ക്കായി ഉണ്ടായിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ധൂര്‍ത്തിന് മറ്റൊരു നിര്‍‌വ്വചനത്തിന്റെ ആവശ്യമില്ല. പെഴ്‌സണല്‍ സ്റ്റാഫും, സെക്യൂരിറ്റിയും, ഗാര്‍ഹിക ജോലിക്കാരുമൊക്കെയായി, ജനങ്ങളുടെ ചിലവില്‍ വിലസി നടന്നിരുന്നവര്‍ക്കും, വിലസാന്‍ പ്ലാന്‍ ചെയ്തവര്‍ക്കും ഇരുട്ടടി പോലെയായി ശ്രീ പിണറായി വിജയന്റെ തീരുമാനം.

 

 

മന്ത്രിമാര്‍ക്ക് മാത്രമല്ല, ആത്മീയ-മത നേതാക്കള്‍ക്കും സാമുദായിക നേതാക്കള്‍ക്കും വരെ സുരക്ഷ നല്‍കിയിരുന്നത് സര്‍ക്കാരിന്റെ ചിലവിലാണെന്ന് കേള്‍ക്കുമ്പോഴാണ് സാക്ഷര കേരളം ഭരിക്കുന്നവരുടെ വിവരക്കേട് മനസ്സിലാകുന്നത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആറ് പോലീസുകാരുടെ സം‌രക്ഷണമാണത്രേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നത്...!! വെള്ളാപ്പള്ളി നടേശന്‍ ഒരു രാഷ്‌ട്രീയ നേതാവോ ആത്മീയ ഗുരുവോ ഒന്നുമല്ല. ഒരു അബ്‌കാരി എന്ന സ്ഥാനമേ വെള്ളാപ്പള്ളിക്കുള്ളൂ. ആ അബ്‌കാരിക്കാണ് നികുതിദായകരുടെ പണമുപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ സം‌രക്ഷണം ഏര്‍പ്പെടുത്തിയിരുന്നത്. ഏതായാലും വെള്ളാപ്പള്ളിയുടെ സം‌രക്ഷണത്തിന് നിയോഗിച്ചിരുന്ന ആറു പോലീസുകാരെയും പിന്‍വലിച്ചത് ജനങ്ങളോട് കാണിച്ച നീതിയാണ്.

 

പക്ഷെ, കേന്ദ്രസര്‍ക്കാര്‍ സിഐഎസ്എഫ് സുരക്ഷയും വെള്ളാപ്പള്ളിക്ക് നല്‍കിയിട്ടുണ്ടത്രേ....!! ജനങ്ങളാല്‍ തിരഞ്ഞെടുത്ത, ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ജനപ്രതിനിധി എന്തിനാണ് പോലീസ് അകമ്പടിയോടെ സഞ്ചരിക്കുന്നതെന്നാണ് പിണറായി വിജയന്‍ ചോദിക്കുന്നത്.

 

ശരിയല്ലേ... ജനങ്ങളെ പേടിക്കുന്ന ജനപ്രതിനിധികളാണെങ്കില്‍ ഈ പണിക്ക് പോകരുത്. ഏതായാലും മാതൃകയായി തനിക്കേര്‍പ്പെടുത്തിയ പോലീസ് കമാന്‍ഡോ സുരക്ഷ പിന്‍വലിക്കണമെന്ന് അദ്ദേഹം ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് നിര്‍ദേശിച്ചു കഴിഞ്ഞു. 'ഇതു താണ്ടാ മുഖ്യമന്ത്രി...ഇങ്ങനെ വേണമെടാ മുഖ്യമന്ത്രി..' ഇങ്ങനെ വി.ഐ.പികള്‍ക്ക് അകമ്പടി സേവിക്കേണ്ടി വരുന്നതിനാല്‍ പല പോലീസ് സ്റ്റേഷനുകളിലും ആവശ്യത്തിനു പോലീസുകാരില്ലെന്ന വിമര്‍ശനം നിലനിക്കേയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിരിക്കുന്നതെന്നുകൂടി കൂട്ടി വായിക്കണം. ശ്രീ പിണറായി വിജയന്‍ എടുത്ത തീരുമാനം കേരള ജനത ഒന്നടങ്കം സ്വീകരിക്കുമെന്നുറപ്പാണ്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അവര്‍ക്ക് തോന്നിയപോലെ ഭരണം നടത്തുമ്പോള്‍ അവരെ അവരാക്കിയ സമ്മതിദായകരുടെ നിസ്സഹായവസ്ഥ അവര്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നു.

 

 

എല്‍.ഡി.എഫും യു.ഡി.എഫും മാറി മാറി ഭരിച്ചിട്ടും അതിനൊരു മാറ്റവും ഇതുവരെ വന്നിട്ടില്ല. എന്നാല്‍ 'അനുഭവമാണ് ഗുരു' എന്ന ആപ്തവാക്യത്തിന് ഇവിടെ പ്രസക്തിയേറുന്നു. മുന്‍ എല്‍.ഡി.എഫ്. സാര്‍ക്കാരിനു തോന്നാത്ത സല്‍ബുദ്ധി ഇപ്പോള്‍ പിണറായി വിജയന് തോന്നിയത് തീര്‍ച്ചയായും അദ്ദേഹം മാറ്റത്തില്‍ വിശ്വസിക്കുന്നതുകൊണ്ടായിരിക്കാം. അല്ലെങ്കില്‍ മുന്‍‌കാല അനുഭവമായിരിക്കാം. മന്ത്രിമാരുടെ സുരക്ഷാ വലയത്തില്‍ മാത്രമല്ല, സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് പെരുമാറ്റച്ചട്ടവും കൊണ്ടുവന്നത് സുതാര്യമായ ഒരു ഭരണം അദ്ദേഹം ജനങ്ങള്‍ക്കായി വാര്‍ത്തെടുക്കുന്നുണ്ടെന്ന സൂചന കൂടിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From എന്റെ പക്ഷം
More
View More