You are Here : Home / എന്റെ പക്ഷം

പറയാന്‍ മറന്നുച്ചത്

Text Size  

Geethu Thambi

Aswamedham News Team

Story Dated: Saturday, January 10, 2015 07:41 hrs UTC

 ഗാനരചയിതാവ് എന്ന പേരില്‍ മാത്രം ഒതുങ്ങുന്നതല്ല റഫീഖ് അഹമ്മദ് എന്ന എഴുത്തുകാരന്റെ പ്രതിഭ. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ മലയാള സിനിമാ ഗാനരചയിതാവാണ് റഫീഖ് അഹമ്മദ്. മികച്ച ഗാനരചനക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് മൂന്നു തവണ നേടിയിട്ടുണ്ട് ഇദ്ദേഹം. 1999 ല്‍ പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത 'ഘര്‍ഷോ'മിലൂടെയായിരുന്നു അരങ്ങേറ്റം.

100 ഓളം മലയാള സിനിമകളില്‍ ഗാനങ്ങളെഴുതിയ ഇദ്ദേഹത്തിന് 2006 ലാണ് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നത്. 'പ്രണയക#ലം', 'സൂഫി പറഞ്ഞ കഥ', 'സദ്ഗമയ', 'സ്പിരിറ്റ്' തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം 4 വട്ടം സ്വന്തമാക്കി. 'പെരുമഴക്കാല'ത്തിലെ 'രാക്കിളി തന്‍' പ്രണയകാലത്തിലെ 'ഒരു വേനല്‍ പുഴയില്‍'. 'സ്‌നേഹവീടിലെ' 'ആവണിത്തുമ്പി,' 'അമൃതമായ് അഭയമായ് ജനനീ'. തുടങ്ങിയ പാട്ടുകള്‍ റഫീഖിന്റെ സവിശേഷ രചനാമുദ്ര പതിഞ്ഞു കിടക്കുന്ന പാട്ടുകളാണ്. ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഈ ഗാനങ്ങള്‍  റഫീഖ് അഹമ്മദ് എന്ന ഗാനരചയിതാവിന്റെ ഭാവന വിളിച്ചോതുന്നവയാണ്. പ്രണയം, വിരഹം, വാത്സല്യം, എന്നിങ്ങനെ റഫീഖിന്റെ തൂലിക വരച്ചിടാത്ത വികാരങ്ങള്‍  കുറവാണ്.

ഓരോ വികാരങ്ങളെയും അതിന്റേതായ രീതിയില്‍ എന്നാല്‍ അല്‍പ്പം ലാളിത്യത്തോടെ പകര്‍ന്നിടുക റഫീഖ് അഹമ്മദിന്റെ സവിശേഷതയാണ്. ഇദ്ദേഹത്തിന്റെ ഭാവന ലളിതമെങ്കിലും അര്‍ത്ഥ സമ്പുഷ്ടമായ വരികളെ മാത്രം തിരയുന്നതാണ്. അതു കൊണ്ടു തന്നെ പാട്ടുകള്‍ പലതും കാലാതിവര്‍ത്തിയായി മാറുകയും ചെയ്യുന്നു. തന്റെ പ്രിയപ്പെട്ട പാട്ടിനെക്കുറിച്ചു ചോദിക്കുമ്പോള്‍ ഇദ്ദേഹം ഇങ്ങനെ പറുന്നു. 'സത്യന്‍ അന്തിക്കാടിന്റെ 'സ്‌നേഹവീട്' എന്ന സിനിമയില്‍ ഇളയരാജയോടൊത്ത് ചെയ്ത ഒരു പാട്ടുണ്ട്. അമ്മയെക്കുറിച്ചാണത്. ഞാന്‍ ഒരുപാട് എഴുതാന്‍ ആഗ്രഹിച്ചതും എന്നാല്‍ ഇങ്ങനെ ഒരവസരം കിട്ടിയിരുന്നില്ലെങ്കില്‍ ഒരിക്കലും എഴുതാന്‍ സാധ്യതയില്ലാത്തതുമായ ഒരു പാട്ടാണത.് പിന്നെ ഞാന്‍ എഴുതിയ ചില താരാട്ടു പാട്ടുകളുണ്ട്. 'ലാപ്‌ടോപ്പ്', 'പ്രണയകാലം തുടങ്ങിയ സിനിമകളില്‍. ഇവയൊന്നും സിനിമക്കു വേണ്ടിയല്ലെങ്കില്‍ ഞാന്‍ ഒരിക്കലും എഴുതാന്‍ സാധ്യതയില്ലാത്തവയാണ്.അതു കൊണ്ടു തന്നെ അത്തരം പാട്ടുകളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. എന്നാല്‍ ഏറ്റവുമിഷ്ടം എന്റെ കടിഞ്ഞൂല്‍ ഗാനത്തോടു തന്നെ'.
    ഞാന്‍ ആദ്യമായി പാട്ടെഴുതുന്നത് 'ഘര്‍ഷോം' എന്ന സിനിമക്കു വേണ്ടിയാണ്. അതിലെ 'പറയാന്‍ മറന്ന പരിഭവങ്ങള്‍' എന്ന ഗാനമാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്. ഒരു കടിഞ്ഞൂല്‍ കുഞ്ഞിനോടുണ്ടാവുന്ന വാത്സല്യമാണ് എനിക്കാ പാട്ടിനോടുള്ളത്. സിനിമാഗാനരചനയിലേക്ക് കടക്കണമെന്നൊന്നും ഗൗരവമായി ആലോചിച്ച ഒരാള്‍ ആയിരുന്നില്ല ഞാന്‍. പാട്ടുകള്‍ ഇഷ്ടപ്പെടുക, ആസ്വദിക്കുക എന്നിങ്ങനെ മറ്റേതൊരാള്‍ക്കുണ്ടായിരുന്ന ചില ശീലങ്ങള്‍ എനിക്കുമുണ്ടായിരുന്നുവെന്നു മാത്രം. എന്നാല്‍ അവയോട് വല്ലാത്ത ഒരു ഭ്രാന്തുമുമുണ്ടായിരുന്നു. അതിനുമപ്പുറം പാട്ടെഴുത്തിനെപ്പറ്റി ആലോചിച്ചിട്ടേയില്ല. അന്നു വരെ കവിത എന്ന രീതിയിലല്ലാതെ ഒരു വരി പോലും എഴുതിയിട്ടുമില്ല . അങ്ങനെയിരിക്കെയാണ് ഒരിക്കല്‍ 'ഘര്‍ഷോമി'നു വേണ്ടി പാട്ടെഴുതാന്‍ എന്നോടാവശ്യപ്പെടുന്നത്. എന്റെ ഏറ്റവുമടുത്ത ആളുകളായിരുന്നു അതിന്റെ പിന്നിലുണ്ടായിരുന്നത്. സ്‌ക്രിപ്റ്റിനെക്കുറിച്ചും മറ്റുമുള്ള ചര്‍ച്ചകളില്‍ ഞാനും അവിടെ ഒരു സ്ഥിരം ക്ഷണിതാവായിരുന്നു. അങ്ങനെ തിരക്കഥാ രചനയുടെ ചിന്തകള്‍ക്കിടെ ഒരിക്കലാണ് എന്നോട് പാട്ടെഴുതാന്‍ ആവശ്യപ്പെടുന്നത്. എനിക്ക് സാധിക്കില്ല എന്നു പറഞ്ഞൊഴിയാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു.

പക്ഷേ അവര്‍ വീണ്ടും വീണ്ടും നിര്‍ബന്ധിക്കുകയും അങ്ങനെ ഞാന്‍ എഴുതുയുമാണുണ്ടായത്. പ്രവാസികളുടെ ജീവിതമാണ് ആ സിനിമയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഗള്‍ഫ് പോലെയുള്ള വിദേശരാജ്യങ്ങളില്‍ ജീവിക്കുന്ന ആളുകള്‍ ഒരുപാടുണ്ട്. നാട്ടില്‍ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കണമെന്ന് ആഗ്രഹമുണ്ടായിരിക്കുകയും എന്നാല്‍ അതിന് സാധിക്കാതെ വരികയും ചെയ്യുന്ന ഒരവസ്ഥയാണവരുടേത്.. അങ്ങനെ മരുഭൂമിയില്‍ ജീവിക്കേണ്ടി വരിക എന്നത് വളരെ വിഷമകരമാണ്. ഇത്തരത്തില്‍ എനിക്ക് വ്യക്തിപരമായി അടുത്ത് പരിചയമുള്ള ഒരുപാടാളുകളുണ്ട്. എന്റെ വീട്ടിലും നാട്ടിലുമായി ഒരുപാട് പേര്‍. അതുകൊണ്ടു തന്നെ അതെനിക്ക് പരിചയമുള്ള വിഷയമായിരുന്നു. അവരുടെ വിരഹവും ദുഖവും ഗൃഹാതുരത്വവും ഒക്കെ ഉള്‍ച്ചേരുന്ന ഒരു പാട്ടെഴുതാനായിരുന്നു എന്നോട് ആവശ്യപ്പെട്ടത്. പരിചയമുള്ള വിഷയമായിരുന്നതിനാല്‍ എനിക്കതെഴുതാന്‍ സാധിച്ചു.

അങ്ങനെ ഞാന്‍ ആദ്യമായി എഴുതിയ വരികള്‍ ട്യൂണ്‍ കൊടുത്ത് പാട്ടായി മാറുന്നതൊക്കെ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. പാട്ടെഴുതി ട്യൂണ്‍ കൊടുത്ത് അതൊരു ഗാനമായി മാറുന്നത് ആദ്യമായായിരുന്നു. അതു കൊണ്ടു തന്നെ ആ പാട്ടെനിക്ക് വളരെ പ്രിയങ്കരമാവുന്നുണ്ട്. വിരഹമാണ് അതില്‍ കൊണ്ടു വന്നിരിക്കുന്ന വികാരം. വിവാഹം കഴിഞ്ഞ ശേഷം പെട്ടെന്ന് പോകേണ്ടി വരുന്ന ആളുകളുണ്ട്. അവരിലാണ് ഇത് ഏറ്റവും തീവ്രമായിരിക്കുക. അതിന്റെയൊക്കെ ഒരു ഉള്‍ച്ചൂട് പകര്‍ന്നെടുക്കാന്‍ കുറച്ചെങ്കിലും ശ്രമിച്ചു. പിന്നെ സംഗീതത്തിന്റെ സവിശേഷത ഇതില്‍ വലിയൊരു ഘടകമാണ്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വലിയൊരു പ്രയോഗം ഇതില്‍ രമേഷ് നാരായണ്‍ നടത്തുന്നുണ്ട്. അതു കൊണ്ടു തന്നെയാണ് അത് കാലങ്ങളോളം നിലനില്‍ക്കുന്നതും. വരികളും അതിനോടൊത്തു പോയി. രണ്ടും കൂടി  ചേര്‍ന്നു നില്‍ക്കുമ്പോഴാണത്. കടിഞ്ഞൂല്‍ കിടാവിനോടുള്ള വാത്സല്യമാണ് എനിക്കാ പാട്ടിനോടുള്ളത്. ആദ്യം വരികളെഴുതിയ ശേഷം ട്യൂണിടുമ്പോള്‍ എഴുത്തുകാരന് കിട്ടുന്ന ഒരു സ്വാതന്ത്ര്യമുണ്ട്. അതും ഇതില്‍ കിട്ടി.  പിന്നെ പാട്ട് ഒരാളുടെ മാത്രം ആധികാരികമായ സര്‍ഗ്ഗാത്മകാവിഷ്‌കാരമല്ല. അത് സ്വതന്ത്രാവിഷ്‌കാരമാണ്.  അതു കൊണ്ടു തന്നെ പാട്ടെഴുതി ട്യൂണ്‍ കൊടുക്കുന്നതും ട്യൂണ്‍ കൊടുത്ത് പാട്ടെഴുതുന്നതും രണ്ടും രണ്ടാണ്. ഇതില്‍ നമുക്ക് കുറച്ചു കൂടി സ്വാതന്ത്ര്യമുണ്ട്. എഴുത്തുകാരന് കുറച്ചു കൂടി സ്‌പേസ് കിട്ടുക ആദ്യം വരികള്‍ എഴുതുമ്പോഴാണ്. നമ്മള്‍ എഴുതിയ വരികള്‍ ട്യൂണിട്ട് കേള്‍ക്കുമ്പോള്‍ സംഗീതസംവിധായകന്റെ പ്രതിഭയെക്കുറിച്ച് നമുക്കത്ഭുതം തോന്നും. നമ്മള്‍ ഒരിക്കലും വിചാരിക്കാത്ത ഒരു സംഗീതമായിരിക്കും അയാള്‍ കൊടുക്കുക. എന്നാല്‍ ട്യൂണിട്ട് പാട്ടെഴുതുന്നതിനും അതിന്റേതായ പ്രത്യേകതയുണ്ട്.

അതാവുമ്പോള്‍ നമ്മള്‍ ശൂന്യതയില്‍ നിന്നും ഒന്നും ഉണ്ടാക്കേണ്ട. അയാള്‍ തന്ന ട്യൂണിനനുസരിച്ച് പാട്ടെഴുതിയാല്‍ മതി. രണ്ടും രണ്ടാണ്. രണ്ടിനും അതിന്റേതായ പ്രാധാന്യവുമുണ്ട്. ഞാന്‍ രണ്ടും ചെയ്യാറുണ്ട്. ഏതു രീതിയില്‍ എഴുതിയാലും അനുഭവങ്ങളെ എഴുത്തുകാരന്‍ സ്വാംശീകരിക്കുന്നിടത്താണ് വരികള്‍  പൂര്‍ണമാവുക.  ചുറ്റുപാടുമുള്ള അനുഭവങ്ങളെ അവനവന്റെ അനുഭവങ്ങളാക്കി മാറ്റുന്നതാണ് എഴുത്തിന്റെ കല. എനിക്കു വ്യക്തിപരമായി അടുപ്പമുള്ളവരുടെ മാനസികാവസ്ഥ മനസിലാക്കിയിട്ടെഴുതിയതാണ് ഈ  ഗാനം. അതു കണ്ടു തന്നെ എനിക്കത് അത്രമേല്‍ പ്രിയങ്കരമാവുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From എന്റെ പക്ഷം
More
View More